മൻ കി ബാത്‌...


ഷൈൻ മോഹൻ

2 min read
Read later
Print
Share

ആം ആദ്‌മി പാർട്ടിക്ക്‌ മിന്നുംജയം ,മൂന്ന് മുൻമുഖ്യമന്ത്രിമാർ തോറ്റു

ഭഗവന്ത് മാൻ |ഫോട്ടോ:PTI


ന്യൂഡൽഹി: പഞ്ചാബിൽ പുതിയ രാഷ്ട്രീയചരിത്രം കുറിച്ച് ആം ആദ്മി പാർട്ടിയുടെ സർവാധിപത്യം. 117 നിയമസഭാ സീറ്റുകളിൽ 92-ലും ജയിച്ച് ആപ് അധികാരം പിടിച്ചു. സംസ്ഥാനത്തുടനീളം ആഞ്ഞടിച്ച ആപ് തരംഗത്തിൽ ഭരണകക്ഷിയായ കോൺഗ്രസ് 77 സീറ്റുകളിൽനിന്ന് 18-ലേക്കും ശിരോമണി അകാലിദൾ 18-ൽനിന്ന് മൂന്നിലേക്കും കുറഞ്ഞു.
ഭരണമാറ്റം വേണമെന്ന ശക്തമായ പൊതുവികാരം ആപ്പിന് ഗുണംചെയ്തു. പാർട്ടിയിലെ പരസ്യ ചേരിപ്പോര് കോൺഗ്രസിനു വിനയായി. ആറുതവണ സംസ്ഥാനം ഭരിച്ച അകാലിദളും നിലംപൊത്തി. ആപ്പിന് 42 ശതമാനം വോട്ട് ലഭിച്ചു. അകാലിദളിന്റെ വിഹിതം 18.38 ശതമാനത്തിലേക്കും കോൺഗ്രസിന്റേത് 22.98 ശതമാനത്തിലേക്കും ചുരുങ്ങി.
കോൺഗ്രസ് വിട്ട് പുതിയ പാർട്ടിയുണ്ടാക്കിയ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ മുൻനിർത്തിയുള്ള ബി.ജെ.പി.യുടെ പോരാട്ടം രണ്ട് സീറ്റിൽ അവസാനിച്ചു. അമരീന്ദർ സിങ്ങിന് സ്വന്തം മണ്ഡലമായ പട്യാലയിൽപ്പോലും ജയിക്കാനായില്ല. ആപ്പിന്റെ അജിത് പാൽ സിങ്ങിനോട് ഇരുപതിനായിരത്തോളം വോട്ടുകൾക്കാണ് പട്യാല രാജകുടുംബാംഗമായ സിങ് പരാജയപ്പെട്ടത്. ബി.എസ്.പി.ക്ക് ഒരു സീറ്റ് ലഭിച്ചു. ഒരു സ്വതന്ത്രസ്ഥാനാർഥിയും വിജയിച്ചു.
ഭഗവന്ത് മൻ 58,000-ലേറെ വോട്ടുകൾക്കാണ് ധൂരി മണ്ഡലത്തിൽ ജയിച്ചത്. മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, മുൻമുഖ്യമന്ത്രിമാരായ ക്യാപ്റ്റൻ അമരീന്ദർ സിങ്, പ്രകാശ് സിങ് ബാദൽ എന്നിവരും കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ നവജോത് സിങ് സിദ്ദു, അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ എന്നിവരടക്കമുള്ള വൻമരങ്ങളും ആപ് തരംഗത്തിൽ വീണു.
മുഖ്യമന്ത്രി ചന്നി മത്സരിച്ച രണ്ട് മണ്ഡലത്തിലും തോറ്റു. ബദോർ മണ്ഡലത്തിൽ ആപ്പിന്റെ ലാബ് സിങ് ഉഗോഖെയോട് 37,000-ലേറെ വോട്ടുകൾക്കും ചംകോർ സാഹിബിൽ ആപ്പിന്റെതന്നെ ചരൺജീത് സിങ്ങിനോട് എണ്ണായിരം വോട്ടുകൾക്കുമാണ് ചന്നി തോറ്റത്.
പഞ്ചാബ് ഉറ്റുനോക്കിയ അമൃത്‌സർ ഈസ്റ്റിലെ വാശിയേറിയ പോരാട്ടം സിദ്ദുവും അകാലിദൾ നേതാവ് ബിക്രം സിങ് മജീതിയയും തമ്മിലായിരുന്നെങ്കിലും ഇരുവരും എ.എ.പി. സ്ഥാനാർഥി ജീവൻ ജ്യോത് കൗറിനോട് തോറ്റു.
ഭരണം കടുപ്പം
പാതിസംസ്ഥാന’മായ ഡൽഹിയിലേതുപോലെ എളുപ്പമാവില്ല ആം ആദ്മി പാർട്ടിക്ക് പഞ്ചാബിലെ ഭരണം. പാകിസ്താനുമായി 425 കിലോമീറ്റർ അതിർത്തിപങ്കിടുന്ന സംസ്ഥാനത്തിന്റെ സുരക്ഷ, ക്രമസമാധാനം, കാർഷിക പ്രശ്നങ്ങൾ, ലഹരി-ഖനന മാഫിയകൾ എന്നിവയെല്ലാം അവർക്ക് കരുതലോടെ നേരിടേണ്ടിവരും. ഇവയെല്ലാം എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്നത് അവരുടെ ദേശീയ ചുവടുവെപ്പിന്റെ ഗതിയും നിർണയിക്കും.

പൂർണസംസ്ഥാന പദവിയില്ലാത്ത ഡൽഹിയിൽ പോലീസും ക്രമസമാധാനവുമുൾപ്പെടെ സുപ്രധാന വകുപ്പുകളെല്ലാം ലെഫ്. ഗവർണർവഴി കേന്ദ്രമാണ് കൈകാര്യം ചെയ്യുന്നത്. വൈദ്യുതി, വെള്ളം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ മാത്രമാണ് ഡൽഹി സർക്കാരിന് കീഴിലുള്ളത്. പഞ്ചാബിൽ ഇതല്ല സ്ഥിതി. അതിർത്തികടന്നുള്ള മയക്കുമരുന്നിന്റെ വരവ്, ലഹരി-ഖനന മാഫിയകൾ എന്നിവയെ നേരിടണം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചൂടുള്ളവിഷയവും ഇതായിരുന്നു. കർഷക സമരത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന പഞ്ചാബിൽ കാർഷികമേഖലയുടെ പ്രശ്നങ്ങളും മുന്നിലുണ്ട്. വിലത്തകർച്ച, വയലുകളിലെ തീയിടൽ തുടങ്ങിയ കാർഷികപ്രശ്നങ്ങൾക്ക് പ്രതിവിധിയുണ്ടാക്കണം. വെള്ളവും വൈദ്യുതിയും (നിശ്ചിത അളവുവരെ) സ്ത്രീകൾക്ക് ബസ് യാത്രയും സൗജന്യമാക്കിയ ഡൽഹി മോഡൽ പഞ്ചാബിലും ആവർത്തിക്കാൻ വലിയ പ്രയാസമുണ്ടാവില്ല. 18 തികഞ്ഞ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് മാസം 1000 രൂപ നൽകുമെന്ന ആപിന്റെ വാഗ്‌ദാനവും പാലിച്ചേക്കാനാവും. എന്നാൽ, ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും പ്രാധാന്യമുള്ളതും വലിയ സുരക്ഷാ-ക്രമസമാധാനം നേരിടുന്നതുമായ സംസ്ഥാനത്തെ ഭരണപരിചയമില്ലാത്ത നേതൃത്വത്തെവെച്ച് ആപ് എങ്ങനെ കൊണ്ടുപോകുമെന്നാണ് കാണേണ്ടത്.
ഹാസ്യകലാകാരനിൽനിന്ന് രാഷ്ട്രീയത്തിലിറങ്ങി പാർലമെന്റംഗമായതാണ് മുഖ്യമന്ത്രിയാവാൻ പോകുന്ന ഭഗവന്ത് മനിന്റെ യോഗ്യത. ഉയർത്തിക്കാട്ടാൻ പാർട്ടിക്ക് മറ്റൊരു മുഖംപോലും പഞ്ചാബിലില്ല. ഡൽഹിയിലിരുന്ന് കെജ്‌രിവാൾ പരോക്ഷമായി ഭരണം നയിച്ചാൽപ്പോലും കാര്യങ്ങൾ എളുപ്പമല്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യിൽനിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടിവന്നേക്കാം. ഡൽഹിയിൽ ആപ് സർക്കാർ നീക്കുന്ന ഫയലുകൾ പലതും ലെഫ്. ഗവർണർ വഴി തടഞ്ഞുവെക്കുന്നത് വലിയ അധികാരത്തർക്കത്തിന് ഇടയാക്കിയിരുന്നു. പഞ്ചാബിൽ അതുനടക്കില്ലെങ്കിലും മറ്റുപലതും ആപ് പ്രതീക്ഷിക്കണം. അതിനെ അതിജീവിക്കുന്നതിനെ ആശ്രയിച്ചാകും ദേശീയരാഷ്ട്രീയത്തിൽ അവരുടെ ഭാവി.

Content Highlights: aap

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..