സി.പി. കണ്ട നഷ്ടസ്വപ്നം


മലയിൻകീഴ് ഗോപാലകൃഷ്ണൻ

ഇന്ത്യ മാറിയ നാളുകൾ പേട്ട വെടിവെപ്പിന്‌ 75 വയസ്സ് ഒരു ഭാഗത്ത് ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ ഒരുക്കങ്ങൾ. രാജകുടുംബത്തിന്റെ പിന്തുണയോടെ സ്വതന്ത്ര തിരുവിതാംകൂറിനുവേണ്ടി ദിവാൻ സർ സി.പി.യുടെ പ്രചാരണം മറുഭാഗത്ത്. പ്രതിഷേധവുമായി സ്റ്റേറ്റ് കോൺഗ്രസ് നേതാക്കളും ദേശീയ ­നേതാക്കളും . തിരുവിതാംകൂർ സംഘർഷഭരിതമായി. പേട്ട വെടിവെപ്പിന്‌ അത്‌ കാരണമായി

ഒരു ഏകീകൃത ഇന്ത്യ ഉണ്ടാകുമായിരുന്നെങ്കിൽ തിരുവിതാംകൂറും അതിൽ ചേർന്നേനെയെന്നും അതല്ല, പാകിസ്താൻ എന്ന രാജ്യം ഉണ്ടാകുന്നസ്ഥിതിക്ക് തിരുവിതാംകൂറിനും സ്വതന്ത്രമായി നിൽക്കേണ്ടിവരുമെന്നും സി.പി. പ്രഖ്യാപിച്ചു. പത്രസമ്മേളനങ്ങൾ നടത്തി സ്വതന്ത്ര തിരുവിതാംകൂറിനുണ്ടാകുന്ന മേന്മകളെപ്പറ്റി അദ്ദേഹം ഇടയ്ക്കിടയ്ക്ക് പ്രഖ്യാപിച്ചുകൊണ്ടിരുന്നു. പാകിസ്താൻ നേടിയെടുത്തതിൽ മുഹമ്മദലി ജിന്നയെ അഭിനന്ദിച്ച സി.പി., പാകിസ്താനുമായി പലകാര്യത്തിലും തിരുവിതാംകൂർ സഹകരിക്കുമെന്ന് പ്രസ്താവിച്ചു. നേതാക്കളോടും സർക്കാർ ഉദ്യോഗസ്ഥരോടും സ്വതന്ത്ര തിരുവിതാംകൂറിനുവേണ്ടി രംഗത്തിറങ്ങാൻ സി.പി. ആഹ്വാനംചെയ്തു. ഇതിനെതിരേ നിൽക്കുന്ന ഉദ്യോഗസ്ഥർ നോട്ടപ്പുള്ളികളായി. ഇതിനിടയിലാണ് മുൻ പോലീസ് ഇൻസ്പെക്ടർ ജനറൽ ജി.എസ്. അബ്ദുൽ കരിമിനെ തിരുവിതാംകൂറിന്റെ പാകിസ്താൻ പ്രതിനിധിയായി നിയമിക്കാൻ തീരുമാനിച്ചത്. ഇന്ത്യ സ്വതന്ത്രമാകുന്നതും പാകിസ്താൻ നിലവിൽവരുന്നതുമായ ദിവസം അദ്ദേഹം ചാർജെടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. മറ്റുരാജ്യങ്ങളിലേക്ക് തിരുവിതാംകൂറിന്റെ പ്രതിനിധികളായി നിയമിക്കുന്നതിനെപ്പറ്റി സർക്കാർ ആലോചനതുടങ്ങി.

വൈകാരികതയുണർത്തി സി.പി.

സമ്പന്നമായ കടൽത്തീരവും ലോകത്തിനാവശ്യമായ സുഗന്ധവ്യഞ്ജനങ്ങളും മണലും മറ്റുവിഭവങ്ങളുമുള്ള തിരുവിതാംകൂറിന് അരിക്കുമാത്രമേ ബുദ്ധിമുട്ടുണ്ടാകൂവെന്നും അരിയും പെട്രോൾ ഉത്‌പന്നങ്ങളുംമറ്റും കറാച്ചിവഴി ഇറക്കുമതി ചെയ്യാനും കേരളത്തിലെ തേയില, സുഗന്ധവ്യഞ്ജനങ്ങൾ, കയർ, കൊപ്ര എന്നിവയും മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുന്നത്‌ ഈ തുറമുഖംവഴിയാകുമെന്നുമുള്ള അറിയിപ്പുകൾ പത്രങ്ങൾക്ക് സർക്കാർ നൽകിക്കൊണ്ടിരുന്നു. കേരളത്തിലെ ലോഹമണലുകൾവഴി വൻസമ്പാദ്യം പുതിയ രാജ്യത്തിന് ലഭിക്കുമെന്നായിരുന്നു സി.പി.യുടെ പ്രതീക്ഷ. മറ്റുകാര്യങ്ങളെപ്പറ്റി ചർച്ചനടത്താൻ ജി. പരമേശ്വരൻ പിള്ളയെ ഡൽഹിയിലെ പ്രതിനിധിയായി നിയമിച്ചു. സി.പി.യുടെ സ്വതന്ത്ര തിരുവിതാംകൂർ പ്രചാരണത്തിൽ സ്റ്റേറ്റ് കോൺഗ്രസിലെ പല പ്രമുഖ നേതാക്കളും പെട്ടുപോയി എന്നത് യാഥാർഥ്യമാണ്. ഈ ഘട്ടത്തിൽ ‘രാജാവിന്റെയും ജനങ്ങളുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി മരിക്കുക’ എന്ന മുദ്രാവാക്യമുയർത്തി സി.പി. സ്വതന്ത്ര തിരുവിതാംകൂറിനുവേണ്ടിയുള്ള ആവേശം വർധിപ്പിക്കാൻ ശ്രമിച്ചു.

എതിർപ്പുകൾ ഉയരുന്നു

സ്വതന്ത്ര തിരുവിതാംകൂർ വാദത്തെ ശക്തിയായി വിമർശിച്ച് വി.കെ. കൃഷ്ണമേനോനടക്കമുള്ള നേതാക്കൾ രംഗത്തെത്തി. ജൂൺ ഇരുപത്തിനാലാം തീയതി മാതൃഭൂമി പത്രത്തിൽ വി.കെ. കൃഷ്ണമേനോന്റെ പ്രസ്താവന വന്നു. ഇന്ത്യയിലെയും തിരുവിതാംകൂറിലെയും ജനങ്ങൾ എന്തിനുവേണ്ടിയാണോ പൊരുതിയത് ആ സ്വാതന്ത്ര്യമാണ് തിരുവിതാംകൂർ സർക്കാർ ഇന്ന് അവർക്ക് നിഷേധിക്കുന്നതെന്നായിരുന്നു കൃഷ്ണമേനോൻ അഭിപ്രായപ്പെട്ടത്. കരിമിന്റെ നിയമനപ്രഖ്യാപനത്തെത്തുടർന്ന് നെഹ്രുവിന്റെ കീഴിലുള്ള ഇടക്കാല കേന്ദ്രസർക്കാർ തിരുവിതാംകൂർ സർക്കാരിനെതിരേ നടപടി സ്വീകരിച്ചേക്കുമെന്ന് വാർത്തവന്നെങ്കിലും പിന്നീടത് നിഷേധിച്ചു.

‘‘ഒന്നുകിൽ ഇന്ത്യൻ യൂണിയനിൽ ചേർന്ന് തുല്യനിലയിൽ യൂണിയൻ പ്രതിനിധിസഭയിൽ പങ്കെടുക്കുക. അല്ലെങ്കിൽ കേന്ദ്രശക്തിയുടെ മേലധികാരത്തിനുവഴങ്ങിനിൽക്കാൻ സമ്മതിക്കുക’’ -എന്ന് ജൂലായ്‌ ഒന്നിന്‌ ഡൽഹിയിൽനടന്ന രാഷ്ട്രീയസമ്മേളനത്തിൽ ജവാഹർലാൽ നെഹ്രു തിരുവിതാംകൂർ സർക്കാരിനോട് അഭ്യർഥിച്ചു. എന്നാൽ, ഇതിന്‌ ശക്തമായ ഭാഷയിലായിരുന്നു സി.പി.യുടെ പ്രതികരണം. തിരുവിതാംകൂറിലെ ജനങ്ങൾ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നെന്നും ഇന്ത്യയുമായും പാകിസ്താനുമായും തുല്യമായി സൗഹൃദംപുലർത്തുമെന്നും സി.പി. പറഞ്ഞു.

ഇതിനിടയിൽ സ്വതന്ത്ര തിരുവിതാംകൂറിനെതിരേ സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭപരിപാടികൾ തുടങ്ങി. അതോടെ മർദനവും യോഗങ്ങൾ കലക്കലും വ്യാപകമായി.

ലാത്തിച്ചാർജും വെടിവെപ്പും

തിരുവനന്തപുരം വി.ജെ.ടി. ഹാളൽ(അയ്യൻങ്കാളി ഹാൾ) സ്വതന്ത്ര തിരുവിതാകൂറിന് അനുകൂലമായി സി.പി.പക്ഷം വിളിച്ചുകൂട്ടിയ യോഗം അലങ്കോലപ്പെട്ടത് സി.പി.യെ വല്ലാതെ പ്രകോപിപ്പിച്ചു. ഇതിനുള്ള മറുപടിയായിരുന്നു 1947 ജൂലായ്‌ 13-ന് പേട്ടയിൽനടന്ന സ്റ്റേറ്റ് കോൺഗ്രസിന്റെ യോഗത്തിലുണ്ടായ സംഭവങ്ങളും വെടിവെപ്പും. പേട്ടയിലെ യോഗത്തിൽ അധ്യക്ഷതവഹിച്ചവരെയും പ്രസംഗിച്ചവരെയും വ്യത്യസ്തമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കളത്തിൽ വേലായുധൻ നായരുടെ അധ്യക്ഷതയിൽക്കൂടിയ യോഗത്തിൽ സി. നാരായണപിള്ള പ്രസംഗിക്കുമ്പോഴാണ് ചിലർ ചോദ്യങ്ങളുമായെത്തിയത്. തുടർന്ന് യോഗം ബഹളമയമായി. ഈ സമയത്ത് യോഗക്കാരെ പിരിച്ചുവിടാൻ പോലീസ് ശ്രമിച്ചു. ഇതേത്തുടർന്നുണ്ടായ വെടിവെപ്പിൽ പതിന്നാലുകാരനായ രാജേന്ദ്രൻ എന്ന വിദ്യാർഥിക്ക് തലയ്ക്ക് വെടിയേറ്റു. സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് രാജേന്ദ്രൻ മരിച്ചത്. രാജേന്ദ്രനെക്കൂടാതെ രണ്ടുപേർ വെടിയേറ്റുമരിച്ചെന്നാണ് റിപ്പോർട്ടുകൾ. അവരുടെ മൃതദേഹംപോലും ബന്ധുക്കൾക്ക് വിട്ടുകൊടുത്തില്ല. അന്നത്തെ ലാത്തിച്ചാർജിൽ പലർക്കും ഗുരുതരമായ പരിക്കേറ്റു. സി.പി.യുടെ കാലത്തെ അവസാനത്തെ വെടിവെപ്പും ലാത്തിച്ചാർജുമായിരുന്നു പേട്ടയിലേത്‌.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..