അമിതാഭ് കാന്ത് | Photo: ANI
ജി20 അധ്യക്ഷപദവി ലഭിച്ചതോടെ ലോകത്തെ പുതിയദിശയിൽ നയിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നാണ് ഇന്ത്യൻ ഷെർപ്പ അമിതാഭ് കാന്തിന്റെ വിലയിരുത്തൽ. ഷെർപ്പമാരുടെ കുമരകത്തെ സമ്മേളനത്തിനുശേഷം അദ്ദേഹം മാതൃഭൂമി പ്രതിനിധി ജോസഫ് മാത്യുവിന് നൽകിയ അഭിമുഖം.
വേമ്പനാട്ടുകായലിന്റെ തീരത്ത് കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കുമരകം ഗ്രാമത്തിലേക്ക് ജി20 ഷെർപ്പമാരുടെ യോഗം കൊണ്ടുവരുമ്പോൾ ഇന്ത്യൻ ഷെർപ്പ അമിതാഭ് കാന്തിന് ഒറ്റ ഉദ്ദേശ്യമേയുണ്ടായിരുന്നുള്ളൂ- ‘ലോകം കേരളത്തെ അറിയണം.’ കേരള കേഡറിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് കുമരകം പണ്ടേ ഇഷ്ടമാണ്. കേരളത്തിന്റെ ടൂറിസം സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിന് ഈ പ്രദേശങ്ങൾ നന്നായറിയാം. പ്രധാനമന്ത്രിയായിരിക്കെ 2000 ഡിസംബറിൽ എ.ബി. വാജ്പേയിയെ കുമരകത്ത് കൊണ്ടുവന്നിട്ടുണ്ട് അദ്ദേഹം. ടൂറിസം സെക്രട്ടറിപദവി അധികമാരും താത്പര്യപ്പെടാത്ത കാലത്താണ് തനിക്കുകിട്ടിയ സാധ്യതകൾ അമിതാഭ് കാന്ത് പരമാവധി പ്രയോജനപ്പെടുത്തിയത്. വാജ്പേയി വന്നതോടെ കുമരകത്തിന്റെ പ്രസിദ്ധി ലോകമെങ്ങും വ്യാപിച്ചു. കോഴിക്കോട് കളക്ടറായിരിക്കെ മാനാഞ്ചിറ സ്ക്വയർ രൂപപ്പെടുത്തിയത് അദ്ദേഹം ഇപ്പോഴുമോർക്കുന്നു. നയതന്ത്രചർച്ചകൾക്ക് ശാന്തസുന്ദരമായ കുമരകംപോലുള്ള സ്ഥലങ്ങൾ വളരെ ഉപകരിക്കുമെന്നാണ് അമിതാഭ് കാന്തിന്റെ നിലപാട്. ജി20 ഷെർപ്പമാരുടെ ചർച്ചകളിലൊന്ന് അദ്ദേഹം പുരവഞ്ചിയിൽ നടത്തുകയുംചെയ്തു. ഇന്ത്യ അധ്യക്ഷപദവിവഹിക്കുന്ന ജി20-യിൽ ഈവർഷം മൂന്ന് ഷെർപ്പ യോഗങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യത്തേത് രാജസ്ഥാനിലെ ഉദയ്‌പുരിലായിരുന്നു. രണ്ടാമത്തേതാണ് കുമരകത്തുനടന്നത്. അടുത്തത് കർണാടകത്തിലെ ഹംപിയിൽ.
? കാർബൺ പുറന്തള്ളുന്നതിന് വികസിതരാജ്യങ്ങൾ, വികസ്വരരാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരുന്നല്ലോ. ഇതിൽ എന്തുനടപടിയാണ് പ്രതീക്ഷിക്കുന്നത്
= 2009-ൽ കോപ്പൻഹേഗനിലാണ് കാലാവസ്ഥാനീതി സംബന്ധിച്ച് ഈ തീരുമാനമുണ്ടായത്. വികസിതരാജ്യങ്ങൾ പ്രതിവർഷം എട്ടുലക്ഷം കോടിയിലധികം രൂപ വികസ്വരരാജ്യങ്ങൾക്ക് 2025 വരെ നൽകാമെന്നാണ് സമ്മതിച്ചത്. അതവർ ചെയ്യണം. രണ്ടാമത്തെ കാര്യം സ്വകാര്യമേഖലയിൽ ധാരാളം പണമുണ്ട്. അത് വികസ്വരരാജ്യങ്ങളിലേക്കുവരുന്നില്ല. അതുകൊണ്ട് ഏഷ്യയുടെ പ്രതിസന്ധിയല്ല ആഫ്രിക്കയുടേത്. വികസിതരാജ്യങ്ങളിൽ രണ്ടുശതമാനം പലിശയ്ക്ക് പണം ലഭിക്കും. ഇന്ത്യയിൽ എട്ടുശതമാനമാണ്. ആഫ്രിക്കയിൽ 16 ശതമാനമാണ്. സബ് സഹാറ മേഖലയിൽ ഇത് 22 ശതമാനമാണ്. ബഹുമുഖമായ പരിഷ്കാരങ്ങൾവഴി സ്വകാര്യമേഖലയിൽ വലിയ നിക്ഷേപങ്ങളെത്തിയിട്ടുണ്ട്. വികസ്വരരാജ്യങ്ങളിലേക്ക് പണമെത്താൻ ലോകബാങ്ക് നടപടിയെടുക്കണം. കാരണം, അടുത്ത വികസനം നടക്കാൻപോകുന്നത് വികസ്വരരാജ്യങ്ങളിലാണ്. വികസിതരാജ്യങ്ങളിൽ അല്പം മാന്ദ്യമുണ്ടാകും. മുകളിലേക്കുപോകുന്നത് വികസ്വരരാജ്യങ്ങളാകും.
? കോവിഡ് മഹാമാരിയും യുക്രൈൻ-റഷ്യ പ്രശ്നവും ലോകക്രമത്തെ ആകെ മാറ്റിമറിച്ചിരിക്കയല്ലേ? ഇത്തരം വിഷയങ്ങളും ചർച്ചയിൽവന്നോ
= സുസ്ഥിരവികസനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, കാലാവസ്ഥാ വ്യതിയാനത്തിൽ സ്വീകരിക്കേണ്ട നടപടികൾ, ഇതിനുള്ള പണം കണ്ടെത്തൽ, ഡിജിറ്റൽരംഗത്തെ മാറ്റങ്ങൾ, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം, വനിതകൾ നേതൃത്വം നൽകുന്ന വികസനം തുടങ്ങിയ വിഷയങ്ങളെല്ലാം ഷെർപ്പമാരുടെ യോഗം ചർച്ചചെയ്തു. എല്ലാ രാജ്യവും ഇതിനെ പോസിറ്റീവായാണ് കണ്ടത്. സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന നേതാക്കളുടെ ഉച്ചകോടിയിൽ ഇതുസംബന്ധിച്ച തീരുമാനങ്ങളുണ്ടാകും.
ലോകം ഇപ്പോൾ പ്രതിസന്ധിയിലാണ്. വളർച്ചമുരടിപ്പുണ്ട്. 75 രാജ്യങ്ങൾ വലിയ കടത്തിലാണ്. മൂന്നിലൊന്നുരാജ്യവും മാന്ദ്യം നേരിടുകയാണ്. 20 കോടി ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു. 10 കോടി ആളുകൾ ദാരിദ്ര്യരേഖയ്ക്കുതാഴെയായി. ജി20യിൽനിന്ന് ശക്തവും വേഗത്തിലുമുള്ള നടപടിയാണ് വേണ്ടത്. ലോകത്തെ മാറ്റിനിർവചിക്കാനും പുതിയരൂപം കൈവരുത്താനും ഇന്ത്യയുടെ അധ്യക്ഷപദം നാം ഉപയോഗപ്പെടുത്തും.
? സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്നൊരു കാഴ്ചപ്പാട് ജി20 മുന്നോട്ടുവെച്ചല്ലോ. എന്താണ് ഉദ്ദേശിക്കുന്നത്
= ആയിരം പുരുഷൻമാർക്ക് 1022 സ്ത്രീകൾ എന്നാണ് കണക്ക്. സ്ത്രീകൾ നേതൃത്വം നൽകുന്ന വികസനം ഞങ്ങളുടെ മുൻഗണനാ വിഷയങ്ങളിലൊന്നായിരുന്നു. അവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരുകയും അവർക്ക് മികച്ച സാമ്പത്തികസ്ഥിതി ഉറപ്പാക്കുകയും വേണം. അവരുടെ പഠനം ഉറപ്പാക്കണം. കേരളം വളരെ വ്യത്യസ്തമാണ്. ഇവിടെ നൂറുശതമാനം സാക്ഷരതയാണല്ലോ. പക്ഷേ, മറ്റുപലയിടത്തും അതല്ല സ്ഥിതി. പോഷകാഹാരക്കുറവിന്റെ പ്രശ്നം സ്ത്രീകളെ മാത്രമല്ല ബാധിക്കുക. അവരുടെ കുട്ടികളെക്കൂടിയാണ്. മിക്ക വികസ്വരരാജ്യങ്ങളുടെയും സ്ഥിതിയിതാണ്. വനിതകളെ നേതൃത്വത്തിലേക്കുകൊണ്ടുവന്നാലേ ഇത്തരം പ്രശ്നങ്ങളിൽ മാറ്റംകൊണ്ടുവരാനാകൂ എന്നാണ് ജി20യുടെ കാഴ്ചപ്പാട്.
? കുമരകം സമ്മേളനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്
= വളരെ ക്രിയാത്മകവും പുരോഗമനപരവുമായിരുന്നു. കായൽത്തീരം വളരെ പ്രശാന്തത സമ്മാനിച്ചു. പുരവഞ്ചിയിലെ കായൽ ചർച്ചയിൽ മൂന്നരമണിക്കൂറോളം എല്ലാ ഷെർപ്പകളും ഒരുമിച്ചുണ്ടായിരുന്നു. വളരെ തുറന്ന ചർച്ചകൾക്ക് ഇത് സഹായിച്ചു.
? ഇന്ത്യയുടെ പുതിയ മൂന്നുവിഷയങ്ങൾ-സ്റ്റാർട്ടപ്പുകൾ, ശാസ്ത്രസാങ്കേതിക മേഖലയിലെ സഹകരണം, പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനുള്ള നടപടികൾ-ഇവയോട് മറ്റുരാജ്യങ്ങൾ എങ്ങനെയാണ് പ്രതികരിച്ചത്
= ലോകത്തിന് ഇനിയുമേറെ സ്റ്റാർട്ടപ്പുകൾ വേണം. കാരണം, അവിടെയാണ് പുത്തൻ ആശയങ്ങൾ വരുന്നത്. സ്റ്റാർട്ടപ്പുകൾക്കും പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും ഗവേഷണത്തിനും നാം പുതിയ എൻഗേജ്മെന്റ് ഗൂപ്പുകൾ ഉണ്ടാക്കിയിരിക്കയാണ്. അവയുടെ ചർച്ചകൾ നടക്കുകയാണ്. ഇത് അടുത്തഘട്ടത്തിൽ ഷെർപ്പ യോഗത്തിലേക്കുവരും.
ഷെർപ്പകളാണ് നേതാക്കളുടെ ചർച്ചകൾക്കായി രേഖ തയ്യാറാക്കുക. ഹംപിയിൽ നടക്കുന്ന അടുത്ത ഷെർപ്പ യോഗത്തോടെ ഇതുവരെ ചർച്ചചെയ്ത വിഷയങ്ങളിലെല്ലാം നേതാക്കൾക്കായി രേഖ തയ്യാറാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
? നഗരവത്കരണം മാലിന്യനീക്കത്തിന് വലിയ വെല്ലുവിളിയല്ലേ? കേരളമുൾപ്പെടെ എല്ലായിടത്തും ഇതു പ്രശ്നമാകുകയാണ്
= വീട്ടിൽത്തന്നെ മാലിന്യം വേർതിരിക്കുന്നത് വളരെ പ്രധാനമാണ്. എല്ലാവരും അത് സ്വന്തം ഉത്തരവാദിത്വമായി കാണണം. ഇന്ദോർപോലെ കേരളത്തിനു മാതൃകയാക്കാവുന്ന സ്ഥലങ്ങളുണ്ട്. മാലിന്യം സംസ്കരിക്കുന്നതും മീഥേയ്ൻ വാതകമാക്കി മാറ്റുന്നതുമൊക്കെ ആളുകൾ അവിടെ വലിയ അഭിമാനമായാണ് കാണുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി പല വിഷയങ്ങളിലും കേരളം ഒന്നാമതാണ്. മാലിന്യസംസ്കരണത്തിലും അത് നേടണം.
? കുമരകത്തെക്കുറിച്ച് വിദേശപ്രതിനിധികൾ എന്താണ് പറഞ്ഞത്
= ഗംഭീരം. നിങ്ങളോടും അവർ അത് പറഞ്ഞുകാണുമല്ലോ. ഷെർപ്പയോഗം ഇവിടെവെച്ചുനടത്താൻ കേരള സർക്കാർ വലിയ സഹായമാണ് ചെയ്തത്. സംസ്ഥാനത്തിന്റെ സാംസ്കാരികപൈതൃകവും കായൽസൗന്ദര്യവും ലോകത്തെ കാണിക്കാൻ അതിനാൽ സാധിച്ചു. വിദേശപ്രതിനിധികൾ വളരെ സന്തുഷ്ടരാണ്.
Content Highlights: amitabh kant interview carbon emission developed nations


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..