കാക്കനാട് : ''എന്റെ വീട്ടുമുറ്റത്ത് കിടക്കുന്ന കാർ പാലക്കാട്ടെത്തി ട്രാഫിക് സിഗ്നൽ ലംഘിച്ചത് എങ്ങനെയാണ്?. ചൊവ്വാഴ്ച കാറുമായി ഞാൻ എവിടെയും പോയിട്ടില്ല. പിന്നെ എന്തിന് പിഴ അടയ്ക്കണം? ''. ബുധനാഴ്ച എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി. ഓഫീസിലെ കൺട്രോൾ റൂമിൽ കാക്കനാട് തുതിയൂർ സ്വദേശി സി.കെ. സോബിന്റെ പരാതിയാണിത്. ആർ.ടി. ഓഫീസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പിഴ ചുമത്തിയിരിക്കുന്നത് ട്രാഫിക് പോലീസിന്റെ ക്യാമറയിലാണെന്ന് മനസ്സിലായി. വിശദ പരിശോധനയിൽ നിയമലംഘനം നടത്തിയ കാറിന്റെ നിറം ചുവപ്പാണെന്നും കണ്ടെത്തി. തന്റേത് വെള്ളനിറത്തിലുള്ള കാറാണെന്നുകൂടി പരാതിക്കാരൻ പറഞ്ഞതോടെ ഉദ്യോഗസ്ഥരും വെട്ടിലായി. ക്യാമറച്ചിത്രത്തിൽ വണ്ടി നമ്പറും വ്യക്തമല്ലായിരുന്നു. ‘ഒന്നുകിൽ ക്യാമറയിൽ കുടുങ്ങിയ വണ്ടിനമ്പർ വ്യാജമായിരിക്കും അല്ലെങ്കിൽ പോലീസ് ചലാനുവേണ്ടി വണ്ടിനമ്പർ നൽകിയപ്പോൾ തെറ്റിപ്പോയി'രിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കാർ ട്രാഫിക് സിഗ്നൽ ലംഘിച്ചതിന് ആയിരം രൂപ പിഴ അടയ്ക്കണമെന്ന സന്ദേശം സോബിന്റെ മൊബൈൽഫോണിലേക്ക് വന്നത്. എറണാകുളത്ത് യൂണിയൻ ബാങ്കിലെ ജീവനക്കാരനായ യുവാവ്, ട്രാഫിക് പോലീസിന്റെ എറണാകുളം ഓഫീസിലെത്തി വിവരം തിരക്കി. അവർ കൈമലർത്തിക്കൊണ്ട് ആർ.ടി. ഓഫീസിലെ കൺട്രോൾ റൂമിലേക്ക് വിട്ടു. ട്രാഫിക് പോലീസിന്റെ ക്യാമറയായതിനാൽ പാലക്കാട്ടെ ട്രാഫിക് പോലീസിന് പിഴയുടെ സന്ദേശം ഉൾപ്പെടെ ചേർത്ത് പരാതി നൽകൂവെന്നാണ് ആർ.ടി. ഓഫീസിലെ ജീവനക്കാരുടെ നിർദേശം. ഒരുദിവസത്തെ ജോലിയും നഷ്ടപ്പെടുത്തി രാവിലെ മുതൽ നെട്ടോട്ടമോടുകയാണെന്നും ഇക്കാര്യങ്ങളിൽ പോലീസിനും മോട്ടോർവാഹന വകുപ്പിനും വ്യക്തമായ ധാരണയില്ലാത്തതിനാൽ വട്ടംചുറ്റുകയാണെന്നും യുവാവ് പരാതിപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..