ഇന്ത്യൻ ജനാധിപത്യം അതിജീവനവും ഭാവിയും


സുധാ മേനോൻ   

ഇന്ത്യ 75 വർഷം

.

സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണർന്നെഴുന്നേറ്റ നിമിഷത്തിൽത്തന്നെ ഇന്ത്യയെന്ന ജനാധിപത്യരാഷ്ട്രത്തിന്‌ ചരമക്കുറിപ്പ്‌ എഴുതിയവർ ഏറെയായിരുന്നു. അമ്പരപ്പിക്കുംവിധം വൈവിധ്യമുള്ള ഭൂമിശാസ്ത്രവും ശ്രേണീവത്‌കരിക്കപ്പെട്ട സാമൂഹികഘടനയും സമാനതകളില്ലാത്ത മത-ഭാഷാ-സംസ്കാര വൈജാത്യങ്ങളും അവികസിതമായ സമ്പദ്‌ഘടനയുമൊക്കെയുള്ള ഇന്ത്യ ഒരു ദേശരാഷ്ട്രമാണെങ്കിൽ ‘ഭൂമധ്യരേഖ’യെയും അങ്ങനെ വിളിക്കേണ്ടിവരുമെന്ന് വിൻസ്റ്റൻ ചർച്ചിൽ അന്ന് പരിഹസിച്ചു. പക്ഷേ, എല്ലാ വിമർശനങ്ങൾക്കും അപഭ്രംശങ്ങൾക്കും സന്ദേഹങ്ങൾക്കുമപ്പുറം, ഇന്ത്യ ലോകത്തിലെ ഏറ്റവും വലുതും സചേതനവുമായ ജനാധിപത്യരാഷ്ട്രമായി ഇന്നും നിലനിൽക്കുന്നു.

സർഗാത്മക ആവിഷ്കാരം

സ്വതന്ത്രഇന്ത്യയുടെ ചരിത്രം ഒരർഥത്തിൽ ജനാധിപത്യത്തിന്റെ സർഗാത്മക ആവിഷ്കാരംകൂടിയായിരുന്നു. ‘സ്വാതന്ത്ര്യത്തിന്റെ വീട്’ ആയിരുന്നു ജവാഹർലാൽനെഹ്രു കെട്ടിപ്പടുക്കാൻ ശ്രമിച്ചത്‌. നെഹ്രുവും പട്ടേലും ആസാദും അംബേദ്‌കറുമടങ്ങുന്ന നേതാക്കൾ അനിതരസാധാരണമായ വൈഭവത്തോടെ വിഭജനമുറിവുകളിൽ മരുന്നുവെച്ച് കെട്ടുകയും അഭയാർഥികളെ പുനരധിവസിപ്പിക്കുകയും നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുകയും അതിഗംഭീരമായ ഒരു ഭരണഘടന എഴുതിയുണ്ടാക്കുകയും സാർവത്രിക വോട്ടവകാശത്തിലൂടെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടത്തുകയും ശക്തവും സംവാദത്തിലധിഷ്ഠിതവുമായ പാർലമെന്ററി സമ്പ്രദായത്തിന്‌ അടിത്തറയിടുകയും ഗോവയെ സ്വതന്ത്രമാക്കുകയും പൊതുമേഖലാസ്ഥാപനങ്ങളും പഞ്ചവത്സരപദ്ധതികളും തുടങ്ങുകയും പ്രാദേശിക-ഉപദേശീയ-ന്യൂനപക്ഷ വികാരങ്ങളെയും അഭിലാഷങ്ങളെയും വലിയൊരു പരിധിവരെ ഉൾക്കൊള്ളുകയും ചെയ്തു.

അറുപതുകളിലെ പ്രതിസന്ധികൾ

അറുപതുകൾ പ്രതിസന്ധികളുടെയും പരിവർത്തനങ്ങളുടെയും വികൽപ്പങ്ങളുടെയുംകൂടി പരീക്ഷണകാലമായിരുന്നു. ചൈനായുദ്ധം, ഭക്ഷ്യക്ഷാമം, ഭാഷാപ്രശ്നങ്ങൾ, പ്രാദേശികപാർട്ടികളുടെ കടന്നുവരവ്, കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ്, കോൺഗ്രസ്‌വിരുദ്ധ ബദൽ സോഷ്യലിസ്റ്റ് അന്വേഷണങ്ങളുടെ വളർച്ച, ദ്രാവിഡ ആത്മാഭിമാന രാഷ്ട്രീയത്തിന്റെ ഉദയം, നെഹ്രു എന്ന വന്മരത്തിന്റെ അന്ത്യം, പാകിസ്താനുമായുള്ള യുദ്ധം, ഇന്ദിരാഗാന്ധിയുടെ ഉദയം, കോൺഗ്രസിലെ പിളർപ്പ്, നക്സൽ പ്രസ്ഥാനങ്ങൾ, ഹരിതവിപ്ലവത്തിന്റെ തുടക്കം തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ ജനാധിപത്യത്തിന്റെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക സ്വഭാവങ്ങളിൽ കാതലായ മാറ്റമുണ്ടാക്കി. ഒരു ആശയവും ജനതയുടെ അഭിലാഷങ്ങളുടെ ആവിഷ്കാരവും എന്നനിലയിൽ ജനാധിപത്യം കൂടുതൽ വൈവിധ്യപൂർണവും സംഘർഷാത്മകവുമായി.

എഴുപതുകളിൽ അപഭ്രംശം

എഴുപതുകളിലാണ് ഇന്ത്യൻ ജനാധിപത്യത്തിന് പ്രകടമായ അപഭ്രംശം സംഭവിക്കുന്നത്‌. പോപ്പുലിസ്റ്റ്നയങ്ങളിലൂടെയും സിക്കിം കൂട്ടിച്ചേർത്തതിലൂടെയും ബാങ്ക് ദേശസാത്‌കരണത്തിലൂടെയും ബംഗ്ലാദേശിന്റെ പിറവിയിലൂടെയും ന്യൂക്ളിയർ പരീക്ഷണത്തിലൂടെയും ഹരിതവിപ്ളവത്തിലൂടെയുമൊക്കെ ഇന്ദിരാഗാന്ധി നേടിയെടുത്തത് സമാനതകളില്ലാത്ത ജനപ്രീതിയായിരുന്നു. പക്ഷേ, സമ്പൂർണവിപ്ലവവും നവനിർമാൺ പ്രസ്ഥാനവും അവർക്ക്‌ വെല്ലുവിളികൾ ഉയർത്തുകയും ഒടുവിൽ, അലഹാബാദ് ഹൈക്കോടതിവിധി എതിരാവുകയും ചെയ്തപ്പോൾ, ജനാധിപത്യരീതിയിലുള്ള പ്രതിരോധത്തിനുപകരം സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ജനാധിപത്യധ്വംസനത്തിന് ഇന്ദിരാഗാന്ധി തുടക്കമിട്ടു. പക്ഷേ, സമഗ്രാധിപത്യത്തിന്റെ ആ പരീക്ഷണം അധികം വൈകാതെ പരാജയപ്പെടുകയും ഇന്ത്യ ജനാധിപത്യം വീണ്ടെടുക്കുകയുംചെയ്തത് ചരിത്രം. ആദ്യത്തെ ബഹുപാർട്ടിമുന്നണിഭരണത്തിന്റെ ഉദയവും അസ്തമയവും കണ്ടതും എഴുപതുകളിലാണ്.

വെല്ലുവിളികളുടെ എൺപതുകൾ

എൺപതുകളിൽ ഉയർന്നുവന്ന വെല്ലുവിളികൾ വിഘടനവാദത്തിന്റേതുകൂടിയായിരുന്നു. സിഖ് വിഭജനവാദം അടിച്ചമർത്താൻ ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞെങ്കിലും സ്വന്തം ജീവൻതന്നെ അവർക്ക് വിലയായി നൽകേണ്ടിവന്നത് വേദനയായി. പിൻഗാമിയായ രാജീവ്‌ ഗാന്ധി, കംപ്യൂട്ടർവത്‌കരണത്തിലൂടെയും ടെലികോം വിപ്ലവത്തിലൂടെയും കൂറുമാറ്റനിരോധനനിയമത്തിലൂടെയും പഞ്ചായത്തീരാജിലൂടെയും വിഘടനവാദങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങളിലൂടെയും ഭാവിഇന്ത്യയുടെ നേതാവായി ഉയർന്നുവന്നത് എൺപതുകളുടെ ആദ്യപകുതിയിലാണ്. പക്ഷേ, അഴിമതിയാരോപണങ്ങളും അയോധ്യയും ഷബാനു കേസും ശ്രീലങ്കയിലെ ഇടപെടലുമൊക്കെ ശോഭകെടുത്തിയപ്പോൾ, ഇന്ത്യയിലെ രണ്ടാമത്തെ കോൺഗ്രസ്സിതര മുന്നണിഭരണത്തിലേക്കാണ് ഇന്ത്യ കടന്നുചെന്നത്. ഇന്ത്യൻ ജനാധിപത്യത്തിൽ ‘കോൺഗ്രസ് സിസ്റ്റ’ത്തിന്റെ തകർച്ചയായി പലരും അവതരിപ്പിച്ച ഇക്കാലത്ത് വി.പി. സിങ്ങും ചന്ദ്രശേഖറും ചുരുങ്ങിയ കാലം ഭരിച്ചെങ്കിലും ആ പരീക്ഷണവും വിജയിച്ചില്ല. ഇതേസമയത്താണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ നാമ്പുകൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ തളിരിടാൻ തുടങ്ങിയത്. എൽ.കെ. അദ്വാനിയുടെ രഥയാത്ര ബി.ജെ.പി.യുടെ വളർച്ച ത്വരഗതിയിലാക്കി.

മാറിനടന്ന തൊണ്ണൂറുകൾ

തൊണ്ണൂറുകൾമുതൽ, ജനാധിപത്യം കൂടുതൽ പ്രാതിനിധ്യസ്വഭാവമുള്ളതാവുകയും പ്രബലഗ്രൂപ്പുകളിൽനിന്ന്‌ വിട്ടുമാറി പ്രാന്തവത്‌കരിക്കപ്പെട്ട സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളിലേക്കുകൂടി പടരുകയുംചെയ്തു. ‘മണ്ഡൽ, മസ്ജിദ്, മാർക്കറ്റ്’ എന്നീ മൂന്നുപ്രതിഭാസങ്ങൾ നിർവചിക്കുകയും നിയന്ത്രിക്കുകയുംചെയ്യുന്ന ഒന്നായി ക്രമേണ ഇന്ത്യൻ ജനാധിപത്യം മാറി. പ്രധാനമന്ത്രിയായ നരസിംഹറാവു ലൈസൻസ് രാജിന് അന്ത്യംകുറിച്ചുകൊണ്ട് പുതിയ സാമ്പത്തികനയങ്ങൾ ആരംഭിച്ചതുമുതൽ നെഹ്രുവിന്റെ ‘സോഷ്യലിസ്റ്റ് ഇന്ത്യ’ അദ്‌ഭുതകരമായ രൂപപരിണാമത്തിന്‌ വിധേയമായി. പക്ഷേ, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തെയും ബഹുസ്വരസ്വഭാവത്തെയും സാരമായി ബാധിച്ചത്‌ ബാബറി മസ്ജിദിന്റെ തകർച്ചയായിരുന്നു.

തൊണ്ണൂറുകളുടെ രണ്ടാംപകുതിയിലെ വിവിധ പരീക്ഷണങ്ങൾക്കുശേഷം 1998-ൽ വാജ്പേയ് ഇന്ത്യയിലെ ആദ്യത്തെ ബി.ജെ.പി. മന്ത്രിസഭയ്ക്ക് തുടക്കമിട്ടു. ലഹോറിലേക്ക് ബസ്‌യാത്ര നടത്തിയും ന്യൂക്ളിയർ പരീക്ഷണത്തിലൂടെയും വാജ്പേയ് മാറ്റങ്ങളിലേക്ക് നയിക്കാൻ ശ്രമിച്ചെങ്കിലും ഗുജറാത്ത്‌ കലാപവും കാർഗിൽ യുദ്ധവും ഭീകരവാദവും ഇന്ത്യൻ പാർലമെന്റിലെ ആക്രമണവും ഇന്ത്യ തിളങ്ങുന്നു പ്രചാരണവുമൊക്കെ പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ ബി.ജെ.പി.ക്ക് വെല്ലുവിളികൾ സമ്മാനിച്ചു.

പുതിയ നൂറ്റാണ്ട്‌ പിറന്നപ്പോൾ

2004 സാക്ഷ്യംവഹിച്ചത് കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിഭരണത്തിനായിരുന്നു. മൻമോഹൻ സിങ്ങിന്റെ പത്തുവർഷത്തെ ഭരണത്തിൽ ഇന്ത്യ, ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികവളർച്ച നേടുകയും തൊഴിലുറപ്പുപദ്ധതി, വിവരാവകാശനിയമം, ഭക്ഷ്യസുരക്ഷാനിയമം തുടങ്ങിയ നയപരിപാടികളിലൂടെ ജനായത്തത്തിന്റെ ഉള്ളടക്കം കൂടുതൽ ജനക്ഷേമകരമാക്കുകയും ചെയ്തു. ഏകപാർട്ടികേന്ദ്രിതമായ കോൺഗ്രസ് സംവിധാനത്തിൽ നിന്ന്‌ ബഹുപാർട്ടികേന്ദ്രിതമായ മുന്നണിരാഷ്ട്രീയസമവാക്യങ്ങളിലേക്ക് പൂർണമായി മാറിയത് ഇക്കാലത്താണ്.

അണ്ണാ പ്രസ്ഥാനത്തിന്റെയും അഴിമതിയാരോപണങ്ങളുടെയും പശ്ചാത്തലത്തിലും നരേന്ദ്രമോദിയുടെ ‘വികാസ്‌പുരുഷ്’ ബിംബവത്‌കരണത്തിലൂന്നിയ പ്രചാരണത്തിലും കോൺഗ്രസ് മുന്നണി തകർന്നതോടെ, 2014-ലെ പൊതുതിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിലെ രണ്ടാമത്തെ നിർണായകചരിത്രസന്ധിയായി മാറി.

പരിവർത്തനത്തിന്റെ നാളുകൾ

2014 മുതലുള്ള ഇന്ത്യൻ ജനാധിപത്യത്തിന്റെ എട്ടുവർഷം സാക്ഷ്യംവഹിച്ചത്, വിശാലമായ അർഥത്തിൽ നെഹ്രുവിന്റെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളിൽനിന്ന്‌ നരേന്ദ്രമോദിയുടെ വർത്തകസംസ്കാരത്തിന്റെ ഡിജിറ്റൽഇന്ത്യയിലേക്കുള്ള പരിവർത്തനത്തിനാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ജനനത്തിനുശേഷം ഒറ്റയ്ക്ക് പൂർണഭൂരിപക്ഷംകിട്ടിയ ആദ്യത്തെ കോൺഗ്രസ്സിതര സർക്കാരായിരുന്നു അത്. ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അതൊരു വെറും രാഷ്ട്രീയമാറ്റമായിരുന്നില്ല. കാരണം, ബി.ജെ.പി. ലക്ഷ്യമാക്കിയത്‌ ഒരേസമയം ഇന്ത്യയുടെ നവീകരണവും അപനിർമാണവുമാണ്.

1947 മുതൽ ഇന്ത്യൻ രാഷ്ട്രീയം സ്വാംശീകരിച്ച നെഹ്രുവിയൻ ആധുനികതയുടെയും മതനിരപേക്ഷതയുടെയും ബഹുസ്വര ദേശീയഭാവനയുടെയും നിരാകരണമാണ് അതിൽ ഏറ്റവും പ്രധാനമായ മാറ്റം. പുരാതന ഹൈന്ദവസംസ്കാരവും മിത്തുകളും ബുദ്ധ-ജൈന സംസ്കാരങ്ങളും ഇസ്‌ലാമിന്റെയും സൂഫിസത്തിന്റെയും ക്രൈസ്തവതയുടെയും സ്വാധീനവും കോളനിവാഴ്ചയും ആധുനികതയും ചേർന്ന് സൃഷ്ടിച്ചതാണ് ഇന്ത്യയുടെ ബഹുസ്വരത. ഈ വിശാലപാരമ്പര്യത്തിന്റെ നാനാത്വം പൂർണമായി അംഗീകരിച്ചുകൊണ്ടുള്ള ഭരണഘടനാമൂല്യങ്ങളും സ്ഥാപനങ്ങളുമാണ് ഇന്ത്യയെ ജനാധിപത്യരാജ്യമാക്കി നിലനിർത്തുന്നത്. ഭൂമിശാസ്ത്രവും ചരിത്രവും ചേർന്ന് അനിവാര്യതയാക്കി മാറ്റിയ ആ സംസ്കാരത്തിന്റെ ലെജിറ്റിമസിയെ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർതന്നെ ചോദ്യംചെയ്യുന്നതാണ് ഇന്ന് ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

ജനാധിപത്യം പരാജയപ്പെട്ടോ?

ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിലെ പ്രധാന ഘടകമെന്നനിലയിൽ മതേതരത്വം പരാജയപ്പെടുന്നതും നമ്മൾ കണ്ടു. മതവിശ്വാസം ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ഒരു സമൂഹത്തിൽ മതേതരത്വത്തിന്റെ പ്രായോഗികതലങ്ങൾ നിത്യജീവിതത്തിലെ വ്യവഹാരമാക്കേണ്ട ഉത്തരവാദിത്വത്തിൽനിന്ന്‌ ഇന്ത്യയിലെ മതേതരരാഷ്ട്രീയപ്പാർട്ടികൾ പിന്നാക്കംപോയതും ഒരു കാരണമാണ്. മതേതരത്വവും ബഹുസ്വരതയുമൊക്കെ ആശയതലത്തിൽനിന്നും ജനാധിപത്യത്തെ നിയന്ത്രിക്കുന്ന ജൈവതാളമായി മാറണമെങ്കിൽ അതിനുവേണ്ടിയുള്ള സംസ്കാരിക-രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരന്തരമായി നടത്തേണ്ടതുണ്ട് എന്ന പ്രാഥമിക അറിവ് അവർക്കുണ്ടായില്ല.

അതുകൊണ്ടാണ്, പാമ്പ്‌ ഉറപൊഴിക്കുന്നതുപോലെ ഇന്ത്യൻ രാഷ്ട്രീയം അതിവേഗം മാറിമറിഞ്ഞത്. ജനാധിപത്യത്തിന്റെ ഇലപൊഴിയുംകാലമാണിത്. ആധുനികതയെക്കുറിച്ചുള്ള കാവ്യാത്മകമായ നെഹ്രുവിയൻ ഭാവനയെ വർത്തമാനകാല ഇന്ത്യ വിപണിപ്രിയമായ വരണ്ട ഗദ്യമാക്കിമാറ്റി. അധികാരകേന്ദ്രീകരണത്തിലൂടെ, ഭരണഘടനാസ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നതിലൂടെ, ഫെഡറൽ അവകാശങ്ങളുടെ ലംഘനങ്ങളിലൂടെ, നാടകീയമായ പൊതുനയപ്രഖ്യാപനങ്ങളിലൂടെ, പാർലമെന്റിന്റെ അധികാരം കവർന്നെടുക്കുന്നതിലൂടെ, സംവാദത്തിന്റെയും എതിരഭിപ്രായത്തിന്റെയും ശബ്ദങ്ങൾ അടിച്ചമർത്തുന്നതിലൂടെ ഇന്ത്യ അതിവേഗം ജനാധിപത്യത്തിന്റെ ധാർമികമായ അടിത്തറയെ കുറ്റബോധമില്ലാതെ പൊളിച്ചുപണിയുകയാണ്.

അതുകൊണ്ടുതന്നെ, സമഗ്രാധിപത്യത്തിന്റെ സാധ്യതകളെ ഇന്ത്യൻ ജനാധിപത്യത്തിന് മറികടക്കാൻപറ്റുമോ എന്ന ചോദ്യമാണ് ഈ സന്ദർഭത്തിൽ പ്രസക്തമാകുന്നത്.

Content Highlights: 75 years of independence

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..