ക്രമേണ അലിഞ്ഞ ക്രമപ്രശ്നം


എസ്‌.എൻ. ജയപ്രകാശ്‌

സഭാതലം

സ്പീക്കറെ സഭയ്ക്കകത്തും പുറത്തും അവഹേളിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ റൂളിങ് വേണം -ബുധനാഴ്ച ഭരണക്കാരുടെ പ്രധാന ആവശ്യം ഇതായിരുന്നു. കഴിഞ്ഞദിവസം സ്വർണക്കടത്തിനെപ്പറ്റി സബ്മിഷൻ അനുവദിക്കാത്തതിനെ ‘നാടകം’ എന്ന് സഭയ്ക്കകത്തും സ്പീക്കർ മന്ത്രിമാരെ സഹായിച്ചെന്ന മട്ടിൽ സഭയ്ക്കുപുറത്തും പ്രതിപക്ഷനേതാവ് പറഞ്ഞതാണ് പ്രശ്നം.

എ.എൻ. ഷംസീറാണ് റൂളിങ് ആവശ്യപ്പെട്ട് ക്രമപ്രശ്നം ഉന്നയിച്ചത്. പ്രതിപക്ഷനേതാവാകുമ്പോൾ ചില ഒബ്‌സർവേഷൻസ് നടത്തേണ്ടിവരുമെന്നും അത് ചെയറിനെ ഇകഴ്ത്താനല്ലെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാദിച്ചു.

രണ്ടുദിവസമായി ചട്ടങ്ങളുടെ വാൾവീശി മുന്നേറുന്ന മന്ത്രി പി. രാജീവ് സ്പീക്കർ പക്ഷംപിടിച്ചെന്ന മട്ടിൽ പ്രതിപക്ഷനേതാവ് പറഞ്ഞത് ശരിയല്ലെന്ന് ആവർത്തിച്ചു. സ്പീക്കറുടെ റൂളിങ്ങിനെ ചോദ്യംചെയ്യാനോ വിമർശിക്കാനോ പാടില്ലെന്നാണ് ചട്ടം. ചട്ടം വേണമെങ്കിൽ മാറ്റാം. എന്നാൽ, അതു നിലനിൽക്കുന്നിടത്തോളം ചട്ടപ്പടിതന്നെ കാര്യങ്ങൾ നടക്കുന്നെന്ന് ഉറപ്പാക്കണം. അക്കാര്യത്തിൽ രാജീവിലെ പാർലമെന്റേറിയൻ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഈ വാദപ്രതിവാദങ്ങൾ നടക്കുമ്പോൾ സതീശൻ സഭയിൽ ഉണ്ടായിരുന്നില്ല. പ്രതിപക്ഷനേതാവിന് പറയാനുള്ളതുകൂടി കേൾക്കാൻ സ്പീക്കർ റൂളിങ് മാറ്റിവെച്ചു.

മന്ത്രി എം.വി. ഗോവിന്ദന്റെ വകുപ്പുകളുടെ ധനാഭ്യർഥനചർച്ച കഴിഞ്ഞതോടെ സഭ വീണ്ടും പ്രതിപക്ഷനേതാവിന്റെ സാന്നിധ്യത്തിൽ ക്രമപ്രശ്നത്തിൽ തിരിച്ചെത്തി. ഇതിനെക്കാൾ രൂക്ഷമായി പണ്ട് പലരും പറഞ്ഞതും പ്രവർത്തിച്ചതും നിരത്തി സതീശൻ പറഞ്ഞതിൽ ഉറച്ചുനിന്നു. പൂർവികരുമായി താരതമ്യപ്പെടുത്തുമ്പോൾ തന്റെ വാക്കുകൾ എത്രയോ സൗമ്യം! മന്ത്രിയായി തുട്ടടിക്കാനല്ലേ സ്പീക്കർ ശ്രമിക്കുന്നതെന്ന് വക്കം പുരുഷോത്തമനോട് വി.എസ്. അച്യുതാനന്ദൻ ചോദിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ കാലത്ത് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചു. സർവോപരി സ്പീക്കറുടെ കസേര തള്ളിത്താഴെയിട്ടവരാണല്ലോ സ്പീക്കറെ ബഹുമാനിക്കാൻ തന്നെ പഠിപ്പിക്കുന്നത്. ബോധപൂർവമല്ല, ബോധത്തോടെയാണ് താൻ പറഞ്ഞത്. ഇനിയത് ചട്ടലംഘനമായി കണക്കാക്കിയാലും വിരോധമില്ല -സതീശൻ പറഞ്ഞു. എന്നെങ്കിലും ചട്ടത്തിന് വിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അതാണ് കീഴ്‌വഴക്കമെന്ന് വരുത്തിത്തീർക്കുന്നത് പാർലമെന്ററി മര്യാദയല്ലെന്നായി രാജീവ്.

ഇതെല്ലാം ശാന്തനായി കേട്ടിരുന്ന സ്പീക്കർ എം.ബി. രാജേഷ് ഒടുവിൽ പരിണാമഗുപ്തിയുടെ ആവേശം നശിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘‘ഈ പ്രശ്നത്തിൽ വലിയ റൂളിങ് ഒന്നും നടത്താൻ ഉദ്ദേശിക്കുന്നില്ല.’’ പകരം ഇന്ത്യൻ പാർലമെന്ററി നടപടിക്രമങ്ങളുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കാവുന്ന ശക്തർ ആൻഡ് കൗളിന്റെ 11-ാം അധ്യായത്തിൽനിന്ന് ഒറ്റവരിമാത്രം വായിച്ചു -‘സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള കടമ എല്ലാവർക്കുമുണ്ട്.’ അതോടെ മലപോലെവന്ന ക്രമപ്രശ്നം വലിയപ്രശ്നമൊന്നും സൃഷ്ടിക്കാതെ കെട്ടടങ്ങി.

മലപ്പട്ടം ഗ്രാമപ്പഞ്ചായത്തിൽ ശമ്പളം മുടങ്ങിയതിനെക്കുറിച്ച് സതീശൻ പത്രവാർത്ത ഉദ്ധരിച്ചത് മന്ത്രി എം.വി. ഗോവിന്ദന് സഹിച്ചില്ല. പ്രതിപക്ഷത്തെക്കാൾ അദ്ദേഹത്തെ ഇപ്പോൾ അസ്വസ്ഥമാക്കുന്നത് നാട്ടിലെ പത്രങ്ങളാണ്. മാതൃഭൂമി ഉൾപ്പെടുന്ന ഒരുവിഭാഗം മാധ്യമങ്ങളാണ് യഥാർഥ പ്രതിപക്ഷമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അവർ എഴുതുന്നത് വായിച്ച് ദിവസങ്ങൾക്കുശേഷമാണ് പ്രതിപക്ഷനേതാവും കൂട്ടരും സഭയിൽ ഉന്നയിക്കുന്നത്. പ്രതിപക്ഷത്തെക്കാൾ ആത്മാർഥമായി പ്രതിപക്ഷത്തിനുവേണ്ടി എൽ.ഡി.എഫിനെ തകർക്കാൻ വലതുപക്ഷ ആശയങ്ങൾക്ക് ഈ പത്രങ്ങൾ അടിത്തറയിടുന്നെന്നാണ് ഗോവിന്ദന്റെ കുറ്റപത്രം. പത്രവാർത്തകൾ ഉദ്ധരിക്കുന്ന രീതി ഈ നിയമസഭ തുടങ്ങിയകാലംമുതലുണ്ടെന്ന് സതീശൻ അദ്ദേഹത്തെ ഓർമിപ്പിച്ചു.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..