നമ്മൾ വർധിക്കുമ്പോൾ...


ഡോ. ജെ. രത്നകുമാർ | ഡോ. കെ.പി. വിപിൻ ചന്ദ്രൻ

ഇന്ന്‌ ലോക ജനസംഖ്യാദിനം

മൂന്നുപതിറ്റാണ്ടിലേറെയായി ജനസംഖ്യാദിനം ആഗോളതലത്തിൽ ആചരിക്കുന്നുണ്ടെങ്കിലും ഇത്‌ ലക്ഷ്യംവെക്കുന്ന ജനസംഖ്യാപ്രശ്നങ്ങളുടെ ബോധവത്കരണം എത്രത്തോളം ഫലപ്രദമാകുന്നുണ്ട്‌ എന്നത്‌ പുനർവിചിന്തനത്തിന്‌ വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നമ്മൾ 2022-ലെ ലോക ജനസംഖ്യാദിനം ആഘോഷിക്കുമ്പോൾ ലോകത്ത്‌ ഏകദേശം 800 ​കോടിയോളം ആളുകൾ അധിവസിക്കുന്നതായാണ്‌ പുറത്തുവന്ന കണക്കുകൾ നൽകുന്ന സൂചന. “എട്ടു ബില്യൺ ജനതയുടെ ലോകം: എല്ലാവരുടെയും ശാശ്വതമായ ഭാവിയിലേക്ക്‌ - അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും എല്ലാവർക്കും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉറപ്പാക്കുകയും ചെയ്യുക” എന്നതാണ്‌ ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രമേയം

യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ നിരീക്ഷണത്തിൽ, ‘‘നാം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ലോകത്ത്‌, 800 ​കോടി ആളുകൾ എന്നത്‌ അർഥമാക്കുന്നത്‌ മാന്യവും സംതൃപ്തവുമായ ജീവിതം നയിക്കാനുള്ള 800 ​കോടി അവസരങ്ങൾ തുറന്നു തരുന്നുവെന്നതാണ്‌”. ഭൂമുഖം ഇന്ന്‌ നേരിടുന്ന സുപ്രധാന വെല്ലുവിളികളെക്കൂടി അവസരമാക്കി മാറ്റിയാൽ മാത്രമേ 800 ​കോടി ജനസംഖ്യയുള്ള ഒരു ലോകത്ത്‌ 800 ​കോടി അവസരങ്ങൾ സൃഷ്ടിക്കുക സാധ്യമാകൂ.

അദ്ദേഹത്തിന്റെ വാക്കുകൾ പ്രത്യാശ പകരുന്നതാണെങ്കിലും മുന്നിലുള്ളത്‌ ദുർഘടമായ പാതയാണ്‌. ആഗോളതലത്തിൽ ഉയർന്നുവരുന്ന ലിംഗ അസമത്വവും മതപരമായ വേർതിരിവുകളും ചേരിപ്പോരും വംശീയവിദ്വേഷങ്ങളും കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യ-ജല-ഊർജ വിഭവങ്ങളുടെ ദൗർലഭ്യവും ഭാവിതലമുറയുടെ മുന്നോട്ടുള്ള പ്രയാണത്തിന്‌ പ്രതിബന്ധങ്ങൾ സൃഷ്ടിക്കാം. ഇത്‌ പരോക്ഷത്തിൽ അവസരങ്ങൾ വളർത്തിയെടുക്കാനുള്ള സാധ്യതകളെ മന്ദീഭവിപ്പിക്കും.

800 ​കോടിയിലേക്കുള്ള നാൾവഴികൾ

കഴിഞ്ഞ രണ്ടുനൂറ്റാണ്ടിൽ ലോകജനസംഖ്യയിൽ അഭൂതപൂർവമായ വളർച്ച രേഖപ്പെടുത്തിയതായി ലഭ്യമായ കണക്കുകളിൽനിന്ന്‌ അനുമാനിക്കാം. ഉദാഹരണത്തിന്‌, 1830-ൽ വെറും 100 കോടിയായിരുന്ന ലോക ജനസംഖ്യ അടുത്ത നൂറ്റാണ്ടുകൊണ്ട്‌ ഇരട്ടിച്ച്‌ 1930-ൽ 200 കോടിയിലെത്തി. പിന്നീട്‌ മൂന്ന്‌ ദശാബ്ദം എടുത്തപ്പോഴേക്കും (1960) 300 കോടിയിലെത്തി. അടുത്ത 100 കോടി ജനങ്ങളെ കൂട്ടിച്ചേർത്ത്‌ 400 കോടിയാകാൻ 15 വർഷവും (1975) 500 കോടിയാകാൻ 12 വർഷവും (1987) മാത്രമേ ആവശ്യമായി വന്നുള്ളൂ. 600 കോടിയിലേക്കെത്താൻ 11 വർഷവും (1998) 700 കോടിയിലേക്കെത്താൻ 13 വർഷവുമെടുത്തു (2011). ചുരുക്കത്തിൽ, 1830-ൽ നിന്ന്‌ 100 വർഷം കൊണ്ട്‌ ഇരട്ടിച്ച ജനസംഖ്യ പിന്നീട്‌ ഏഴു മടങ്ങായി വർധിച്ചു. ഇപ്പോഴത്തെ ജനസംഖ്യയായ എട്ടു ബില്യണിലേക്ക്‌ (800 കോടി) കുതിക്കാൻ വീണ്ടും 11 വർഷം ആവശ്യമായി വന്നു.

ഈ പ്രവണതകൾ പ്രകാരം 100 കോടി ജനസംഖ്യ കൂട്ടിച്ചേർക്കുന്ന കാലയളവിൽ വരുന്ന കുറവ്‌ ജനസംഖ്യാ വളർച്ചയുടെ പ്രത്യക്ഷ സൂചകമാണ്‌. എന്നാൽ, 1990-കൾക്കുശേഷം ജനസംഖ്യയിൽ മുകളിൽ സൂചിപ്പിച്ച വർധന സംഭവിക്കുന്നത്‌ ഏകദേശം ഒരു ദശാബ്ദക്കാലത്തിനു മുകളിലുള്ള ഇടവേളകളിൽ മാത്രമാണ്‌. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിൽ ലോക ജനസംഖ്യാ വളർച്ച നിരക്കുകൾ ഗണ്യമായി കുറഞ്ഞ്‌ 1.2 ശതമാനത്തിലെത്തിയെങ്കിലും ഈ വളർച്ചയുടെ മുഖ്യപങ്കുകാർ ആഫ്രിക്കയിലെയും ഏഷ്യയിലെയും ചില രാജ്യങ്ങളാണ്‌.

ഭാവിസാധ്യതകൾ

യു.എന്നിന്റെ ജനസംഖ്യാ പ്രവചനങ്ങൾ പ്രകാരം അടുത്ത മൂന്ന്‌ ദശാബ്ദംകൊണ്ട്‌ ജനസംഖ്യ ഏകദേശം 200 കോടി വർധിച്ച്‌ 2050-ൽ 9.7 ബില്യണും 2100-ൽ 11 ബില്യണും വരെ എത്താം. ഭൂമിയുടെ വാഹകശേഷി (carrying capacity) മിക്ക ഭൗമശാസ്ത്രജ്ഞരും കരുതുന്നതുപോലെ ഒമ്പത്‌ ബില്യൺ മുതൽ 10 ബില്യൺ വരെ ജനസംഖ്യയാണെങ്കിൽ മുകളിൽ സൂചിപ്പിച്ച ജനസംഖ്യാ കണക്കുകൾ ആശങ്കാജനകമാണ്‌. എന്നാൽ, ജനസംഖ്യയുടെ ഭാവിയിലെ സഞ്ചാരപഥത്തെ സംബന്ധിച്ച്‌ ജനസംഖ്യാപഠന വിദഗ്‌ധരുടെ ഇടയിൽ വ്യത്യസ്ത ചിന്താധാരകൾ നിലനിൽക്കുന്നുണ്ട്‌. ആയതിനാൽ, ലോകത്തെ ജനസംഖ്യ ഭാവിയിൽ എന്തായിരിക്കും എന്നത്‌ സംബന്ധിച്ച്‌ വ്യത്യസ്ത കണക്കുകളാണ്‌ ഇവർ മുന്നോട്ടുവെക്കുന്നത്‌. ലോകമെമ്പാടും നടക്കുന്ന സാമൂഹിക-സാമ്പത്തിക മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ പ്രത്യുത്‌പാദന നിരക്കുകൾ വരുംവർഷങ്ങളിൽ കുറയ്ക്കുമെന്ന വസ്തുതയിൽ ഇവർക്കിടയിൽ ഭിന്നാഭിപ്രായമില്ല. ഇത്‌ മൂന്നാം ലോക രാജ്യങ്ങളിലടക്കം ജനസംഖ്യാ പരിവർത്തനത്തിന്‌ ആക്കംകൂട്ടുമെന്നും ഇവർ വാദിക്കുന്നു. പ്രത്യുത്‌പാദന നിരക്കുകൾ ഇപ്പോൾ ഉയർന്ന നിരക്കുള്ള പ്രദേശങ്ങളിൽ കുറഞ്ഞുവരുന്നുണ്ടെങ്കിൽക്കൂടി ജനസംഖ്യാ ആക്കം (Population momentum) കാരണം ജനസംഖ്യാവളർച്ചയിലുള്ള കുതിപ്പ്‌ വരുംവർഷങ്ങളിലും തുടർന്നാലും അദ്‌ഭുതപ്പെടാനില്ല. മരണനിരക്കുകളിലുണ്ടാകുന്ന കുറവും അതുവഴി ആയുർദൈർഘ്യത്തിലുള്ള വർധനയും ജനസംഖ്യാ വിസ്ഫോടനത്തിന്റെ ചാലകശക്തികളായി മാറാം.

ചൈനയെ മറികടക്കാൻ ഇന്ത്യ

2001-ൽ യു.എന്നിന്റെ പഠനപ്രകാരം ജനസംഖ്യയിൽ ഇന്ത്യ ചൈനയെ 2040-ൽ മറികടക്കുമെന്ന്‌ കരുതിയിരുന്നത്‌. എന്നാൽ, ഇപ്പോൾ നിലവിലില്ലെങ്കിലും ചൈന നടപ്പാക്കിയ ഒറ്റക്കുട്ടി നയം അവരുടെ പ്രത്യുത്‌പാദന നിരക്കും ജനസംഖ്യാ വളർച്ചനിരക്കും ഗണ്യമായി കുറച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ, ജനസംഖ്യയിൽ ചൈനയെ 2027-ൽ മറികടക്കുമെന്ന്‌ യു.എൻ. 2019-ൽ പുനർനിർണയിച്ചു. ഇത്‌ അതിനെക്കാൾ മുൻപ്‌ സംഭവിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. ഇന്ത്യയുടെ പ്രത്യുത്‌പാദന നിരക്കുകൾ ഗണ്യമായി കുറഞ്ഞെങ്കിലും ദേശീയതലത്തിൽ ജനസംഖ്യാ നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകാത്തതാണ്‌ ചൈനയുമായുള്ള ജനസംഖ്യാ താരതമ്യത്തിൽ കാലദൈർഘ്യം കുറയാനുള്ള മുഖ്യകാരണം.
(ലേഖകർ ഡോ. ജെ. രത്നകുമാർ ന്യൂഡൽഹി സ്മീക്കേഴ്സ്‌ റിസർച്ച്‌ ഇനിഷ്യേറ്റീവ്‌ സെല്ലിലെ റിസർച്ച്‌ ഫെലോയും ഡോ. കെ.പി. വിപിൻ ചന്ദ്രൻ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ്‌ വനിതാ കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറുമാണ്‌)

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..