രമയോടരിശം തീരാഞ്ഞ്


എസ്‌.എൻ. ജയപ്രകാശ്‌

സഭാതലം

ഹൈറേഞ്ചിലെ തനി കമ്യൂണിസ്റ്റും പത്തരമാറ്റ് ഭൗതികവാദിയുമെന്നവകാശപ്പെടുന്ന എം.എം. മണി വിധിവിശ്വാസം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. കുറെക്കാലമായി നല്ലനടപ്പിലായിരുന്ന അദ്ദേഹത്തിന്റെ നാവ് വീണ്ടും കെട്ടുപൊട്ടിക്കാൻ തുടങ്ങിയിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും സഭയിലെ അംഗവുമായ കെ.കെ. രമ വിധവയായത് ആ മഹതിയുടെ വിധിയെന്നാണ് അദ്ദേഹം പറയുന്നത്.

ഇത്തരം നീചപ്രയോഗങ്ങൾക്ക് സാക്ഷിയാവാൻ സഭയ്ക്ക് വിധിയുണ്ടെങ്കിലും അതുകേട്ടിരിക്കേണ്ട വിധി പ്രതിപക്ഷത്തിനില്ലല്ലോ. സഭ സംഘർഷവേദിയായി. മണി മാപ്പുപറയാത്തതിൽ പ്രതിഷേധിച്ച് അവർ സഭ ബഹിഷ്കരിച്ചു. മഹതി എന്നുപറയുന്നതിൽ എന്തുതെറ്റെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചത്. മണിയുടെ വിധി വിശ്വാസത്തെപ്പറ്റി മുഖ്യമന്ത്രി മിണ്ടിയതേയില്ല. അവർ വിധവയായതിന് ഉത്തരവാദി തങ്ങളല്ലെന്ന് മണി പറഞ്ഞത് ശരിയല്ലേയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

പഴഞ്ചൊല്ലിൽ പോലും സ്ത്രീവിരുദ്ധത കാണുന്ന ഭരണപക്ഷത്തെ വനിതകൾക്കുപോലും ഈ പ്രയോഗത്തിൽ അസ്വാഭാവിക തോന്നിയതേയില്ല. ആഭ്യന്തരവകുപ്പിന്റെ ചർച്ചയിൽ കെ.കെ. രമ മുഖ്യമന്ത്രിയെ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയെന്ന് വിശേഷിപ്പിച്ചതും പോലീസ് ഭരണത്തിലെ വീഴ്ചയെ രൂക്ഷമായി വിമർശിച്ചതുമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. സാംസ്കാരികം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ ചർച്ചയിൽ കഥയും പാട്ടുമൊക്കെയായി കഴിഞ്ഞ സഭയാണ് സായാഹ്നത്തിൽ ആഭ്യന്തരത്തിലേക്ക്‌ കടന്നപ്പോൾ പൊട്ടിത്തെറിയുടെ വക്കിലെത്തിയത്.

കഥകൾ മുകേഷ് വക. ‘ഈ മനോഹരതീരത്തുതരുമോ ഇനിയൊരു ജന്മം കൂടി...’ എന്ന് പാടിയത് ഗായികകൂടിയായ ദലീമ. കൊല്ലത്തേക്കുള്ള യാത്രയിൽക്കണ്ട സ്കൂളിന്റെ പരസ്യം മുകേഷിനെ വല്ലാതെ ആകർഷിച്ചു. ഈ സ്കൂളിൽ ചാക്കോമാഷുമാരില്ല എന്നായിരുന്നു പരസ്യത്തിലെ വാചകം. ചാക്കോമാഷ് സ്ഫടികത്തിലെ തിലകന്റെ കഥാപാത്രം. പിള്ളാർക്കുപോലും ഇന്നത്തെ കാലത്ത് ചാക്കോമാഷുമാരെ വേണ്ട. പക്ഷേ, പ്രതിപക്ഷത്തിന് ഇപ്പോഴും ചാക്കോമാഷ് സിൻഡ്രോം ആണ്. പിന്തിരിപ്പൻ നയം. വികസനത്തെക്കുറിച്ച് ചർച്ചയില്ല. അവർക്കിപ്പോഴും വെളിപ്പെടുത്തൽ എന്ന ബ്ലാക്ക് മെയിലിങ്ങിലാണ് താത്പര്യം.

തങ്ങളുടെ സൂര്യതേജസ്സായ മുഖ്യമന്ത്രിയുടെ മകളെക്കുറിച്ച് ആരോപണം ഉന്നയിച്ച ഡോ. മാത്യു കുഴൽനാടനെ വിദ്യാർഥിയായിരിക്കുമ്പോൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയതിന് ഡീബാർ ചെയ്തിരുന്നു എന്ന വാർത്ത സഭയെക്കൂടി അറിയിക്കുക എന്ന ദൗത്യം സച്ചിൻദേവാണ് ഏറ്റെടുത്തത്. അതിനാൽ കുഴൽനാടന് സത്യസന്ധതയെക്കുറിച്ച് പറയാൻ അവകാശമില്ലെന്നും സച്ചിൻ പ്രഖ്യാപിച്ചു. എം. വിജിൻ, എം.എസ്. അരുൺകുമാർ തുടങ്ങിയ മുൻ എസ്.എഫ്.ഐ. പോരാളികളെയും എൽ.ഡി.എഫ്. വിദ്യാഭ്യാസ ചർച്ചയിൽ അണിനിരത്തി.

മുഖ്യമന്ത്രി എല്ലാവർക്കും സൂര്യതേജസ്സാണെങ്കിൽ പുത്തൻ സാംസ്കാരിക മന്ത്രി വി.എൻ. വാസവന് അദ്ദേഹം സൂര്യൻ മാത്രമല്ല, ചന്ദ്രനും കൂടിയാണ്. കോവിഡ് കാലത്ത് മുഖ്യമന്ത്രി വൈകുന്നേരങ്ങളിലെ വാർത്തവായനക്കാരനായി തരംതാഴ്ന്നു എന്ന സനീഷ്‌കുമാർ ജോസഫിന്റെ ആക്ഷേപത്തോട് പ്രതികരിച്ചപ്പോൾ അദ്ദേഹത്തിന് തൊണ്ടയിടറി. ഉദിച്ചുയർന്ന ചന്ദ്രനെനോക്കി സായാഹ്നത്തിൽ നടവരമ്പിലിരുന്ന് ചിലയ്ക്കുന്ന ക്ഷുദ്രജീവികളുടെ പ്രവൃത്തിയോടാണ് സനീഷിനെ വാസവൻ താരതമ്യപ്പെടുത്തിയത്. എന്നാലും സജി ചെറിയാനിൽ നിന്ന് സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത താൻ അതിന് യോഗ്യനാണെന്നും അദ്ദേഹം തെളിയിച്ചു. ഒ.എൻ.വി.യുടെ കവിതകൾ മന്ത്രിക്ക് കാണാതറിയാം. സാംബശിവന്റെ കഥാപ്രസംഗങ്ങളും.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..