മൂന്നു വയസ്സുകാരിക്ക് മർദനം: മാതൃസഹോദരിയും പങ്കാളിയുംനാടുവിട്ടെന്ന് സംശയം


ആന്റണി ടിജിൻ ഫ്‌ളാറ്റിൽനിന്ന് പോകുന്ന സിസിടിവി ദൃശ്യം | Screengrab: Mathrubhumi News

കാക്കനാട് : കാക്കനാട് തെങ്ങോട് മൂന്നു വയസ്സുകാരിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ കുട്ടിയുടെ മാതൃസഹോദരിയും അവരുടെ പങ്കാളിയും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉടൻ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ ഹാജരാകാമെന്നാണ് ഇവർ പറഞ്ഞത്. ഇതുപ്രകാരം ബുധനാഴ്ച രാവിലെ മുതൽ പോലീസ് കാത്തുനിന്നെങ്കിലും ഇവരെത്തിയില്ല. ഇവരുടെ ഫോണും സ്വിച്ച് ഓഫാണ്.

ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇവർ കൊച്ചി വിട്ടതായാണ് സൂചന. വയനാട്ടിലെ മുത്തങ്ങയിൽ വെച്ചാണ് അവസാനം ഫോൺ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽത്തന്നെ കർണാടകയിലേക്ക് കടന്നെന്നാണ് കരുതുന്നത്.

സംഭവത്തിലെ ദുരൂഹത ഒഴിയണമെങ്കിൽ കുട്ടിയുടെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന മാതൃസഹോദരിയുടെയും അവരുടെ പങ്കാളിയുടെയും മൊഴി നിർണായകമാണ്. കുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും ബുധനാഴ്ചയും ചോദ്യം ചെയ്തു. ഇവർ കുട്ടിക്ക് അമാനുഷിക ശക്തിയുണ്ടെന്നും പരിക്കുപറ്റിയാൽ കരയാറില്ലെന്നുമൊക്കെയുള്ള വാദം ആവർത്തിക്കുകയാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന തൃക്കാക്കര അസി. കമ്മിഷണർ പി.വി. ബേബി പറഞ്ഞു.

ഭാര്യാ സഹോദരിയുടെ പങ്കാളിയായ വൈപ്പിൻ സ്വദേശിയാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് കുട്ടിയുടെ അച്ഛൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് ഈ യുവാവിനെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്. നിലവിൽ ഇയാൾക്കെതിരേ കേസില്ല. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർക്കു മുൻപിൽ ഹാജരാകാൻ കൂട്ടാക്കാത്തതിനാൽ ഇയാളെ പിടികൂടാൻ പോലീസ് നീക്കം തുടങ്ങി. സംഭവ ദിവസം കുഞ്ഞിന്റെ അമ്മയുടെ സഹോദരിക്കും അവരുടെ മകനുമൊപ്പമാണ് ഇയാൾ ഫ്ളാറ്റ് വിട്ടത്. ഇയാളുടെ പശ്ചാത്തലത്തെ കുറിച്ച്‌ പോലീസ്‌ വിവരം ശേഖരിച്ചിട്ടുണ്ട് .

കുട്ടിയുടെ നില മെച്ചപ്പെട്ടു,വെൻറിലേറ്റർ മാറ്റി

കോലഞ്ചേരി : ശരീരത്തിൽ മുറിവുകളും പൊള്ളലുമായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്നു വയസ്സുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. കുട്ടി സ്വയം ശ്വസിച്ചു തുടങ്ങിയതിനാൽ വെൻറി ലേറ്റർ സഹായം നീക്കി. 48 മണിക്കൂറിനിടെ അപസ്മാരം ഉണ്ടായിട്ടില്ല. വീണ്ടും അപസ്മാരം ഉണ്ടായാൽ വെൻറിലേറ്റർ സഹായം വേണ്ടിവരും. കഞ്ഞിന് ട്യൂബ് വഴി ആഹാരം നൽകിത്തുടങ്ങി.

Content Highlights: Thrikkakara child torture: child's maternal sister and her partner did not appear for questioning

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..