മന്ത്രിയുടെ വാക്കുകൾ അവഹേളനമെന്ന് വിദഗ്ധർ


ഭരണഘടനയെക്കുറിച്ചുള്ള മന്ത്രി സജി ചെറിയാന്റെ പരാമർശം സത്യപ്രതിജ്ഞാലംഘനവും കുറ്റകരവുമാണെന്ന് ഭരണഘടനാവിദഗ്ധർ. 1971-ലെ ദേശീയപതാക-ഭരണഘടനാ അനാദരം സംബന്ധിച്ച നിയമപ്രകാരം ശിക്ഷാനടപടിക്ക് അർഹതയുള്ളതാണ് മന്ത്രിയുടെ വാക്കുകളെന്നാണ് വിലയിരുത്തൽ. നിയമമനുസരിച്ച്, പൊതുസ്ഥലത്തോ അല്ലെങ്കിൽ ഏതെങ്കിലുമൊരു സ്ഥലത്തോ ഭരണഘടനയോ ദേശീയപതാകയോ കത്തിക്കൽ, വികലമാക്കൽ, ചീത്തയാക്കൽ, വിരൂപമാക്കൽ, നശിപ്പിക്കൽ, നിന്ദിക്കൽ തുടങ്ങിയവ അനാദരമായി കണക്കാക്കും. എഴുത്തിലോ പ്രസംഗരൂപത്തിലോ ഉള്ള വാക്കുകളോ പ്രവൃത്തിയോ അനാദരമായി കണക്കാക്കും. മൂന്നുവർഷംവരെ തടവോ പിഴയോ രണ്ടുംകൂടിയതോ ആണ് ശിക്ഷ.

ഭാഷ വഷളായിപ്പോയി

പി.ഡി.ടി. ആചാരി,
ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ

ഭരണഘടനയെ ശക്തമായി വിമർശിക്കലാണ് മന്ത്രി ഉദ്ദേശിച്ചതെങ്കിലും ഉപയോഗിച്ച ഭാഷ വഷളായിപ്പോയി. മന്ത്രി ഭരണഘടനയെ അപമാനിച്ചെന്നു പറയാനാവില്ല. എന്നാൽ, പൊതുജനങ്ങൾക്കിടയിൽ ഭരണഘടനയെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന ഭാഷ അദ്ദേഹം ഉപയോഗിച്ചു. ഒരു മന്ത്രി അതുചെയ്യാൻ പാടില്ല. ഒരു സാധാരണ പൗരന്റെ സ്വാതന്ത്ര്യം മന്ത്രിക്കു കിട്ടില്ല. ഭരണഘടനയെക്കുറിച്ചുള്ള പരാമർശം. മന്ത്രി ഒഴിവാക്കേണ്ടതായിരുന്നു.

രാജി ചോദിച്ചുവാങ്ങണം

ജസ്റ്റിസ് കെമാൽ പാഷ,
ഹൈക്കോടതി മുൻജഡ്ജി

ജഡ്ജിക്കും മന്ത്രിക്കും ഭരണഘടനയെ വിമർശിക്കാൻ അധികാരമില്ല. ഭരണഘടനയിൽ വിശ്വാസമില്ലാത്ത ആളാണു താനെന്നു മന്ത്രി വെളിവാക്കുകയാണ്. ഭരണഘടനയനുസരിച്ച് ഭരണനിർവഹണം നടത്തിക്കൊള്ളാമെന്നു പ്രതിജ്ഞചെയ്ത മന്ത്രി ആ ഭരണഘടന കൊള്ളയടിക്കാനാണെന്നു പറയുന്നു. ഈ കാഴ്ചപ്പാട് പുലർത്തുന്ന ഒരാൾക്കു മന്ത്രിസ്ഥാനത്തു തുടരാൻ അവകാശമില്ല. ഭരണഘടനയിൽ എഴുതിയിട്ടുള്ള മതേതരത്വവും ജനാധിപത്യവുമൊക്കെ കുന്തവും കുടച്ചക്രവുമായിട്ടാണ് മന്ത്രിക്കു തോന്നുന്നത്. ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമില്ലെങ്കിൽ എങ്ങനെ ജനാധിപത്യസമ്പ്രദായത്തിൽ മന്ത്രിക്കു ഭരിക്കാനുള്ള അവകാശമുണ്ടാവും? നിർബന്ധമായും മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണം.

ശിക്ഷാർഹനാണ് മന്ത്രി

എം.ആർ. അഭിലാഷ്,
സുപ്രീംകോടതി അഭിഭാഷകൻ

ഭരണഘടനയെ പരുഷമായി ആക്ഷേപിച്ചിരിക്കുകയാണ് മന്ത്രി. താനിരിക്കുന്ന കസേരയെക്കുറിച്ചു ബോധ്യമില്ലാതെയാണ് ഈ നടപടി. മതേതരത്വവും ജനാധിപത്യവും കുന്തവും കുടച്ചക്രവുമാണെന്നു പറയുന്നത് അവഹേളനമല്ലേ? ജുഡീഷ്യറിയെ ഉൾപ്പെടെ കടന്നാക്രമിക്കുകയാണ് മന്ത്രി. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുന്ന രീതിയിലാണ് അഭിപ്രായപ്രകടനം. സംസ്ഥാനത്തു ഭരണഘടന സംരക്ഷിക്കേണ്ടയാളാണ് ഗവർണർ. നിർബന്ധമായും മന്ത്രിയുടെ രാജി ഗവർണർ മുഖ്യമന്ത്രിയിൽനിന്നു ചോദിച്ചുവാങ്ങേണ്ടതാണ്. ഇതു മാപ്പുപറഞ്ഞാൽ തീരുന്ന പ്രശ്നമല്ല. 1971-ലെ നിയമമനുസരിച്ച് ശിക്ഷാർഹനാണ് മന്ത്രി.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..