അമർത്യാസെന്നിനെ ആർക്കാണ് പേടി?


 ശ്രീകാന്ത് കോട്ടയ്ക്കൽ

3 min read
Read later
Print
Share

നൊബേൽസമ്മാന ജേതാവും പ്രസിദ്ധ സാമ്പത്തികപണ്ഡിതനുമായ അമർത്യാ സെന്നിന് രവീന്ദ്രനാഥ ടാഗോറിന്റെ കാലംമുതൽക്കേ  പശ്ചിമബംഗാളിലെ ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാലാകാമ്പസിൽ പാരമ്പര്യമായി ലഭിച്ച വീടിന്റെയും ഭൂമിയുടെയും ഒരു ഭാഗം കൈയേറിയതാണ് എന്നാരോപിച്ചുള്ള വിവാദബഹളങ്ങൾ  മൂർച്ഛിക്കുകയാണ്. അമർത്യാസെന്നും വിശ്വഭാരതിയും തമ്മിലുള്ള ബന്ധമറിഞ്ഞെങ്കിൽമാത്രമേ ഇപ്പോഴത്തെ സർവകലാശാലാ വൈസ് ചാൻസലറും അദ്ദേഹത്തിന്റെ രാഷ്ട്രീയ യജമാനന്മാരും ചെയ്യുന്ന പാതകത്തിന്റെ ആഴമറിയൂ. പണ്ഡിതന്മാരെ ചേർത്തുനിർത്തി ടാഗോർ കഷ്ടപ്പെട്ടുണ്ടാക്കിയ സർവകലാശാല ഇപ്പോൾ ഒരു വലിയ പ്രതിഭയെയും പണ്ഡിതനെയും പുറന്തള്ളാൻ കഠിനപ്രയത്നം ചെയ്യുന്നു.

അമർത്യാ സെൻ | Photo:PTI

പ്രൗഢസാന്നിധ്യം

പശ്ചിമബംഗാളിലെ ഉൾഗ്രാമമായ ബോൽപ്പുരിൽ നൂറുവർഷംമുമ്പ് രവീന്ദ്രനാഥടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാലയിലേക്ക് എല്ലാ തണുപ്പുമാസങ്ങളിലും ഒരു യാത്ര പതിവായിരുന്നു. മഹാവൃക്ഷങ്ങളും മാന്തോപ്പുകളും നിറഞ്ഞ ആശ്രമസമാനമായ അവിടത്തെ പകലുകളിലും സന്ധ്യകളിലും കവിതകളിലൂടെയും ഗാനങ്ങളിലൂടെയും ടാഗോറിന്റെ സാന്നിധ്യം ഇപ്പോഴും നിറഞ്ഞുനിൽപ്പുണ്ട്.

ആമ്രകുഞ്ജ് എന്ന് വിളിക്കുന്ന മാഞ്ചുവടുകളിൽ മഞ്ഞയുടുപ്പണിഞ്ഞിരുന്ന് പഠിക്കുന്ന വിദ്യാർഥികളുടെ കാഴ്ച നമ്മെ മറ്റേതോ ലോകത്തേക്കെത്തിക്കും. മഞ്ഞിൻമറയിട്ട ശാന്തിനികേതനിലൂടെയുള്ള പ്രഭാതസവാരിയിൽ എപ്പോഴും കാണാൻ കൊതിച്ച കാഴ്ചയായിരുന്നു തന്റെ വീടായ ‘പ്രതീചി’യിൽനിന്ന്‌ അമർത്യാസെൻ കാമ്പസിന്റെ വഴിയിലേക്ക്‌ ഇറങ്ങിവരുന്നതും നടന്നുപോവുന്നതും. കാട്ടിലൂടെ യാത്രചെയ്യുമ്പോൾ ആനയെ കാണാൻ കൊതിക്കുന്നതുപോലെയായിരുന്നു അത്. ഒരു തവണ ദൂരെ, വീടിന്റെ മുറ്റത്ത് സെൻ നിൽക്കുന്നതുകണ്ടു. ആ കാഴ്ചതന്നെ ആദരണീയമായിരുന്നു. ടാഗോറിന്റെ വീടുകളായ പൗഷാലിയും ശ്യാമളിയും ഗീതാഞ്ജലിയുമെല്ലാം കാണുന്നതുപോലെത്തന്നെയാണ് സന്ദർശകർ അമർത്യാസെന്നിന്റെ വീടിനെയും കണ്ടുപോരുന്നത്. ഈയടുത്തകാലത്ത് അന്തരിക്കുന്നതുവരെ സെന്നിന്റെ അമ്മ അമിത ആ വീട്ടിലുണ്ടായിരുന്നു. ഇപ്പോഴും മഴക്കാലങ്ങളിലും തണുപ്പുമാസങ്ങളിലും സെൻ, ഒരുപാട് ഓർമകളുള്ള തന്റെ വീട്ടിലെത്തും. പണ്ഡിതനായ നൊബേൽപുരസ്കാര ജേതാവുകൂടിയെത്തുമ്പോൾ ശാന്തിനികേതൻ കൂടുതൽ പ്രൗഢമാവുന്നു.

ക്ഷിതി സെൻ, ടാഗോർ വിളിച്ചുവരുത്തിയ അതിഥി

ഈ വീടിരിക്കുന്ന സ്ഥലത്തിന്റെ ഒരുഭാഗം കൈയേറിയതാണ് എന്നാരോപിച്ചാണ് ഇപ്പോഴത്തെ വൈസ് ചാൻസലറായ ബിദ്യുത് ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ഗൂഢസംഘം ഇന്ത്യയുടെ മഹാനായ നൊബേൽ ജേതാവിനെ നിരന്തരമായി പീഡിപ്പിക്കുകയും പൊതുമധ്യത്തിൽ അപമാനിക്കുകയും ചെയ്യുന്നത്. പശ്ചിമബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനർജി നേരിട്ടുനടത്തിയ ഇടപെടൽകൊണ്ടുമാത്രമാണ് അമർത്യാസെന്നിന് ഇപ്പോൾ ‘പ്രതീചി’യിൽ പാർക്കാൻ സാധിക്കുന്നത്. അമർത്യാസെന്നും ശാന്തിനികേതനുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ കുട്ടിക്കാലവും അറിഞ്ഞാൽമാത്രമേ, ‘ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർക്കറിയില്ലല്ലോ’ എന്ന് സഹതാപത്തോടെ ഈ ഗൂഢസംഘത്തോട് പറയാൻ സാധിക്കൂ.

അമർത്യാസെന്നിന്റെ അമ്മ അമിതയുടെ കുടുംബം ടാഗോറുമായി ഏറെ അടുപ്പമുള്ളവരായിരുന്നു. ടാഗോർ എഴുതി സംവിധാനംചെയ്ത നൃത്തനാടകങ്ങളിൽ അമിത മുഖ്യവേഷക്കാരിയായിരുന്നു. സെൻ ജനിച്ചപ്പോൾ ടാഗോർ അമിതയോട് പറഞ്ഞു: ‘‘ഈ കുട്ടിക്ക്‌ നിത്യസാധാരണമായ പേരുകളൊന്നുമിടേണ്ട. ഇവനെ അമർത്യ എന്ന് വിളിച്ചാൽ മതി.’’ഏകാന്തധ്യാനത്തിനുവേണ്ടി പിതാവ് ദേവേന്ദ്രനാഥ ടാഗോർ വാങ്ങിയ ഗ്രാമഭൂമിയിൽ വേറിട്ട ഒരു വിദ്യാഭ്യാസമാതൃക സൃഷ്ടിക്കാൻവേണ്ടി തന്റെ പേരിലുള്ള എസ്റ്റേറ്റുകളും ഭാര്യയുടെ ആഭരണങ്ങളും സ്വന്തം പുസ്തകങ്ങളുടെ റോയൽറ്റിയുമെല്ലാം വിറ്റുപെറുക്കി ശാന്തിനികേതന്റെ ആദ്യരൂപം ആരംഭിച്ചപ്പോൾ രവീന്ദ്രനാഥടാഗോർ നിർബന്ധപൂർവം വിളിച്ചുകൊണ്ടുവന്നതാണ് അമർത്യാസെന്നിന്റെ മുത്തച്ഛൻ ക്ഷിതിമോഹൻ സെന്നിനെ. 1908 ഫിബ്രവരി 24-ന് ടാഗോർ ക്ഷിതിമോഹന് എഴുതിയ കത്തിൽ, ‘എനിക്കൊരു സഹായിയായ സുഹൃത്തിനെ ആവശ്യമുണ്ട്’ എന്നാണ് ആവശ്യപ്പെട്ടത്. ഹിമാലയൻതാഴ്‌വരയിലെ ചംപാ രാജവംശത്തിന്റെ സ്കൂളിലെ പ്രധാനാധ്യാപകജോലി ഒഴിവാക്കിയിട്ടാണ് ക്ഷിതിമോഹൻ മഹാകവിയുടെ സഹനങ്ങളിൽ സഹായിക്കാനെത്തിയത്. സഹോദരന്മാരുടെ മക്കളടക്കമുള്ള വലിയൊരു കുടുംബവുമായിട്ടായിരുന്നു അദ്ദേഹം വന്നത്. ടാഗോർ അവർക്ക് പാർക്കാൻ ഇടംകൊടുത്തു. ശാന്തിനികേതന്റെ ആദ്യകാല വൈഷമ്യങ്ങളെല്ലാം അവർ ഒന്നിച്ച് പങ്കിട്ടു; സുദീർഘമായ അമ്പതുവർഷം ക്ഷിതിമോഹൻ അവിടെ താമസിച്ചു.

മുത്തച്ഛന്റെ കൂടെ

സംസ്കൃതം, ബംഗാളി, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിൽ അഗാധപണ്ഡിതനായ മുത്തച്ഛന്റെകൂടെ ശാന്തിനികേതനിലൂടെയുള്ള പ്രഭാതസവാരികൾ അമർത്യാസെൻ ആത്മകഥയിൽ ഓർക്കുന്നുണ്ട്: ‘.....ആകാശത്ത് ശേഷിച്ച പുലർത്താരകങ്ങളെ ഓരോന്നായി അദ്ദേഹം എനിക്ക് പരിചയപ്പെടുത്തിത്തരും; അവയുടെയെല്ലാം സംസ്കൃതത്തിലും ഇംഗ്ലീഷിലുമുള്ള പേരുകൾ എന്റെ മുത്തച്ഛനറിയാമായിരുന്നു...’ ഇതേ ശാന്തനികേതനിൽവെച്ചാണ് അമർത്യ ഗാന്ധിജിയെ കണ്ടതും അയിത്തോച്ചാടനത്തിനായി അഞ്ചുരൂപ സംഭാവനചെയ്ത് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് എഴുതിവാങ്ങിച്ചതും. അത്രമേൽ ഈ തപോവനവിദ്യാകേന്ദ്രവുമായി അദ്ദേഹത്തിന് ബന്ധമുണ്ട്. ശാന്തിനികേതനെയും വിശ്വഭാരതിയെയും ഈ രീതിയിൽ സങ്കല്പിച്ച് വളർത്തിയെടുക്കുന്നതിൽ ടാഗോർമുതൽ അമർത്യാസെൻവരെയുള്ളവരുടെ കഠിനശ്രമങ്ങൾ ആധുനിക ഇന്ത്യയുടെ സാംസ്കാരികചരിത്രത്തിന്റെതന്നെ ഭാഗമാണ്. ഇങ്ങനെയെല്ലാമുള്ള മണ്ണിൽനിന്നാണ് നിസ്സാരകാരണങ്ങൾ കണ്ടുപിടിച്ച് അദ്ദേഹത്തെ പുകച്ചുപുറത്തുചാടിക്കാൻ നോക്കുന്നത്.

വൈസ് ചാൻസലറുടെ ക്രൂരകൃത്യങ്ങൾ

‘അനുവാദമില്ലാതെ താമസിക്കുന്നയാൾ’ എന്നുപറഞ്ഞാണ് കഴിഞ്ഞ ദിവസം സർവകലാശാലാ അധികൃതർ സെന്നിന്റെ വീടിനുപുറത്ത് നോട്ടീസ് പതിച്ചത്. സെൻ വിദേശത്തായ സമയത്താണ് നോട്ടീസ് പതിച്ചത്. ഇപ്പോഴുള്ള 1.25 ഏക്കർ സ്ഥലത്തെക്കാൾ 0.13 ഏക്കർ സെൻ കൈവശം െവച്ചിരിക്കുന്നു എന്നതാണ് സർവകലാശാലയുടെ വാദം. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞ ജനുവരിയിൽ സെൻ ഉള്ള സമയത്ത് അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുകയും അദ്ദേഹത്തിന്റെ പിതാവും വിശ്വഭാരതിയുടെ മുൻ വൈസ് ചാൻസലറുമായിരുന്ന അശുതോഷ് സെന്നിന് 1.38 ഏക്കർ സ്ഥലം പാട്ടമായി അനുവദിച്ചതിന്റെ രേഖകൾ മുഴുവനും കൈമാറുകയുംചെയ്തിരുന്നു. എന്നിട്ടും എന്തിനോ ഉള്ള പക വിശ്വഭാരതിയുടെ തലപ്പത്തുള്ള പുതിയ സംഘം തുടരുകയാണ്. ഡൽഹിയിലെ തന്റെ രാഷ്ട്രീയ മേലാളന്മാരെ പ്രീതിപ്പെടുത്താനാണ് പുതിയ വൈസ് ചാൻസലർ ഇതൊക്കെ ചെയ്യുന്നതെന്നാണ് അമർത്യാസെൻ ഇതേക്കുറിച്ച് പറയുന്നത്.അമർത്യാസെന്നിനോടുള്ള സർവകലാശാലയുടെ പകപോക്കലിൽ കാമ്പസിനകത്തും പുറത്തും ഇപ്പോൾ വലിയ പ്രതിഷേധങ്ങൾ നടക്കുകയാണ്. പ്രധാനമന്ത്രിയാണ് വിശ്വഭാരതിയുടെ ചാൻസലർ. പ്രതിഷേധക്കാർ അമർത്യയുടെ അവസ്ഥ കാണിച്ച് പ്രധാനമന്ത്രിക്കും പ്രസിഡന്റിനും പരാതിയയച്ചിട്ടും ഒരു ചലനവുമുണ്ടായില്ല. ‘നിങ്ങൾ അമേരിക്കൻ പ്രസിഡന്റിന് പരാതി കൊടുത്താൽപ്പോലും ഒരു ചുക്കും സംഭവിക്കില്ല’ എന്നാണ് വൈസ് ചാൻസലർ പ്രതിഷേധക്കാരോട് പറഞ്ഞത്.

മതിലുകെട്ടി മനസ്സുകൾ

ബിദ്യുത് ചക്രവർത്തി വൈസ് ചാൻസലറായി വന്നശേഷം ശാന്തിനികേതനിൽ വരുത്തിയ മാറ്റങ്ങളെല്ലാം ടാഗോർ ഈ സർവകലാശാല സ്ഥാപിച്ചപ്പോൾ ഉദ്ദേശിച്ച കാര്യങ്ങൾക്ക് കടകവിരുദ്ധമാണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. മതിലുകളില്ലാത്ത വിദ്യാഭ്യാസസമ്പ്രദായം സ്വപ്നംകണ്ട ടാഗോറിന്റെ സർവകലാശാലയിൽ എങ്ങും ഇപ്പോൾ മതിലുകളും മുള്ളുവേലികളുമാണ്. ടാഗോർ തുടങ്ങിെവച്ച വസന്തോത്സവം(പൗഷ് മേള)പോലുള്ള പരിപാടികൾ നിർത്തലാക്കി. ഇത്തവണ മേയ് ഏഴിന് ടാഗോറിന്റെ ജന്മദിനത്തിൽ ശാന്തിനികേതനിലെ രവീന്ദ്രഭവനമ്യൂസിയം അടച്ചിടുകയാണ് ചെയ്തത്. സ്വാതന്ത്ര്യവും സംഗീതവുമായിരുന്നു ശാന്തിനികേതന്റെ ആത്മാവ്. അതുരണ്ടും ഇന്നവിടെയില്ല.

ഇന്ത്യയെ സംബന്ധിച്ച് വിശ്വഭാരതി വെറുമൊരു സർവകലാശാലമാത്രമല്ല. മറിച്ച്, രാജ്യത്തിന്റെ ആത്മാവിന്റെയും ത്രസിപ്പിക്കുന്ന ചരിത്രത്തിന്റെയും ഭാഗമാണ്. മഹാത്മാഗാന്ധി തന്റെ ദക്ഷിണാഫ്രിക്കൻവാസം കഴിഞ്ഞ് കസ്തൂർബയ്ക്കൊപ്പം നേരിട്ടെത്തിയത് ഇങ്ങോട്ടാണ്; ടാഗോറിനൊപ്പം ഗാന്ധിജിയും തെരുവിലിറങ്ങി ഭിക്ഷവാങ്ങിയാണ് ഈ സർവകലാശാല സ്ഥാപിച്ചത്. സി.എഫ്. ആൻഡ്രൂസും രാംകിങ്കർ ബെയ്ജും കെ.ജി. സുബ്രഹ്മണ്യനും സത്യജിത് റായിയും ഇന്ദിരാഗാന്ധിയും മൃണാളിനി സാരാഭായിയും ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ മകൻ ഗനി ഖാനുമടക്കം മഹാന്മാരും പ്രതിഭകളും ചരിച്ച മണ്ണാണിത്. ലോകം ഒരു പക്ഷിക്കൂടുപോൽ ചേർന്നിരുന്നയിടം. അവിടെയാണ് ഈ പേക്കൂത്തുകളെല്ലാം അരങ്ങേറുന്നത് എന്നതാണ് സങ്കടകരമായ കാര്യം.

Content Highlights: amartya sen's house in santiniketan

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..