മല്ലപ്പള്ളി വഴി വന്ന ഭരണഘടനാപ്രശ്നം


എസ്‌.എൻ. ജയപ്രകാശ്‌

സഭാതലം

നിങ്ങൾക്ക് രാഷ്ട്രീയപ്രശ്നങ്ങളല്ലാതെ, ജനകീയ പ്രശ്നങ്ങളൊന്നുമില്ലേ പ്രതിപക്ഷമേ? കഴിഞ്ഞദിവസം സഭയിലുയർന്ന ചോദ്യമാണിത്. ചൊവ്വാഴ്ച നേരംപുലർന്നപ്പോൾ പ്രതിപക്ഷം ജനകീയ പ്രശ്നവുമായി വന്നു. കോഴിക്കോട്ടെ ആവിക്കലിൽ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ ജനങ്ങളുടെ പ്രതിഷേധമായിരുന്നു അവരുടെ അടിയന്തരപ്രമേയം. പക്ഷേ, അതിന് രാഷ്ട്രീയപ്രശ്നങ്ങളിലെ അടിയന്തരപ്രമേയങ്ങൾ അനുഭവിച്ച ചർച്ചാഭാഗ്യമുണ്ടായില്ല. പ്രമേയത്തിന് അവതരണാനുമതി കിട്ടിയില്ല. പ്രതിപക്ഷം ഇറങ്ങിപ്പോയി. പിന്നെ ഗതാഗത, ധനാഭ്യർഥകളെപ്പറ്റിയായി ചർച്ച.

അങ്ങനെ ശാന്തമായി പോകവേ, നിനച്ചിരിക്കാതെ പ്രതിപക്ഷത്തിന്റെ കാലിൽ ഗൗരവകരമായ ഭരണഘടനാപ്രശ്നംതന്നെ കയറിച്ചുറ്റി. മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളിയിലെ ഭരണഘടനാ അവഹേളനപ്രസംഗം. സഭയ്ക്കുപുറത്ത് സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് സമരങ്ങൾ ഉണ്ടായെങ്കിലും സഭയ്ക്കകത്ത് ചർച്ചതീരുംവരെ ആ ഭരണഘടനാപ്രശ്നം ഉയർന്നില്ല.

മത്സ്യബന്ധനവകുപ്പിന്റെ ധനാഭ്യർഥനച്ചർച്ച കഴിഞ്ഞ് സജി ചെറിയാൻ മറുപടി പറയാനെഴുന്നേറ്റപ്പോൾ അവസരം കാത്തിരുന്നപോലെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചാടിവീണു. ഭരണഘടനാലംഘനം നടത്തിയ മന്ത്രി രാജിവെക്കണം. അല്ലെങ്കിൽ പുറത്താക്കണം. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പിന്നാലെ വന്നു മന്ത്രിയുടെ ഖേദപ്രകടനം. വാർത്ത വളച്ചൊടിച്ചത്. ഭരണഘടനയോട് അങ്ങേയറ്റം ബഹുമാനമാണ് മന്ത്രിക്കും പാർട്ടിക്കും. എന്നാൽ, അതിലെ നിർദേശകതത്ത്വങ്ങൾക്ക് പല്ലും നഖവും പോരായെന്നുകണ്ടു. മന്ത്രിയുടെ ഭാഷയിൽപ്പറഞ്ഞാൽ, നിർദേശകതത്ത്വങ്ങൾ ശാക്തീകരിക്കപ്പെടണം. അതില്ലാത്തതിനാൽ ഭരണകൂടസംവിധാനങ്ങൾ ചൂഷിതജനകോടികളെ വഞ്ചിക്കുന്നതിനെപ്പറ്റി സ്വന്തം വാക്കുകളിൽ പറഞ്ഞപ്പോൾ ഇങ്ങനെയൊക്കെ ആയിപ്പോയെങ്കിൽ ഖേദിക്കുന്നു എന്ന മട്ടിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. തന്റെ വാഗ്‌ധോരണിക്ക്‌ രണ്ടുസാക്ഷികളെയും മന്ത്രി ചൂണ്ടിക്കാട്ടി. സഭയിലെ അംഗങ്ങളായ മാത്യു ടി. തോമസും പ്രമോദ് നാരായണനും. പക്ഷേ, അവർ സാക്ഷിപറയാനൊന്നും നിന്നില്ല.

ഇതൊന്നും തന്നെ ബാധിക്കുന്നേയില്ലെന്ന മട്ടിൽ അദ്ദേഹം മുഖ്യമന്ത്രിയെ പ്രതിരോധിക്കാനുള്ള ദൗത്യം ഏറ്റെടുത്തു.

ഗതാഗതവകുപ്പിന്റെ ചർച്ചയുണ്ടായിട്ടും മരണക്കിടക്കയിലായ കെ.എസ്.ആർ.ടി.സി.യെ പലരും മറന്നുപോയി. എന്നാൽ, പി.ടി.യുടെ ­സ്മരണയെ ആവാഹിച്ച് ഉമാ തോമസ് നടത്തിയ കന്നിപ്രസംഗത്തിൽ കെ.എസ്.ആർ.ടി.സി.യുടെ പ്രശ്നങ്ങൾ ഇടംനേടി. ഉപതിരഞ്ഞെടുപ്പ് സൗഭാഗ്യമെന്നു പറഞ്ഞ് കുത്തിനോവിച്ചവരോട് അവർ പറഞ്ഞു: ‘‘ഈ ഉപതിരഞ്ഞെടുപ്പും അതിലെ വിജയവും എനിക്ക് കറുത്ത അധ്യായങ്ങളാണ്.’’ പി.ടി.യെക്കുറിച്ച് പറഞ്ഞപ്പോൾ അവരുടെ ശബ്ദം ഇടറിയില്ല. പകരം പതിവിലും ഉച്ചത്തിലേക്കു പടർന്നു. അവർ രാഷ്ട്രീയം പറഞ്ഞു. അതിനെക്കാൾകൂടുതൽ വികസനത്തെപ്പറ്റി സംസാരിച്ചു. വോട്ടുപിടിക്കാൻ അവിടെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ച മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവരിങ്ങനെ ഓർമിപ്പിച്ചു: ‘‘നിങ്ങൾ തൃക്കാക്കരയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം നടത്തിത്തരുക. അല്ലെങ്കിൽ നിങ്ങൾ പറഞ്ഞതെല്ലാം ഗിമ്മിക്കായിരുന്നുവെന്ന് അവർ കരുതും.’’ വോട്ടെടുപ്പുദിവസം എൽ.ഡി.എഫ്. പത്രങ്ങൾക്ക് നൽകിയ വാഗ്ദാനപ്പരസ്യങ്ങളും അവർ ഉയർത്തിക്കാട്ടി.

ഉമയെ അഭിനന്ദിച്ചത് പ്രതിപക്ഷാംഗങ്ങൾ മാത്രമല്ല, തൃക്കാക്കരയിലെ താമസക്കാരനായ കുട്ടനാട്ടെ ഇടതുപക്ഷ എം.എൽ.എ. തോമസ് കെ. തോമസ് പറഞ്ഞു: ‘‘പറയാതെവയ്യ, നല്ലപ്രസംഗം.’’ ഒരു വെളിപ്പെടുത്തലും അദ്ദേഹം നടത്തി. നിയമസഭയിലെ പ്രവർത്തനത്തെപ്പറ്റി ഭരണപക്ഷ എം.എൽ.എ.മാരോട് ഒരിക്കൽ പിണറായി വിജയൻ പറഞ്ഞത്രേ. പി.ടി.യെപ്പോലുള്ള കരുത്തനായ ഒരാൾ പ്രതിപക്ഷത്തുണ്ടെന്ന് ഓർക്കണം.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..