കൊണ്ടുനടന്നതും നീയേ ചാപ്പാ...| ഡല്‍ഹിയോളം


മനോജ്‌ മേനോൻ

3 min read
Read later
Print
Share

.

വാടകയ്ക്കെടുത്ത വിമാനം പറന്നുപൊങ്ങിയ ഉടൻ നിലംപൊത്തിയതറിഞ്ഞ് റോക്കറ്റ് കണക്കെ വിമാനത്താവളത്തിലേക്ക് പാഞ്ഞതായിരുന്നു വ്യോമയാനമന്ത്രി മാധവറാവു സിന്ധ്യ. ആളപായമില്ല, ആശ്വാസമായി. പക്ഷേ, ആശ്വാസം അധികം നീണ്ടുനിന്നില്ല. ലക്ഷ്യംകാണാതെ മടങ്ങിയ റോക്കറ്റുപോലെ, സിന്ധ്യ തിരിച്ചുപാഞ്ഞു. നേരെ പോയത് പ്രധാനമന്ത്രി നരസിംഹറാവുവിന്റെ വസതിയിലേക്ക്. കൊടുത്തു, രാജിക്കത്തൊരെണ്ണം. കാര്യമറിഞ്ഞപ്പോൾ റാവു തനിക്കറിയാവുന്ന പന്ത്രണ്ടുഭാഷയിലും അന്തംവിട്ടു. എയർ ഇന്ത്യാ ജീവനക്കാരുടെ പണിമുടക്ക് നേരിടാൻ റഷ്യയിൽനിന്ന് വാടകയ്ക്കെടുത്ത വിമാനത്തിലൊന്നാണ് പറന്നുപൊങ്ങുമ്പോൾ വീണുപോയത്. അപകടമറിഞ്ഞ് ഡൽഹി വിമാനത്താവളത്തിലെത്തിയ മാധവറാവു സിന്ധ്യയെ പ്രതിഷേധമുദ്രാവാക്യങ്ങളുമായാണ് ജീവനക്കാർ എതിരേറ്റത്. വിമാനമിടപാടിൽ അഴിമതിയാരോപണവുമുന്നയിച്ചു. പോരേ പൂരം! ക്ഷുഭിതനായ മന്ത്രി മടങ്ങുംവഴി കാറിലിരുന്ന് രാജിക്കത്തെഴുതി. റാവു പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും കാറ്റിൽ ഇളകാത്ത കല്ലുപോലെ സിന്ധ്യ. മന്ത്രിയുടെ സുഹൃത്തായ ഗുലാം നബി ആസാദിനെ നിയോഗിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും തെല്ലും ഇളകാ മനം. ‘‘ഞാൻ അഴിമതി കാട്ടിയെന്ന് പറയാൻ അവർക്കെങ്ങനെ ധൈര്യംവന്നെ’’ന്ന് രോഷാകുലനായി ചോദ്യം.

നരസിംഹറാവു പാർട്ടി ഓർമകളുടെ മതിൽക്കെട്ടിനു വെളിയിലായി. മാധവറാവു സിന്ധ്യ ഉത്തർപ്രദേശിൽ 2001-ലുണ്ടായ വിമാനാപകടത്തിൽ മരണത്തിനൊപ്പമായി. 1993 ജനുവരി ഏഴിനുനടന്ന ഈ രാജിസംഭവം ഓർത്തെടുക്കാൻ ഗുലാം നബി ആസാദിന്റെ ആസാദ് എന്ന ആത്മകഥ ബാക്കി. ഭാവിപ്രധാനമന്ത്രിയെന്ന് കോൺഗ്രസ് രാഷ്ട്രീയം ഒരുകാലത്ത് വാഴ്ത്തിയ സിന്ധ്യയുടെ രാജിക്കാര്യമടക്കമുള്ള സിന്ധ്യകുടുംബചരിത്രം അടുത്തിടെ ജയറാം രമേഷിനെ ഓർമിപ്പിച്ചത് മകൻ ജ്യോതിരാദിത്യ സിന്ധ്യ. ‘മാനിയാമെന്നുടെ താതനെ ഓർക്ക’യും ഇന്ത്യൻ രാഷ്ട്രീയചരിത്രം വായിക്കയും വേണമെന്ന്, വായനക്കാരനും എഴുത്തുകാരനുമായ ജയറാമിനോട് സന്ധ്യയെന്നോ പകലെന്നോ നോക്കാതെ യുവസിന്ധ്യ!

# തർക്കവും താർക്കികരും

2021 വരെ കോൺഗ്രസിന്റെ യുവരക്തവും രാഹുലിന്റെ വലത് കൈപ്പത്തിയുമായിരുന്നു ജ്യോതിരാദിത്യൻ. പക്ഷേ, കഴിഞ്ഞദിവസം പഴയ തന്റെ തട്ടകത്തെക്കുറിച്ച് യുവസിന്ധ്യ പറഞ്ഞ കടുംവാക്കുകളെ ജയറാം രമേഷും പവൻഖേരയും ഖണ്ഡിച്ചപ്പോഴായിരുന്നു ചരിത്രമുദ്ധരിച്ച് മറുപടി. തുടർന്ന് അരങ്ങേറിയത് തികച്ചും പണ്ഡിതോചിതമായ തർക്കം! കോൺഗ്രസ് ചതിയന്റെ ആശയമുള്ള പാർട്ടിയായിപ്പോയെന്ന് സിന്ധ്യ. ഒപ്പം, നെഹ്രുവിന്റെ വിശ്വചരിത്രാവലോകനം വായിക്കണമെന്ന ഉപദേശം ഫ്രീ. അലഹാബാദ് സ്വദേശി സുഭദ്രകുമാരി ചൗഹാന്റെ ഝാൻസി കി റാണി എന്ന വിഖ്യാത കവിത സിന്ധ്യ വായിക്കണമെന്ന മറുപടി ജയറാമിന്റെ വക. അവിടെയും തീരുന്നില്ല. പാർട്ടി വിട്ടപ്പോൾ സ്വാതന്ത്ര്യം കിട്ടിയെന്ന് അവകാശപ്പെട്ട് ആസാദ് (സ്വാതന്ത്ര്യം) എന്നപേരിൽ ആത്മകഥയെഴുതിയ ഗുലാം നബി ആസാദും പഴയപാർട്ടിയെ ഒന്നു തോണ്ടി. കോൺഗ്രസിലുള്ളപ്പോൾ ആർക്കും നട്ടെല്ലുണ്ടാകില്ലെന്ന് പ്രതികരിച്ച ആസാദിനുനേരെ പവൻ ഖേരയും ചാടിവീണു. ഗുലാം നബി ആസാദിപ്പോൾ ബി.ജെ.പി.യുടെ ഗുലാ(അടിമ)മാണെന്ന് ഖേര.

# സഞ്ജയ് പാവം

സഞ്ജയ് ഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു, സോണിയാഗാന്ധി തുടങ്ങിയ നേതാക്കളുടെ പ്രിയസംഘാംഗമായിരുന്ന ആസാദ് അവരെക്കുറിച്ച് ആത്മകഥയിൽ വിവരിക്കുന്നുണ്ട്. ഇവരെക്കുറിച്ച് എഴുതാൻ കടുംനിറങ്ങളാണ് ആസാദ് കരുതിെവച്ചിരിക്കുന്നത്. വില്ലനായി ദേശീയരാഷ്ട്രീയം അടയാളപ്പെടുത്തിയ സഞ്ജയ് ഗാന്ധി പരമസാധുവും സാത്വികനുമായിരുന്നെന്ന് ആസാദ്. ‘അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങൾ സഞ്ജയിനെക്കുറിച്ച് തെറ്റായ പ്രതിച്ഛായയാണ് സൃഷ്ടിച്ചത്. സഞ്ജയ് ലളിതസ്വഭാവമുള്ള വ്യക്തിയായിരുന്നു. കള്ളുകുടിയോ സിഗരറ്റ് വലിയോ ഉണ്ടായിരുന്നില്ല. ഖാദിയിൽ തീർത്ത കുർത്തയും പൈജാമയുമായിരുന്നു വേഷം. കുർത്തകളിൽ അവിടവിടെ കീറലുകളും തുന്നലുകളും കാണാമായിരുന്നു. വിവാഹം കഴിച്ച പെൺകുട്ടിയുമായി മാത്രമാണ് സഞ്ജയിന് പ്രണയബന്ധമുണ്ടായിരുന്നത്.’ -ആത്മകഥയിൽ പറയുന്നു. അടിയന്തരാവസ്ഥക്കാലത്തുണ്ടായ ചില സംഭവങ്ങൾ ഇന്ദിരയുടെയും സഞ്ജയിന്റെയും മേൽ ചുമത്തുകയായിരുന്നെന്നും ആസാദ് പറയുന്നു.
തീർന്നില്ല. ഇന്ദിരയും രാജീവും പാർട്ടിയുടെ വളർച്ചയ്ക്കായി നിരന്തരം പ്രവർത്തിച്ചു. അവരെ എപ്പോൾ വേണമെങ്കിലും പാർട്ടി പ്രവർത്തകർക്ക് സമീപിക്കാമായിരുന്നു. നരസിംഹറാവു അന്തസ്സുള്ള വ്യക്തിത്വമായിരുന്നു. സോണിയ പക്വതയുള്ള നേതാവാണ്. എന്നാൽ, ആത്മകഥയിലെ ഈ വിശേഷണങ്ങൾ രാഹുൽയുഗത്തിലെത്തുമ്പോൾ നിറംകെടുന്നു. വ്യക്തിയെന്നനിലയിൽ വിലയിരുത്തിയാൽ രാ
ഹുൽ നല്ലവ്യക്തിയാണ്. എന്നാൽ, നേതാവെന്നനിലയിൽ പരാജയമാണെന്ന് ആസാദിന്റെ പേന.

# അവസാനത്തെ ആരംഭം

മോദിയുമായുള്ള അടുപ്പമാണ് തന്നെ കോൺഗ്രസിന്റെ കണ്ണിലെ കരടാക്കിയതെന്ന് ആസാദ്. താൻ കോൺഗ്രസിന്റെയും മോദി ബി.ജെ.പി.യുടെയും ജനറൽ സെക്രട്ടറിമാരായിരുന്നപ്പോൾ ടി.വി. ചാനൽ ചർച്ചകളിൽ ഒരുമിച്ച് പങ്കെടുത്താണ് അടുപ്പമുണ്ടായത്. എന്നാൽ, രാജ്യസഭയിലെ യാത്രയയപ്പുവേളയിൽ മോദി വികാരാധീനനായി സംസാരിച്ചതും തനിക്ക് മോദി സർക്കാർ പദ്മഭൂഷൺ ബഹുമതി നൽകിയതും കോൺഗ്രസിനെ ചൊടിപ്പിച്ചെന്നും ആസാദ് പരിഭവിക്കുന്നു.

2020-ൽ സോണിയാഗാന്ധിക്ക് ജി 23 എഴുതിയ കത്താണ് കോൺഗ്രസിൽ തന്റെ രാഷ്ട്രീയജീവിതത്തിന്റെ അവസാനത്തിന്റെ ആരംഭമായതെന്ന് ആസാദ്. ‘സംഘടനയെ ശക്തിപ്പെടുത്താനുള്ള ഒരു ആഹ്വാനമായിക്കാണാതെ സോണിയയും രാഹുലും ഈ കത്തിനെ അവർക്കുനേരെയുള്ള വെല്ലുവിളിയായി കരുതി. ഞങ്ങളെ ബി.ജെ.പി.ക്കാരായി മുദ്രകുത്തി. ഞാനിപ്പോഴും അദ്‌ഭുതപ്പെടുന്നു, ബി.ജെ.പി.ക്കാരായിരുന്നെങ്കിൽ എന്തിന് സംഘടനയെ ശക്തിപ്പെടുത്താനുള്ള നിർദേശം ഞങ്ങൾ വെക്കണം. ആ കത്തിന്റെ അടിയന്തരഫലമെന്നനിലയിൽ ദേശീയ ജനറൽ സെക്രട്ടറി പദത്തിൽനിന്ന് ഞാൻ നീക്കപ്പെട്ടു. 40 വർഷത്തിനുശേഷം കോൺഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടു. അങ്ങനെ പാർട്ടിയെ ശക്തിപ്പെടുത്താൻ എഴുതിയ കത്തിന് ഞാൻ വലിയ വിലകൊടുക്കേണ്ടിവന്നു.’ -ആസാദ് നേതൃത്വത്തിനുനേരെ വിരൽചൂണ്ടുന്നു.

അഞ്ചു പതിറ്റാണ്ടുകൾ നൽകിയ പദവികളിൽനിന്ന് പടിയിറങ്ങിയതിന്റെ രോദനം ആസാദുയർത്തുമ്പോൾ, കൊണ്ടുനടന്നതും നീയേ ചാപ്പാ... എന്ന വടക്കൻപാട്ട് വരികൾ പശ്ചാത്തലസംഗീതം.ആസാദ് കൊടുത്ത വലിയ വിലയുടെ കാര്യം അവിടെ നിൽക്കട്ടെ. ജമ്മുകശ്മീർ തിരഞ്ഞെടുപ്പുവരെ കാത്തിരുന്നാൽ മതി, നിലയും വിലയും അറിയാം. അത് കോൺഗ്രസിനും ആസാദിനും ബി.ജെ.പി.ക്കും ബാധകം. എന്നാൽ, പുതിയകാല കോൺഗ്രസിന് ആസാദ് നൽകിയ നിർവചനത്തിന് അനുയോജ്യനായിട്ടും അനിൽ ആന്റണി പടിയിറങ്ങിയതിനെക്കുറിച്ച് ആരുത്തരം പറയും?

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..