ആര്യാടൻ രാഷ്ട്രീയത്തിൽ മതം കലർത്താത്ത നേതാവ്


എം.എൻ. കാരശ്ശേരി

മതരാഷ്ട്രീയവാദം, മതമൗലികവാദം എന്നിവയെ എതിർക്കാൻ അദ്ദേഹം ഒരിക്കലും സംശയിച്ചുനിന്നില്ല

ആര്യാടൻ മുഹമ്മദ് എംഎൻ കാരശ്ശേരിക്കൊപ്പം

ഇന്ന് അങ്ങനെ പ്രചാരത്തിലില്ലെങ്കിലും ഒരുകാലത്ത് വളരെയേറെ ഉപയോഗിക്കപ്പെട്ട പ്രയോഗമാണ് ‘ദേശീയ മുസ്‌ലിം’ (നാഷണലിസ്റ്റ് മുസ്‌ലിം) എന്നത്. ആര്യാടൻ മുഹമ്മദിനെപ്പറ്റി ആദ്യം അനുമോദനമായും പിൽക്കാലത്ത് ചിലപ്പോൾ അവഹേളനമായും ‘ദേശീയ മുസ്‌ലിം’ എന്നു പറഞ്ഞിരുന്നു. എന്താണ് ഇതിന്റെ അർഥം? 1940-ലാണ് മുസ്‌ലിം ലീഗ് നേതാവ് ജിന്ന പാകിസ്താൻ പ്രമേയം അവതരിപ്പിച്ചത്. ഹിന്ദുക്കളും മുസ്‌ലിങ്ങളും രണ്ടു സമൂഹങ്ങൾ എന്നപോലെ രണ്ടു രാഷ്ട്രങ്ങളുമാണ് എന്ന ഇരട്ടരാഷ്ട്രവാദം (ടു നാഷണൽ തിയറി) ആയിരുന്നു അതിന്റെ അടിസ്ഥാനം. മതമാണ് ദേശീയത നിർണയിക്കുന്നത് എന്നർഥം. ഇതിനെയാണ് മതദേശീയത (റിലീജ്യസ് നാഷണലിസം) എന്ന് ചരിത്രം വിളിക്കുന്നത്.

കോൺഗ്രസ് നേതാക്കളും ഇസ്‌ലാം മതവിശ്വാസികളുമായ അബുൾ കലാം ആസാദിനെയും ഖാൻ അബ്ദുൾ ഗാഫർഖാനെയും പോലുള്ളവർ ജിന്നയുടെ വാദം തള്ളിക്കളഞ്ഞു. ദേശീയതയും മതവുമായി ബന്ധമില്ലെന്നും എല്ലാ മതക്കാർക്കും ഒരേ ദേശീയതയുടെ പങ്കുകാരായി ഒരേരാഷ്ട്രത്തിൽ ജീവിക്കാമെന്നുമായിരുന്നു അവരുടെ നിലപാട്. അവർ പാകിസ്താൻ വാദത്തെ നിശിതമായി എതിർത്തു. കേരളത്തിൽ ഈ എതിർപ്പ് രൂക്ഷമായി പ്രകടിപ്പിച്ചവരാണ് മുഹമ്മദ് അബ്ദുറഹിമാനെയും മൊയ്തുമൗലവിയെയും പോലുള്ളവർ. പാകിസ്താൻവിരുദ്ധരായ മുസ്‌ലിങ്ങളെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്ന പ്രയോഗമാണ് ‘ദേശീയ മുസ്‌ലിം’ -ഇസ്‌ലാംമത വിശ്വാസിയെങ്കിലും ഇന്ത്യൻ ദേശീയതയിൽ ഉൾപ്പെടുന്നവർ എന്നർഥം. അന്ന് മതേതരത്വം, മതേതരവാദി എന്നീ പ്രയോഗങ്ങളില്ല. പകരം ഉപയോഗിച്ചിരുന്നത് ദേശീയത, ദേശീയവാദി എന്നീ പദങ്ങളാണ്. ഗാന്ധിജി മതേതരത്വം എന്നല്ല, സർവധർമസമഭാവം എന്നാണ് പറഞ്ഞിരുന്നത്.ആര്യാടൻ എന്നും പോരാളിയായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനരംഗമായിരുന്ന തൊഴിലാളിമേഖലയിലെ കക്ഷിരാഷ്ട്രീയസംബന്ധമായ വലുതും ചെറുതുമായ സംഘർഷങ്ങൾ പരക്കേ അറിയാം. അതിനുമപ്പുറമാണ് സാമുദായിക രാഷ്ട്രീയത്തിനെതിരേ ആയുഷ്‌കാലം മുഴുവൻ ആ നേതാവ് നടത്തിയ പ്രത്യക്ഷവും പരോക്ഷവുമായ പോരാട്ടങ്ങൾ. മുന്നണിബന്ധങ്ങൾ എങ്ങനെയൊക്കെ മാറിമറിഞ്ഞാലും മലപ്പുറം ജില്ലയിലെ കോൺഗ്രസുകാരായ മുസ്‌ലിങ്ങൾ എന്നും മുസ്‌ലിം ലീഗിനെതിരാണ് എന്ന് ആളുകൾ തമാശപറയാറുണ്ട്. ഏതായാലും ആര്യാടൻ ഏറിയകൂറും അങ്ങനെയായിരുന്നു. മുസ്‌ലിങ്ങൾക്കിടയിലെ മതരാഷ്ട്രീയവാദം, മതമൗലികവാദം എന്നിവയെ എതിർക്കാൻ അദ്ദേഹം ഒരിക്കലും സംശയിച്ചുനിന്നിട്ടില്ല. ജമാ അത്തെ ഇസ്‌ലാമിയെ സ്ഥാനത്തും അസ്ഥാനത്തും എതിർത്തുപോന്നത് ഉദാഹരണം.

മുസ്‌ലിങ്ങളുടെ കർമശാസ്ത്രസംഹിതയായ ‘ശരി അത്ത്’ വിമർശകരുടെ കൂടെയാണ് ഈ കോൺഗ്രസുകാരനെ എന്നും കണ്ടിട്ടുള്ളത്. മരണംവരെയോ, പുനർവിവാഹംവരെയോ മുൻഭാര്യക്ക് ഭർത്താവ് ചെലവിനു കൊടുക്കണം എന്ന നിബന്ധനയിൽനിന്ന് മുസ്‌ലിം ഭർത്താവിനെ ഒഴിവാക്കാൻ പറ്റില്ലെന്നു കാണിച്ചുകൊണ്ട് സുപ്രീംകോടതി വിധി (ഷാബാനു കേസ്: 1985) വന്നപ്പോൾ അതിനെ സ്വാഗതംചെയ്ത അപൂർവം കോൺഗ്രസ് നേതാക്കളിൽ ഒരാൾ ആര്യാടനായിരുന്നു. രാഷ്ട്രീയത്തിന്റെ മതവത്കരണം സംബന്ധിച്ച ഈ പ്രതിരോധം നാട്ടുകാര്യം മാത്രമല്ല വീട്ടുകാര്യം തന്നെയാണ് എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ പൊതുജീവിതം. പൈതൃകമായിക്കിട്ടിയ മതേതരദൗത്യനിർവഹണം സിനിമകളിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ആവിഷ്‌കരിക്കുന്ന ആര്യാടൻ ഷൗക്കത്തിന്റെ ഈ ജാഗ്രത കേരളീയരുടെ ശ്രദ്ധനേടിയിട്ടുണ്ട്.

ആദർശരാഷ്ട്രീയത്തിൽനിന്ന് ചിലപ്പോഴൊക്കെ പ്രായോഗികരാഷ്ട്രീയത്തിലേക്കു വഴിമാറിയെങ്കിലും ആര്യാടൻ പിറന്നത് മുഹമ്മദ് അബ്ദുറഹിമാൻ, ഇ. മൊയ്തുമൗലവി, പി.പി. ഉമ്മർകോയ എന്നിവരുടെ വംശത്തിലാണ്. മതേരത്വം, ജനാധിപത്യം, ദേശീയത എന്നീ ആധുനികരാഷ്ട്രീയമൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിക്കാനും പ്രവർത്തിക്കാനും ഇസ്‌ലാം മതവിശ്വാസം തടസ്സമല്ലെന്ന് ജീവിതംകൊണ്ട് തെളിയിച്ച ഖാൻ അബ്ദുൽ ഗാഫർഖാന്റെയും അബുൾ കലാം ആസാദിന്റെയും പാരമ്പര്യമാണത്. അഹിംസാനിഷ്ഠമായ രാഷ്ട്രീയപ്രവർത്തനം മുസ്‌ലിങ്ങൾക്ക് അന്യമല്ല, അന്യമായിക്കൂടാ എന്ന് തത്ത്വത്തിലൂടെയും പ്രയോഗത്തിലൂടെയും തെളിയിച്ചുകാണിച്ച ഗാന്ധിശിഷ്യന്മാരുടെ പ്രകാശപൂർണമായ പാതയാണത്.

Content Highlights: aryadan muhammed mn karaserry

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..