• നിയന്ത്രണം വിട്ട ടാങ്കർലോറി ഇൻഫോപാർക്കിനു മുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയപ്പോൾ
കാക്കനാട് : ഒരു കാറിൽ തട്ടി, അടുത്ത കാറിലേക്ക്... പിന്നെ ചറപറ ഇടിയോടിടി. കണ്ണടച്ചു തുറക്കുന്ന നിമിഷംകൊണ്ട് നിയന്ത്രണം വിട്ട കുടിവെള്ള ടാങ്കർ ലോറി ഇടിച്ചിട്ടത് 21 വാഹനങ്ങൾ. അപകടത്തിൽ ആറ് കാറും 15 ഇരുചക്ര വാഹനങ്ങളുമാണ് തകർന്നത്. ഭാഗ്യംകൊണ്ടുമാത്രം ആർക്കും പരിക്കില്ല. വ്യാഴാഴ്ച ഉച്ചയോടെ ഇൻഫോപാർക്ക് കാർണിവൽ കാമ്പസിനു മുന്നിലെ റോഡിലായിരുന്നു വാഹനാപകട പരമ്പര. സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവർ വയനാട് സ്വദേശി ദിലീഷിനെ ഇൻഫോപാർക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു. തകർന്ന വാഹനങ്ങളെല്ലാം ഇൻഫോപാർക്ക് ജീവനക്കാരുടേതാണ്.
ബ്രഹ്മപുരം ഭാഗത്തുനിന്ന് ഇടച്ചിറയിലേക്ക് കുടിവെള്ളം നിറയ്ക്കാൻ എത്തിയ ടാങ്കർ ലോറിയാണ് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഇടിച്ചു തകർത്തത്. ഒരു കാറും നാല് ബൈക്കുകളും ലോറി കയറി പൂർണമായും തകർന്നു. നിരയായി നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കാണ് അമിത വേഗത്തിൽ വന്ന ടാങ്കർ പാഞ്ഞുകയറിയത്. ഇൻഫോപാർക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ അപ്രതീക്ഷിതമായി പിന്നോട്ടെടുത്തപ്പോൾ പിറകിൽ ഉണ്ടായിരുന്ന ലോറി നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇൻഫോപാർക്കിനു മുന്നിലെ റോഡരികിൽ വാഹനങ്ങളുടെ പാർക്കിങ് നിരോധിച്ചിട്ടുള്ളതാണ്. ഈ ബോർഡുകൾ വെച്ചിട്ടുള്ള ഭാഗത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കാണ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്.
Content Highlights: ernakulam accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..