Caption
തോപ്പുംപടി : കൊച്ചി ഫിഷറീസ് ഹാർബറിലെ ടോൾ പിരിവ് സ്വകാര്യ സ്ഥാപനത്തെ ഏൽപ്പിച്ചതുമായി ബന്ധപ്പെട്ട വിഷയം തിങ്കളാഴ്ച ചേരുന്ന ഹാർബർ ഉപദേശക ബോർഡ് യോഗം ചർച്ച ചെയ്യും. ഹാർബറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സംവിധാനമാണ് ഉപദേശക ബോർഡ്.
ഹാർബറിലെ ടോൾ പിരിവ്, മുംബൈ ആസ്ഥാനമായ സ്വകാര്യസ്ഥാപനമാണ് ഏറ്റെടുത്തിട്ടുള്ളത്. 1.95 കോടി രൂപയ്ക്കാണ് ഇവർ ടോൾ പിരിവ് ഏറ്റെടുത്തത്. നേരത്തെ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ജീവനക്കാരാണ് ടോൾ പിരിച്ചിരുന്നത്. ടോൾ പിരിവ് സ്വകാര്യ സ്ഥാപനത്തെ ഏൽപ്പിച്ചതിനെതിരേ വിവിധ വിഭാഗത്തിൽപ്പെട്ട തൊഴിലാളികളും കച്ചവടക്കാരും രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് തത്‌കാലം ടോൾ പിരിവ് നിർത്തിവെച്ചിരിക്കുകയാണ്. ഇതിനിടയിൽ പോർട്ട് ട്രസ്റ്റ് ചെയർപേഴ്‌സൺ ഇടപെട്ട് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി.
ടോൾ പിരിവ് മാത്രമാണ് സ്വകാര്യസ്ഥാപനത്തെ ഏൽപ്പിക്കുന്നതെന്നും ഹാർബർ സ്വകാര്യവത്‌കരിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചെയർപേഴ്‌സൺ ഡോ. എം. ബീന വ്യക്തമാക്കുകയും ചെയ്തു.
ടോൾ പിരിവ് വഴി ലഭിക്കുന്ന വരുമാനം ഹാർബറിന്റെ ക്ഷേമകാര്യങ്ങൾക്കായി വിനിയോഗിക്കുമെന്നും അവർ ഉറപ്പു നൽകിയിരുന്നു. ഇക്കാര്യം ചർച്ചചെയ്യാൻ ഉപദേശക ബോർഡിന്റെ യോഗം വിളിക്കാമെന്നും ഉറപ്പ് നൽകി. ഇതേത്തുടർന്നാണ് തിങ്കളാഴ്ച ഉപദേശക ബോർഡിന്റെ യോഗം വിളിച്ചിട്ടുള്ളത്. ഹാർബറിൽ 140 കോടി രൂപയുടെ വികസന പദ്ധതിയാണ് നടത്താൻ ഉദ്ദേശിക്കുന്നതെന്നും ഈ സാഹചര്യത്തിൽ ഒരുകാരണവശാലും സ്വകാര്യവത്‌കരണമുണ്ടാകില്ലെന്നും പോർട്ട് ട്രസ്റ്റ് ഉറപ്പു നൽകിയിരുന്നു.
അതേസമയം ടോൾ പിരിവ്, ഹാർബറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളും കച്ചവടക്കാരും ബോട്ടുടമകളും ഉൾപ്പെടുന്ന സംവിധാനത്തെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി ബോട്ടുടമാ സംഘം രംഗത്തെത്തിയിട്ടുണ്ട്.
ഉപദേശക ബോർഡുമായി ആലോചിക്കാതെ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനെതിരേ ഇവർ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. അത് നിയമവിരുദ്ധമായ നടപടിയാണെന്ന് ബോട്ടുടമാ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ ചൂണ്ടിക്കാട്ടുന്നു.
ഹാർബർ സ്വകാര്യവത്‌കരിക്കില്ലെന്ന് ഉറപ്പുനൽകിയ സാഹചര്യത്തിൽ സ്വകാര്യ സ്ഥാപനത്തിന്റെ ടോൾ പിരിവിന് തൊഴിലാളികളിൽ നിന്ന് കാര്യമായ എതിർപ്പുണ്ടാകില്ലെന്ന പ്രതീക്ഷയാണ് പോർട്ട് അധികൃതർക്ക്.
ടോൾ പിരിവിന് നിയോഗിക്കുന്ന ജീവനക്കാർക്ക് വലിയനിരക്കിലുള്ള ശമ്പളം നൽകേണ്ടിവരുന്നുണ്ടെന്നും ഇത് ബാധ്യതയായതിനാലാണ് പിരിക്കുന്ന ജോലി സ്വകാര്യസ്ഥാപനത്തെ ഏൽപ്പിക്കുന്നതെന്നും പോർട്ട് ട്രസ്റ്റ് അധികൃതർ വിശദീകരിച്ചിരുന്നു. നേരത്തെ വില്ലിങ്ടൺ ഐലൻഡിലെ പ്രവേശനകവാടത്തിലെ ടോൾപിരിവും സ്വകാര്യ സ്ഥാപനത്തെ ഏൽപ്പിച്ചിരുന്നു.
Content Highlights: meeting will be conducted today to discuss about toll in kochi fisheries harbour
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..