Photo: ANI
ദേശീയതലത്തിൽ കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കളിൽ ഒരാളായ എ.കെ. ആൻറണിയുടെ മകൻ ബി.ജെ.പി.യിൽ ചേർന്നത് കടുത്ത രാഷ്ട്രീയവഞ്ചനയായിപ്പോയെന്ന് കോൺഗ്രസിനുള്ളിൽനിന്ന് ആരോപണമുയരുമ്പോൾ, തന്റെ തീരുമാനത്തിനുപിന്നിലെ രാഷ്ട്രീയപശ്ചാത്തലം വിവരിക്കുകയാണ് അനിൽ ആൻറണി. മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസിന് അനുവദിച്ച അഭിമുഖത്തിൽനിന്ന്.
- ബി.ജെ.പി.യിൽ ചേരാനുള്ള താങ്കളുടെ തീരുമാനം എ.കെ. ആൻറണിയെ വ്യക്തിപരമായും രാഷ്ട്രീയമായും വല്ലാതെ തളർത്തിയിട്ടുണ്ട്. ഈ തീരുമാനം അദ്ദേഹത്തോടുചെയ്ത നീതികേടാണെന്ന് കരുതുന്നുണ്ടോ?
രാജ്യത്തെ യുവതലമുറയ്ക്ക് തിരഞ്ഞെടുക്കാൻപറ്റാത്ത രാഷ്ട്രീയപ്പാർട്ടിയായി കോൺഗ്രസ് മാറിക്കഴിഞ്ഞു. ഇന്ത്യയിലെ പകുതിയിലേറെ സംസ്ഥാനങ്ങളിൽ ഞാൻ യാത്രചെയ്തിട്ടുണ്ട്. മുപ്പതു വയസ്സിനു താഴെയുള്ളവരുമായി സംസാരിക്കുമ്പോൾ, ബഹുഭൂരിപക്ഷത്തിനും കോൺഗ്രസിനെ വേണ്ടാ. കോൺഗ്രസിന് വർത്തമാനവും ഭാവിയും ഇല്ല. പഴയ അധ്യായമായിമാറി. ദേശീയതാത്‌പര്യത്തിനുവേണ്ടി നിലകൊള്ളുന്ന മികച്ച കാഴ്ചപ്പാടുള്ള പാർട്ടിയായി ഞാൻ ബി.ജെ.പി.യെ കാണുന്നു. അറുപത്തിയഞ്ചു വർഷക്കാലം കോൺഗ്രസിൽ പ്രവർത്തിച്ച, മുതിർന്ന നേതാവെന്നനിലയിൽ അച്ഛന് വിഷമമുണ്ടായിട്ടുണ്ടാവും. അദ്ദേഹത്തിന് കോൺഗ്രസുമായി ഇമോഷണൽ കണക്ട് കാണും. പക്ഷേ, ഞാൻ ഏതു പാർട്ടിയിൽ പ്രവർത്തിക്കണമെന്നത് എന്റെ തീരുമാനമാണ്. കുടുംബകാര്യവും രാഷ്ട്രീയനിലപാടും തമ്മിൽ ഒരു ബന്ധവുമില്ല.
- രാഷ്ട്രീയനിലപാട് കുടുംബകാര്യമല്ലെന്ന് പറയുമ്പോഴും ആദർശശാലിയെന്ന് എതിരാളികൾപോലും പ്രശംസിക്കുന്ന എ.കെ. ആൻറണി ഇത്രയുംകാലം അഭിമാനപൂർവം ഉയർത്തിപ്പിടിച്ച ആശയങ്ങൾക്ക് ഈ തീരുമാനം തിരിച്ചടിയായില്ലേ?
എ.കെ. ആൻറണിയുടെ മകൻ കോൺഗ്രസ് വിട്ടതല്ല, ബി.ജെ.പി.യിൽ ചേർന്നതാണ് പ്രശ്നം. എന്റെ നിലപാട് ഒരിക്കലും അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് തിരിച്ചടിയായിട്ടില്ല. ഒരുകാലത്ത് കോൺഗ്രസിന്റെ സമുന്നതനേതാക്കളായിരുന്ന മാധവറാവു സിന്ധ്യ, ശരദ് പവാർ, പി.എ. സാങ്മ, ജി.കെ. മൂപ്പനാർ, വൈ.എസ്.ആർ. തുടങ്ങിയവരൊക്കെ കോൺഗ്രസ് വിട്ടിട്ടുണ്ട്. എന്നാൽ, എ.കെ. ആൻറണി കോൺഗ്രസിൽ ഉറച്ചുനിന്നു. ഞാൻ ബി.ജെ.പി.യിൽ ചേർന്നു എന്നതുകൊണ്ട് അച്ഛനെ തള്ളിപ്പറയുന്നു എന്നർഥമില്ല. അച്ഛനോട് എന്നും ആദരവുമാത്രമേയുള്ളൂ. എങ്കിലും ഏത് രാഷ്ട്രീയപ്പാർട്ടിയിൽ പ്രവർത്തിക്കണമെന്നത് കുടുംബകാര്യമല്ല. ഇന്ത്യ വരുംകാലത്ത് എങ്ങനെ മുന്നോട്ടുപോവണം എന്ന കാഴ്ചപ്പാടിൽനിന്നാണ് ബി.ജെ.പി.യെയും നരേന്ദ്രമോദിയെയും ഉൾക്കൊള്ളാൻ കഴിഞ്ഞത്.
- അച്ഛന്റെ മകൻ എന്നനിലയിൽ കോൺഗ്രസിൽ താങ്കൾക്ക് നല്ല പരിഗണന ലഭിച്ചിരുന്നു. 2017-ൽ കോൺഗ്രസിൽ പ്രവർത്തിച്ചുതുടങ്ങിയപ്പോൾ ബി.ജെ.പി.യെക്കുറിച്ചും മോദിയെക്കുറിച്ചും വേണ്ടത്ര മനസ്സിലാക്കിയിരുന്നില്ലേ?
തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ പഠിക്കുന്നകാലത്ത് കെ.എസ്.യു.വിൽ പ്രവർത്തിച്ചിട്ടുണ്ട്. എങ്കിലും അന്ന് നേതൃനിരയിൽ ഉണ്ടായിരുന്നില്ല. 2017-ലാണ് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗത്തിൽ പ്രവർത്തനം തുടങ്ങിയത്. പിന്നീട് അതിന്റെ നാഷണൽ കോ-ഓർഡിനേറ്ററായി. അച്ഛന്റെ മകൻ എന്നനിലയിൽ തന്നെയാണ് കോൺഗ്രസിൽ വന്നത്. പക്ഷേ, എനിക്ക് ടെക്‌നോളജി രംഗത്ത് നല്ല ബന്ധമുണ്ടായിരുന്നു. ഡോ. ശശി തരൂരിനെപ്പോലുള്ളവരുമായി അടുത്തുപ്രവർത്തിച്ചു. ഞാൻ മനസ്സിലാക്കിയ കോൺഗ്രസും ഇപ്പോഴത്തെ കോൺഗ്രസും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് താമസിയാതെ തിരിച്ചറിവുണ്ടായി. കഴിഞ്ഞ അഞ്ചുവർഷമായി കോൺഗ്രസിന് ഒരു രാഷ്ട്രതാത്‌പര്യവുമില്ല. തീർത്തും വ്യക്തികേന്ദ്രീകൃതമായിമാറി. ഒന്നോ രണ്ടോ വ്യക്തികൾക്കുവേണ്ടിയാണ് പാർട്ടി എല്ലാ തീരുമാനങ്ങളും നിലപാടുകളും എടുക്കുന്നത്. കോൺഗ്രസിന്റെ അടുത്തകാലത്തെ പല തീരുമാനങ്ങളും ദേശീയതയ്ക്കും ദേശീയതാത്‌പര്യങ്ങൾക്കും വിരുദ്ധമാണ്. ഗാന്ധിജിയും നെഹ്രുവും വല്ലഭ്‌ഭായി പട്ടേലുമെല്ലാം പോരാടിയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. എന്നിട്ട് അതിന്റെ പിന്മുറക്കാർ ബ്രിട്ടനിൽപ്പോയി ഇവിടെ ജനാധിപത്യമില്ല എന്ന് പറയുന്നത് ശരിയായിത്തോന്നിയില്ല. മോദിയെ നേരിടാൻ രാജ്യതാത്‌പര്യങ്ങൾക്ക് നിരക്കാത്ത മാർഗം സ്വീകരിക്കുന്നതായിത്തോന്നി. അതുകൊണ്ടാണ് ഇത് പഴയ കോൺഗ്രസല്ല, അടിമുടി മാറിയെന്ന് എനിക്ക് ബോധ്യപ്പെട്ടത്. ഈ തിരിച്ചറിവാണ് എന്നെ ബി.ജെ.പി.യിൽ എത്തിച്ചത്.
- കോൺഗ്രസ് അതിന്റെ പഴയ നിലപാടുകളിൽ വെള്ളംചേർത്തുവെന്നതാണ് പ്രശ്നമെങ്കിൽ, രാജ്യത്ത് വേറെയും ഇടത്, മതേതര, ജനാധിപത്യ പാർട്ടികൾ ഇല്ലേ. എന്തുകൊണ്ട് ബി.ജെ.പി.യെ തിരഞ്ഞെടുത്തു?
ശരിയാണ്. രാജ്യത്ത് കുറെ പാർട്ടികളുണ്ട്. പക്ഷേ, അവയെല്ലാം സംസ്ഥാനപാർട്ടികളാണ്. അവർക്ക് ദേശീയ കാഴ്ചപ്പാടില്ല. ആം ആദ്മി പാർട്ടിയും കമ്യൂണിസ്റ്റ് പാർട്ടിയും ദേശീയതലത്തിൽ വളരാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്കതിന് സാധിക്കുന്നില്ല. രാജ്യത്തെ 65 ശതമാനം ജനത 40 വയസ്സിന് താഴെയുള്ളവരാണ്. രാജ്യത്തെ മുന്നോട്ടുനയിക്കാൻ സാധിക്കുന്ന വേഗമേറിയ വാഹനം ബി.ജെ.പി.യാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
- ബി.ജെ.പി.യെ ഇത്രയുംകാലം വർഗീയ ഫാസിസ്റ്റ് പാർട്ടിയെന്ന് ആക്ഷേപിച്ചത് തിരുത്തിപ്പറയാൻ വിഷമമുണ്ടോ?
കോൺഗ്രസിൽനിന്ന് രാജിവെച്ചതുമുതൽ തോന്നിയതല്ല, ബി.ജെ.പി. വർഗീയ ഫാസിസ്റ്റ് പാർട്ടി അല്ലെന്ന തിരിച്ചറിവ്. കോൺഗ്രസിലുള്ളപ്പോൾതന്നെ ഒരുപാട് കാര്യങ്ങളിൽ വിയോജിപ്പുണ്ടായിരുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ച് ഏറെ മനസ്സിലാക്കാൻ ശ്രമിച്ചു. പത്തുവർഷം കേന്ദ്രത്തിൽ യു.പി.എ. ഭരിച്ചപ്പോൾ എല്ലാ അന്വേഷണ ഏജൻസികളും അന്വേഷിച്ചിട്ടും കലാപത്തിൽ മോദിക്കോ അമിത് ഷായ്ക്കോ എന്തെങ്കിലും പങ്കുള്ളതായി കണ്ടെത്താനായില്ല. കോടതിയും കേസുകൾ തള്ളി. പിന്നെയും ഈ ആരോപണം കോൺഗ്രസ് ഉന്നയിക്കുമ്പോൾ വസ്തുതയ്ക്കുനിരക്കാത്ത രാഷ്ട്രീയപോരാട്ടമല്ലേ ഈ ആരോപണം എന്ന് തോന്നിയിട്ടുണ്ട്. മോദിക്ക് കലാപത്തിൽ എന്തെങ്കിലും പങ്കുള്ളതായി വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നെ, കഴിഞ്ഞ ഇരുപതുവർഷമായി ഗുജറാത്തിൽ പറയത്തക്ക കലാപമൊന്നും ഉണ്ടായിട്ടില്ല. സ്വാതന്ത്ര്യത്തിനുശേഷം 2002 വരെ പതിവായി കലാപം ആവർത്തിച്ച നാടാണ് ഗുജറാത്ത് എന്നോർക്കണം.
- ബി.ബി.സി. വിഷയത്തിൽ വിവാദ അഭിപ്രായം പറഞ്ഞപ്പോൾ താങ്കളെ തിരുത്താൻ എ.കെ. ആൻറണി ശ്രമിച്ചിരുന്നോ?
ബി.ബി.സി. വിഷയത്തിൽ പ്രതികരിക്കുന്നതിനുമുൻപും എന്റെ വ്യത്യസ്തമായ കാഴ്ചപ്പാട് പപ്പയോട് (എ.കെ. ആൻറണി) ചില സന്ദർഭങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. പലകാര്യങ്ങളും പപ്പയോട് ഉള്ളുതുറന്ന് സംസാരിച്ചിട്ടുണ്ട്. അതൊക്കെ പക്ഷേ, തുറന്ന ചർച്ചയാണ്. വീട്ടിലെ നാലുപേർക്കും നാല് നിലപാടും കാഴ്ചപ്പാടുമുണ്ട്. ആരും ഒന്നും മറ്റുള്ളവരെ അടിച്ചേൽപ്പിക്കാറില്ല. കുടുംബബന്ധത്തെ ഈ തീരുമാനം ഒരുതരത്തിലും ബാധിക്കില്ല.
- ആൻറണി വിലക്കിയിരുന്നെങ്കിൽ തീരുമാനം മാറ്റുമായിരുന്നോ?
ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ പപ്പയുടെ അഭിപ്രായം ചോദിച്ചിട്ടില്ല. വിലക്കിയാലും എനിക്ക് എന്റെ അഭിപ്രായവും നിലപാടും മാറ്റാൻ കഴിയില്ല.
- കോൺഗ്രസ് രാജ്യത്ത് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
അടുത്തൊന്നും കോൺഗ്രസ് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല. പാർട്ടിയെ പുനരുദ്ധരിക്കാനുള്ള പദ്ധതിയോ കാഴ്ചപ്പാടോ നേതൃത്വമോ കോൺഗ്രസിനില്ല. എന്നാലും ചില അദ്‌ഭുതങ്ങൾ സംഭവിച്ചുകൂടെന്നില്ല. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ അത് അസാധ്യമാണ്.
- വിയോജിപ്പുകൾ രാഹുൽഗാന്ധിയോട് നേരിട്ട് എപ്പോഴെങ്കിലും തുറന്നുപറഞ്ഞിരുന്നോ?
പലതവണ രാഹുൽഗാന്ധിയുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ബോധ്യമായി. അതുകൊണ്ട് വിയോജിപ്പുകൾ പറയാൻ കഴിഞ്ഞിട്ടില്ല. ഉള്ളുതുറന്ന ചർച്ചകൾ പലപ്പോഴും കോൺഗ്രസിൽ നടക്കാറില്ല.
- പുതിയ തീരുമാനത്തിലെത്തുംമുൻപ് നരേന്ദ്രമോദിയും അമിത് ഷായുമായി സംസാരിച്ചിരുന്നോ?
നഡ്ഡാജിയുൾപ്പെടെയുള്ള ബി.ജെ.പി.യുടെ കേന്ദ്ര-സംസ്ഥാന നേതാക്കളുമായി സംസാരിച്ചിരുന്നു. നരേന്ദ്രമോദിയെയും അമിത് ഷായെയും കണ്ട് സംസാരിച്ചോ എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം പറയാൻ ഉദ്ദേശിക്കുന്നില്ല. ഏതായാലും 25-ന് കേരളത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന സമ്മേളനത്തിൽ എന്നെയും സംസ്ഥാനനേതൃത്വം ക്ഷണിച്ചിട്ടുണ്ട്.
Content Highlights: anil antony interview


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..