അൻവറിന് കൊട്ട്; വിജയനാണ് താരം


എസ്‌.എൻ. ജയപ്രകാശ്‌

സഭാതലം

ആഫ്രിക്കയിൽ രത്നഖനനത്തിൽ ആണ്ടുപോയതിനാൽ കഴിഞ്ഞ ചില സമ്മേളനങ്ങളിൽ നാട്ടിൽ ഇല്ലാതിരുന്ന പി.വി. അൻവർ ഇത്തവണ പൂർണമായും സഭയിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനുനേർക്ക് കോപാഗ്നി പായിക്കാനാണ് പതിവുപോലെ, ചൊവ്വാഴ്ചയും അൻവർ ശ്രമിച്ചത്. നാലുകോടി രൂപ ചെലവാക്കി നടത്തുന്ന ലോക കേരളസഭ ധൂർത്താണെന്നു പറഞ്ഞ പ്രതിപക്ഷനേതാവിന്റെ ഓഫീസ് വർഷം മൂന്നുകോടി ചെലവിടുന്നു. എന്നിട്ട് എന്തുപണിയാണ് ചെയ്യുന്നത്, സർക്കാരിനെതിരേ കുത്തിത്തിരിപ്പുണ്ടാക്കുകയല്ലാതെ...?.

ലോക കേരളസഭ ധൂർത്താണെന്ന് പറഞ്ഞിട്ടില്ലെന്നും പൊളിറ്റിക്കൽ കാരണങ്ങളാലാണ് അതിനോടു സഹകരിക്കാത്തതെന്നും സതീശൻ പറഞ്ഞുനോക്കി. അൻവർ അത് വിശ്വസിച്ചില്ല.

പ്രതിപക്ഷനേതാവിന്റെ ചെലവുകണക്ക് വിസ്തരിച്ച് ക്ഷീണിച്ച അൻവറിന് ചെയറിൽ നിന്നുതന്നെ കിട്ടി പ്രഹരം. അതും സി.പി.ഐ.ക്കാരനായ ഇ.കെ. വിജയനിൽ നിന്ന്. സാധാരണ സഭ നിയന്ത്രിക്കുന്ന പാനൽ അംഗങ്ങളിൽനിന്ന് വ്യത്യസ്തനായി ഇ.കെ. വിജയൻ അപ്പോൾത്തന്നെ പറയാനുള്ളത് പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ പ്രവർത്തനങ്ങളെ വിമർശിക്കാം, എന്നാൽ, ജനാധിപത്യത്തിൽ ഭരണപക്ഷംപോലെയാണ് പ്രതിപക്ഷവുമെന്ന് അംഗം ഓർക്കണം. വിജയന്റെ ഈ ഓർമപ്പെടുത്തലിന് പ്രതിപക്ഷം കൈയടിച്ചു.

അൻവറിന്റെ ശ്രമം പാഴായെങ്കിലും പ്രതിപക്ഷ നേതാവിനെ വളയാനാണ് ഭരണപക്ഷം ശ്രമിച്ചത്. സ്വർണക്കടത്ത് വീണ്ടും സഭയിലുന്നയിക്കാനുള്ള സതീശന്റെ ശ്രമംമുതൽ അത് തുടങ്ങിയിരുന്നു. തിരുവനന്തപുരത്തെ യു.­എ.ഇ. കോൺസുലേറ്റിൽ നടക്കാൻ പാടില്ലാത്തത് നടന്നെന്ന കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന സതീശന്റെ സബ്മിഷൻ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും സ്പീക്കർ അനുവദിച്ചില്ല. മന്ത്രി പി. രാജീവും മാത്യു ടി. തോമസും ക്രമപ്രശ്നങ്ങളുടെ പത്മവ്യൂഹം തീർത്തു.

ജയശങ്കറിന്റെ വെളിപ്പെടുത്തൽ കോൺസുലേറ്റിനെപ്പറ്റിയാണ്. കോൺസുലേറ്റ് കേന്ദ്രസർക്കാരിന്റെ വകുപ്പാണ്. സംസ്ഥാനസർക്കാരിന്റെ പ്രാഥമിക പരിഗണയിൽ ഇല്ലാത്തകാര്യത്തെപ്പറ്റി നോട്ടീസിൽ പറയാനേ പാടില്ലെന്നാണ് ചട്ടം. എന്തുചോദിച്ചാലും സർക്കാരിന് മറുപടിയുണ്ട്. പക്ഷേ, ചട്ടം ലംഘിച്ചാൽ കീഴ്‌വഴക്കമാകും. നാളെ ഇതൊരു അവകാശമാവും. രാജീവിനെ അലട്ടിയത് ഭാവിയെക്കുറിച്ചുള്ള ഈ ചിന്തയാണ്. കേന്ദ്ര ലിസ്റ്റിലുള്ള പദം പ്രയോഗിച്ചെങ്കിലും പറയുന്നത് അതേക്കുറിച്ച് ആകണമെന്നില്ലെന്ന് സതീശനുവേണ്ടി എൻ. ഷംസുദ്ദീൻ വാദിച്ചു. കോൺസുലേറ്റ് പിരിച്ചുവിടണമെന്നല്ല, ­സി.ബി.ഐ. അന്വേഷണത്തിന് വിടണമെന്നാണ് ആവശ്യപ്പെട്ടതെന്നായി സതീശൻ. സതീശന്റെ വാദങ്ങളെ തള്ളി സ്പീക്കർ ക്രമപ്രശ്നം ശരിവെച്ചതോടെ ‘ഭയമാണേ... മുഖ്യമന്ത്രിക്ക് ഭയമാണേ’ എന്നുവിളിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

സബ്മിഷൻ റദ്ദായെങ്കിലും ധനാഭ്യർഥന ചർച്ച അവസരമാക്കി റോജി എം. ജോൺ അത് വീണ്ടുമുന്നയിച്ചു. ചോദ്യം ചോദിച്ച കുട്ടിയെ ഇറക്കിവിട്ടാലും ചോദ്യങ്ങൾ നിലനിൽക്കുമെന്ന് റോജി പറഞ്ഞു. എത്ര ബഹളംവെച്ചാലും മന്ത്രി റിയാസിനു പിന്നിലേ സീറ്റ് കിട്ടൂവെന്ന് എ.എൻ. ഷംസീറിനെ വീണ്ടും റോജി ഓർമിപ്പിച്ചു. ഷംസീറിനെ ഇരുത്താൻ ഈയിടെയായി പ്രതിപക്ഷം പ്രയോഗിക്കുന്ന തന്ത്രമാണിത്.

ധനാഭ്യർഥന ചർച്ചയിലും സതീശനായിരുന്നു ഭരണക്കാരുടെ ലക്ഷ്യം. അദ്ദേഹം സംഘപരിവാർ വേദിയിൽ പുസ്തക പ്രകാശനത്തിനുപോയതും ഗോൾവാൾക്കറുടെ പടത്തിനുമുന്നിൽ വിളക്കുകൊളുത്തിയതും അവർ പലതരം ചമത്കാരങ്ങളോടെ അവതരിപ്പിച്ചു. വി.ഡി. സതീശൻ എന്നാൽ, വിനായക് ദാമോദർ സതീശൻ ആണെന്ന സാമൂഹികമാധ്യമങ്ങളിലെ ട്രോൾ കെ. ശാന്തകുമാരി ഏറ്റെടുത്തു. സതീശൻ ഭാരതീയ വിചാരകേന്ദ്രത്തിന്റെ വേദിയിൽ സംസാരിക്കുന്ന പടത്തെ വെട്ടാൻ റോജി എം. ജോൺ 1977-ലെ ഒരുകെട്ട് പഴയ പടങ്ങളുമായി വന്നു. കെ.ജി. മാരാർ ഇ.എം.എസിന് ബാഡ്ജ് കുത്തുന്നത്. ശിവദാസമേനോന് വോട്ടുതേടി എൽ.കെ. അദ്വാനി പ്രസംഗിക്കുന്നത്... പ്രതിപക്ഷം വിജയിച്ചതിന്റ ലക്ഷണമായി ഈ കല്ലേറുകളെക്കണ്ട സണ്ണിജോസഫ് ഇങ്ങനെത്തന്നെ തുടരുമെന്ന് ഉഗ്രശപഥമെടുത്തു.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..