അതിരുവിടുന്ന നിർമിതബുദ്ധി


ബി.എസ്. ബിമിനിത്

4 min read
Read later
Print
Share

നിർമിതബുദ്ധിയെ എത്രത്തോളം സ്വതന്ത്രമാക്കാമെന്ന ചർച്ച ചൂടുപിടിക്കുകയാണ്. എ.ഐ.യുടെ തലതൊട്ടപ്പൻ ജഫ്രി ഹിന്റൺ ഗൂഗിളിൽ നിന്ന് രാജിവെച്ച് അതിനെതിരേ രംഗത്തിറങ്ങിയപ്പോൾ ചാറ്റ് ജി.പി.ടി.യുടെ സ്രഷ്ടാക്കളിൽ പ്രധാനി സാം ആൾട്ട്മാൻ തന്നെ പറയുന്നത് നിർമിതബുദ്ധി വഴിതെറ്റിപ്പോകാൻ സാധ്യതയുണ്ടെന്നും നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നുമാണ്. ചാറ്റ് ജി.പി.ടി. തരംഗം സെർച്ചിലും ബ്രൗസറുകളിലും ചേക്കേറി സമൂഹത്തിലേക്കിറങ്ങുമ്പോൾ നിർമിതബുദ്ധി ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഗൗരവമേറുകയാണ്

.

മനുഷ്യന്റെ ബൗദ്ധികമണ്ഡലവും നിർമിതബുദ്ധിയും (Artificial Intelligence) തമ്മിലുള്ള അകലം കുറഞ്ഞുവെന്ന് തോന്നിത്തുടങ്ങിയത്, നമ്മളോട് നമ്മളെപ്പോലെ നമ്മുടെ ഭാഷയിൽ സംസാരിക്കാൻ ശേഷിയുള്ള ചാറ്റ് ജി.പി.ടി.യുടെ വരവോടെയാണ്. ഒരു പടികൂടി കടന്ന്, ചിത്രങ്ങൾ മനസ്സിലാക്കാൻവരെ കഴിവുനേടിയ പുതിയ ചാറ്റ് ജി.പി.ടി., മനുഷ്യനെപ്പോലെ ചിന്താശേഷിയുള്ള ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) എന്ന ‘ഫാന്റസി’ യാഥാർഥ്യമാക്കിയേക്കുമെന്ന എന്ന വിമർശനവും മറുഭാഗത്ത് ഉയരുന്നുണ്ട്. പുതിയ സാഹചര്യത്തിൽ മനുഷ്യബുദ്ധിക്കുമേൽ നിർമിതബുദ്ധി ആധിപത്യം സ്ഥാപിക്കുമെന്ന ഭീതിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ തലതൊട്ടപ്പൻ എന്നറിയപ്പെടുന്ന ജഫ്രി ഹിന്റണെ ഗൂഗിളിൽനിന്ന് രാജിവെക്കാനും എ.ഐ.ക്കെതിരേ പൊരുതാനിറങ്ങാനും പ്രേരിപ്പിച്ചത്.

ആശങ്കയുണർത്തുന്ന കിടമത്സരം
ജി.പി.ടി. 4 എന്ന ലാർജ് ലാംഗ്വേജ് മോഡൽ അടിസ്ഥാനമാക്കിയ പുതിയ ചാറ്റ് ജി.പി.ടി. മെഡിക്കൽ പരീക്ഷയിലും പ്രതിഭ ആവശ്യമായ ജോലികളിലും മികവ് പുലർത്തിയെന്നു സൂചിപ്പിക്കുന്ന വാർത്തകൾ ഈ ചിന്തകളെയെല്ലാം സാധൂകരിക്കുന്നു. ചാറ്റ് ജി.പി.ടി. സാങ്കേതിക വിദ്യയുടെ പിന്തുണയോടെ വെബ്‌സെർച്ചുമായി കൂട്ടിയിണക്കി കൂടുതൽ കരുത്തുള്ള ചാറ്റ് ബോട്ട് സൈബർ ലോകത്തേക്കിറക്കിവിട്ടത് കംപ്യൂട്ടർ സാങ്കേതികമേഖലയെ കൈപ്പിടിയിലൊതുക്കിയ മൈക്രോസോഫ്റ്റാണ്. അതേ ജനുസിൽപ്പെട്ട ‘ബാർഡു’മായി (BARD) ഐ.ടി. ഭീമനായ ഗൂഗിളും (ആൽഫബെറ്റ്) രംഗത്തുവന്നതോടെ വിപണി പിടിക്കാനുള്ള മത്സരം ഒരു ടെക് യുദ്ധത്തോളം (Technology War) വളർന്നുകഴിഞ്ഞു. ആ കിടമത്സരം സൃഷ്ടിക്കുന്നത് ചെറിയ ആശങ്കയൊന്നുമല്ല.

ചിന്താശേഷിയുടെ കടയ്ക്കൽ കത്തി
വിവരങ്ങളൊന്നും ഓർത്തുവെക്കുന്നതിൽ വലിയ കാര്യമില്ലെന്ന ധാരണ വളർത്തിയത് സ്മാർട്ട്‌ഫോൺ വഴി നമ്മുടെ പോക്കറ്റിൽ വരെ സദാസമയവും കൂടെയുണ്ടാകുന്ന ഗൂഗിളാണ്. ആവശ്യം അറിയിച്ചാൽ വേണ്ടത് എന്തും തരുന്ന സെർച്ച് സംവിധാനങ്ങൾ പരന്ന വായനശീലവും അതിലൂടെ ആർജിച്ചെടുക്കാവുന്ന വിശാലമായ അറിവും ഇല്ലാതാക്കുന്നു എന്നതായിരുന്നു പ്രധാന ആക്ഷേപം. ചാറ്റ് ജി.പി.ടി. സെർച്ച് രംഗത്തെത്തുമ്പോൾ സംഭവിക്കുന്നത് അതിലും വലിയ പ്രത്യാഘാതങ്ങളാണ്. മനുഷ്യമസ്തിഷ്കത്തിലെ പ്രവർത്തനങ്ങളെയും അവന്റെ ചിന്താമണ്ഡലങ്ങളെയും അനുകരിച്ച് തയ്യാറാക്കിയ ന്യൂറൽ ലാംഗ്വേജ് മോഡലുകളുടെ പിൻബലത്തിലാണ് ചാറ്റ് ജി.പി.ടി.യും (GPT) ഗൂഗിളിന്റെ ബാർഡും (LAMDA) പ്രവർത്തിക്കുന്നത്. മാനസികമായി അടുപ്പം തോന്നുന്ന തരത്തിൽ ലളിതമായ ഭാഷയിൽ മനുഷ്യനെപ്പോലെ സംസാരിക്കാൻ കഴിവുള്ള ചാറ്റ്ജി.പി.ടി.യും ബാർഡും (Binary Automatic Relay Device) സെർച്ച് സംവിധാനങ്ങളിലേക്ക് എത്തുമ്പോൾ വിവരാന്വേഷണവും വായനയും കൂടുതൽ യാന്ത്രികമാകും. സാധാരണ സെർച്ച് സംവിധാനങ്ങൾ വെബ് പേജുകളിലേക്കുള്ള ലിങ്കുകൾ ലിസ്റ്റ് ചെയ്ത് തരുകയാണെങ്കിൽ ഒരു പടികൂടി കടന്ന് ആ ലിങ്കുകളിലെ വിവരങ്ങൾ പഠിച്ച് ലളിതമായ ഭാഷയിൽ പറഞ്ഞുതരുകയാണ് ചാറ്റ് ജി.പി.ടി.യും കൂട്ടരും ചെയ്യുന്നത്. മനുഷ്യൻ ചെയ്യേണ്ട ജോലികൂടി ഏറ്റെടുത്ത് ചെയ്യുന്നതുകൊണ്ടുതന്നെയാണ് അത് ഒരു മഹാവിപ്ലവമായി കണക്കാക്കുന്നത്.

സെർച്ചിലെ എ.ഐ.
പുതിയ ബിങ് സെർച്ച് എൻജിനിലെ (Bing New) ചാറ്റ്‌ബോട്ട് നമ്മൾ ചോദിക്കുന്ന ചോദ്യത്തിന് ഇന്റർനെറ്റിൽനിന്ന്‌ വിവരങ്ങൾ സ്വയം പരതിയെടുത്ത് ഉത്തരം നൽകും. കൂടുതൽ അറിയേണ്ടവർക്ക് ആ വിവരം ലഭിച്ച പേജിലേക്ക് ലിങ്കും തരും. ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യണോ എന്ന മറുചോദ്യവും ചാറ്റ്‌ബോട്ടിൽനിന്ന് ലഭിക്കും. സംഭാഷണങ്ങൾ അടിസ്ഥാനമായ പുതിയ തലത്തിലേക്ക് സെർച്ച് രംഗം മാറുമോ എന്ന ആശങ്കയാണ് തിരക്കുപിടിച്ച് ബാർഡിനെ രംഗത്തിറക്കാൻ ഗൂഗിളിനെ പ്രേരിപ്പിച്ചത്. ജി.പി.ടി. 3.5 എന്ന ലാംഗ്വേജ് മോഡലിൽ പ്രവർത്തിക്കുന്ന ഓപ്പൺ എ.ഐ. യുടെ സൗജന്യ ചാറ്റ് ജി.പി.ടി. അതിനെ പറഞ്ഞുപഠിപ്പിച്ച 20 കോടി വാക്കുകൾ (2021 വരെയുള്ള) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതാണെങ്കിൽ അതിനെക്കാൾ ‘ബുദ്ധി’യുള്ളതാണ് ജി.പി.ടി.-4-ൽ പ്രവർത്തിക്കുന്ന ചാറ്റ് ജി.പി.ടി. പ്ലസ്. പുതിയ ബിങ് സെർച്ചിൽ ലഭിക്കുന്നതും ഈ പുതിയ പതിപ്പാണ്.
ഫ്രിഡ്ജിൽ സൂക്ഷിച്ച സാധനങ്ങളുടെ ചിത്രം അപ്‌ലോഡ് ചെയ്ത ശേഷം അതുകൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങൾ പറഞ്ഞുതരാൻ ആവശ്യപ്പെട്ടാൽ കൃത്യമായി ഉത്തരം നൽകാൻ പുതിയ ചാറ്റ് ജി.പി.ടി.ക്കാകും. ഡോക്ടർമാർക്ക് വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഉപദേശം നൽകിയ പുതിയ ചാറ്റ് ജി.പി.ടി.യെ വാഴ്ത്തുന്ന വാർത്തകൾ ഒട്ടേറെയാണ്. (അതേസമയം മുൻപതിപ്പിനുമുന്നിൽ തോറ്റുപോയ സന്ദർഭങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്). ചാറ്റ് ജി.പി.ടി. എഴുത്തുഭാഷയോട് കൂടുതൽ അടുത്തു നിൽക്കുന്നുവെങ്കിൽ ബാർഡ് സംസാര ഭാഷയോടാണ് കൂടുതൽ ആഭിമുഖ്യം പുലർത്തുന്നത്. തമാശ പറഞ്ഞും അനുകമ്പ പ്രകടിപ്പിച്ചുമൊക്കെ ആളെ കൈയിലെടുക്കാനുള്ള തന്ത്രങ്ങളൊക്കെ ബാർഡിന്റെ കൈവശമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. തമാശയടക്കം വൈകാരികമായ തലത്തിൽനിന്ന് സംസാരിക്കാൻ പുതിയ ചാറ്റ് ജി.പി.ടി.ക്കും കഴിവുണ്ട്.
വിവരസാങ്കേതികവിദ്യ ആദ്യം നമ്മുടെ ശീലങ്ങളിൽ മാറ്റംവരുത്തുമെന്നും പിന്നെ അത് വിപണി സമവാക്യങ്ങളെവരെ സ്വാധീനിക്കുമെന്നും സ്ഥാപിക്കാൻ നമുക്കുമുന്നിൽ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഗൂഗിളിന്റെ വളർച്ചതന്നെയാണ് അതിൽ പ്രധാനം.

ഗൂഗിൾ കുത്തക
പരസ്പരം സംസാരിക്കാവുന്ന സെർച്ച് എൻജിൻ പുതിയ ചിന്തയൊന്നുമായിരുന്നില്ല. 1996-ൽ രംഗത്തുവന്ന ആസ്‌ക് ജിവസ് (ask.com) ‘ചാറ്റ്’ സ്വഭാവമുള്ള സെർച്ച് എൻജിനായിരുന്നു. ഇന്റർനെറ്റ് വികാസത്തിന്റെ ആദ്യഘട്ടത്തിൽ വളരെ നേരത്തേ വന്ന് ഗൂഗിളിന്റെ പ്രഭാവത്തിൽ തളർന്നുപോയവരിൽ പ്രധാനിയാണ് അത്. സെർച്ച് എന്നാൽ, യാഹുവും (Yahoo.com) ആൾട്ടാവിസ്റ്റ (Altavista.com)യും ആയിരുന്ന കാലത്ത്, 1998-ൽ രംഗത്തെത്തിയ ഗൂഗിൾ സവിശേഷ അൽഗൊരിതത്തിന്റെ പിൻബലത്തിൽ ആ മേഖലയിലെ കുത്തകയായി മാറുകയായിരുന്നു. സെർച്ച് ചെയ്യുന്ന ആളുകളുടെ സ്വഭാവവും വെബ്‌സൈറ്റിന്റെ വായനക്കാരുടെ എണ്ണവും സ്ഥല കാലങ്ങളുമെല്ലാം അടിസ്ഥാനമാക്കി സെർച്ച് റിസൾട്ട് അടുക്കിവെച്ചുകൊടുക്കാൻ കഴിവുള്ള ‘പേജ് റാങ്കിങ്’ സംവിധാനം വന്നതോടെയാണ് ഗൂഗിളിന് എതിരാളികളില്ലാതായത്.
2011 മുതൽ വർഷാവർഷം ശരാശരി 20 ശതമാനമായിരുന്നു ഗൂഗിളിന്റെ വളർച്ച. സേവനങ്ങൾ സൗജന്യമായി നൽകി ഉപയോക്താക്കളെ കൈയിലെടുത്ത ഗൂഗിൾ, വിപണിക്കും ഉപയോക്താക്കൾക്കുമിടയിലുള്ള (ഗൂഗിൾ ആഡ്‌സെൻസ് etc.) ഇടനിലക്കാരനായി. ഫലങ്ങൾ സത്യമാണോ, ആഴമേറിയതാണോ എന്നതിനെക്കാൾ ഗൂഗിളിന്റെ പേജ് റാങ്കിങ് സമവാക്യങ്ങൾക്ക് അനുയോജ്യമാണോ എന്നതായി വലിയ യോഗ്യത. ആ യോഗ്യതയ്ക്കനുസരിച്ച് ഉള്ളടക്കം നിർമിക്കാൻ വെബ്‌സൈറ്റുകൾ ശ്രമം തുടങ്ങി. നാനാ മേഖലയിലും ആധിപത്യം പുലർത്തിയ ഗൂഗിൾ ‘മനുഷ്യത്വ’ത്തിലേക്ക് കടന്നുകയറ്റം തുടങ്ങിയതോടെ ഇന്ത്യയും അമേരിക്കയും യൂറോപ്യൻ യൂണിയനുമടക്കം ഒട്ടേറെയിടങ്ങളിൽ അവർക്ക് കോടതി കയറേണ്ടിവന്നു. നമ്മളറിയാതെ നമ്മുടെ മനസ്സിലേക്ക് ഒളിഞ്ഞുനോക്കി പരസ്യങ്ങളെറിഞ്ഞ് ലാഭമുണ്ടാക്കിക്കൊണ്ടിരുന്ന ഗൂഗിളിന് ആദ്യമായി ലക്ഷണമൊത്ത ഒരു പ്രതിയോഗിയെത്തിയത് ഇപ്പോഴാണ്. ചാറ്റ് ജി.പി.ടി. ഗൂഗിളിന്റെ ‘തായ് വേരി’ന് ഏൽപ്പിച്ചത് ചില്ലറ ആഘാതമൊന്നുമല്ല.

സ്രഷ്ടാവ് എതിരാകുമ്പോൾ
മനുഷ്യ ബുദ്ധിയുപയോഗിച്ച് ചെയ്യാവുന്ന എന്തുകാര്യവും അതുപോലെ ചെയ്യാൻകഴിയുന്ന സാങ്കേതികവിദ്യ എന്ന സങ്കല്പമാണ് ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI). സയൻസ് ഫിക്‌ഷനുകളിലെ ആ സാങ്കല്പിക ലോകത്തേക്കുള്ള ദൂരം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന ചിന്തയാണ് നിർമിതബുദ്ധിയുടെ ഗോഡ്ഫാദർ ജഫ്രി ഹിന്റണെപ്പോലും മാറ്റിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്കുകളുടെ ലോകത്തേക്ക് സാങ്കേതിക ലോകത്തെ കൈപിടിച്ചുയർത്തിയ അദ്ദേഹത്തിന്റെ സേവനം ഇനിമുതൽ നിർമിത ബുദ്ധിക്കെതിരേയുള്ള പോരാട്ട രംഗത്തായിരിക്കും.
(തുടരും)

Content Highlights: Artificial Intelligence

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..