ഏകാകിയുടെ ആത്മഗീതം


രവി മേനോൻ

പാടിയ ഓരോ പാട്ടിലും നേർത്ത വിഷാദം കലർന്ന പ്രണയഭാവം പകർന്ന ഗായകൻ ഭൂപീന്ദർ സിങ്ങിന്‌ യാത്രാമൊഴി

ഭൂപീന്ദർ സിങ് (പഴയകാല ചിത്രം)

പാടേണ്ട പാട്ടിന്റെ വരികളിൽ തുടിക്കുന്നത് സ്വന്തം ജീവിതംതന്നെയല്ലേ എന്ന് ഭുപീന്ദറിന് സംശയം. 1960-കളുടെ തുടക്കത്തിൽ സിനിമാമോഹങ്ങളുമായി അമൃത്‌സറിന്റെ പ്രശാന്തതയിൽനിന്ന് മുംബൈ മഹാനഗരത്തിന്റെ തിരക്കിലും ബഹളത്തിലും വന്നിറങ്ങിയ അന്തർമുഖനായ കൗമാരക്കാരന്റെ ആകാംക്ഷകളുമായി ചേർന്നുനിന്ന വരികൾ.
‘‘ഏക് അകേലാ ഇസ് ശഹർ മേ, രാത് മേ ഔർ ദോപഹർ മേ, ആബോദാനാ ഡൂണ്ട്താ ഹേ ആശിയാനാ ഡൂണ്ട്താ ഹേ...’’
നഗരത്തിരക്കിൽ ഒറ്റപ്പെടുന്ന പാവം മനുഷ്യന്റെ ഹൃദയവ്യഥ മുഴുവനുണ്ടായിരുന്നു ഗുൽസാറിന്റെ രചനയിൽ. ഭക്ഷണത്തിനും തലചായ്ക്കാനൊരു ഇടത്തിനും വേണ്ടിയുള്ള അവന്റെ അലച്ചിലും. അതേ ഒറ്റപ്പെടൽ അതിന്റെ എല്ലാ തീവ്രതയോടെയും അനുഭവിച്ച ചരിത്രമുള്ള സംഗീതസംവിധായകൻ ജയദേവ് ഹൃദയസ്പർശിയായിത്തന്നെ ആ ഗാനം ചിട്ടപ്പെടുത്തുന്നു. ഭൂപീന്ദർ തെല്ലൊരു അനുനാസികാംശം കലർന്ന ഭാവദീപ്തമായ ശബ്ദത്തിൽ അതുപാടി അനശ്വരമാക്കുന്നു.

‘എന്റെ ആത്മഗീതമാണത്’ 1970-കളിലെ മധ്യവർഗ യുവതയുടെ മനസ്സ് മനോഹരമായി അടയാളപ്പെടുത്തിയ ‘ഘരോണ്ട’യിലെ ആ ഗാനത്തെക്കുറിച്ച് ഭൂപീന്ദർ പറഞ്ഞു: ‘‘മാഞ്ഞുപോയ ഒരു കാലത്തിന്റെ ഓർമകൾ മുഴുവൻ മനസ്സിലേക്ക് ഓടിയെത്തും ആ പാട്ടിനൊപ്പം. ‘ദിൻ ഖാലി ഖാലി ബർതൻ ഹേ ഔർ രാത് കേ ജൈസാ അന്ധാ കുവാ (പകലുകൾ ഒഴിഞ്ഞ പാത്രങ്ങൾപോലെ, രാവുകൾ ആഴം കാണാത്ത കിണറുകൾപോലെയും) എന്ന വരിയിൽ അന്നത്തെ തൊഴിൽരഹിത യൗവനങ്ങളുടെ ആശങ്കകൾ മുഴുവനുണ്ട്.

ഏകാകിയുടെ മനോവ്യഥകൾ ഇത്ര വികാരനിർഭരമായി ആലാപനത്തിൽ ആവിഷ്കരിച്ച പിന്നണിഗായകർ അപൂർവം. പാടിയ ഓരോ പാട്ടിലുമുണ്ട് നേർത്ത വിഷാദം കലർന്ന പ്രണയഭാവം. ദിൽ ഡൂംഡ്താ ഹേ (മൗസം, മദൻ മോഹൻ), ഏക് അകേല ഇസ് ശഹർ മേ, ദോ ദിവാനെ ശഹർ മേ (ഘരോണ്ട, ജയദേവ്), ബീത്തി നാ ബിദായി രെയ്‌നാ (പരിചയ്. ആർ.ഡി.), നാം ഗും ജായേഗാ (കിനാരാ, ആർ.ഡി.), കിസി നസർ കോ തേരാ (ഐത് ബാർ, ബപ്പി ലാഹിരി) , കരോഗെ യാദ് (ബാസാർ, ഖയ്യാം), സിന്ദഗി സിന്ദഗി മേരെ ഘർ ആനാ (ദൂരിയാ, ജയദേവ്)... ലക്ഷ്മികാന്ത് പ്യാരേലാൽമാരും അമിതാഭ് ബച്ചനും മൻമോഹൻ ദേശായിയും കിഷോർ കുമാറുമെല്ലാം ചേർന്ന് കൈയടക്കിയ എഴുപതുകളിൽ ഭൂപീന്ദറിന്റെ ആർദ്രതയാർന്ന നാദത്തിനും ഉണ്ടായിരുന്നു അടിയുറച്ച ആരാധകർ.

ലതാ മങ്കേഷ്‌കറോടൊപ്പം ഭൂപീന്ദർ പാടിയ ‘പരിചയ്’ എന്ന ചിത്രത്തിലെ ‘ബീത്തി നാ ബിദായീ രേയ്‌ന’ എന്ന പ്രശസ്തഗാനത്തെക്കുറിച്ച് ഗുൽസാർ പങ്കുവെച്ച ഓർമകൂടി കേൾക്കുക. ‘‘റെക്കോഡ്‌ചെയ്ത പാട്ട് കേൾപ്പിച്ചപ്പോൾ നിർമാതാവുകൂടിയായ നായകൻ ജിതേന്ദ്രയ്ക്ക് അതൃപ്തി. വരികളും ഈണവുമൊന്നും അദ്ദേഹത്തെ സ്പർശിക്കുന്നില്ല. എന്റെ ഭാഗ്യത്തിന്, നായികയായ ജയഭാദുരിയെ കാണാൻ അന്ന് വൈകീട്ട് അമിതാഭ് ബച്ചൻ സെറ്റിലെത്തുന്നു. അമിതാഭിനെ കേൾപ്പിക്കാൻ പാട്ട് ഒരിക്കൽക്കൂടി പ്ലേചെയ്തു ജിതേന്ദ്ര. ‘യുഗ് ആത്തേ ഹേ ഔർ യുഗ് ജായേ ചോട്ടി ചോട്ടി യാദോം കേ പൽ നഹി ജായേ’ എന്ന അവസാനവരിയെത്തിയപ്പോൾ അമിതാഭിന്റെ കണ്ണുകൾ നനയുന്നത് ഞങ്ങൾ കണ്ടു. ഒരിക്കലും മാഞ്ഞുപോകാത്ത ചില കൊച്ചുകൊച്ചു ഓർമകൾ അദ്ദേഹത്തിന്റെ മനസ്സിനെ മൂടിയിരിക്കാം. അമിതാഭിന്റെ ആ ഭാവപ്പകർച്ചയാണ്, ‘ബീത്തി നാ ബിദായീ രേയ്‌ന’ എന്ന പാട്ടിനെ രക്ഷിച്ചത്.’’ ലതാജിക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് സമ്മാനിച്ച ആ ഗാനം പക്ഷേ, ഭൂപീന്ദറിന് അംഗീകാരങ്ങളൊന്നും നേടിക്കൊടുത്തില്ല.

സിനിമയിൽ പാടാൻവേണ്ടി മുംബൈയിൽവന്നിറങ്ങിയ ഭൂപിയെ ‘ഹഖീഖത്തി’ലെ (1964) ‘ഹോകെ മജ്ബൂർ’ എന്ന പാട്ടിലൂടെ പിന്നണിഗായകനാക്കിയത് മദൻമോഹനാണ്. മുഹമ്മദ് റഫി, തലത്ത് മഹമൂദ്, മന്നാഡേ എന്നീ ഇതിഹാസങ്ങൾക്കൊപ്പമാണ് പാടേണ്ടത് എന്നറിഞ്ഞപ്പോൾ ഉൾക്കിടിലംതോന്നിയെന്ന് ഭൂപീന്ദർ.

തുടർന്ന് നീണ്ട ഇടവേള. ഭാനു ഗുപ്തയുടെ കീഴിൽ ഗിറ്റാറിലെ സിദ്ധികൾ തേച്ചുമിനുക്കിയെടുക്കുന്നത് ഈ കാലത്താണ്. പാടാൻ അവസരം കാത്തുനിൽക്കാതെ സിനിമാഗാനങ്ങളുടെ പിന്നണിയിൽ ഗിറ്റാർ മീട്ടി, ജീവിക്കാനുള്ള വരുമാനം ഉണ്ടാക്കാൻ ഉപദേശിച്ചത് ഉറ്റ സുഹൃത്തായ ആർ.ഡി. ബർമൻ. ഭൂപിയെപ്പോലെ സിനിമയിൽ ഭാഗ്യം തെളിയാൻ കാത്തിരിക്കയായിരുന്നു ആർ.ഡി.യും. സുഹൃത്തിൽനിന്ന് കടംവാങ്ങിയ ഗിറ്റാറുമായി ഗുപ്തയുടെ വീട്ടിൽ മുടങ്ങാതെയെത്തി പരിശീലിച്ച ഭൂപി അധികം വൈകാതെ ഗാനങ്ങളുടെ ഓർക്കസ്ട്രയിൽ വായിച്ചു തുടങ്ങുന്നു. ദം മാരോ ദം (ഹരേ രാമ ഹരേ കൃഷ്ണ), ചുരാലിയാ (യാദോം കി ബാരാത്ത്), ചിങ്കാരി കോയീ ഭഡ്‌കേ (അമർപ്രേം), മെഹ്ബൂബ മെഹ്ബൂബ (ഷോലെ), ചൽത്തേ ചൽത്തേ (പാക്കിസ), തും ജോ മിൽ ഗയേ (ഹസ്‌തേ സഖ്മ്), ക്യാ ഹുവാ തേരാ വാദാ (ഹം കിസി സേ കം നഹി)... ഭൂപിയുടെ ഗിറ്റാറിനെ ഒഴിച്ചുനിർത്തി ഈ ഗാനങ്ങളെക്കുറിച്ച്‌ ചിന്തിക്കാനാവില്ല.

സിത്താർ ഇതിഹാസം ഉസ്താദ് വിലായത് ഖാൻ ഈണമിട്ട ‘കാദംബരി’യിലെ ‘അംബർ കി ഏക് പാക് സുരാഹി...’ എന്ന ആശാ ഭോസ്‌ലെ ക്ലാസിക് കേട്ടശേഷം ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും പ്രതിഭാശാലിയായ ഗിറ്റാറിസ്റ്റ് എന്ന് ഭൂപീന്ദറിനെ വാഴ്ത്തിയിട്ടുണ്ട് സാക്ഷാൽ നൗഷാദ്. സംഗീതജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അവാർഡായിക്കണ്ടു ഭൂപീന്ദർ ആ അഭിപ്രായപ്രകടനത്തെ.

സ്വന്തം പ്രകടനങ്ങളിൽ ഏറ്റവും തൃപ്തി നൽകിയത് ‘പാക്കിസ’ ആണെന്ന് പറഞ്ഞിട്ടുണ്ട് ഭൂപീന്ദർ. 12 തന്ത്രികളുള്ള ഗിറ്റാറാണ് പാക്കിസയുടെ തീം മ്യൂസിക്കിൽ വായിച്ചത്. ‘‘പുരാതന കഥാതന്തുവായതിനാൽ ആധുനിക ഗിറ്റാർനാദം അരോചകമാകുമെന്ന് തോന്നി’’ -ഭൂപീന്ദർ പറഞ്ഞു. ‘‘ഗിറ്റാറിന് ക്ലാസിക് പരിവേഷം നൽകുന്നതെങ്ങനെ എന്നതായിരുന്നു അടുത്ത ചിന്ത. പാക്കിസയിലെ എന്റെ ഗിറ്റാർ വാദനംകേട്ട് സരോദ് ആണെന്ന് തെറ്റിദ്ധരിച്ചവർ ഒട്ടേറെ.’’

ഗിറ്റാറിലെന്നപോലെ ഭൂപിയുടെ ആലാപനത്തിലുമുണ്ടായിരുന്നു നിഗൂഢമായ ഒരു മാജിക്. എഴുപതുകളിലെ മധ്യവർത്തി സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ അമോൽ പലേക്കറിന്റെ മുഖത്തോടൊപ്പം ഭൂപീന്ദറിന്റെ ശബ്ദവും ഓർമയിൽ ഒഴുകിയെത്തും. എം.ടി.യുടെ ‘മഞ്ഞി’ൽ ഗുൽസാർ രചിച്ച രസിയാമൻ എന്ന ഗസൽ പാടാൻ എം.ബി. ശ്രീനിവാസൻ ക്ഷണിച്ചുവരുത്തിയതും ഭൂപിയെത്തന്നെ എന്നോർക്കുക. 1980-കളിൽ മിഡിൽ സിനിമയുടെ നാഡിമിടിപ്പ് നിലയ്ക്കുകയും ബച്ചൻതരംഗം ആഞ്ഞടിക്കുകയും ചെയ്തതോടെ സ്വാഭാവികമായും ഭൂപിയുടെ ‘പാവം’ ശബ്ദത്തിന് ആവശ്യക്കാർ കുറഞ്ഞു. ‘‘അവസരങ്ങൾ വേണ്ടുവോളമുണ്ടായിരുന്നു. പക്ഷേ, അവയൊന്നും എന്റെ ആലാപനശൈലിക്കോ സംഗീതസങ്കല്പങ്ങൾക്കോ നിരക്കുന്നതായിരുന്നില്ല. രചനാഗുണമില്ലാത്ത പാട്ടുകൾക്ക് ആത്മാവുമില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്നെപ്പോലൊരാൾക്ക് ആ അന്തരീക്ഷത്തിൽ പ്രസക്തിയില്ലായിരുന്നു’’ -ഭൂപീന്ദറിന്റെ വാക്കുകൾ.

സിനിമയിൽനിന്ന് അകന്നശേഷം ഗസലായി ഭൂപിയുടെ തട്ടകം. ഏക് ഹസീൻ ശാം, മൊഹബ്ബത്, കുച്ഛ് ഇന്ദസാർ ഹേ തുടങ്ങിയ ആൽബങ്ങളിലൂടെ സംഗീതലോകത്ത് രണ്ടാംജന്മം നേടിയ ഗായകനെ വേദികളിൽ അനുഗമിക്കാൻ ഇത്തവണ ഗായികയായ ഭാര്യ കൂടിയുണ്ടായിരുന്നു; ബംഗ്ലാദേശുകാരി മിതാലി മുഖർജി.

Content Highlights: bhupinder singh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..