ഇനി എന്തുചെയ്യും? ശ്രീലങ്ക


സിസി ജേക്കബ്

‘കാര്യങ്ങളെങ്ങനെ?’ എന്നു ചോദിച്ച് തിങ്കളാഴ്ച രാവിലെ ശ്രീലങ്കയിലെ സുഹൃത്തിന് സന്ദേശമയച്ചു. കൊളംബോയിലെ പ്രശസ്തമായ എഫ്.എം. ചാനലിന്റെ മേധാവിയായ അദ്ദേഹത്തിന്റെ മറുപടി അധികം വൈകാതെയെത്തി: ‘ Very bad. No fuel. No gas. No president. No government.’ ഇന്ധനമില്ല, പാചകവാതകമില്ല, പ്രസിഡന്റില്ല, സർക്കാരില്ല. ഇതാണ് ഇപ്പോൾ ശ്രീലങ്ക

പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെയും ഔദ്യോഗിക വസതികൾ കൈയേറിയ ജനം അവിടെനിന്ന് ഇറങ്ങിപ്പോയിട്ടില്ല. ഇറക്കാൻ ആരും നോക്കുന്നുമില്ല. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി ഉറപ്പാക്കിയിട്ടേ ജനം അവിടം വിടൂ. ‘അവർ രാജിവെക്കും’ ശ്രീലങ്കയിലെ സുഹൃത്തിന്റെ സന്ദേശത്തിൽ ആത്മവിശ്വാസം.

പാപ്പരാണ് ശ്രീലങ്ക. രാജ്യം പാപ്പരായി എന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ തന്നെയാണ് ഈ മാസം അഞ്ചിനു പ്രഖ്യാപിച്ചത്. ഖജനാവിൽ ആകെയുള്ളത് രണ്ടരക്കോടി ഡോളറിന്റെ (199 കോടി രൂപ) വിദേശനാണ്യം. ശ്രീലങ്കൻ രൂപയുടെ മൂല്യം 80 ശതമാനം താഴ്ന്നു. ഒരു ഡോളറിന് 360 ശ്രീലങ്കൻ രൂപ നൽകണമെന്ന സ്ഥിതി. ഇന്ധനം, ആഹാരം, വൈദ്യുതി, ജീവൻരക്ഷാ മരുന്നുകൾ എല്ലാത്തിനും ക്ഷാമം. പണപ്പെരുപ്പം 40 ശതമാനം. ഭക്ഷ്യവിലക്കയറ്റം 57-60 ശതമാനം. മാസങ്ങളായുള്ള ഈ ദുരിതമാണ് ശനിയാഴ്ച പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗികവസതികൾ കൈയേറാൻ ജനങ്ങളെ നിർബന്ധിതരാക്കിയത്. രാജിവെക്കുമെന്ന് വാക്കുനൽകിയിരിക്കുകയാണ് പ്രസിഡന്റ്‌. പക്ഷേ, രണ്ടു രാജികൾകൊണ്ട് പരിഹരിക്കാവുന്നതല്ല ശ്രീലങ്കയുടെ പ്രതിസന്ധി.

കഴുത്തോളം കടം

5100 കോടി ഡോളർ (നാലുലക്ഷം കോടി രൂപ) ആണ് ശ്രീലങ്കയുടെ വിദേശകടം. ഇക്കൊല്ലം അടച്ചുതീർക്കേണ്ട 700 കോടി ഡോളറിന്റെ (55,623 കോടി രൂപ) തിരിച്ചടവ് പണമില്ലാത്തതിനാൽ ശ്രീലങ്ക ഏകപക്ഷീയമായി നിർത്തിവെച്ചു. പലിശയ്ക്കുമേൽ പലിശ കുമിഞ്ഞുകൂടുന്നു. കോവിഡും അതിനു തൊട്ടുമുമ്പുണ്ടായ ഈസ്റ്റർദിന ഭീകരാക്രമണമുയർത്തിയ അരക്ഷിതാവസ്ഥയും സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജമേകിയിരുന്ന വിനോദസഞ്ചാരമേഖലയെ തകർത്തു. അരിയും പഞ്ചസാരയും പെട്രോളിയം ഉത്പന്നങ്ങളും പാലുമുൾപ്പെടെ ഭൂരിഭാഗം വസ്തുക്കളും ഇറക്കുമതി ചെയ്യുന്ന ശ്രീലങ്കയ്ക്ക് അതിനു പണമില്ല. ഇന്ധന ഇറക്കുമതിക്കുമാത്രം മാസം 50 കോടി ഡോളർ (3970 കോടി രൂപ) വേണം.

സ്വതവേ ഭക്ഷ്യക്ഷാമമേശാത്ത ശ്രീലങ്കയിൽ പത്തിൽ ഒമ്പതു കുടുംബങ്ങൾക്കും ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട സ്ഥിതിവിശേഷമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതി പറയുന്നു. അല്ലാത്തവർ ഒരുനേരത്തെയോ രണ്ടുനേര​െത്തയോ ആഹാരം കൊണ്ട് മൂന്നുനേരം കഴിയുന്നു. മുന്നൊരുക്കമില്ലാതെ കഴിഞ്ഞവർഷം രാജപക്സെ സർക്കാർ നടപ്പാക്കിയ രാസവള ഇറക്കുമതി നിരോധനവും ജൈവകൃഷിയിലേക്കുള്ള പരിവർത്തനവും ഭക്ഷ്യക്ഷാമത്തിനു പ്രധാന കാരണമാണ്. ഈ ഉത്തരവുകൾ പിന്നീടു പിൻവലിച്ചെങ്കിലും സംഭവിക്കേണ്ടതു സംഭവിച്ചുകഴിഞ്ഞിരുന്നു.

ആവശ്യവും അത്യാവശ്യവും അനാവശ്യവും വിവേചിക്കാതെയും വരവുനോക്കാതെയും സർക്കാരുകൾ കടംവാങ്ങി ചെലവു നടത്തി. ആളുകയറാത്ത മട്ടല വിമാനത്താവളവും ചൈനയ്ക്കു പാട്ടത്തിനുകൊടുക്കേണ്ടിവന്ന ഹംബൻടോട്ട തുറമുഖവും പോലുള്ള ‘പൊങ്ങച്ച പദ്ധതി’കളിൽ പണം മുടക്കി. സമ്പദ്‌രംഗം കൈകാര്യം ചെയ്യുന്നതിലെ പിടിപ്പില്ലായ്മയും അഴിമതിയും ചേർന്നപ്പോൾ ശ്രീലങ്ക ഈ നിലയ്ക്കായി.

പ്രസിഡന്റ് ഗോതാബയ രാജപക്സെയെയും അദ്ദേഹത്തിന്റെ ജ്യേഷ്ഠനും പ്രധാനമന്ത്രിയുമായിരുന്ന മഹിന്ദ രാജപക്സെയെയുമാണ് ജനങ്ങൾ അതിനു പഴിക്കുന്നത്. ആക്രമാസക്തമായ പ്രതിഷേധത്തിനൊടുവിൽ മഹിന്ദ മേയിൽ രാജിവെച്ചു. പറഞ്ഞതുപോലെ ബുധനാഴ്ച ഗോതാബയയും രാജിവെച്ചാൽ, രാജപക്സെ കുടുംബത്തിന്റെ വാഴ്ചയ്ക്ക് താത്കാലികമായെങ്കിലും അന്ത്യമാകും.

സർവകക്ഷി സർക്കാർ

സാമ്പത്തിക പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഗോതാബയ നേരത്തേ രാജിവെച്ച് സർവകക്ഷി ഇടക്കാല സർക്കാരുണ്ടാക്കേണ്ടതായിരുന്നു. എന്നാൽ, തന്റെതന്നെ മന്ത്രിമാരെ പഴിച്ചും ഇടംകാലിലെ മന്ത് വലംകാലിലേക്കു മാറ്റുംപോലുള്ള മന്ത്രിസഭാ അഴിച്ചുപണി നടത്തിയും അധികാരത്തിൽ കടിച്ചുതൂങ്ങി അദ്ദേഹം. മഹിന്ദ രാജിവെച്ച ഒഴിവിൽ, പാർലമെന്റിൽ ഒരു സീറ്റുമാത്രമുള്ള പാർട്ടിയുടെ പ്രതിനിധി റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കി ജനങ്ങളെ വീണ്ടും പരിഹസിച്ചു. വിപുലമായ രാഷ്ട്രീയപരിചയവും ആഗോളബന്ധങ്ങളുമുണ്ടായിട്ടും രാജപക്സെമാരുമായുള്ള അടുപ്പം റനിലിന്റെ വിശ്വാസ്യതയില്ലാതാക്കി. അങ്ങനെ ‘ഗോത ഗോ ഹോം’ സമരം ‘റനിൽ ഗോ ഹോം’ സമരം കൂടിയായി മാറി.

പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവെക്കുന്നതോടെ സ്പീക്കർക്കാണ് ഭരണഘടനാപരമായി ഇടക്കാല പ്രസിഡന്റിന്റെ ചുമതല. ഒരുമാസമേ സ്പീക്കർക്ക് ഈ പദവിയിൽ തുടരാനാകൂ. അതിനുള്ളിൽ പാർലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണം. 2024-ൽ അടുത്ത തിരഞ്ഞെടുപ്പ് വരെയാണ് പുതിയ പ്രസിഡന്റിന്റെ കാലാവധി.

പ്രസിഡന്റ് തിരഞ്ഞെടുപ്പും ഇടക്കാല സർവകക്ഷി സർക്കാർ രൂപവത്കരണവും അവസരവാദ രാഷ്ട്രീയത്തിൽ ഉലയാനുള്ള സാധ്യതയേറെയാണ്. 225 അംഗ പാർലമെന്റിൽ രാജപക്സെമാരുടെ ശ്രീലങ്ക പൊതുജന പെരുമുനയാണ് (എസ്.എൽ.പി.പി.) ഏറ്റവും വലിയ ഒറ്റക്കക്ഷി. നൂറു സീറ്റ് എസ്.എൽ.പി.പി.ക്കുണ്ട്. മുഖ്യപ്രതിപക്ഷമായ സമാഗി ജന ബലവേഗയയ്ക്ക് (എസ്.ജെ.ബി.) അമ്പതോളം സീറ്റേയുള്ളൂ. സർവകക്ഷി സർക്കാരുണ്ടാക്കാൻ ഗോതാബയ മുമ്പ് നടത്തിയ പ്രഹസനത്തോട് എസ്.ജെ.ബി.യും വിവിധ പ്രതിപക്ഷകക്ഷികളും മുഖം തിരിച്ചിരുന്നു. ഗോതാബയ രാജിവെച്ചൊഴിഞ്ഞാൽ സർക്കാരുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പ്രതിപക്ഷത്ത് സജീവമാണ്.

മുൾപ്പാത

ആരു സർക്കാരുണ്ടാക്കിയാലും മുൾപ്പാതയാണ് മുമ്പിൽ. ദ്രുതപരിഹാരം അസാധ്യമാംവിധം തരിപ്പണമായ സമ്പദ്‌വ്യവസ്ഥ. സഹിച്ചുമടുത്ത് അരിശംകൊണ്ടുനിൽക്കുന്ന ജനം. അടുത്ത ആറുമാസം പിടിച്ചുനിൽക്കണമെങ്കിൽ ശ്രീലങ്കയ്ക്ക് 600 കോടി ഡോളർ (47,690 കോടി രൂപ) വേണം. അന്താരാഷ്ട്ര നാണ്യനിധിയിലാണ് (ഐ.എം.എഫ്.) അവരുടെ പ്രതീക്ഷ. ഐ.എം.എഫുമായുള്ള ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഐ.എം.എഫിന്റെ കടാശ്വാസ പദ്ധതി ലഭിക്കാൻ ശ്രീലങ്ക പാലിക്കേണ്ട വായ്പ പുനഃക്രമീകരണവും മറ്റു പരിഷ്കാരങ്ങളും നയങ്ങളും സംബന്ധിച്ച തീരുമാനം ഓഗസ്റ്റിലുണ്ടാകുമെന്ന് വിക്രമസിംഗെ പ്രഖ്യാപിച്ചിരുന്നു. ഐ.എം.എഫുമായുള്ള ചർച്ചകൾ മുന്നോട്ടുപോകണമെങ്കിൽ ഇടക്കാലസർക്കാർ ഉടനുണ്ടായേ തീരൂ.

ഇന്ത്യ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളോടും ശ്രീലങ്ക സഹായം തേടിയിട്ടുണ്ട്. 300 കോടിയോളം ഡോളറിന്റെ സഹായം ഇന്ത്യ നൽകി. കഴിഞ്ഞമാസം ആദ്യം ശ്രീലങ്കയ്ക്കുവേണ്ടി ഐക്യരാഷ്ട്രസഭ ലോകവ്യാപകമായി സഹായം അഭ്യർഥിച്ചിരുന്നു. പക്ഷേ, ഇതുവരെ കാര്യമായൊന്നും കിട്ടിയിട്ടില്ല. കടാശ്വാസവും സഹായവും ദീർഘകാല പരിഹാരമാർഗങ്ങളല്ല. ശ്രീലങ്കയ്ക്കു വരുമാനമുണ്ടാവുകയാണ് ആത്യന്തികമായി സംഭവിക്കേണ്ടത്. രാഷ്ട്രീയ അനിശ്ചിതത്വവും അരക്ഷിതത്വവും നീങ്ങി വിനോദസഞ്ചാര മേഖല പച്ചപിടിക്കണം. തേയില, ഗ്രാമ്പൂ തുടങ്ങിയ കയറ്റുമതി ഉത്പന്നങ്ങൾക്ക് പുതിയ വിപണികളുണ്ടാകണം. ശ്രീലങ്കയിലേക്ക് വിദേശനാണ്യമെത്തണം. അപ്പോഴേ ആ രാജ്യം കരകയറുന്നു എന്നു പറയാനാകൂ.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..