ആര്യാടന്റെ അടയാളങ്ങൾ


എ.കെ. ആന്റണി

പരിചയപ്പെട്ട നാളുമുതൽ അവസാനംവരെ ഒരേയൊരു ആര്യാടനെയേ ഞാൻ കണ്ടിട്ടുള്ളൂ -നിലപാടുകളിൽ ഉറച്ചുനിന്ന ആര്യാടൻ

Aryadan Muhammad with AK Antony | Photo: Mathrubhumi

ഒരിക്കലുമില്ലാത്തവിധം വർഗീയതപടരുന്ന കാലത്ത് കേരളത്തിന് കനത്തനഷ്ടമാണ് ആര്യാടൻ മുഹമ്മദിന്റെ വിയോഗം. മതേതരത്വത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലയുറപ്പിച്ച ഏറനാടൻ പോരാളിയായിരുന്നു അദ്ദേഹം. ഭൂരിപക്ഷവർഗീയതയെയും ന്യൂനപക്ഷവർഗീയതയെയും ഒരുപോലെ എതിർക്കുന്നവർ കുറവാണ്. രണ്ടിനെയും എതിർത്തതാണ് ആര്യാടന്റെ പ്രത്യേകത.

കൊലയാളിയെന്നു വിളിച്ചു, പിന്നെ തോളേറ്റി



നിലമ്പൂരിലെ തോട്ടംതൊഴിലാളികളെ സംഘടിപ്പിക്കാൻ ആര്യാടൻ നന്നേ കഷ്ടപ്പെട്ടു. എതിർപക്ഷത്ത്‌ കമ്യൂണിസ്റ്റു പാർട്ടിയായതിനാൽ ഒരുപാട് ഏറ്റുമുട്ടലുകൾ നേരിട്ടു. നിർഭാഗ്യവശാൽ കുഞ്ഞാലി കൊലക്കേസുണ്ടായി. ആര്യാടൻ അതിൽ നിരപരാധിയാണ്. അദ്ദേഹം ഒരിക്കലും രക്തച്ചൊരിച്ചിലിന്റെ ആളായിരുന്നില്ല. പാർട്ടി പ്രവർത്തകരുടെ ഭാഗത്തുനിന്ന് അക്രമമുണ്ടായാൽ നിർദാക്ഷിണ്യം ശാസിക്കുമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ കൊലക്കേസിൽപ്പെടുത്തി. കോഴിക്കോട് സബ് ജയിലിൽ അടച്ച ആര്യാടനെ കാണാൻ ഞാൻ ചെന്നു. കണ്ടമാത്രയിൽ ഞങ്ങളിരുവരും കരഞ്ഞുപോയി. ഇന്നും ഓർമയിലുണ്ട് ആ കൂടിക്കാഴ്ച.

സത്യം വിജയിക്കുമെന്ന് ഉറപ്പായിരുന്നു. പിന്നീട് അഡ്വക്കേറ്റ് ജനറലായ രത്നസിങ്ങായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ. സത്യം ബോധ്യപ്പെട്ട കോടതി ആര്യാടനെ സ്വതന്ത്രനാക്കി. ആര്യാടനെ കൊലയാളിയെന്നു വിളിച്ചവർക്കും അദ്ദേഹം നിരപരാധിയാണെന്ന സത്യം പിന്നീട് ബോധ്യപ്പെട്ടു. അതിന്റെ ഏറ്റവും വലിയ തെളിവാണ് 1980-ലെ നായനാർ സർക്കാരിൽ ആര്യാടന് ലഭിച്ച മന്ത്രിസ്ഥാനം. മന്ത്രിമാരുടെ പട്ടികയിൽ ആര്യാടന്റെ പേരുവെച്ചപ്പോൾ വി.എസ്. അച്യുതാനന്ദനും ഇ.കെ. നായനാരും ഒരെതിർപ്പും പറഞ്ഞില്ല. കുഞ്ഞാലി കേസിന്റെപേരിൽ സി.പി.എം. അണികളിൽ രോഷമുണ്ടായിരുന്നു. അന്നത്തെ ഉപതിരഞ്ഞെുപ്പുവേളയിൽ ആര്യാടനുവേണ്ടി ഇടതുവോട്ടുകൾ ഉറപ്പിക്കാൻ സി.പി.എം. നിയോഗിച്ചത് തീപ്പൊരിനേതാവായിരുന്ന എം.വി. രാഘവനെയാണ്. കൊലയാളി എന്നു വിളിച്ച് ആക്ഷേപിച്ച മുഴുവൻപേരുടെയും തെറ്റിദ്ധാരണ നീങ്ങിയെന്ന് തെളിയിക്കുന്നതായിരുന്നു അന്നത്തെ തിരഞ്ഞെടുപ്പുഫലം.

നാടിനുവേണ്ടി, ഇടവേളകളില്ലാതെ

നായനാർ മന്ത്രിസഭയിൽ ഏറ്റവും നന്നായി പ്രവർത്തിച്ചത് തൊഴിൽമന്ത്രിയായിരുന്ന ആര്യാടനാണ്‌. ഏറെ പ്രശംസ പിടിച്ചുപറ്റിയ കർഷകത്തൊഴിലാളി പെൻഷന്റെ ഉപജ്ഞാതാവാണദ്ദേഹം.
മലബാറിൽ ലക്ഷോപലക്ഷം സ്വകാര്യവനങ്ങളുണ്ടായിരുന്നു. അവയൊക്കെ ദേശസാത്‌കരിക്കപ്പെട്ടതിനു പിന്നിലും ആര്യാടനാണ്. നിലമ്പൂരിലെ യൂക്കാലിപ്‌റ്റസ്‌ തോട്ടങ്ങളെല്ലാം ബിർളയ്ക്കു കൊടുത്തപ്പോൾ ആര്യാടൻ നിരാഹാരം കിടന്നു. കെ. കരുണാകരനാണ് ആഭ്യന്തരമന്ത്രി. ഞാൻ കെ.പി.സി.സി. സെക്രട്ടറി. ആര്യാടനോട്‌ ഞാനാണ് സംസാരിച്ചത്. അദ്ദേഹം സമരം തുടർന്നു. പിന്നീട്, സ്വകാര്യവനങ്ങൾ ദേശസാത്‌കരിക്കാൻ സർക്കാർ തീരുമാനമെടുത്തു. ഈ രണ്ടു നേട്ടങ്ങൾ ആര്യാടൻ പതിപ്പിച്ച അടയാളങ്ങളാണ്.

ഉത്തരകേരളത്തിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാനെടുത്ത നടപടികളും വയനാട്ടിലെ ആദിവാസിഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചതുമൊക്കെ മന്ത്രിയെന്നനിലയിൽ ആര്യാടന്റെ സംഭാവനകളാണ്. മന്ത്രിയായ എല്ലാ വകുപ്പുകളിലും അദ്ദേഹം കാര്യശേഷി തെളിയിച്ചു അതൊന്നും ഉദ്യോഗസ്ഥരെ വിരട്ടിയായിരുന്നില്ല. ബ്യൂറോക്രസിയെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേകനയമുണ്ടായിരുന്നു അദ്ദേഹത്തിന്.

ഒരേയൊരു ആര്യാടൻ

പരിചയപ്പെട്ട നാളുമുതൽ അവസാനംവരെ ഒരേയൊരു ആര്യാടനെയേ ഞാൻ കണ്ടിട്ടുള്ളൂ -നിലപാടുകളിൽ ഉറച്ചുനിന്ന ആര്യാടൻ. മതേതരത്വം, ബഹുസ്വരത, മതസൗഹാർദം എന്നിവയാണ് രാഷ്ട്രീയത്തിന്റെ അടിത്തറ. അതുകഴിഞ്ഞേ കക്ഷിരാഷ്ട്രീയമുള്ളൂ. ആര്യാടൻ മതേതരത്വത്തിന്റെ കൊടിക്കൂറ ഉയർത്തി. ഒരുപാടു പരിക്കുപറ്റി. നഷ്ടമുണ്ടായി. വലിയ എതിർപ്പുകൾ നേരിട്ടു. അപമാനിതനായി. എന്നിട്ടും ആര്യാടൻ തളർന്നില്ല. കോൺഗ്രസിനെ മതേതരപാതയിൽ ഉറപ്പിച്ചുനിർത്താൻ കേരളത്തിൽ ഏറ്റവും കൂടുതൽ പോരാടിയത് ആര്യാടനാണ്.

Content Highlights: ak antony aryadan muhammed

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..