ആഗോളീകരണത്തിന്‌ അവസാനമോ


ഡോ. എം. സുരേഷ് ബാബു

3 min read
Read later
Print
Share

സ്വതന്ത്രവ്യാപാരത്തിന്റെ അനന്തരഫലങ്ങളെ പെരുപ്പിച്ചുകാട്ടിയതും മറ്റുനയങ്ങളുടെ നിർണായകപ്രാധാന്യത്തെ കുറച്ചുകണ്ടതുമാണ്‌ 1990-കളിൽ സംഭവിച്ച തെറ്റ്‌

ശ്രീലങ്കയെയും ചില വികസ്വര സമ്പദ്‌വ്യവസ്ഥകളെയും പിടികൂടിയ സാമ്പത്തികപ്രതിസന്ധി ഒരുപക്ഷേ ഗേറ്റ് മോഡറേഷൻ (മാക്രോ ഇക്കണോമിക് ചാഞ്ചാട്ടം കുറഞ്ഞ കാലഘട്ടത്തിന് നൽകിയ പേര്) എന്ന് വിളിക്കപ്പെടുന്നതിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. ആഗോളീകരണത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ അസ്തമിച്ച ഒരു കാലഘട്ടത്തിന്റെ തുടക്കംകൂടിയാണിത്. 2008-09 വർഷത്തെ സാമ്പത്തികപ്രതിസന്ധിക്കുമുമ്പുള്ള ദശകം ആഗോളീകരണത്തിന്റെ സുവർണകാലമായിരുന്നു. 1990-കളിൽ ആഗോളീകരണം തീവ്രമായിത്തീർന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വ്യാപാര-സാമ്പത്തിക മേഖലകളിൽ ആ പ്രതിഭാസത്തിന്റെ ഒരു നൂറ്റാണ്ടുമുമ്പത്തെ സുവർണകാലത്തെ മറികടന്നു. ആ സുവർണകാലത്ത്‌ ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരവും അതിർത്തികളിലൂടെയുള്ള മൂലധനപ്രവാഹവും അഭൂതപൂർവമായി വളർന്നു. മാത്രമല്ല, വികസിതവും വികസ്വരവുമായ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ഒത്തുചേരലും സംഭവിച്ചു.

മാറുന്ന സാമ്പത്തികക്രമം

ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിന്റെ മധ്യംമുതൽ, വളർന്നുവരുന്ന രാജ്യങ്ങളുടെ കൂട്ടം ലോക ഉത്‌പാദനത്തിന്റെ പകുതിയിലധികവും ഉത്പാദിപ്പിച്ചു. അതേസമയം, അവരുടെ വ്യാപാരത്തിന്റെ ജി.ഡി.പി.യുടെ അനുപാതം ഇരട്ടിയാക്കുകയും നേരിട്ടുള്ള വിദേശനിക്ഷേപത്തിനായി (എഫ്.ഡി.ഐ.) കൂടുതൽ തുറന്നിടുകയും ചെയ്തു. സമ്പന്നരാജ്യങ്ങളെ അപേക്ഷിച്ച് അവരുടെ ജി.ഡി.പി. ഇരട്ടിയിലധികം ഉയർത്താൻ അവർക്ക് കഴിഞ്ഞു.

ആഗോളതലത്തിൽ സംഭവിച്ച സാമ്പത്തിക പുനഃസന്തുലിതാവസ്ഥയിൽ സമ്പന്നരാജ്യങ്ങളെക്കാൾ സാമ്പത്തികവളർച്ചനിരക്ക് കൈവരിക്കുന്ന ഒട്ടേറെ വികസ്വരരാജ്യങ്ങളുണ്ടായി. എന്നാൽ, ചൈനയുടെ കാര്യം വേറിട്ടുനിൽക്കുന്നു. രണ്ടുദശാബ്ദത്തിലെ ഉയർന്ന ശരാശരി ജി.ഡി.പി. വളർച്ച കാരണം ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. 1990-ൽ അത് പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു. മറ്റ് വികസ്വരരാജ്യങ്ങൾക്ക് അഭൂതപൂർവമായ അവസരങ്ങൾ സൃഷ്ടിച്ച അന്താരാഷ്ട്ര ഉത്‌പാദനത്തിന്റെയും വ്യാപാരത്തിന്റെയും പുതിയ മാതൃകയുടെ ത്വരപ്പെടുത്തലായിരുന്നു ചൈനയുടെ വളർച്ച. ഈ വളർച്ച ആഗോളസമ്പാദ്യത്തിന്റെ ശേഖരം വർധിപ്പിച്ചു. അത്‌ സാമ്പത്തികപരിമിതികൾക്ക്‌ അയവുവരുത്തി.

കോവിഡ് പ്രതിസന്ധിക്കും റഷ്യ-യുക്രൈൻ യുദ്ധത്തിനുംശേഷം ആഗോളസമ്പദ്‌വ്യവസ്ഥ മാറി. ഈ വലിയ പ്രതിസന്ധികൾ അതിന്റെ നിശിതഘട്ടത്തിന്റെ അവസാനം ഉത്‌പാദനത്തിൽ ഗണ്യമായ നഷ്ടംവരുത്തി. അത് ലോക ഉത്‌പാദനത്തിന്റെ പാതയെ താഴേക്ക് വലിച്ചു. ആഗോളവളർച്ച കുറയുന്നത് ഒരു പുതിയ സാധാരണനിലയുടെ ഭാഗമായി. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ കുറഞ്ഞ പ്രതീക്ഷകളുടെ ഒരു കാലഘട്ടത്തിലേക്ക് തള്ളിവിട്ടു. ഈ പ്രതിസന്ധി ആഗോളീകരണത്തിന്‌ വെല്ലുവിളി സൃഷ്ടിക്കുന്നു. അതായത് ലോകബാങ്ക്, ഐ.എം.എഫ്., ഡബ്ല്യു.ടി.ഒ. തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പ്രസക്തിയും ഫലപ്രാപ്തിയും സംശയത്തിലാകുകയാണ്‌. ശ്രീലങ്ക, പാകിസ്താൻ, നേപ്പാൾ എന്നിവിടങ്ങളിൽ പ്രതിസന്ധി നിലനിൽക്കുന്നത് പുതിയ ലോകക്രമത്തിൽ ഐ.എം.എഫിന്റെയും ലോക ബാങ്കിന്റെയും പങ്കിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. കൂടുതൽ ബഹുമുഖ വ്യാപാര ഉദാരവത്‌കരണത്തിലെ പരാജയം, ഇഴയുന്ന സംരക്ഷണവാദം, ആഗോള വളർച്ചയ്ക്ക്‌ ദോഷകരമായ വ്യാപാരയുദ്ധങ്ങളുടെ ആവിർഭാവം തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നതിൽ ഡബ്ള്യു.ടി.­ഒ.യുടെ ഫലപ്രാപ്തി എത്രത്തോളം എന്ന ചോദ്യം ഉയർത്തുന്നു. ആഗോളീകരണത്തിനുണ്ടായ തിരിച്ചടിക്ക് അവർ കാര്യമായ സംഭാവന നൽകിയിട്ടുണ്ട്.

ആഗോളവ്യാപാരവും ജി.ഡി.പി. അനുപാതവും 1960-ൽ ഏകദേശം 25 ശതമാനത്തിൽനിന്ന് 2008-ൽ 60 ശതമാനമായി വർധിച്ചു. 1960 മുതൽ 2007-ലെ പ്രതിസന്ധിയുടെ തലേന്നുവരെ ചരക്കുകളുടെയും സേവനങ്ങളുടെയും ആഗോളവ്യാപാരം ശരാശരി യഥാർഥനിരക്കിൽ വളർന്നു. പ്രതിവർഷം ആറുശതമാനം. അതേ കാലയളവിൽ യഥാർഥ ജി.ഡി.പി. വളർച്ചയുടെ ഇരട്ടിയായിരുന്നു. 2007-ലെ സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് കുത്തനെ ഇടിഞ്ഞതിനുശേഷം തിരിച്ചുവന്നപ്പോൾ, വ്യാപാരവളർച്ച മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ ദുർബലമായി. 2017 വരെ അത് ആഗോള ഉത്‌പാദനവളർച്ചയ്ക്ക് അനുസൃതമായിരുന്നില്ല. ഈ പ്രവണത നിലനിൽക്കുകയാണെങ്കിൽ വ്യാപാര-ജി.ഡി.പി. അനുപാതം 60 ശതമാനം ഉയർന്നതായി തെളിയിക്കപ്പെടും. ആഗോളീകരണം സ്തംഭനാവസ്ഥയിലാണെന്നും അത് പിന്നോട്ടുപോകുന്നുവെന്നുമുള്ള അനുമാനത്തിനത് വിശ്വാസ്യത നൽകും.

തെറ്റുകൾ തിരിച്ചറിയണം

സ്വതന്ത്രവ്യാപാരത്തിന്റെ അനന്തരഫലങ്ങളെ പെരുപ്പിച്ചുകാട്ടിയതും മറ്റുനയങ്ങളുടെ നിർണായകപ്രാധാന്യത്തെ കുറച്ചുകണ്ടതുമാണ്‌ 1990-കളിൽ സംഭവിച്ച തെറ്റ്‌. സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ തടയാൻ ഈ നയങ്ങൾ ആവശ്യമാണ്. സമൃദ്ധിയുടെ വെള്ളിവെളിച്ചമായി നല്ല കാലത്ത് നയരൂപകർത്താക്കൾ വിറ്റഴിച്ച് തുറന്ന വിപണികൾ, സാമ്പത്തികമായും രാഷ്ട്രീയമായും കാര്യങ്ങൾ മോശമാകുമ്പോൾ എല്ലാ അനാരോഗ്യങ്ങളുടെയും കുറ്റവാളിയായി മാറി. വികസ്വരസമ്പദ്‌വ്യവസ്ഥകൾ വരുമാനത്തിന്റെയും ചെലവിന്റെയും അടിസ്ഥാനഘടകങ്ങൾ നോക്കാതെ വ്യാപാരനയവുമായി കളിച്ചു. ചില സന്ദർഭങ്ങളിൽ ഇത് വ്യർഥവും വിപരീതഫലവുമുണ്ടാക്കി.

ആഗോളീകരണം അതിന്റെ പൂർണശേഷിയിലേക്ക് എത്തിക്കുന്നതിന്, ദേശീയ സർക്കാരുകൾ സാമ്പത്തികശാസ്ത്രം നൽകുന്ന അവശ്യമായ ഉൾക്കാഴ്ച ഗൗരവമായെടുക്കണം. തുറന്ന കമ്പോളങ്ങൾ അവയുടെ സ്വാധീനം കുറയ്ക്കുകയും ജനസംഖ്യയെ കൂടുതൽ പ്രയോജനകരമാക്കുകയും ചെയ്യുന്ന നയങ്ങൾക്കൊപ്പം ഉണ്ടായിരിക്കണം. ദാരിദ്ര്യം, വർധിച്ചുവരുന്ന അസമത്വം, പാർശ്വവത്‌കരണം തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നതിനുള്ള ഏറ്റവും മികച്ച ഒന്നായിരിക്കില്ല വ്യാപാരനയം. ഇവ ചരിത്രപരമായ പ്രാരംഭസാഹചര്യങ്ങളുടെ ഫലമാണ്. അത്തരം ആവശ്യങ്ങളെ അനുരൂപമായ സ്ഥാപനങ്ങളും നയങ്ങളും ഉപയോഗിച്ച് ഗൗരവമായി അഭിസംബോധന ചെയ്യേണ്ടതുണ്ട്‌.

ഈ ഘട്ടത്തിൽ വ്യാപാരത്തിന്റെയും ആഗോളീകരണത്തിന്റെയും വേഗം കുറയുന്നത് വികസ്വര സമ്പദ്‌വ്യവസ്ഥകൾക്ക് മൂന്ന് അപകടസാധ്യതകൾ ഉയർത്തുന്നു. ഒന്നാമതായി, വർധിച്ചുവരുന്ന തൊഴിലില്ലായ്മയുടെയും വരുമാനം കുറയുന്നതിന്റെയും അടിസ്ഥാനത്തിൽ വളർച്ചമാന്ദ്യത്തിന്റെ അനന്തരഫലങ്ങൾ അവർ അഭിമുഖീകരിക്കേണ്ടിവരാനുള്ള സാധ്യത. രണ്ടാമതായി, ആഗോള വ്യാപാരത്തിന്റെ മന്ദഗതിയിലുള്ള വളർച്ച ഉത്‌പാദനത്തിന്റെ ആന്തരിക പുനഃക്രമീകരണത്തിന് നിർബന്ധിതമാകും. അതിന് വിഭവങ്ങളും സമയവും ആവശ്യമാണ്. മൂന്നാമതായി, കാർഷികോത്‌പന്നങ്ങളുടെ മന്ദഗതിയിലുള്ള വ്യാപാരം കാരണമുള്ള ഭക്ഷ്യക്ഷാമ ഭീക്ഷണി.

ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡവലപ്‌മെന്റ് (ഒ.­ഇ.സി.ഡി.) ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്.എ.ഒ.) എന്നിവയുടെ അഗ്രികൾച്ചറൽ ഔട്ട്‌ലുക്ക് 2022-2031 പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ഒരു ബിസിനസ് സാധാരണപാത പിന്തുടർന്നാൽ സീറോ ഹംഗർ എന്നതിനെക്കുറിച്ചുള്ള എസ്.ഡി.ജി. 2 (സുസ്ഥിര വികസന ലക്ഷ്യങ്ങൾ) 2030-ഓടെ കൈവരിക്കാൻ കഴിയില്ല എന്നാണ്‌ . അടുത്ത പത്തുവർഷത്തെ മാക്രോ ഇക്കണോമിക് അന്തരീക്ഷവും പ്രത്യേകിച്ച് അനിശ്ചിതത്വത്തിലാണ്. ഭക്ഷ്യസുരക്ഷ, ഭക്ഷണക്രമങ്ങളുടെ വൈവിധ്യവത്‌കരണം, പല പ്രദേശങ്ങളിലും മെച്ചപ്പെട്ട ഗ്രാമീണ വരുമാനം എന്നിവ ഉറപ്പാക്കുന്നതിന് കാർഷിക വ്യാപാരം അത്യന്താപേക്ഷിതമാണ്.

ലേഖകൻ മദ്രാസ് ഐ.ഐ.ടി.യിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറും നിലവിൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയുടെ ഉപദേശകനുമാണ്

Content Highlights: edit page

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..