• കോർപ്പറേഷന്റെ ലോറിയിൽനിന്ന് താഴെവീണ മാലിന്യം തൃക്കാക്കര നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ നീക്കംചെയ്യുന്നു
കാക്കനാട് : വണ്ടിനിറയെ മാലിന്യവുമായി വരുന്നു, അത് പോകുന്നവഴിയിലാകെ വിതറുന്നു, ഈ മലിനജലത്തിൽ തെന്നി ഇരുചക്രവാഹന യാത്രക്കാർ വീഴുന്നു...
ബ്രഹ്മപുരം തീപ്പിടിത്തത്തെ തുടർന്ന് കുറച്ചു നാളത്തേക്ക് കൊച്ചി കോർപ്പറേഷനിൽനിന്ന് മാലിന്യം കൊണ്ടുപോകുന്ന ടിപ്പർ ലോറിക്കാരുടെ വരവ് കുറഞ്ഞതുമൂലം ഈ അപകടക്കാഴ്ചകൾ ഇല്ലായിരുന്നു. വ്യാഴാഴ്ച കാക്കനാട്-ഇൻഫോപാർക്ക് റോഡിൽ കുസുമഗിരി ആശുപത്രിക്ക് സമീപത്ത്, പുലർച്ചെ ഇതുവഴി പോയ കോർപ്പറേഷൻ വണ്ടി, ഈ റോഡ് നിറയെ മാലിന്യംവിതറിയാണ് പോയത്. മഴപെയ്തതോടെ ഇത് റോഡാകെ പരന്നു. പിന്നാലെ ഇതുവഴി പോയ ഇരുചക്രവാഹന യാത്രക്കാർ ഈ മാലിന്യത്തിൽ തെന്നിവീഴുകയായിരുന്നു.
ഇൻഫോപാർക്കിലേക്ക് ജോലിക്കുപോയ യുവാവിന്റെ ബൈക്കാണ് ആദ്യം തെന്നിവീണത്. അപകടത്തിൽ യുവാവിനും ബൈക്കിന് പിന്നിലുണ്ടായിരുന്ന യുവതിക്കും ചെറിയ പരിക്കേറ്റു. ഇതിനു പിന്നാലെയാണ് മറ്റ് ഇരുചക്രവാഹന യാത്രക്കാരും തെന്നിവീണത്. സംഭവമറിഞ്ഞെത്തിയ തൃക്കാക്കര അഗ്നിരക്ഷാസേനയും തൃക്കാക്കര നഗരസഭയിലെ ശുചീകരണ തൊഴിലാളികളും ചേർന്ന് മാലിന്യം നീക്കംചെയ്തു.
കൊച്ചി കോർപ്പറേഷന്റെ മാലിന്യം കഴിഞ്ഞ ഒന്നാം തീയതി മുതൽ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുകയില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മേയറും പറഞ്ഞതിന് വിപരീതമായിട്ടാണ് മാലിന്യവുമായി തുറന്ന ലോറികൾ തൃക്കാക്കരയിലൂടെ ചീറിപ്പായുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
ആഴ്ചകളോളം പഴകി, ചീഞ്ഞളിഞ്ഞ മാലിന്യം റോഡിൽ വീണതുമൂലം ദുർഗന്ധംപരന്നത് പ്രദേശവാസികൾക്ക് ദുരിതമായി. മണിക്കൂറുകളോളം ഇതുവഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. റോഡിൽനിന്ന് മാലിന്യം നീക്കംചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പിന്നാലെ കോർപ്പറേഷനെതിരെ രൂക്ഷവിമർശനവുമായി തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ രംഗത്തെത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..