അദാനി ഗ്രൂപ്പിന്റെ പ്രതിസന്ധി


By ഡോ. ടി.എം. തോമസ് ഐസക്‌

4 min read
Read later
Print
Share

ധനവിചാരം

ഗൗതം അദാനി| Photo: AFP

അദാനി ഗ്രൂപ്പിന്റെ വളർച്ച ഒരു ലോകവിസ്മയമാണ്. അത്ര ശരവേഗത്തിലാണ് അദാനി ലോകത്തെ സമ്പന്നരിൽ രണ്ടാമനായി വളർന്നത്. 2014-ൽ അദാനിയുടെ സ്വത്ത് 0.50 ലക്ഷം കോടി രൂപയായിരുന്നു. 2022-ൽ 11.44 ലക്ഷം കോടി രൂപയായി. 23 മടങ്ങ് വർധന. സമീപകാലത്താണ് ഈ വർധനയിൽ നല്ലപങ്കും ഉണ്ടായത്. അഞ്ചുവർഷത്തിനിടയിൽ 14 മടങ്ങിലേറെയാണ് വർധന. കഴിഞ്ഞവർഷം ഓരോ ദിവസവും 1600 കോടി രൂപവെച്ചാണ് അദാനിയുടെ സ്വത്ത് വർധിച്ചത്.

അവസാനിക്കാത്ത തകർച്ച

ഈ ഉയരത്തിൽനിന്നാണ് കഴിഞ്ഞദിവസങ്ങളിലെ പതനം. രണ്ടുദിവസംകൊണ്ട് അദാനി കമ്പനികളുടെ ഓഹരിവിലകൾ 27 ശതമാനംമുതൽ (അദാനി ട്രാൻസ്മിഷൻ) 20 ശതമാനംവരെ (അദാനി എന്റർപ്രൈസസ്) താഴ്ന്നു. അദാനി വിൽമറും അദാനി പവറും 10 ശതമാനം വീതവും. ഇതിന്റെ ഫലമായി 4.17 ലക്ഷം കോടി രൂപയാണ് വിപണിമൂല്യം ഇല്ലാതായത്. മാത്രമല്ല, ഇന്ത്യാചരിത്രത്തിൽ ഏറ്റവും വലിയ കമ്പനി ഓഹരി വിൽപ്പനയായ 20,000 കോടി രൂപയുടെ പുതിയ ഓഹരികളിൽ കമ്പോളത്തിൽ ഇറക്കിയ ഓഹരികളുടെ ഒരു ശതമാനമേ വിറ്റുപോയുള്ളൂ. അദാനിയുടെ ഓഹരികൾ വാങ്ങാൻ ആളില്ല. ഈ തകർച്ച എവിടെച്ചെന്ന് അവസാനിക്കുമെന്നു കാത്തിരുന്നു കാണുകയേ നിർവാഹമുള്ളൂ.

എന്തുകൊണ്ട് തകർച്ച

അദാനി ഗ്രൂപ്പിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് വിശദമായി പഠിച്ചു തയ്യാറാക്കിയ ഹിൻഡൻബർഗ് കമ്പനിയുടെ റിപ്പോർട്ട് പ്രകാരം അദാനിയുടെ ഓഹരിവിലകൾ ഊതിവീർപ്പിച്ചവയാണ്. ശരിക്കും ഓഹരികൾക്ക്‌ കമ്പോളത്തിൽ ഇത്രയും വിലവരാൻ പാടില്ല. അവർ പറയുന്നത് അദാനിയുടെ കണക്കുകൾ മുഖവിലയ്ക്കെടുത്താൽപ്പോലും ഓഹരിവിലകൾ 85 ശതമാനമെങ്കിലും അനർഹമായി ഉയർന്നതാണ്.

ഓഹരിക്കമ്പോളത്തിലെ തിരിമറിയോ

ഹിൻഡൻബർഗ് റിപ്പോർട്ട് വിശദമായി പഠിച്ചാൽ ശരവേഗത്തിലുള്ള ഓഹരിവിലകളുടെ വർധനയെ ഇപ്രകാരം അതിലളിതവത്‌കരിച്ച് വിശദീകരിക്കാം. ഇവ യഥാർഥ കണക്കല്ല. കാര്യം മനസ്സിലാക്കാനുള്ള ഉദാഹരണം മാത്രമാണ്.
ഒന്ന്, 100 കോടി രൂപയുടെ ഒരു കമ്പനി സ്ഥാപിക്കുന്നുവെന്നു കരുതുക. ഇതാണ് മുതൽമുടക്ക്.
രണ്ട്, ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ ഈ കമ്പനിയുടെ യഥാർഥമൂല്യം 1000 കോടിയാണെന്ന് പ്രഖ്യാപിക്കുന്നു. ഈ കമ്പനിക്ക് പുതുതായി ലഭിച്ച ഖനികളോ അല്ലെങ്കിൽ മറ്റു ബിസിനസുകളോ കരാറുകളോ മറ്റും മൂലം ഭാവിവരുമാനത്തിൽ ഗണ്യമായ കുതിപ്പുണ്ടാകുമത്രേ. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനിയെ ലിസ്റ്റ് ചെയ്യുന്നതിനും ഓഹരി വിൽക്കുന്നതിനും തീരുമാനിക്കുന്നു.
മൂന്ന്, ഈ പ്രഖ്യാപനം കമ്പോളത്തെക്കൊണ്ട് എങ്ങനെ വിശ്വസിപ്പിക്കും? ഇവിടെയാണ് ട്വിസ്റ്റ്. കമ്പനി ലിസ്റ്റ് ചെയ്യണമെങ്കിൽ 25 ശതമാനം ഓഹരികളെങ്കിലും വിൽക്കണമെന്നാണ്‌ ചട്ടം. അത് ​െപ്രാമോട്ടർമാർ വാങ്ങാനും പാടില്ല. ഇതു മറികടക്കാൻ മൗറീഷ്യസിലും മറ്റും മറ്റുപേരുകളിൽ ഷെൽ കമ്പനികൾ രജിസ്റ്റർചെയ്യും. യഥാർഥ ഉടമ ഇന്ത്യയിലെ കമ്പനിയോ അവരുടെ ബന്ധുക്കളോ തന്നെയായിരിക്കും. അത്‌ വിദഗ്ധമായി മറച്ചുവെച്ചിരിക്കും. അവർ ഇറങ്ങി വൻതോതിൽ ഷെയർ വാങ്ങുന്നതോടെ കമ്പോളത്തിലെ വില കമ്പനി പ്രഖ്യാപിച്ചതാകും.
നാല്, അതോടെ പ്രൊമോട്ടർമാരുടെ ഓഹരികളുടെ വിലയും 10 മടങ്ങ് വർധിച്ചിരിക്കും. അവരുടെ സ്വത്തും ആനുപാതികമായി ഉയരും. ഇവിടംകൊണ്ടും തട്ടിപ്പ് അവസാനിക്കുന്നില്ല. ഈ ഊതിവീർപ്പിക്കപ്പെട്ട വിലകളുള്ള ഓഹരി ബാങ്കുകളിൽ പണയംവെച്ച് പണവും വാങ്ങും. ഇതോടെ തട്ടിപ്പിന്റെ ഒരു റൗണ്ട് തീരും. ഇത് അങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കും.

വെറും കുമിളയല്ല

ഏതാണ്ട് ഇതുപോലുള്ള ഒരു പരിപാടിയാണ് അദാനി ഓഹരിവിലകളുടെ കുതിപ്പിനു പിന്നിലെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ സാരാംശം. പക്ഷേ, അതുകൊണ്ട് അദാനി കമ്പനിയുടെ വളർച്ച വെറും ഒരു കുമിളയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. കൽക്കരി, വൈദ്യുതി, തുറമുഖം, ഗതാഗതം, ഗ്രീൻ എനർജി, സിമന്റ്, ഡേറ്റാ സെന്റർ എന്നിങ്ങനെ എല്ലാ മേഖലകളിലും യഥാർഥ വ്യവസായങ്ങളും ആസ്തികളുമുണ്ട്. അവയൊക്കെ ഒരു കുമിളയാണെന്നല്ല വാദം. മറിച്ച് അവയുടെ ഇന്നത്തെ മൂല്യം ഊതിവീർപ്പിച്ചവയാണ്.

വിദേശത്തെ ഷെൽ കമ്പനികൾ

ഹിൻഡൻബർഗ് റിപ്പോർട്ട് വെളിപ്പെടുത്തുന്ന ഒരു കാര്യം മൗറീഷ്യസ്, കെയ്മാൻ ദ്വീപുകൾ എന്നിവിടങ്ങളിൽ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥരുമായി ബന്ധപ്പെട്ടുള്ള ബിനാമി കമ്പനികളുടെ വിശദാംശങ്ങളാണ്. കഴിഞ്ഞ ഓഗസ്റ്റിൽ അദാനിയുടെ ഈ ബിനാമി കമ്പനികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വരുകയും പാർലമെന്റിൽ ഉന്നയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. ഈ ഷെൽ കമ്പനികളുമായി ബന്ധപ്പെട്ട് കള്ളപ്പണത്തിന്റെ റൗണ്ട് ട്രിപ്പിങ്‌ വളരെ വിശദമായിട്ട് റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്.
റൗണ്ട് ട്രിപ്പിങ്‌ എന്നു പറയുന്നത് നാട്ടിൽ ഉണ്ടാകുന്ന കള്ളപ്പണം വിദേശത്തു കൊണ്ടുപോയി വെളുപ്പിച്ച് തിരിച്ചു നാട്ടിൽ കൊണ്ടുവരുന്നതിനെയാണ്. ഇതിന് ആദ്യം ചെയ്യുക ഇറക്കുമതി ഇൻവോയ്‌സുകൾ പെരുപ്പിച്ചുകാണിക്കുക എന്നുള്ളതാണ്. എന്നുവെച്ചാൽ വില വളരെ ഉയർത്തിയാണ് ഇറക്കുമതി ചെയ്യുക. യഥാർഥത്തിൽ അത്രയും വില ഇല്ല. ഈ വ്യത്യാസം വിദേശത്തുള്ള ഷെൽ കമ്പനികളിലേക്കു കൈമാറും. അത് അവർ അദാനി കമ്പനികൾക്കുള്ള വായ്പയായോ ഓഹരികളിലുള്ള നിക്ഷേപമായോ ഉപയോഗിക്കും. അതോടെ കള്ളപ്പണം വെള്ളപ്പണമായിമാറും. അദാനിയുമായി ബന്ധമുള്ള ഒട്ടേറെ കമ്പനികളുമായി ഇത്തരത്തിലുള്ള പണമിടപാടുകളുടെ പല വിശദാംശങ്ങളും റിപ്പോർട്ട് നൽകുന്നുണ്ട്.

ഉയർന്ന കടബാധ്യതകൾ

ഒരുപക്ഷേ, അദാനി ഗ്രൂപ്പിലെ നിക്ഷേപകരെ കൂടുതൽ അലട്ടിയത് കമ്പനിയുടെ ബാധ്യതകൾ സംബന്ധിച്ച വിശകലനമാണ്. അദാനി കമ്പനിയുടെ വളർച്ചയുടെ ശക്തിസ്രോതസ്സ് സ്വന്തം മൂലധനത്തെക്കാൾ വായ്പാമൂലധനമായിരുന്നു. വിദേശത്തുനിന്നും നാട്ടിൽനിന്നും വലിയതോതിൽ വായ്പയെടുത്തിട്ടുണ്ട്. ഫിറ്റ്ച്ച് റേറ്റിങ്‌ കമ്പനിയുടെ ക്രെഡിറ്റ് സൈറ്റ്‌സ് എന്ന സ്ഥാപനം അദാനി ഗ്രൂപ്പിന്റെ കടബാധ്യത-മൂലധനത്തോത് അതിരുവിട്ടതാണെന്ന് കുറച്ചുനാൾമുമ്പ് വിശദമായ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. അതിനെ ശരിവെക്കുന്നതാണ് ഹിൻഡൻബർഗ് പഠനം.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ അദാനിയുടെ കടം 1.1 ലക്ഷം കോടി രൂപയിൽനിന്ന് 2.6 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതിൽ നല്ലൊരുപങ്ക് ഇന്ത്യയിലെ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിൽനിന്നാണ്. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ എടുത്ത വായ്പകളിൽ 40 ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നാണ്. എൽ.ഐ.സി. 74,000 കോടി രൂപയാണ് അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചിട്ടുള്ളത്.

ചാമ്പ്യൻ ഇൻവെസ്റ്റർമാർ

ഹിൻഡൻബർഗ് റിപ്പോർട്ട് കമ്പോളത്തിൽ സമീപകാലത്തെ ഏറ്റവും വലിയ കോളിളക്കം സൃഷ്ടിച്ചിട്ടും ഓഹരി ഇടപാടുകൾക്ക്‌ മേൽനോട്ടം വഹിക്കുന്ന സെബി ഒരക്ഷരം മിണ്ടിയിട്ടില്ല. ഇന്ത്യാ സർക്കാരിനും മിണ്ടാട്ടമില്ല. ഇങ്ങനെ ഊരിപ്പോകാൻ ഇവർക്കാർക്കും കഴിയില്ല.
ഇന്ത്യയുടെ വികസനത്തിന് മോദി കണ്ടുപിടിച്ച ഉപായമാണ് ഏതാനും ആഗോള ഭീമൻ കമ്പനികളെ സൃഷ്ടിക്കുകയെന്നുള്ളത്. അവ ഇന്ത്യയെ മുന്നോട്ടുനയിക്കും. ഇതാണത്രേ കൊറിയയിൽ നടന്നത്. നിതി ആയോഗ് മേധാവി അമിതാഭ് കാന്തിന്റെ ഭാഷയിൽ അഞ്ച് ചാമ്പ്യൻ നിക്ഷേപകരെ സൃഷ്ടിക്കലാണ് ലക്ഷ്യം. അതിൽ ഒന്നാമനാണ് മോദിയുടെ ദീർഘകാല സുഹൃത്തുകൂടിയായ ഗൗതം അദാനി. അതുകൊണ്ട് ഏതു പ്രതിസന്ധിയിലും കേന്ദ്രസർക്കാർ അദാനിയെ കൈവിടുമെന്നു പ്രതീക്ഷിക്കാൻ വയ്യ.

Content Highlights: dr tm thomas isaac on adani hindenburg issue

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..