മെട്രോ തൂൺചരിഞ്ഞതെന്തുകൊണ്ട് ? സ്വതന്ത്ര അന്വേഷണവുമായി ഡി.എം.ആർ.സി.


1 min read
Read later
Print
Share

പത്തടിപ്പാലത്ത് ചരുവ് കണ്ടെത്തിയ 347-ാം നമ്പർ മെട്രോ തൂണിൽ പണികൾ നടക്കുന്നു

കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347-ാം നമ്പർ തൂണിന് ചരിവുണ്ടായത് എന്തുകൊണ്ട് എന്നു കണ്ടെത്താൻ അന്വേഷണത്തിനൊരുങ്ങി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി.). നിർമാണത്തിലെ അപാകമാണോ എന്നു കണ്ടെത്താൻ കൂടിയാണ് അന്വേഷണം. പ്രശ്നം കണ്ടെത്തിയ തൂണും ഇതിനോട് അടുത്തുള്ള മറ്റു തൂണുകളും പരിശോധിക്കാനാണ് ഡി.എം.ആർ.സി. നിശ്ചയിച്ചിരിക്കുന്നത്.

അന്വേഷണം നടത്തുന്ന കാര്യം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) ഡയറക്ടർ ബോർഡ് യോഗത്തെ ഡി.എം.ആർ.സി. അറിയിച്ചിട്ടുണ്ട്. വിവരങ്ങൾ കെ.എം.ആർ.എല്ലിനും കൈമാറുമെന്നും ഡി.എം.ആർ.സി. വ്യക്തമാക്കി.

ആഭ്യന്തര അന്വേഷണം നടത്തി കെ.എം.ആർ.എൽ. ഒരു റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. വിശദമായ സാങ്കേതികതാ അന്വേഷണമാണ് ഡി.എം.ആർ.സി. ഉദ്ദേശിക്കുന്നത്. മണ്ണിന്റെ ഘടനയിലുണ്ടായ വ്യത്യാസവും തൂണിന്റെ അപാകത്തിന് കാരണമായിട്ടുണ്ടാവാം എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്.

പത്തടിപ്പാലത്ത് മെട്രോ പാളത്തിന്റെ അലൈൻമെന്റിലാണ് ആദ്യം വ്യത്യാസം കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് തൂണിന്റെ തകരാർ കണ്ടെത്തിയത്. ഇതേ തുടർന്ന് ഈഭാഗത്ത് ഗതാഗതം ക്രമീകരിച്ചിരിക്കുകയാണ്.

തൂണുകൾ ബലപ്പെടുത്താനുള്ള ജോലികൾ കഴിഞ്ഞമാസം 21-ന് തുടങ്ങി. 45 ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നാണ് പറഞ്ഞിട്ടുളളത്. ആലുവ മുതൽ പേട്ട വരെയുള്ള മെട്രോ റൂട്ടിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡി.എം.ആർ.സി.) മേൽനോട്ടത്തിലാണ് നിർമാണം നടന്നത്. ഇതിൽ പാലാരിവട്ടം വരെയായിരുന്നു ആദ്യഘട്ടം. ഈ ഭാഗത്തെ തൂണുകളെല്ലാം പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞദിവസം ചേർന്ന മെട്രോ ഡയറക്ടർ ബോർഡ് യോഗം തൂണിന്റെ പ്രശ്നം വിശദമായി ചർച്ചചെയ്തു. കേന്ദ്ര നഗരകാര്യ സെക്രട്ടറിയാണ് കെ.എം.ആർ.എൽ. ബോർഡിന്റെ ചെയർമാൻ. ഡി.എം.ആർ.സി.യുടെ ഡയറക്ടർ-േപ്രാജക്ട്‌സും കൊച്ചി മെട്രോയുടെ ഡയറക്ടർ ബോർഡിലുണ്ട്. കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി, കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, അഡിഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്), കെ.എം.ആർ.എല്ലിന്റെ രണ്ട് ഡയറക്ടർമാർ, ജില്ലാ കളക്ടർ തുടങ്ങിയവർ ബോർഡിലുണ്ട്.

Content Highlights: Kochi Metro pillar slant: DMRC ready for independent probe

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..