തീയിൽ കുരുത്ത ഗോത്രവനിത


മനോജ് മേനോൻ

പഠിച്ച് സ്ഥിരവരുമാനമുള്ള ഒരു ജോലികിട്ടണമെന്നുമാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും ഇത്രയും വലിയ പദവികളിൽ പരിഗണിക്കപ്പെടുമെന്നും ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ല-ദ്രൗപദി മുർമു

ദ്രൗപദി മുർമു | Photo - PTI

: സങ്കടമഴകളുടെയും പോരാട്ടത്തിന്റെയും കാലംകടന്ന് ദ്രൗപദി രാജ്യത്തിന്റെ പരമോന്നതപദവിയിലെത്തുന്നു. സഹനങ്ങളുടെ സ്ത്രീജീവിതത്തിന് അത് പുതുപ്രതീക്ഷയാവുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുമ്പോഴും മനുഷ്യരായി മുഖ്യധാരാ മാനദണ്ഡങ്ങൾ സമ്മതിക്കാത്ത ഉത്തരേന്ത്യയിലെ പാർശ്വവത്‌കരിക്കപ്പെട്ട ഗോത്ര-ദളിത് വിഭാഗങ്ങളിൽ ഇരുചെവിയറിയാതെ എരിഞ്ഞുവീഴുന്നവർക്ക് പ്രചോദനംകൂടിയാണ് ദ്രൗപദി.

‘‘പഠിച്ച് സ്ഥിരവരുമാനമുള്ള ഒരു ജോലികിട്ടണമെന്നുമാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും ഇത്രയും വലിയ പദവികളിൽ പരിഗണിക്കപ്പെടുമെന്നും ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ല’’ -രാഷ്ട്രപതി സ്ഥാനാർഥിയായി നിശ്ചയിക്കപ്പെട്ടപ്പോൾ ദ്രൗപദി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ആദിവാസിവിഭാഗത്തിലെ സന്താൾ ഗോത്രത്തിലാണ് ദ്രൗപദിയുടെ ജനനം. സന്താളി ഭാഷയും മുണ്ഡ ഭാഷയും പൊതുവേ സംസാരിക്കുന്ന സന്താൾവിഭാഗം കടുത്ത ആചാരങ്ങളും നിഷ്ഠകളും പിന്തുടരുന്ന യാഥാസ്ഥിതിക സമൂഹമാണ്. പ്രാരബ്ധങ്ങളുടെയും പരിമിതികളുടെയും നടുവിലാണ് പിറന്നത്. അച്ഛൻ ബിരാഞ്ചി നാരായൺ ടുഡുവും മുത്തച്ഛനും ഗ്രാമമുഖ്യൻമാരായിരുന്നു എന്നത് വിദ്യാഭ്യാസത്തിന് വഴിതുറന്നു. പെൺകുട്ടികളെ പഠിക്കാൻവിടാത്ത അന്നത്തെ ഇരുളാണ്ട സമൂഹത്തിൽ ഏഴാംക്ലാസുവരെ മയൂർഭഞ്ജ് എച്ച്.എസ്. ഉപർബേഡ സ്കൂളിൽ ദ്രൗപദി പഠിച്ചു. തുടർന്നും പഠിക്കാൻ ആഗ്രഹിച്ചപ്പോൾ അച്ഛൻ പ്രോത്സാഹിപ്പിച്ചു. എന്നാൽ, തുടർപഠനത്തിനുള്ള സൗകര്യം ഗ്രാമത്തിലുണ്ടായിരുന്നില്ല. ഭുവനേശ്വറിൽപ്പോയി തുടർപഠനം നടത്താൻ സർക്കാർ സഹായം ലഭിച്ചു.

ഭൂവനേശ്വറിൽനിന്ന് ബിരുദം നേടിയശേഷം നാട്ടിൽ മടങ്ങിയെത്തി. ഒഡിഷ സർക്കാരിന്റെ ജലസേചനവകുപ്പിൽ ക്ലാർക്കായി ജോലി ലഭിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാംചരൺ മുർമുവിനെ വിവാഹംകഴിച്ചു. കുട്ടികളായപ്പോൾ അവരെ വളർത്താനായി 1983-ൽ ജോലി വിട്ടു. എന്നാൽ, കുട്ടികൾ മുതിർന്നപ്പോൾ സമയം ബാക്കിയായി. അധികസമയം വിനിയോഗിക്കാൻ റായ്‌രംഗപുറിലെ ശ്രീ അരബിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ അസിസ്റ്റന്റ് പ്രൊഫസറായി ശമ്പളമില്ലാതെ പ്രവർത്തിച്ചു. സമൂഹസേവനത്തിന്റെ പാത ദ്രൗപദിക്കുമുന്നിൽ തുറക്കുന്നത് ഇവിടെനിന്നാണ്.

ദ്രൗപദിയുടെ ജീവിതത്തിലെ അവിചാരിത വഴിത്തിരിവുകളുടെ വേഗംകൂടുന്നത് അധ്യാപനകാലത്താണ്. അധ്യാപികയുടെ സേവനങ്ങൾക്കൊപ്പം സാമൂഹികരംഗത്തും സജീവമായി. സ്വന്തം സമൂഹത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണങ്ങൾ തേടിയും പരിഹാരംകണ്ടും സഹജീവികൾക്ക് പിന്തുണ നൽകിയും ദ്രൗപദി രംഗത്തിറങ്ങി. അതിനിടെ, രാഷ്ട്രീയപ്രവർത്തകരായ ചില സുഹൃത്തുക്കൾ ദ്രൗപദിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചു. അതേക്കുറിച്ച് ദ്രൗപദി ഓർമിക്കുന്നത് ഇങ്ങനെ: ‘‘ചില സുഹൃത്തുക്കൾ രാഷ്ട്രീയ പ്രവർത്തനത്തിന് വിളിച്ചു. രാഷ്ട്രീയത്തിൽ എനിക്ക് താത്‌പര്യമുണ്ടായിരുന്നില്ല. രാപകൽ പ്രവർത്തിക്കേണ്ടിവരും. ഏതുജോലിയായാലും അതിൽ മുഴുകി പ്രവർത്തിക്കുകയാണ് എന്റെ രീതി. രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഞാൻ വിമുഖത പ്രകടിപ്പിച്ചു. എന്നാൽ, കൂടുതൽ ജനങ്ങളിലേക്ക് എത്താൻ രാഷ്ട്രീയപ്രവർത്തനം സഹായിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. അതോടെ തീരുമാനം മാറ്റി.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..