കേട്ടതും കേൾക്കേണ്ടതും


പുരുഷന്മാർക്ക് എവിടെവേണമെങ്കിലും മൂത്രമൊഴിക്കാം. സ്ത്രീകൾക്ക് അത് പറ്റില്ലല്ലോ എന്നത് സമൂഹത്തിന്റെ വളരെ തെറ്റായ പൊതുധാരണ മാത്രമാണ്. അത് പാടില്ല, ശരിയുമല്ല. പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്ന പ്രവണത ആരോഗ്യവും സാമൂഹികപരവുമായ കാരണങ്ങളാൽ പൂർണമായും ഇല്ലാതാക്കേണ്ടതാണ്. വൃത്തിയുള്ള ശൗചാലയം മനുഷ്യന്റെ അവകാശമാണ്.
ഡോ. ജയശ്രീ എ.കെ.

ദ്രൗപദി മുർമു എന്ന ഗോത്രവനിത ഭാരതത്തിന്റെ പ്രഥമവനിതയാകാൻപോകുന്നു എന്നാണ് പലരും പറയുന്നത്. ഇതുകേട്ടാൽ തോന്നും ഇതോടുകൂടി എല്ലാ ആദിവാസികൾക്കും ഒന്നടങ്കം മോക്ഷമായെന്ന്. സത്യത്തിൽ ഇതൊരു ചതിയാണ്. പട്ടിണികിടക്കുന്ന കോടികളിലൊരാളെ കുറച്ചിട ഒരു മഹാവിരുന്നൂട്ടുന്നതുകൊണ്ടു മഹാജനസമൂഹത്തിന്റെ വിശപ്പിന്‌ ഒരു പരിഹാരവും ആകുന്നില്ല.
സി. രാധാകൃഷ്ണൻ

കേവല കൗതുകങ്ങളിൽനിന്ന് ജനിക്കുന്ന കവിതകൾ എല്ലാം കവിതകൾ എന്നുപറയാനാവില്ല. കവിതയ്ക്കുപിന്നിൽ മനസ്സിന്റെ ഒരുധ്യാനമുണ്ട്. ആ ധ്യാനത്തിൽനിന്ന് ജനിക്കുന്ന കവിതകളേ നിലനിൽക്കൂ. മാധ്യമമേതെന്നത് പ്രശ്നമല്ല, നാരായംകൊണ്ട്‌ ഓലയിലായാലും പേനകൊണ്ട് കടലാസിലായാലും കീപ്പാഡിലൂടെ കംപ്യൂട്ടറിലായാലും അത് നിലനിന്നുകൊള്ളും.
പ്രഭാവർമ

സംഗീതാലാപനത്തിലെ വരേണ്യമായ ചട്ടക്കൂടുകളോട് ഒരുകാലത്തും യോജിക്കാത്തയാളാണ് ഞാൻ. പാട്ടിനപ്പുറമുള്ള കാര്യങ്ങളാണെങ്കിൽ ശ്രദ്ധിക്കാറേയില്ല. അത് ബാധിക്കാറുമില്ല. പാടിയ പാട്ടിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തീർച്ചയായും അത് തിരുത്തി പാടാൻ തയ്യാറാണ്. അതിനപ്പുറം കുറി തൊടണം, മുടി വെട്ടണം, പീഠത്തിൽ ചമ്രം പടഞ്ഞിരുന്നു കസവുടുത്തു മാത്രമേ പാടാൻ പാടുള്ളൂ എന്നൊക്കെയുള്ള
നിർബന്ധങ്ങൾ അനാവശ്യമായിട്ടേ തോന്നിയിട്ടുള്ളൂ. സംഗീതം ദൈവികമാണ്, മാനുഷികവും.
ഹരീഷ് ശിവരാമകൃഷ്ണൻ

ആദ്യകാല നിരൂപകർ വിദ്യാഭ്യാസപ്രവർത്തകരെപ്പോലെ ആയിരുന്നു. സാഹിത്യത്തിന്റെ വിശാലമായ ലോകം അവർ തുറന്നുതന്നു. ഇന്ന് നിരൂപണം ബാഹ്യസമ്മർദങ്ങൾക്ക് വിധേയമാവുന്നുണ്ട്. എഴുത്തുകാരുടെ ആവശ്യപ്രകാരം എഴുതുന്ന നിരൂപകരുമുണ്ട് മലയാളത്തിൽ. ഇന്നത്തെ നിരൂപണം ഒന്നുകിൽ ഒരു എഴുത്തുകാരനെയോ പുസ്തകത്തെയോ പുകഴ്ത്താനും അതിന്റെ കമ്പോളസാധ്യത വർധിപ്പിക്കാനുമാണ്. അല്ലെങ്കിൽ കൃതിയെ ഇകഴ്ത്താനും കമ്പോളസാധ്യത പരിമിതപ്പെടുത്താനുമാണ്.
ടി.പി. രാജീവൻ

ഇന്ത്യയെ അങ്ങനെയങ്ങു ഹിന്ദുരാഷ്ട്രമാക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യയുടെ ആധാരശില അതിനു സമ്മതിക്കില്ല. അടിസ്ഥാനപരമായി ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്. ഇന്ത്യയെ ആക്രമിച്ച മുസ്‌ലിം ഭരണാധികാരികൾക്ക് ഇന്ത്യയെ മുസ്‌ലിംരാജ്യമാക്കാൻ കഴിഞ്ഞില്ല. ബ്രിട്ടീഷുകാർക്കും പോർച്ചുഗീസുകാർക്കും ഡച്ചുകാർക്കുമൊന്നും അതിനു കഴിഞ്ഞിട്ടില്ല.
ആർ.ബി. ശ്രീകുമാർ

പുതിയ വാക്കല്ലെങ്കിലും എന്നും പുതുതായി തോന്നുന്ന വാക്കാണ് ബോറടി. മലയാളത്തിലെ ഏറ്റവുംനല്ല വാക്കേതാണെന്നു ചോദിച്ചാൽപ്പോലും ചിലപ്പോൾ തോന്നും ബോറടി എന്നുപറയാൻ. സായിപ്പിന്റെ കോമഡിയുടെയും ട്രാജഡിയുടെയും കാൽപ്പാടുകൾ പിന്തുടർന്ന് ഏതോ മഹാനായ മലയാളി ഉണ്ടാക്കിയ വാക്കാണ് ബോറടി.
റാം മോഹൻ പാലിയത്

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..