കാക്കനാട് : ആദ്യം ഒരാഴ്ചത്തെ സാവകാശം ചോദിച്ചു, പിന്നെ അത് ഒരുമാസമായി. ഇപ്പോ രണ്ടുമാസം പിന്നിട്ടു. ശമ്പളം എന്ന് ലഭിക്കുമെന്ന സ്പെഷ്യൽ ഓഫീസുകളിലെ റവന്യൂ ജീവനക്കാരുടെ ചോദ്യത്തിന് സെക്രട്ടേറിയറ്റിലെ ധനകാര്യ വിഭാഗം അധികൃതർക്ക് കൃത്യമായ ഉത്തരമില്ല. കൊച്ചി മെട്രോ റെയിൽ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ ഭൂമിയേറ്റെടുക്കൽ ജോലികൾക്കായി ജില്ലയിൽ നിയോഗിച്ച നൂറോളം റവന്യൂ ജീവനക്കാരാണ് 68 ദിവസമായി കൂലിയില്ലാതെ ജോലി ചെയ്യുന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് അഞ്ചുമാസമായി ശമ്പളം ലഭിച്ചിട്ട്. മറ്റു ജീവനക്കാർക്ക് രണ്ടു മാസമായി ശമ്പളം നൽകിയിട്ടില്ല. ശമ്പളം ലഭിക്കാൻ ഇനി പണിമുടക്കുസമരം നടത്താൻ ഒരുങ്ങുകയാണ് ജീവനക്കാർ.
കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന മെട്രോ സ്ഥലമെടുപ്പ് ഓഫീസുകൾ, സ്പെഷ്യൽ തഹസിൽദാർ (എൽ.എ.) എൻ.എച്ച്. നമ്പർ-1, കാക്കനാട് സ്പെഷ്യൽ തഹസിൽദാർ (എൽ.എ.) എൻ.എച്ച്. നമ്പർ-2, ആലുവ സ്പെഷ്യൽ തഹസിൽദാർ (എൽ.എ.), കാക്കനാട് പവർഗ്രിഡ് ഓഫീസ്, എൽ.എ. ഓഫീസ് നെടുമ്പാശ്ശേരി, കൊച്ചി കോർപ്പറേഷൻ എൽ.എ. ഓഫീസ് തുടങ്ങിയ സ്പെഷ്യൽ ഓഫീസുകൾക്കാണ് ധനകാര്യവകുപ്പ് തുടർച്ചാനുമതി നൽകാത്തതുകാരണം ശമ്പളം മുടങ്ങിയത്. കൊച്ചി മെട്രോ സ്ഥലമെടുപ്പ് ഓഫീസിൽത്തന്നെ 40-ഓളം ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങിയത്. റവന്യൂവകുപ്പിലെ സ്പെഷ്യൽ ഓഫീസുകൾ വെട്ടിക്കുറയ്ക്കണം എന്ന ധനകാര്യവകുപ്പിന്റെ നിർദേശം ഉള്ളതിനാലാണ് തുടർച്ചാനുമതി സംബന്ധിച്ച ഉത്തരവ് വൈകുന്നതെന്നാണ് ആക്ഷേപം. ശമ്പളം ലഭിക്കാത്തതു സംബന്ധിച്ച് സർക്കാരിലേക്ക് പലവട്ടം നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ജീവനക്കാർ പറയുന്നു.
സമരവുമായി എൻ.ജി.ഒ. അസോ.
ഓഫീസുകൾക്ക് തുടർച്ചാനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് അടുത്തദിവസം മുതൽ സമരം ആരംഭിക്കുമെന്ന് എൻ.ജി.ഒ. അസോസിയേഷൻ നേതാക്കൾ അറിയിച്ചു. ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് വകുപ്പ് മന്ത്രിയെയും ലാൻഡ് റവന്യൂ കമ്മിഷണറെയും കത്ത് മുഖേന അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..