ബിഹാർ: പ്രതീക്ഷിച്ച വീഴ്ചയും വാഴ്ചയും


പ്രത്യേക ലേഖകൻ

നിതീഷ് കുമാർ:ഫോട്ടോ|പി.ടി.ഐ

ബിഹാറിലെ നിതീഷ് സർക്കാരിന് അല്പായുസ്സായിരിക്കുമെന്ന് 2020-ൽ പ്രവചിച്ച രാഷ്ട്രീയനിരീക്ഷകർക്ക് തെറ്റിയില്ല. രണ്ടുവർഷം പൂർത്തിയാകാൻ രണ്ടുമാസം ബാക്കിനിൽക്കേ എൻ.ഡി.എ. സർക്കാർ വീണു. തിരഞ്ഞെടുപ്പുകാലം മുതൽ ബി.ജെ.പി.-ജെ.ഡി.യു. പാർട്ടികൾക്കിടയിലെ വിള്ളൽകാണുന്ന ബിഹാർ രാഷ്ട്രീയത്തിന് ഈ തകർച്ച അപ്രതീക്ഷിതമായിരുന്നില്ല. പ്രചാരണത്തിൽ ഒറ്റപ്പെടുത്തിയും സർക്കാർവിരുദ്ധ വികാരം ജെ.ഡി.യു.വിനെതിരേ തിരിച്ചുവിട്ടും ചിരാഗ് പസ്വാനെ കളത്തിലിറക്കി വോട്ടുബാങ്ക് ഭിന്നിപ്പിച്ചും നിതീഷിനെ ഒതുക്കി ബി.ജെ.പി. സീറ്റെണ്ണമുറപ്പിച്ച തിരഞ്ഞെടുപ്പുകാലത്തുതന്നെ ബിഹാറിലെ ഭരണവാഴ്ചയുടെ നാൾവഴികൾ നിശ്ചയിക്കപ്പെട്ടിരുന്നു. തകർച്ചയുടെ സമയക്രമത്തിൽ മാത്രമായിരുന്നു ആകാംക്ഷ.

എങ്കിലും സ്വന്തം നിലനിൽപ്പുറപ്പിക്കാൻ സഖ്യമാറ്റങ്ങൾ പതിവാക്കിയ നിതീഷ് കുമാർ എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ കരുനീക്കങ്ങൾ രാഷ്ട്രീയചാണക്യനായ അമിത്ഷായുടെ കണക്കൂകൂട്ടലിനെക്കാൾ വേഗത്തിലായി. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നിതീഷിനെ മാറ്റി സ്വന്തം മുഖ്യമന്ത്രിയെ അവരോധിക്കാനായി മഹാരാഷ്ട്രമാതൃകയിൽ തന്ത്രങ്ങൾ മെനഞ്ഞ ബി.ജെ.പി.ക്ക് ഇനി പുതിയ മുദ്രാവാക്യം രൂപപ്പെടുത്തേണ്ടിവരും. ജനവിധി ഭരണത്തിന്റെ അരികിലെത്തിച്ചിട്ടും കൈവഴുതിപ്പോയതിന്റെ നിരാശ ആർ.ജെ.ഡി.ക്ക് തത്‌കാലം മറക്കാം. മഹാരാഷ്ട്രയിലുണ്ടായ ക്ഷീണം ബിഹാറിൽ തീർത്തെന്ന് താത്‌കാലികമായെങ്കിലും ആശ്വസിക്കാൻ കോൺഗ്രസിനും വഴിയാകും. 2014-ൽ ഉയർന്ന ‘മോദിക്ക് ബദൽ നിതീഷ്’ എന്ന മുദ്രാവാക്യം പ്രതിപക്ഷത്തിന്റെ ദേശീയനേതൃത്വത്തിൽ വീണ്ടും ഉയർന്നേക്കും. എങ്കിലും ചേരിമാറ്റവും ഭരണമാറ്റവും രാഷ്ട്രീയ അസ്ഥിരതകളും പതിവായ ബിഹാറിൽ അപ്രതീക്ഷിത വീഴ്ച-വാഴ്ചകൾക്ക് ഇനിയും ഇടമുണ്ട്.

നിലനിൽപ്പിനായുള്ള സമരം

നിലനിൽപ്പിനായുള്ള ചേരിമാറ്റം നിതീഷിന് പുതിയ കാര്യമല്ല. 2013-ൽ നരേന്ദ്രമോദിയെ എൻ.ഡി.­എ.യുടെ പ്രധാനമന്ത്രിസ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയപ്പോൾ ഇടഞ്ഞ് സഖ്യംവെടിഞ്ഞ നിതീഷ് ബദ്ധശത്രുവായ ലാലുപ്രസാദ് യാദവുമായി കൈകോർത്തത് രാഷ്ട്രീയകേന്ദ്രങ്ങളെ അദ്‌ഭുതപ്പെടുത്തിയിരുന്നു. 2013-ൽ പ്രധാനമന്ത്രിസ്ഥാനാർഥിയെച്ചൊല്ലി എൻ.ഡി.എ.യിൽ നടന്ന ചർച്ചകളിൽ നിതീഷ് എൽ.കെ. അദ്വാനിയെയാണ് പിന്തുണച്ചത്. മാത്രമല്ല, 2002-ലെ ഗുജറാത്ത് കലാപകാലംമുതൽ നിതീഷ് മോദിക്കെതിരേ കടുത്തയുദ്ധത്തിലായിരുന്നു. നിതീഷിന്റെ എതിർപ്പുകാരണമാണ് 2005-ലെ നിയമസഭാ തിരഞ്ഞെടുപ്പ്, 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, 2010-ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയുടെ പ്രചാരണത്തിനുള്ള താരപ്രചാരകരുടെ പട്ടികയിൽനിന്ന് മോദിയെ ബി.ജെ.പി.ക്ക് ഒഴിവാക്കേണ്ടിവന്നത്. മോദി പ്രചാരണത്തിനായി ബിഹാറിലേക്ക് കടക്കരുതെന്നായിരുന്നു നിതീഷിന്റെ നിർബന്ധം. മോദിയെച്ചൊല്ലി കലഹിച്ച് എൻ.ഡി.എ.യിൽനിന്ന് പുറത്തിറങ്ങിയ നിതീഷിന്റെ നേതൃത്വത്തിൽ ജെ.ഡി.യു., ആർ.ജെ.ഡി., കോൺഗ്രസ് എന്നീ പാർട്ടികൾചേർന്ന് മഹാസഖ്യം രൂപവത്‌കരിച്ചപ്പോൾ 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം കൈയിലായി. ബി.ജെ.പി.വിരുദ്ധ സഖ്യം എന്നനിലയിൽ മഹാസഖ്യം രാജ്യവ്യാപക ശ്രദ്ധനേടിയെങ്കിലും മോദിതരംഗത്തിൽനിന്ന് രക്ഷപ്പെടാനുള്ള മൂന്നു പാർട്ടികളുടെയും നിലനിൽപ്പിനായുള്ള സമരമായിരുന്നു ഈ കൂട്ടായ്മ. നിതീഷിന്റെ ജനപിന്തുണയും ആർ.ജെ.ഡി.യുടെ സംഘടനാബലവും ഉപയോഗിച്ചാണ് അന്ന് മഹാസഖ്യം വൻവിജയം നേടിയത്.

മാറിയും മറിഞ്ഞും

എന്നാൽ, വൈകാതെ ആർ.ജെ.ഡി.യുമായി സ്വരച്ചേർച്ച നഷ്ടപ്പെട്ട നിതീഷ് 2017-ൽ എൻ.ഡി.എ. സഖ്യത്തിലേക്ക് മടങ്ങി. ബി.ജെ.പി.യുമായി ചേർന്ന് ഭരണം തുടർന്നു. മുഖ്യമന്ത്രിസ്ഥാനം നിലനിർത്തി. ഒരുകാലത്ത് താൻ എതിർത്തിരുന്ന മോദിയുമായി നിതീഷ് ചങ്ങാത്തത്തിലായി. എന്നാൽ, മോദിയോ ബി.ജെ.പി.യോ പഴയ നിതീഷിനെ മറന്നിരുന്നില്ല. 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് രഹസ്യമായും പരസ്യമായും നിതീഷിനെതിരേ ബി.ജെ.പി. ചരടുവലിച്ചു. നിതീഷിന്റെ വോട്ടുബാങ്ക് പിളർത്താൻ ചിരാഗ് പസ്വാനെ രംഗത്തിറക്കിയതുമുതലുള്ള തന്ത്രങ്ങൾ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റേതായിരുന്നു. തിരഞ്ഞെടുപ്പുകളത്തിൽ ഒറ്റപ്പെട്ട നിതീഷും പാർട്ടിയും മെലിഞ്ഞു. ബി.ജെ.പി. വളർന്നു.

അതോടെ കരുക്കൾ ബി.ജെ.പി.യുടെ കൈകളിലായി. ജെ.ഡി.യു.വിന് സീറ്റെണ്ണം കുറവായിട്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കി. നിതീഷിനെ അനുനയിപ്പിക്കാനുള്ള തന്ത്രമെന്നാണ് പൊതുവേ വിലയിരുത്തിയതെങ്കിലും നിതീഷിന്റെ പ്രതിച്ഛായയും ജെ.ഡി.യു.വിന്റെ സംഘടനാസംവിധാനവും ഉപയോഗിച്ച് ബി.ജെ.പി.യെ വളർത്തുക എന്നതായിരുന്നു ഈ തന്ത്രത്തിനു പിന്നിൽ. രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ചും പ്രധാനവകുപ്പുകൾ കൈക്കലാക്കിയും ബി.ജെ.പി. നിതീഷിനെ പൂട്ടി. തുടർന്ന് മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തിയ മാതൃകയിൽ ജെ.ഡി.യു.വിനെ നേരിടാനുള്ള നീക്കങ്ങൾ അണിയറയിൽ പ്രയോഗിച്ചു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് സ്വന്തം മുഖ്യമന്ത്രിയെന്ന ആയുധം ബി.ജെ.പി. രാകുന്നതിന്റെ ശബ്ദംകേട്ട നിതീഷ് അഭയംതേടി ആർ.ജെ.ഡി. ക്യാമ്പിൽ വീണ്ടുമെത്തി. മഹാസഖ്യം ക്യാമ്പ് വീണ്ടും പൊടിതട്ടി ഉയർന്നു. എങ്കിലും രാഷ്ട്രീയനീക്കങ്ങൾ ബിഹാറിൽ ഇതോടെ അവസാനിക്കുന്നില്ല. നിതീഷിന്റെ ഭരണമികവും ആർ.ജെ.ഡി.യുടെ അച്ചടക്കവുമായിരിക്കും സഖ്യത്തിന്റെ ആയുസ്സ് നിർണയിക്കുന്ന അളവുകോൽ.

മഹാസഖ്യത്തിന്റെ ചുവടുകൾ പാളിയാൽ ബി.ജെ.പി.യുടെ നീക്കങ്ങൾ ബിഹാർ രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കും. എന്നാൽ, നിതീഷില്ലാതെ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബി.ജെ.പി.ക്ക് എളുപ്പമല്ല. നിതീഷിനു പകരംവെക്കാൻ ജനപിന്തുണയുള്ള മുഖം കണ്ടെത്താൻ ബി.ജെ.പി.ക്ക് ഏറെ അധ്വാനിക്കേണ്ടിവരും. മഹാസഖ്യത്തിൽനിന്ന് സമർഥരായ നേതാക്കളെ അടർത്തുകയെന്ന തന്ത്രത്തിന് തീവ്രതയേറും. ബിഹാറിലെ ജാതി, ഉപജാതി ഉൾപ്പിരിവുകളുടെ സങ്കീർണതകളും ബി.ജെ.പി.ക്ക് കടമ്പയാണ്. അതിനെ വരുതിയിലാക്കുക എന്നതും ബി.ജെ.പി.ക്ക് തലവേദനയായിരിക്കും.

Content Highlights: Bihar Political Crisis

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..