‘റേഷൻകട മോഡൽ’ അപകടം


തുറന്നുപറച്ചിൽ ‘‘നന്നായി പ്രവർത്തിച്ചെങ്കിൽ എന്തിനാണ് മാറ്റിയതെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. ഞാനതിന് ഉത്തരംപറയേണ്ട കാര്യമില്ല. സർക്കാർ എന്നോട് വീട്ടിൽപ്പോകാനല്ലല്ലോ ­പറഞ്ഞത്’’. സി.പി.എം. സംഘടനയുമായി പോരടിച്ച് വൈദ്യുതിബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് സർക്കാർ ഒഴിവാക്കിയ ഡോ. ബി. അശോക് പറയുന്നു. ബോർഡിലെ അനുഭവങ്ങൾ, ബോർഡിന്റെ ഭാവിയെക്കുറിച്ചുള്ള ­ആശങ്കകൾ ­എന്നിവ ­മാതൃഭൂമി പ്രതിനിധി എസ്‌.എൻ. ജയപ്രകാശുമായി അദ്ദേഹം പങ്കുവെക്കുന്നു

ബി. അശോക്| Image: Screengrab| Mathrubhumi news

? എന്തുകൊണ്ടാണ് താങ്കളെ ചെയർമാൻ സ്ഥാനത്തുനിന്ന് പെട്ടെന്ന് മാറ്റിയത്

= അതേക്കുറിച്ച് ഞാൻ അഭിപ്രായം പറയുന്നില്ല. 24 വർഷത്തെ സർവീസിൽ 20 വട്ടമെങ്കിലും എന്നെ മാറ്റിയിട്ടുണ്ടാവും. പുതിയസ്ഥലത്ത് പെട്ടെന്നുതന്നെ ഓടിത്തുടങ്ങുകയെന്നേയുള്ളൂ. യാത്രകൾക്കിടെ രാവിലെ ഇത്തിരിനേരം ട്രെഡ് മില്ലിൽ നടക്കാറുണ്ട്. ട്രെഡ് മിൽ ഏതെന്ന് ആരെങ്കിലും നോക്കാറുണ്ടോ ? ട്രെഡ് മിൽ ഏതായാലും നടക്കുകതന്നെ.

? ബോർഡിലെ സി.പി.എം. സംഘടനയായ ഓഫീസേഴ്‌സ് അസോസിയേഷനുമായി കുറെനാളായി നടന്നുവരുന്ന പോരിന്റെ പരിണതഫലമാണോ ഈ മാറ്റം

= കഴിഞ്ഞ ജൂണിലാണ് ചെയർമാനായത്. സെപ്റ്റംബറിൽത്തന്നെ പ്രശ്നങ്ങൾ ആരംഭിച്ചു. എല്ലാ രണ്ടുമാസം കൂടുമ്പോഴും അവർ ഏതെങ്കിലും പ്രശ്നവുമായി വന്നിട്ടുണ്ട്. അതിൽ സ്വീകരിക്കാവുന്നത് സ്വീകരിച്ചു. പറ്റാത്തത് പറ്റില്ലെന്നു പറഞ്ഞു. ഓഫീസേഴ്‌സ് അസോസിയേഷൻ തൊഴിലാളി സംഘടനയുമല്ല, മാനേജ്‌മെന്റുമല്ല. എന്നാൽ, ഒരു സംഘടന മാനേജ്‌മെന്റ് എടുക്കേണ്ട തന്ത്രപരമായ എല്ലാ തീരുമാനങ്ങളെയും ചോദ്യംചെയ്താൽ എന്തായിരിക്കും അവസ്ഥ. എല്ലാത്തിലും അവർക്ക് ഭേദഗതി വരുത്തണം. ഒരുപാട് കാര്യങ്ങൾ കഴമ്പില്ലാത്തതാണ്. ഉദാഹരണത്തിന് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനെതിരേ നൽകിയ നിവേദനം. അതിന്റെ ഉദ്ദേശ്യം സ്മാർട്ട് മീറ്ററിനെ എതിർക്കലല്ല. സ്മാർട്ട്‌ മീറ്റർ വരുമ്പോൾ കമ്പനിയിൽ ഘടനാപരമായ മാറ്റങ്ങളൊന്നും ഉണ്ടാകരുത് എന്നാണ്. ഈ കാഴ്ചപ്പാടിനോട് യോജിക്കാനാവില്ല.

? ബോർഡിന്റെയും അസോസിയേഷന്റെയും ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത രൂക്ഷമായ അഭിപ്രായവ്യത്യാസം ഇപ്പോൾ ഉണ്ടാകാൻ കാരണമെന്ത്

= ചെയർമാന്റെ ചുമതലയേൽക്കുമ്പോൾ മുമ്പത്തെ മൂന്ന് ചെയർമാൻമാരുമായി സംസാരിച്ചിരുന്നു. അവരെല്ലാം തൊഴിലാളി യൂണിയനുകളെക്കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. എന്നാൽ, മൂവരും ഒരേസ്വരത്തിൽ പറഞ്ഞത് ഓഫീസേഴ്‌സ് അസോസിയേഷനെ നിയന്ത്രിക്കാതെ നിങ്ങൾക്ക് മുന്നോട്ടു പോകാനാവില്ലെന്നാണ്. അതെന്തുകൊണ്ടാണെന്ന് നമ്മൾ ആലോചിക്കണം. ബോർഡിനുംമുകളിലാണ് അസോസിയേഷൻ എന്നാണ് അവരുടെ ചിന്ത. അതുകൊണ്ട് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള പ്രവണത അവർക്കുണ്ട്.

? കെ.എസ്.ഇ.ബി.യിൽ ചെയർമാൻമാരിൽ ഭൂരിപക്ഷത്തിനും കാലാവധി തികയ്ക്കാൻ പറ്റിയിട്ടില്ല. അത് എന്തുകൊണ്ട്

= ഇതുവരെയുള്ള ചെയർമാൻമാരിൽ മൂന്നുവർഷത്തിലധികം കിട്ടിയിട്ടുള്ളത് വെറും നാലുപേർക്കാണ്. അത് എനിക്ക് ആശങ്കയുണ്ടാക്കുന്നതാണ്. 16,000 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനി ആർക്കുവേണമെങ്കിലും നടത്തിക്കൊണ്ടുപോകാം. പക്ഷേ, കെ.എസ്.ഇ.ബി. എന്നത് കേരളത്തിന്റെ കൈയിലിരിക്കുന്ന നവരത്ന പദവിക്ക് സാധ്യതയുള്ള കമ്പനിയാണ്. തെക്കേയിന്ത്യയിലെ എനർജി മേജർ ആകാനുള്ള എല്ലാ സാധ്യതയുമുണ്ട്. പക്ഷേ, അതിനുള്ള തന്ത്രം ബോർഡ് കമ്പനിയായി പത്തുവർഷമായിട്ടും ആരും എഴുതിയിട്ടില്ല.
നമ്മുടെ ചിന്ത ‘റേഷൻകട മോഡൽ’ ആണ്. ഇവിടെ ഉത്പാദിപ്പിക്കുന്നതും പുറത്തുനിന്ന് വാങ്ങുന്ന മിച്ചവും ചേർത്ത് കേരളത്തിലെ ഉപഭോക്താവിന് കൊടുക്കുക. ദേശീയതലത്തിലുള്ള ഒരു കേരള കമ്പനിയാവാൻ പറ്റുമോ എന്ന് ചിന്തിച്ചിട്ടേയില്ല. അതിനുള്ള ആഗ്രഹത്തിന് ഇപ്പോൾ ചെറുതായിട്ട് വിത്ത് ഇട്ടിട്ടുണ്ട്.

? കെ.എസ്.ഇ.ബി.യുടെ ഭാവി ആശങ്കപ്പെടുത്തുന്നതാണോ

= രണ്ടുമൂന്ന് പ്രശ്നങ്ങൾ പരിഹരിച്ചേ പറ്റൂ. എല്ലാവർഷവും ആയിരം കോടി കടമെടുക്കുകയും ആയിരംകോടി നഷ്ടം വരുത്തുകയും ചെയ്താൽ എത്രവർഷം കമ്പനിക്ക് നിലനിൽക്കാൻ പറ്റും? വായ്പ കിട്ടാത്ത അവസ്ഥയിലേക്ക്‌ പെട്ടെന്ന് എത്തും. ജീവനക്കാരുടെ ശമ്പളച്ചെലവ് പരിപാലിക്കുന്നതിലും നമ്മൾ വേണ്ടത്ര വിജയിച്ചില്ല. ജീവനക്കാരുടെ പെൻഷനും ആനുകൂല്യങ്ങൾക്കും വേണ്ട 20,000 കോടി രൂപ കണ്ടെത്താനായിട്ടില്ല. അടുത്ത 20 കൊല്ലംകൊണ്ട് അത് കൊടുത്തുതീർക്കണം.
നമുക്ക് വിറ്റുവരവ് മാത്രമേയുള്ളൂ. കേന്ദ്രം നിയമം പാസാക്കി പ്രസരണവിതരണ മേഖലകൾ സ്വകാര്യവത്കരിക്കുകയും അതുവഴി കടുത്തമത്സരം വരികയും ചെയ്താൽ വിറ്റുവരവ് ഇടിഞ്ഞുപോകും. അഗ്രസ്സീവായ ബിസിനസ് തന്ത്രങ്ങൾ സ്വീകരിക്കാതെ ഇങ്ങനെപോയാൽ ഒട്ടും സുരക്ഷിതമല്ല ഭാവി. ഈ വർഷം എങ്ങനെവന്നാലും ആയിരം കോടി പ്രവർത്തനലാഭമുണ്ട്. ­മിച്ചമുണ്ടാക്കാനാവുമെന്നതിന് തെളിവാണിത്. ചെലവുചുരുക്കിയാണെങ്കിലും മൂലധനനിക്ഷേപം കുറച്ചാണെങ്കിലും ഇത് നിലനിർത്താ
നാവണം.

? കഴിഞ്ഞ വർഷം ബോർഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചു

= ഉത്പാദനത്തിലാണ് ശ്രദ്ധിച്ചത്. കഴിഞ്ഞ അഞ്ചുവർഷം 17 മെഗാവാട്ടാണ് ഗ്രിഡിൽ ചേർത്തത്. എന്നാലിപ്പോൾ 150 മെഗാവാട്ട് കൂട്ടിച്ചേർക്കാനായി. സോളാറിൽ 150 മെഗാവാട്ടും. 2013-നുശേഷം ഏറ്റവും കൂടുതൽ ശേഷി വർധിപ്പിച്ചത് ഈ വർഷമാണ്. പെരിങ്ങൽകുത്ത്, തൊട്ടിയാർ, ഭൂതത്താൻകെട്ട് എന്നിവയുടെ നിർമാണത്തിലെ തടസ്സങ്ങളെല്ലാം പരിഹരിച്ചു. ഭൂതത്താൻകെട്ടിലേക്ക്‌ ചൈനയിൽനിന്നുള്ള ജനറേറ്ററുകൾ കൊണ്ടുവരാൻ നിരന്തരം പാതിരായ്ക്ക് ദ്വിഭാഷിയെവെച്ച് വീഡിയോ കോൺഫറൻസ് നടത്തേണ്ടിവന്നു.
ഇടുക്കിയിൽ രണ്ടാം നിലയത്തിന് നടപടി തുടങ്ങി. ട്രാൻസ്ഗ്രിഡ് പദ്ധതിക്ക്‌ കിഫ്ബിയെക്കാൾ കുറഞ്ഞനിരക്കിൽ ആർ.ഇ.സി.യിൽനിന്ന് വായ്പ നേടാനായി. സോളാർ കരാറുകൾ പുനപ്പരിശോധിച്ചതിലൂടെ 600 കോടി ലാഭമുണ്ടായി. ബോർഡിന് റൂൾസ് ഓഫ് ബിസിനസ് ഉണ്ടായിരുന്നില്ല. അത് തയ്യാറാക്കി അംഗീകരിച്ചു. സംഘടനകളുടെ അഭിപ്രായങ്ങൾകൂടി കണക്കിലെടുത്താണിത്. ഇനി പുനഃസംഘടനയും ചെലവുകുറയ്ക്കലും ഏറ്റെടുത്താൽ ബോർഡിന് നല്ല ഭാവിയുണ്ടാവും.

? ഇത്രയൊക്കെ ചെയ്ത ചെയർമാനെ പിന്തുണയ്ക്കുന്നതിനുപകരം എന്തിന് മാറ്റിയെന്ന ചോദ്യം പിന്നേയും അവശേഷിക്കുന്നു

= നന്നായി പ്രവർത്തിച്ചെങ്കിൽ എന്തിനാണ് മാറ്റിയതെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. ഞാനതിന് ഉത്തരം പറയേണ്ട കാര്യമില്ല. സർക്കാർ എന്നോട് വീട്ടിൽപ്പോകാനല്ലല്ലോ പറഞ്ഞത്. നിങ്ങൾ കൃഷിവകുപ്പിലേക്കു പോകൂ എന്നാണ് പറഞ്ഞത്. അവിടെ എനിക്കൊരു ദൗത്യം കാണും എന്നാണ് ഞാൻ വിചാരിക്കുന്നത്. ഞാൻ കേന്ദ്രസർക്കാരിന്റെ കൃഷിമന്ത്രാലയത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. കൃഷിവകുപ്പിൽ 17 പൊതുമേഖലാ സ്ഥാപനങ്ങളും സർവകലാശാലയുമുണ്ടെന്ന് പറയുന്നു. ഊർജസ്വലനായ മന്ത്രിയുണ്ടെന്ന് പറയുന്നു. അവിടെ അവർക്ക് എന്നെ ആവശ്യമുണ്ടാവാം. മുറി മാറുന്നു, കസേര മാറുന്നു, ഉള്ളടക്കം മാറുന്നു എന്നല്ലേയുള്ളൂ.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..