വ്യക്തികേന്ദ്രിതമാണ് ഗോവൻ രാഷ്ട്രീയം. കൂറുമാറ്റങ്ങളും കുതികാൽവെട്ടുകളും സജീവം. അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂടെ ഗോൾവല ആരാവും കുലുക്കുകയെന്ന് പ്രവചിക്കാനാവില്ല. ഗോവൻരാഷ്ട്രീയം വീണ്ടും സംസാരവിഷയമാവുകയാണ്. നിലവിൽ അധികാരത്തിലിരിക്കുന്ന ബി.ജെ.പി., കോൺഗ്രസിനെ പിളർത്താനുള്ള ശ്രമം നടത്തിയതാണ് അവസാന വാർത്ത. നിലവിലെ 11 കോൺഗ്രസ് എം.എൽ.എ.മാരിൽനിന്ന് ഭൂരിപക്ഷവും ബി.ജെ.പി. പാളയത്തിൽ എത്തുമെന്ന സ്ഥിതിവിശേഷമായിരുന്നു. ആ നീക്കത്തിന് തത്‌കാലം തടയിട്ടിരിക്കുകയാണ് കോൺഗ്രസ്. നാളെ എന്ത് എന്നത് ചിന്ത്യം.
പൊളിച്ചടുക്കാൻ ബി.ജെ.പി. പിടിച്ചുനിൽക്കാൻ കോൺഗ്രസ്
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്താൻ കോൺഗ്രസ് കിണഞ്ഞു ശ്രമിച്ചെങ്കിലും നാല്പതംഗ നിയമസഭയിൽ പതിനൊന്ന് അംഗങ്ങളുമായി ഒതുങ്ങേണ്ടിവന്നു. അവരിലെ ഭൂരിപക്ഷത്തെ അടർത്തിയെടുത്താണ് കഴിഞ്ഞദിവസം വിമതനീക്കം നടത്തിയത്. ഭരണകക്ഷിയായ ബി.ജെ.പി.യുമായി ചേർന്നായിരുന്നു വിമതനീക്കം. പതിനൊന്ന് എം.എൽ.എ.മാരിൽ ഒമ്പതുപേർ രഹസ്യയോഗം ചേർന്നെന്നും ഇവർ പാർട്ടിവിടുമെന്നുമായിരുന്നു ആദ്യ സൂചന. മഡ്ഗാവ് എം.എൽ.എ.യും മുൻ മുഖ്യമന്ത്രിയുമായ ദിഗംബർ കാമത്താണ് ഗ്രൂപ്പ് നീക്കത്തിന് ചുക്കാൻ പിടിച്ചത്. വിമതനീക്കം പ്രകടമായതോടെ പ്രതിപക്ഷനേതാവ് മൈക്കിൾ ലോബോയെ സ്ഥാനത്തുനിന്നു നീക്കി. ലോബോയും രാജേഷ് ഫാൽദേശായിയും കേദാർ നായിക്കും ഞായറാഴ്ച മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് നടപടി.
പാർട്ടിയെ ദുർബലപ്പെടുത്താൻ ലോബോ ഗൂഢാലോചന നടത്തിയെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടുറാവു വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരിയിൽ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ലോബോ ബി.ജെ.പി. വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നത്. എന്നാൽ, തിങ്കളാഴ്ച ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ കാമത്തും ലോബോയും ഉൾപ്പെടെ കോൺഗ്രസിന്റെ പത്ത് നിയമസഭാംഗങ്ങൾ പങ്കെടുത്തു. ആരോഗ്യപ്രശ്നങ്ങൾ കാരണം ഒരാൾ യോഗത്തിനെത്തിയില്ല.
വിമതനീക്കത്തെ നിലവിൽ കോൺഗ്രസ് പരാജയപ്പെടുത്തിയിട്ടുണ്ട്. വിമതനീക്കം നടത്തിയതിന് ദിഗംബർ കാമത്തിനെയും മൈക്കിൾ ലോബോയെയും അയോഗ്യരാക്കണമെന്ന് കാണിച്ച് കോൺഗ്രസ് സ്പീക്കർക്ക് നോട്ടീസും നൽകി. ലോബോയെ പ്രതിപക്ഷനേതാവാക്കിയതിൽ മുൻ മുഖ്യമന്ത്രി കാമത്തിന് അതൃപ്തിയുണ്ട് എന്ന് വ്യക്തം. എന്നാൽ, ഇപ്പോൾ വിമതനീക്കം നടത്തിയതാകട്ടെ ഈ രണ്ടുപേർ ചേർന്നും. നീക്കം പരാജയപ്പെട്ടെങ്കിലും ഓപ്പറേഷൻ ലോട്ടസിൽ ഗോവൻ രാഷ്ട്രീയം വീണ്ടും കലങ്ങുമെന്നുറപ്പാണ്. കോൺഗ്രസ് എം.എൽ.എ.മാർക്ക് 50 കോടി രൂപ ബി.ജെ.പി. വാഗ്ദാനം ചെയ്തതായി മുൻ ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കർ ആരോപിച്ചിരുന്നു. കൂറുമാറ്റ വിവാദത്തോട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതികരിച്ചത്, ‘ഞാൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്, എല്ലാത്തരം ആളുകളും അവരുടെ ജോലിക്കായി എന്നെ കാണാൻ വരുന്നു. എം.എൽ.എ.മാർ എന്നെ കാണുന്നു. സ്വാഭാവികമാണത്’ എന്നായിരുന്നു.
ഭരണത്തിലും ഗ്രൂപ്പുകളി
ഭരണകക്ഷിയായ ബി.ജെ.പി.യിലും അടിയൊഴുക്കുകളുള്ളതായി സൂചനയുണ്ട്. മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി അഭിപ്രായവ്യത്യാസമുള്ള ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ആറ് എം.എൽ.എ. മാരുടെ പിന്തുണയോടെ ഗ്രൂപ്പ് ഉണ്ടാക്കുന്നതായാണ് റിപ്പോർട്ട്. കോൺഗ്രസ് വിമതഎം.എൽ.എ.മാരെ കൂടെച്ചേർക്കാനും റാണെ ശ്രമിക്കുന്നുണ്ട്. 40 അംഗ നിയമസഭയിൽ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് 25-ഉം കോൺഗ്രസിന് 11-ഉം അംഗങ്ങളാണുള്ളത്.
ഈ വർഷാവസാനത്തോടെ ബി.ജെ.പി.ക്ക് ഗോവയിൽ 30 എം.എൽ.എ.മാരുണ്ടാകുമെന്ന് ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി മേയിൽ പറഞ്ഞതുമുതൽ ചില കോൺഗ്രസ് എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേരുമെന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ, ആ നീക്കം കോൺഗ്രസ് താത്‌കാലികമായി പ്രതിരോധിച്ചിരിക്കുകയാണ്. വ്യക്തികേന്ദ്രിത രാഷ്ട്രീയം അരങ്ങുവാഴുന്ന ഗോവയിൽ പ്രബലരായ രണ്ടുനേതാക്കളെ നീക്കിയതോടെ കോൺഗ്രസിൽ വിമതനീക്കം ശക്തമാകുമെന്ന കാര്യത്തിൽ സംശയമില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..