അമിതമായ വിശപ്പ് പ്രകടിപ്പിക്കുന്നവരോട് ചില മുതിർന്നവർ കളിയാക്കി ചോദിക്കാറുണ്ട്, ‘വയറ്റിലെന്താ കൊക്കോപ്പുഴു ഉണ്ടോ’ എന്ന്. ആ കളിയാക്കലിനെ ചിരിച്ചുതള്ളാൻ വരട്ടെ. കൊക്കോപ്പുഴുവല്ല, ചിലയിനം ബാക്ടീരിയകളാണ് ഇത്തരക്കാരിൽ അമിതമായ വിശപ്പുണ്ടാക്കുന്നത്. ആ വിശപ്പാണ് പലപ്പോഴും പ്രമേഹവും പൊണ്ണത്തടിയുംപോലുള്ള പലവിധ രോഗങ്ങളിലേക്കു നയിക്കുന്നത്. ഇത്തരം ബാക്ടീരിയകൾ ഒരു സമൂഹത്തിൽ കുറെയേറെപ്പേരിൽ ധാരാളമായി ഉണ്ടായാൽ ആ സമൂഹം രോഗഗ്രസ്തമാകും. അതുതടയാൻ അത്തരം ബാക്ടീരിയകളെപ്പറ്റി പഠിക്കണം. അവയുടെ ജനിതകസവിശേഷതകളെപ്പറ്റിയും അതിൽ മാറ്റം വരുത്തിയാലുണ്ടാകാവുന്ന ഗുണങ്ങളെപ്പറ്റിയും പഠിക്കുന്നതിലൂടെ ഉണ്ടായേക്കാവുന്ന പുരോഗതി വിലമതിക്കാനാകാത്തതാണ്. അതിനുള്ള സാധ്യതയാണ് മൈക്രോബയോം തുറന്നിടുന്നത്. വ്യത്യസ്ത ഗവേഷണകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് മൈക്രോബയോമിൽ സ്‌ട്രാറ്റജിക് പ്രോഗ്രാമും മികവിന്റെ കേന്ദ്രവും രൂപവത്‌കരിക്കുന്നതിനുള്ള പ്രാരംഭച്ചെലവുകൾക്കായി ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തിയത് ഏറെ പ്രതീക്ഷ നൽകുന്നു.
സൂക്ഷ്മജീവികളുടെ കോളനികൾ
ബാക്ടീരിയകളും വൈറസുകളും ഫംഗസുകളുമൊക്കെയുൾപ്പെടുന്ന സൂക്ഷ്മജീവികളുടെ കോളനിയായ ‘മൈക്രോ ബയോട്ട’ മനുഷ്യശരീരത്തിൽ ധാരാളമുണ്ട്. ഇതിനെ ‘ഫ്ളോറ’ എന്നാണ് പറയുന്നത്. ഇത് ഏറ്റവുമധികം കാണപ്പെടുന്നത് വൻകുടലിലാണ്. അസുഖങ്ങളുള്ളവരിലും ഇല്ലാത്തവരിലും ഒരുപോലെ ഇവ സ്വാധീനം ചെലുത്തുന്നുണ്ട്. പതിനഞ്ചുവർഷത്തോളമേ ആയിട്ടുള്ളു ഇവയുടെ സ്വാധീനം പഠനവിധേയമായിത്തുടങ്ങിയിട്ട്. മൈക്രോബയോട്ടയുടെ ജീനുകളുടെ ഗ്രൂപ്പിനെയാണ് ‘മൈക്രോബയോം’ എന്നു പറയുന്നത്.
ആയിരക്കണക്കിന് വ്യത്യസ്തതരത്തിലുള്ള ബാക്ടീരിയകളാണുള്ളത്. അവയിൽ നല്ലതും ചീത്തയുമുണ്ട്. ചുരുക്കം ചിലത് ഒഴികെയുള്ളവയെല്ലാം മനുഷ്യന്റെ മിത്രങ്ങളാണ്. പ്രതിരോധശേഷി സൃഷ്ടിക്കുന്നതിൽ നല്ലൊരുപങ്ക് ബാക്ടീരിയകളുടെ സ്വാധീനമാണ്. സ്വയം നിലനിൽക്കുന്ന (സെൽഫ്) ബാക്ടീരിയകളെയും അല്ലാത്തവയെയും (നോൺ സെൽഫ് ) വേർതിരിച്ചറിയുകയാണ് പ്രധാനം. സ്വയം നിലനിൽക്കുന്നവ നല്ല ബാക്ടീരിയകളാണ്. ജനനം മുതൽ അവ ശരീരത്തിലുണ്ടാകണം. അല്ലെങ്കിൽ പിന്നീട് ഏതു ബാക്ടീരിയ ശരീരത്തിൽ കയറിയാലും ശരീരം അവയ്ക്കെതിരേ പ്രവർത്തനം തുടങ്ങും. അതുകാരണം ഒട്ടേറെ ബാക്ടീരിയൽ ഇൻഫെക്ഷനുകൾ ഉണ്ടാകാം. പ്രതിരോധശേഷി ശരീരത്തിനെതിരായി പ്രവർത്തിക്കാൻ തുടങ്ങും. അതുകൊണ്ടുതന്നെ ആരോഗ്യകരമായ മൈക്രോബയോട്ട ഉണ്ടാക്കേണ്ടത് മനുഷ്യശരീരത്തിന് ആവശ്യമാണ്.
ബാക്ടീരിയകൾ വരുന്ന വഴി
ഗർഭസ്ഥശിശുവിന്റെ ഉള്ളിൽ ബാക്ടീരിയകൾ ഉണ്ടാകില്ല. സ്വാഭാവികപ്രസവത്തിൽ അമ്മയുടെ യോനീഭാഗത്തുനിന്നാണ് ആദ്യം ശിശുക്കളിലേക്ക് ബാക്ടീരിയകൾ പ്രവേശിക്കുന്നത്. യോനി മലദ്വാരവുമായി വളരെയേറെ അടുത്തായതിനാൽ അവിടെനിന്നുള്ള ബാക്ടീരിയകളും കുഞ്ഞിന്റെ ഉള്ളിലേക്ക് പ്രവേശിക്കാം. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുട്ടികളിൽ ഇത്തരത്തിൽ ബാക്ടീരിയകൾ പ്രവേശിക്കില്ല. ശസ്ത്രക്രിയ നടത്തുന്ന അടിവയറിനോടുചേർന്ന് ബാക്ടിരീയകൾ ഉണ്ടെങ്കിൽ അവമാത്രം കുട്ടിയിൽ പ്രവേശിച്ചേക്കാം. പക്ഷേ, അത് എണ്ണത്തിൽ വളരെക്കുറവായിരിക്കും.
സാധാരണപ്രസവത്തിലൂടെ പുറത്തേക്കുവരുന്ന കുട്ടികളിൽ ബാക്ടീരിയൽ ഫ്ളോറ വളരെ ശക്തവും സമ്പുഷ്ടവുമായിരിക്കും. പ്രതിരോധശേഷി അപക്വമായതിനാൽ മൂന്നുവയസ്സുവരെ ശരീരത്തിൽ പ്രവേശിക്കുന്ന ഒരു ബാക്ടീരിയയും രോഗമുണ്ടാക്കില്ല. ആദ്യ മൂന്നുവർഷം കുടലിലെത്തുന്ന സെൽഫ് ബാക്ടീരിയകൾ പ്രതിരോധശേഷിയെ പക്വതയുള്ളതാക്കി മാറ്റുന്നു. പിന്നീടു വരുന്ന പുതിയ ബാക്ടീരിയകളെ എതിർക്കാൻ അവ ശരീരത്തെ പഠിപ്പിക്കുന്നു. അതിനെ അതിജീവിച്ച് ചിലയിനം ബാക്ടീരിയകൾ ശരീരത്തിൽ കയറുമ്പോഴാണ് പ്രതിരോധശേഷി പ്രവർത്തിക്കുന്നതും അതിന്റെ ഫലമായി രോഗമുണ്ടാകുന്നതും. വൈറസായാലും ബാക്ടീരിയയായാലും ശരീരത്തിലെത്തുന്ന അപരിചിതവസ്തുവിനെ പുറന്തള്ളാൻ പ്രതിരോധശേഷി നടത്തുന്ന പ്രയത്നത്തിന്റെ ഫലമാണ് പനിയും ചുമയും വയറിളക്കവും ജലദോഷവുമൊക്കെ.
ജനനസമയത്ത് ശരീരത്തിലെത്തുന്നവയ്ക്ക് പിന്നാലെയെത്തുന്നത് മുലപ്പാൽ വഴിയുള്ള ബാക്ടീരിയകളാണ്. നവജാതശിശു ആദ്യം നുണയുന്ന മുലപ്പാലായ കൊളസ്മത്തിൽ ധാരാളം ബാക്ടീരിയകളുണ്ട്. അവയും വൻകുടലിലെത്തുന്നു. ജനനം കഴിഞ്ഞ് ശരീരത്തിലേക്ക് ബാക്ടീരിയകൾ പ്രവേശിക്കുന്നത് ഏറെയും ഭക്ഷണത്തിലൂടെയാണ്. ‘നിങ്ങൾ ഭക്ഷിക്കുന്നതെന്താണോ അതാണ് നിങ്ങൾ’ എന്ന പഴമൊഴിയുടെ അർഥമതാണ്. മുലകുടി നിർത്താറാകുമ്പോൾ ഭക്ഷണങ്ങൾ തുടങ്ങുന്നു. കൊഴുപ്പ്, ശുദ്ധീകൃത മധുരം, റെഡ് മീറ്റ് തുടങ്ങിയവ നല്ല ബാക്ടീരിയകളെ നശിപ്പിക്കുകയും മോശം ബാക്ടീരിയകളെ വളർത്തുകയും ചെയ്യുന്നവയാണ്. മാംസത്തിനായി വളർത്തുന്ന പക്ഷിമൃഗാദികളിലും ചിലയിനം സസ്യങ്ങളിലും അമിതലാഭത്തിനായി ആന്റിബയോട്ടിക്കുകൾ പ്രയോഗിക്കാറുണ്ട്. നല്ല ബാക്ടീരിയകളെ ഇല്ലാതാക്കുകയാണ് ഇത്തരം ആന്റിബയോട്ടിക്കുകൾ ചെയ്യുന്നത്. അത്തരം ഭക്ഷണം ഒഴിവാക്കണമെന്നുപറയുന്നതിന്റെ ഒരു കാരണമിതാണ്. നാരുകളാണ് ബാക്ടീരിയകളുടെ പ്രധാന ഭക്ഷണം. അതുകൊണ്ടുതന്നെ നാരുകളേറെയുള്ള പച്ചക്കറികളും മറ്റും നല്ല ബാക്ടീരിയകൾ വളരാൻ സഹായിക്കുന്നു. ഭക്ഷണക്രമീകരണം നല്ല ബാക്ടീരിയകളെ വർധിപ്പിക്കുമെന്നർഥം.
എട്ട് - പത്ത് വയസ്സുവരെയുള്ള കുട്ടികളെ കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയും സമീപത്തെ കുട്ടികളുമായി ഇടപഴകുകയും ചെയ്യുമ്പോൾ ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിക്കുന്നുണ്ട്. വളർത്തുമൃഗങ്ങളാണ് മറ്റൊരു സ്രോതസ്സ്. പ്രത്യേകിച്ച് നായ്ക്കൾ. അവയുമായി ഇടപഴകുന്ന കൊച്ചുകുട്ടികൾ വളർന്നുവരുമ്പോൾ ആസ്ത്മ, അലർജി, കുടലിനെ ബാധിക്കുന്ന പലതരം അസുഖങ്ങൾ തുടങ്ങിയവയൊക്കെ കുറവായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. മുതിർന്നവർ നായ്ക്കളുമായി ഇടപഴകിയാൽ ഈ പ്രയോജനം ഉണ്ടാകണമെന്നുമില്ല. കോവിഡ് കാലത്തുണ്ടായ അമിതമായ കൈകഴുകൽശീലം വൈറസിനൊപ്പം നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നുണ്ടെന്നതാണ് വാസ്തവം.
ബാക്ടീരിയകൾ ചെയ്യുന്നത്
സൂക്ഷ്മജീവികളുമായി ബന്ധപ്പെട്ട ഗവേഷണരംഗത്തുള്ള അമേരിക്കൻ ശാസ്ത്രജ്ഞരായ ബ്രെറ്റ് ഫിൻലേയും മാരി ക്ലെയർ അരീറ്റയും ചേർന്നെഴുതിയ പുസ്തകത്തിന്റെ പേരുതന്നെ ‘ലെറ്റ് ദെം ഇൗറ്റ് ഡർട്ട്’ എന്നാണ്. നമ്മുടെ കുട്ടികളെ കൈകഴുകാത്തതിന്റെയും വൃത്തിയുടെയും പേരിൽ ശാസിക്കേണ്ടതില്ലെന്നർഥം. ശരീരത്തിൽ പ്രവേശിക്കുന്ന സൂക്ഷ്മജീവികൾ കുട്ടികളെ എങ്ങനെയാണ് ആരോഗ്യമുള്ളവരാക്കുന്നതെന്നാണ് ഈ പുസ്തകം വിവരിക്കുന്നത്.
മുലപ്പാലിൽ അടങ്ങിയിട്ടുള്ള ഏറെ സങ്കീർണമായ അന്നജത്തെ (ഒലിഗോ സാക്രൈഡ്) ദഹിപ്പിക്കാനുള്ള ഒരു ദഹനരസവും ശരീരത്തിലില്ല. കുട്ടികളുടെ വൻകുടലിൽ കാണപ്പെടുന്ന ബാക്ടീരിയകളിൽ മാത്രമേ അതിനുള്ള ദഹനരസങ്ങളുള്ളൂ. അതുകൊണ്ടുതന്നെ ആ ബാക്ടീരിയകളെ നിലനിർത്തേണ്ടത് ശരീരത്തിന്റെ ആവശ്യമാണ്. ആ അന്നജത്തെ ദഹിപ്പിച്ചശേഷം ബാക്ടീരിയകൾ പുറന്തള്ളുന്ന ഷോർട്ട് ചെയിൻ ഫാറ്റി ആസിഡ് (എസ്.സി.എഫ്.എ) പോലുള്ള ഉത്‌പന്നങ്ങൾ കുട്ടികളുടെ മസ്തിഷ്കവികാസത്തിനുൾപ്പെടെ അത്യാവശ്യമാണ്.
റിഫൈൻഡ് ഷുഗറും ഫാറ്റി ആസിഡുകളും മറ്റും കഴിക്കുന്നവരിൽ കാണപ്പെടുന്ന ചിലയിനം ബാക്ടീരിയകൾ തലച്ചോറിലും കുടലിലും ചിലയിനം ഹോർമോണുകൾ ഉത്‌പാദിപ്പിക്കുന്നു. ഭക്ഷണത്തോട് താത്‌പര്യം സൃഷ്ടിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ ഈ ഹോർമോണുകൾ ഉത്തേജിപ്പിക്കും. എത്രകഴിച്ചാലും, വയർ നിറഞ്ഞെന്ന തോന്നലും സംതൃപ്തിയും ഇല്ലാതാക്കുകയും കൂടുതൽ കഴിക്കാനുള്ള പ്രേരണ ശരീരത്തിനുണ്ടാകുകയും ചെയ്യും. പൊണ്ണത്തടിക്കും മറ്റ് ജീവിതശൈലീരോഗങ്ങൾക്കും ബാക്ടീരിയകൾ കാരണമാകുന്നത് ഇങ്ങനെയാണ്.
ചിലയിനം ബാക്ടീരിയകൾ അർബുദംപോലെ പല മാരകരോഗങ്ങളുമുണ്ടാക്കിയേക്കാം. മനുഷ്യനിലെ ലൈംഗികരോഗങ്ങളിലും ബാക്ടീരിയകൾക്ക് നല്ല പങ്കുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. യോനീഭാഗത്തെ ബാക്ടീരിയകളിലുണ്ടാകുന്ന ജനിതകമായ മാറ്റങ്ങളാണ് അതിനു കാരണമാകുന്നത്. അതേസമയം, ചിലയിനം ബാക്ടീരിയകൾ ശരീരത്തിലുണ്ടെങ്കിൽ കൂടുതൽക്കാലം ജീവിക്കാനാകുമെന്ന ചില പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് വാർധക്യത്തെത്തന്നെ പുനർനിർവചിക്കുന്ന കാര്യമാണ്.
പഠനങ്ങളുടെ പ്രാധാന്യം
:മനുഷ്യശരീരത്തിൽ സാന്നിധ്യമുറപ്പിച്ചിട്ടുള്ള ബാക്ടീരിയകളുടെ ജനിതക പഠനങ്ങളും അവയിൽ വരുത്താവുന്ന വ്യതിയാനങ്ങളും ആ വ്യതിയാനങ്ങളിലൂടെ ഉണ്ടാകുന്ന നേട്ടങ്ങളുമാണ് മൈക്രോബയോം പഠനങ്ങളെ പ്രസക്തമാക്കുന്നത്. പ്രത്യേകസമൂഹത്തിൽ ആളുകളിൽ ഏതുതരം ബാക്ടീരിയകളാണ് കൂടുതലുള്ളതെന്നും അതെങ്ങനെയൊക്കെയാണ് ഭാവിയിൽ ബാധിക്കുകയെന്നും കണ്ടെത്താനാകും.
മനുഷ്യമലത്തിൽനിന്ന് ബാക്ടീരിയകളെ ശേഖരിച്ചാണ് പഠനങ്ങൾ നടത്തുന്നത്. ഒന്നരപ്പതിറ്റാണ്ടുമുമ്പുവരെ മലം കൾച്ചർ ചെയ്താണ് പഠനം നടത്തിയിരുന്നത്. അത് ഏറെ സങ്കീർണമായിരുന്നെന്നുമാത്രമല്ല, പല ബാക്ടീരിയകളെയും കൾച്ചർ ചെയ്യാനും സാധിക്കുമായിരുന്നില്ല. ഇപ്പോൾ കൾച്ചർ ചെയ്യാതെതന്നെ ഡി.എൻ.എ.യും ആർ.എൻ.എ.യും നിരീക്ഷിച്ച് ബാക്ടീരിയകളുടെ സാന്നിധ്യം പഠിക്കാനാകും. അവയവമാറ്റംപോലെ ശരീരത്തിലെ ബാക്ടീരിയകളെ മാറ്റിവെക്കുന്ന ഫേക്കൽ മൈക്രോബയൽ ട്രാൻസ്‌പ്ളാന്റ് പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കുമെന്നാണ് ആധുനിക പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
ബാക്ടീരിയകളിൽ അപകടകരമായ ജനിതകവ്യതിയാനത്തിന് അന്തരീക്ഷമലിനീകരണവും കാരണമാകുന്നുണ്ട്. അതുപോലെതന്നെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ബാക്ടീരിയകളെ ഉപയോഗിക്കാനാകും. മീഥെയ്ൻ പോലുള്ള വാതകങ്ങളെ ആഗിരണം ചെയ്യാനുള്ള ശേഷി ചിലയിനം ബാക്ടീരിയകൾക്കുണ്ട്. മാലിന്യസംസ്കരണംപോലുള്ള രംഗങ്ങളിലും ബാക്ടീരിയകളെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നു. മൈക്രോബയോം ഇൻഡസ്‌ട്രി എന്ന പേരിൽ വലിയ വാണിജ്യസാധ്യതകളും ഇതിനുണ്ട്. സൗന്ദര്യവർധക മേഖലയിലുൾപ്പെടെ ബാക്ടീരിയകൾ സൃഷ്ടിക്കുന്ന നാലായിരത്തിലധികം ഉത്‌പന്നങ്ങൾ ഇന്ന് പരീക്ഷണഘട്ടത്തിലാണ്. സ്റ്റാർട്ടപ്പുകളാണ് ഈ രംഗത്തുള്ളവയിലേറെയും. മൈക്രോബയോം പഠനങ്ങൾ ഇത്തരത്തിൽ അനന്തസാധ്യതകളാണ് തുറന്നിടുന്നത്.
(മൈക്രോബയോം മേഖലയിൽ പഠനം നടത്തുന്ന ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റാണ് ലേഖകൻ)
Content Highlights: bacteria


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..