രാമായണഹൃദയം മന്ത്രിക്കുന്നത്‌


കെ. ജയകുമാർ

രാമായണ മാസാരംഭം ഇന്ന്‌

.

ലോകചരിത്രത്തിലെ വിസ്മയങ്ങളിലൊന്നാണ്‌, ഓരോ തലമുറ കഴിയുംതോറും പ്രസക്തിയും പ്രാധാന്യവും വർധിച്ചുകൊണ്ടിരിക്കുന്ന രാമായണം എന്ന ഇതിഹാസം. ഒരു കാവ്യത്തിന്‍റെ പാരായണവും ആശയലോകവുമായുള്ള പരിചയവും ഏതോ വിധത്തിൽ ജീവിതോത്‌കർഷത്തിനു ഹേതുവാകുമെന്നുള്ള വിശ്വാസം ഭാരതീയസംസ്കൃതിയുടെ ഹൃദയത്തിൽ മുദ്രിതമാണ്‌. ആത്മീയസദ്ഭാവനയുടെ മഹാസൂചകമാണ്‌. രാമായണത്തിന്‍റെ രചനയ്ക്ക്‌ ആദികവിയെ പ്രേരിപ്പിച്ചതും ഇതേ സദ്ഭാവനയാകുന്നു. ഒരു പുരുഷോത്തമനെ ആലേഖനം ചെയ്യലാണ്‌ ആത്യന്തികമായ ലക്ഷ്യം. ആ ലക്ഷ്യം സാധ്യമാക്കാനായി രഘുകുലോത്തമനായ ശ്രീരാമന്‍റെ ചരിതം അതിന്‍റെ അഭൂതപൂർവമായ പരീക്ഷണ മുഹൂർത്തങ്ങളിലൂടെയും വീരോചിത സന്ദർഭങ്ങളിലൂടെയും വൈകാരിക പ്രതിസന്ധികളിലൂടെയും ആഖ്യാനംചെയ്യുന്ന രാമായണം, അചഞ്ചലമായ ധർമനിഷ്ഠ മനുഷ്യനെ അമാനുഷനാക്കുന്നതെങ്ങനെയെന്ന്‌ ബോധ്യപ്പെടുത്തുന്നു.

ധർമാചരണത്തിലൂടെ മനുഷ്യന്‌ സാധ്യമാവുന്ന ദിവ്യത്വത്തിലേക്കുള്ള പരിണാമത്തിന്‍റെ നിദർശനവും വാഗ്ദാനവുമാണ്‌ രാമായണം. കർക്കടകമാസത്തിന്‍റെ താത്‌കാലിക കെടുതികളിൽനിന്നുള്ള മോചനമല്ല, ജീവിതത്തിനു വന്നുഭവിക്കുന്ന അധാർമികതയുടെ മാലിന്യങ്ങളിൽനിന്നുള്ള മുക്തിസാധ്യതയാണ്‌ രാമായണത്തിന്‍റെ ആധ്യാത്മിക സന്ദേശം.

മായയുടെ പിടിമുറുക്കം

രാമായണം കഥയിൽ അധർമം പ്രവൃത്തിക്കുന്ന കഥാപാത്രങ്ങൾക്കും അവരുടെ പ്രവൃത്തികളെ സാധൂകരിക്കാൻ ന്യായങ്ങളുണ്ട്‌, സർവോത്തമനായ രാമന്‌ വനവാസം വിധിച്ച ദശരഥന്‍റെ നിസ്സഹായതയ്ക്ക്‌, ബാലിക്ക്‌ സുഗ്രീവനോടുള്ള ശത്രുതയ്ക്ക്‌, ശൂർപ്പണഖയ്ക്കു രാമലക്ഷ്മണന്മാരോടുള്ള വിരോധത്തിന്‌, രാവണന്‌ സീതാപഹരണം നടത്താനുള്ള പ്രേരണയ്ക്ക്‌, -എല്ലാറ്റിനുമുണ്ട്‌ അവരുടേതായ ന്യായങ്ങൾ. എന്നാൽ, പലപ്പോഴും ആ ന്യായങ്ങളിൽ ആരൂഢിക്കപ്പെട്ട തീരുമാനങ്ങളും പ്രവൃത്തികളും വിനാശത്തിലേക്കോ യാതനകളിലേക്കോ മാത്രമേ ചെന്നെത്തുന്നുള്ളൂ.

ഓരോ പ്രവൃത്തിയുടെയും പ്രത്യാഘാതം നിർണയിക്കുന്നത്‌ അതിന്‍റെ വൈകാരികമായ ന്യായാന്യായങ്ങളല്ല, അവയ്ക്കുപിന്നിലെ ധാർമികത മാത്രമാകുന്നു. പരീക്ഷണവും പ്രലോഭനങ്ങളും വെല്ലുവിളികളും വലുതായിരുന്നാലും ചെറുതായിരുന്നാലും ധർമാനുസാരിയായ തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നതുകൊണ്ടാണ്‌ രാമൻ ശ്രീരാമനാകുന്നത്‌. അവതാരപുരുഷനും സർവോത്തമനുമാകുന്നത്‌. തമോഗുണം ആവരണം ചെയ്തിരിക്കുന്ന ആസുര കഥാപാത്രങ്ങളും രജോഗുണികളായ മറ്റു കഥാപാത്രങ്ങളും സഹജമായ വാസനകളാൽ മാത്രം നയിക്കപ്പെടുന്നു. വാസനകളെ പിന്തുടരാൻ പ്രേരിപ്പിക്കുന്നതാകട്ടെ, താനാരാണ്‌ എന്ന മിഥ്യാനിർവചനവും.

കൈലാസമെടുത്ത്‌ അമ്മാനമാടിയ കരുത്തനായ രാവണൻ തന്‍റെ സഹോദരിക്കുണ്ടായ അപമാനത്തിനു പകരം ചോദിക്കാൻ പ്രേരിതനാവുന്നത്‌ തന്‍റെ പ്രതിച്ഛായ സംരക്ഷിക്കാൻ കൂടിയാണല്ലോ. വാസനാബദ്ധമായ തീരുമാനങ്ങളെടുക്കുമ്പോൾ യുക്തിയോ സത്യബോധമോ അന്യഥാ വിജ്ഞനായ ലങ്കേശനെ പിന്തിരിപ്പിക്കുന്നില്ല, അത്രയ്ക്കാണ്‌ അവിദ്യയുടെ, മായയുടെ പിടിമുറുക്കം. തന്‍റെ കരുത്ത്‌ പ്രകടിപ്പിച്ചില്ലെങ്കിൽ അത്‌ അന്തസ്സിനു നിരക്കുകയില്ല എന്ന ബോധ്യമാണ്‌ രാവണനെ പ്രചോദിപ്പിക്കുന്നത്‌; പരന്‍റെ ഭാര്യയെ ചതിക്കാനും അപഹരിക്കാനും. ആ തീരുമാനം രാവണന്‍റെ ശക്തിയെയും കഴിവിനെയുമല്ല, ഭീരുത്വത്തെയാണ്‌ ഉദാഹരിക്കുന്നത്‌. സ്വന്തം മൃത്യുവിന്‌ മാത്രമല്ല സർവനാശത്തിന്‌ രാവണൻ അങ്ങനെ നിമിത്തമാകുന്നു. ശ്രീലങ്കയുടെ ഇപ്പോഴത്തെ ദുഃസ്ഥിതിക്കു ഹേതുവും ഭരണാധിപന്മാരുടെ വാസനാവികൃതിയായ സ്വാർഥമോഹങ്ങളും അഴിമതിയുടെ അധാർമികതയും തന്നെയാണല്ലോ.

ധർമധീരനാവാൻ

അധർമം പ്രവർത്തിക്കാൻ ഏതൊരു മഠയനും ഭീരുവിനും സാധിക്കും. അഥവാ അധർമം പ്രവർത്തിക്കുന്നവർ അടിസ്ഥാനപരമായി ഭീരുക്കളാണ്‌. സാങ്കല്പികഭയങ്ങൾ അവരെ സദാ പിന്തുടരുന്നുണ്ട്‌. ഭീരുത്വത്തെ ധീരതയായി അധർമം അവതരിപ്പിക്കും. സ്വയം അങ്ങനെ വിശ്വസിക്കും. എന്നാൽ, ധർമത്തിന്‍റെ കല്പന അനുസരിക്കാൻ ധീരതയ്ക്കേ കഴിയൂ. അത്‌ അനുസരിക്കണമെങ്കിൽ വാസനകൾക്കുമേൽ ആധിപത്യം സ്ഥാപിച്ച്‌ ഞാനെന്ന ഭാവത്തെ ജയിച്ച്‌ സത്യാസത്യ വിവേചനം സാധ്യമാവണം. അങ്ങനെ ഒരാൾക്കുമാത്രമേ ധർമധീരനാകാൻ കഴിയൂ. നാമരൂപത്തിൽ സീമിതനായ മനുഷ്യന്‍റെ സത്ത അത്രമാത്രമേയുള്ളൂ എന്ന്‌ നിരൂപിക്കുമ്പോൾ വികാരപ്രേരിതമായ തീരുമാനങ്ങളുടെ മായാമൃഗത്തിനു പിന്നാലെ മനസ്സ്‌ പായും. എളുപ്പം ആഗ്രഹപൂർത്തി വരുത്താൻ വേണ്ടതെല്ലാം ചെയ്യും. എന്നാൽ, ജീവന്മുക്തനോ, അഹങ്കാരരഹിതവും പ്രശാന്തവുമായ ചിത്തവൃത്തിയിലൂടെ, മലിനവാസനകളെ പ്രതിരോധിച്ച്‌ ലോകക്ഷേമം സുസാധ്യമാക്കുന്നു.

വിചാരംചെയ്തു സത്യം ഗ്രഹിച്ചയാളിന്‍റെ മനസ്സ്‌ സമുദ്രംപോലെ ഗംഭീരവും മേരു പർവതംപോലെ ഉറപ്പുള്ളതും പൂർണചന്ദ്രനെപ്പോലെ അന്തഃശീതളിമ നിറഞ്ഞതുമായി ഭവിക്കുന്നു (ലഘു യോഗവാസിഷ്ഠം, മുമുക്ഷു വ്യവഹാര പ്രകരണം-34)

രാമതത്ത്വം

ഈ മാതൃകാപുരുഷനാണ്‌ രാമായണത്തിലെ ശ്രീരാമൻ, പുതിയ കാലത്തിന്‍റെ കണ്ണുകൾ കൊണ്ടും കാലികമായ മനോഭാവങ്ങളുടെ അളവുകോലുകൾ കൊണ്ടും ശ്രീരാമനെ സാധാരണ കഥാപാത്രമായി കണ്ട്‌, നമ്മളെപ്പോലെ പെരുമാറാത്തതെന്താണെന്നു വിമർശന ബുദ്ധിയോടെ ചോദ്യം ചെയ്യുന്ന ഒരു ബൗദ്ധിക ധാരയുണ്ട്‌. അവർ രാമതത്ത്വം ഗ്രഹിച്ചിട്ടില്ല. രാമായണത്തിന്‍റെ രചനാ ലക്ഷ്യം മനസ്സിലാക്കിയിട്ടില്ല. ശ്രീരാമനെക്കുറിച്ചുള്ള എഴുത്തച്ഛന്‍റെ ഈ വാക്കുകൾ സശ്രദ്ധം വായിക്കാം.

‘ദുഃഖ സൗഖ്യാദിവികല്പങ്ങളില്ലാതെ
നിഷ്കള നിർഗുണാത്മാരഘൂത്തമ
ന്യുനാതിരേക വിഹീന നിരഞ്ജന- നാനന്ദ പൂർണനനന്തനനാകുല . ” (അയോധ്യാകാണ്ഡം)

അറിവിന്‍റെ പൂർണതയിൽ ജീവിതം ധന്യമാക്കിയ ഒരു സ്ഥിതപ്രജ്ഞന്‍റെ ചിത്രമാണിത്‌. സത്യബുദ്ധി നേടി, ജ്ഞാന കവചം ധരിച്ച ധർമധീരനെ പ്രലോഭനങ്ങളുടെ ബാണങ്ങൾ സ്പർശിക്കുകയില്ല, ഈ യോഗഭാവം, ഈ അഖണ്ഡസത്യം ആന്തരികമായി സാക്ഷാത്കരിച്ച ബ്രഹ്മജ്ഞാനിയായി വേണം ശ്രീരാമനെ സമീപിക്കാൻ. ആ ഔന്നത്യമാകട്ടെ ആർക്കും പ്രാപ്യവുമാണ്‌.

വികാരം കൊണ്ടല്ല, വിവേകം കൊണ്ടും ധർമബോധം കൊണ്ടും പ്രതിസന്ധികളെ നേരിടുന്ന ശ്രീരാമചന്ദ്രൻ, ഏതു യുഗത്തിലെയും മനുഷ്യർക്ക്‌ ജീവിതയാത്രയിലെ അക്ഷയദീപം തന്നെയാണ്‌, സാധാരണ മനുഷ്യർ ഇപ്പോഴും അനുഭവിക്കേണ്ടി വരുന്ന പ്രാതികൂലങ്ങളെല്ലാം അവയുടെ പ്രാഗ്‌രൂപത്തിൽ രാമൻ ആ ത്രേതായുഗത്തിൽ അഭുമുഖീകരിക്കുന്നുണ്ട്‌. ഒന്നിന്‌ പു​റകെ ഒന്നായി ശ്രീരാമൻ അനുഭവിച്ച സംഘർഷങ്ങൾ ഭീകരങ്ങളായിരുന്നു. ഒരിക്കൽപോലും പക്ഷേ, ശ്രീരാമൻ പതറുകയോ ആശയക്കുഴപ്പത്തിൽ വീഴുകയോ വികാരവിക്ഷോഭങ്ങൾക്കടിമപ്പെട്ടു സ്വാർഥചിന്തയോടെ എന്തെങ്കിലും പ്രവർത്തിക്കുകയോ ചെയ്യുന്നില്ല.
രാമായണനായകനെപ്പോലെ പരമാർഥബോധത്തോടെയും അക്ഷോഭ്യതയോടെയും സ്വാർഥമാലിന്യമില്ലാതെയും തീരുമാനങ്ങളെടുക്കാൻ സാധിച്ചാൽ ആരുടെയും ജീവിതം കർമശുദ്ധികൊണ്ടു കമനീയമാകും. സത്യസാധനയും ധർമനിഷ്ഠയും കൊണ്ട്‌ ജീവിതയാത്ര ധന്യമാക്കാം എന്ന്‌ രാമായണ ഹൃദയം മന്ത്രിക്കുന്നു.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..