കാവൽ വേണ്ടത്‌ ആർക്ക്‌


രമ്യ ഹരികുമാർ

നീതിദേവതേ കൺതുറക്കൂ - 3

എനിക്കൊരു ജീവിതമില്ലേ?

‘‘എന്റെ പതിന്നാലുവയസ്സിൽ നടന്ന സംഭവമാണ്. ഇപ്പോൾ 26 വയസ്സായി. ഇതുവരെ എന്നെ കോടതിയിൽ വിളിപ്പിച്ചിട്ടുപോലുമില്ല. എനിക്കൊരു ജീവിതമില്ലേ. കാര്യങ്ങളുടെ ഗൗരവം അറിയാത്ത പ്രായമായതിനാൽ അന്ന് എനിക്കിത്രയും മാനസികസംഘർഷം ഉണ്ടായിരുന്നില്ല. എല്ലാവരും ചോദിച്ചുതുടങ്ങി കല്യാണം കഴിക്കുന്നില്ലേയെന്ന്. കേസ് മുന്നോട്ടുകൊണ്ടുപോകാതിരിക്കാൻ എന്താണ് വഴിയെന്നാണ് ഞാൻ ആലോചിക്കുന്നത്. ഞാൻ മൊഴിമാറ്റി പറഞ്ഞാൽ അവിടെ അവസാനിക്കുമല്ലോ, എനിക്ക് മതിയായി.’’ -ജീവിതത്തിലുണ്ടായ ദുരനുഭവത്തെത്തുടർന്ന് ജീവിതം ഇതരസംസ്ഥാനത്തേക്ക് പറിച്ചുനടേണ്ടി വന്ന ഒരു അതിജീവിതയുടേതാണ് ഈ വാക്കുകൾ. 2013-ൽ എഫ്.ഐ.ആർ. ഇട്ട കേസിൽ വർഷങ്ങളായിട്ടും നടപടിയുണ്ടാകാത്തതിനെത്തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ചാർജ് ഷീറ്റ് സമർപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി അറിയുന്നത്.

ബന്ധുവീട്ടിൽ കൂട്ടുകിടക്കാൻ ചെന്ന സാഹചര്യം മുതലെടുത്ത് സഹോദരസ്ഥാനത്തുള്ള വ്യക്തിയാണ് പീഡിപ്പിച്ചത്. പെൺകുട്ടി ഗർഭിണിയായി. വിവരമറിഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾ കുട്ടിയെ ഇതരസംസ്ഥാനത്തെത്തിച്ച് അബോർഷൻ നടത്തി. ഇതിനിടയിൽ പ്രതിയുടെ വിവാഹം കഴിഞ്ഞു. മകൾക്ക് സംഭവിച്ചുപോയത് മാതാപിതാക്കൾ രഹസ്യമാക്കിവെച്ചു. പ്രതി പെൺകുട്ടിയെ വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചതോടെ ബന്ധുക്കളും നാട്ടുകാരും വിവരമറിഞ്ഞു. നിൽക്കക്കള്ളിയില്ലാതെ പെൺകുട്ടി വീട്ടിൽനിന്നിറങ്ങി. രക്ഷിതാക്കൾ നൽകിയ മിസിങ് കേസിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് പെൺകുട്ടിയെ കണ്ടെത്തി. നടന്നതെല്ലാം പെൺകുട്ടി പോലീസിൽ അറിയിച്ചു. പോലീസ് കുട്ടിയെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി. അവിടെനിന്ന് വഞ്ചിയൂരുള്ള അത്താണിയിലേക്കും തുടർന്ന് നിർഭയഹോമിലേക്കും പെൺകുട്ടി മാറ്റപ്പെട്ടു. നിർഭയയിൽനിന്ന് ഇറങ്ങിയിട്ടും കേസ് സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിക്കാതായതോടെയാണ് അതിജീവിത പോലീസ് സ്റ്റേഷനിൽ എത്തുന്നത്.

‘‘പോലീസ് എനിക്ക് ഒരു വിശദീകരണവും നൽകിയില്ല. സമയമാകുമ്പോൾ വിളിക്കും എന്നുപറഞ്ഞ് ദേഷ്യപ്പെട്ടു. മോശമായ രീതിയിലാണ് സംസാരിച്ചത്. ഒന്നരമാസത്തിൽ നടന്ന അബോർഷൻ പ്രതി പറഞ്ഞതുപ്രകാരം അവർ ആറാം മാസത്തിലാണ് നടന്നതെന്ന് എഴുതിച്ചേർത്തു. അതോടെ കേസിൽ അച്ഛനും അമ്മയും പ്രതികളായി. അന്വേഷണത്തെത്തുടർന്ന് ചാർജ് ഷീറ്റ് ഫയൽചെയ്യുകയും അടുത്തിടെ രക്ഷിതാക്കളെ കോടതിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഓരോ തവണയും കോടതി വിളിപ്പിക്കും. അടുത്തൊരു ഡേറ്റ് തരും. ഇതരസംസ്ഥാനത്ത് താമസിക്കുന്ന രക്ഷിതാക്കൾക്ക് കേസിനുവിളിക്കുമ്പോൾ നാട്ടിലെത്താനുള്ള പണച്ചെലവ് താങ്ങാനാവുന്നില്ല. ഇതിനു പുറമേയാണ് വക്കീൽ ഫീസ്. തെറ്റൊന്നും ചെയ്തിട്ടില്ല. കോടതിയിൽ വരില്ലെന്ന വാശിയിലാണ് അച്ഛൻ. വാറന്റായി, അമ്മയും സഹോദരങ്ങളും എന്നോട് മിണ്ടുന്നില്ല.’’ കുടുംബത്തിൽനിന്നുപോലും ഒറ്റപ്പെട്ടുപോയ അതിജീവിത കഴിയുന്നത് അമ്മൂമ്മയുടെ കൂടെയാണ്.

മുൻധാരണകളെ മാറ്റിവെക്കൂ

മുൻകാലങ്ങളെ അപേക്ഷിച്ച് അതിജീവിതയോടുള്ള പോലീസിന്റെ സമീപനത്തിൽ മാറ്റംവരുത്താൻ സാധിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാൽ, ഒരു കണികപോലും മാറ്റംവന്നിട്ടില്ലെന്ന് അതിജീവിതമാരും അവർക്കുവേണ്ടി നിലകൊള്ളുന്നവരും ഒരേസ്വരത്തിൽ അഭിപ്രായപ്പെടുന്നു. വനിതാസൗഹൃദമാക്കാൻ വനിതാ ഹെൽപ് ഡെസ്കുകൾ ഉൾപ്പെടെയുള്ളവ രൂപവത്‌കരിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും പരാതിയുമായെത്തുന്നവർ കാണുന്നത് ഹെൽപ് ഡെസ്ക് എന്ന ബോർഡും ഒഴിഞ്ഞ കസേരകളുമാണ്. മതിയായ ഉദ്യോഗസ്ഥരില്ലെന്നുള്ളത് പോലീസ് സേന നേരിടുന്ന വെല്ലുവിളിയാണെന്നത് അംഗീകരിച്ചാൽതന്നെയും വനിതാപോലീസിന്റേതുൾപ്പെടെയുള്ളവരുടെ പെരുമാറ്റം അസഹനീയമായിരിക്കും. പരാതിക്കാരിയുടെ സ്വഭാവശുദ്ധിയുടെ ഇഴകീറിയുള്ള പരിശോധന ആരംഭിക്കുന്നത് സ്റ്റേഷനിൽനിന്നാണ്.

മൊഴിയിൽ മായം ചേർക്കല്ലേ

പോലീസ് ഫയൽചെയ്ത 161 കണ്ടാൽത്തന്നെ അവർ എത്രപണം പ്രതിയിൽനിന്ന് കൈപ്പറ്റിയിട്ടുണ്ടെന്ന് വ്യക്തമാകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് പറയുന്നു. പരാതിയുമായി എത്തുന്നവരോട് കേസെടുക്കില്ലെന്ന് പോലീസ് ഒരിക്കലും പറയില്ല. പകരം മടുപ്പിച്ചുകളയുന്ന രീതിയിൽ പെരുമാറും. ചിലർ അതോടെ പിൻവാങ്ങും. രണ്ടാമത്, പ്രതിയെ അറസ്റ്റുചെയ്യാൻ മനഃപൂർവം കാലതാമസം വരുത്തും. ‘‘സത്യസന്ധമായി അന്വേഷിക്കുന്നവരാണെങ്കിൽ 161-ൽ ഒരു കള്ളത്തരവുമുണ്ടായിരിക്കില്ല. പോലീസിന് ആദ്യം നൽകിയ മൊഴിയിൽത്തന്നെ എന്തുകൊണ്ട് ഇക്കാര്യം പറഞ്ഞില്ലെന്ന് ചോദിക്കുന്നതിൽ അർഥമില്ല. കഠിനമായ പീഡനം നേരിടേണ്ടിവന്നാൽ ആദ്യമൊഴിയിൽ ഒന്നും വിട്ടുപോകാതെ പറയുക എളുപ്പമല്ല. അതിജീവിത മനസ്സാന്നിധ്യം വീണ്ടെടുത്ത് കൊടുക്കുന്ന രണ്ടാമത്തെ മൊഴി അതിനാൽത്തന്നെ അത്യാവശ്യമാണ്. അവിടെ പോലീസ് പ്രതിയെ സഹായിക്കാൻ തീരുമാനിച്ചാൽ പ്രോസിക്യൂട്ടർ അല്പം വിയർക്കേണ്ടിവരും.’’ -പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പ്രോസിക്യൂട്ടർ പറഞ്ഞു. പോലീസ് എഴുതിവെക്കുന്നതു പോലെയായിരിക്കണം അതിജീവിത കോടതിയിൽ കാര്യങ്ങൾ വ്യക്തമാക്കേണ്ടത്. അവരുടെ കോടതിയിലെ മൊഴിയും 161-ഉം തമ്മിൽ പൊരുത്തക്കേടുകൾ വന്നാൽ അത് കേസിനെ ദോഷകരമായി ബാധിക്കും. അതിന്റെ ആനുകൂല്യം പ്രതിക്ക് ലഭിക്കുകയും ചെയ്യും. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അന്വേഷണത്തിന് മേൽനോട്ടം വഹിച്ച എസ്. ഹരിശങ്കറിനെപ്പോലെ അതിജീവിതമാർക്കുവേണ്ടി അവസാനംവരെ പോരാടുന്ന പോലീസ് ഉദ്യോഗസ്ഥരെയും വിസ്മരിച്ചുകൂടാ.

മാറേണ്ടത് പൊതുബോധം

സമൂഹത്തിൽ നിലയുംവിലയുമുള്ള, ‘നല്ല ’ മനുഷ്യരാരും മോശമായൊന്നും ചെയ്യില്ലെന്നാണ് ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള പൊതുബോധം. ഞാനും നിങ്ങളും തമ്മിൽ നല്ല ബന്ധമാണെന്നുകരുതി ഞാൻ മറ്റൊരു വ്യക്തിയോട് അതിക്രമം കാണിക്കില്ലെന്ന് എങ്ങനെ പറയാനാകും. ഒരു വ്യക്തിയുമായി നല്ല ലൈംഗികബന്ധമുള്ളപ്പോൾത്തന്നെ മറ്റൊരാളോട് ലൈംഗികാതിക്രമം ചെയ്യാം. ഇതുമനസ്സിലാക്കാതെ ഒരാൾ നല്ലമനുഷ്യനാണ് എന്നുപറഞ്ഞ് അറസ്റ്റ് വൈകിപ്പിക്കുന്നതിൽ എന്തു ന്യായമാണുള്ളത്

ബലാത്സംഗം കേരളത്തിൽ

വർഷം എണ്ണം
2016 1656
2017 2003
2018 2005
2019 2023
2020 1880
2021 2138
2022 793 (ഏപ്രിൽവരെ)
അവലംബം കേരള പോലീസ്

ഇതോ വനിതാസൗഹൃദ സംസ്ഥാനം?

മദ്യലഹരിയിലുള്ള ഭർത്താവിൽനിന്ന് മർദനമേറ്റ് കോഴിക്കോട്ടെ ഒരു പോലീസ് സ്റ്റേഷനിലേക്ക് ഒരു സ്ത്രീ ഓടിക്കയറി വന്നു. പോലീസ് സ്റ്റേഷനിൽ വനിതാപോലീസുകാർ ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, വളരെ മോശമായ പെരുമാറ്റമാണ് പോലീസുകാരിൽ നിന്നുണ്ടായത്‌. ശരീരം മുഴുവൻ മുറിവുമായി രക്തമൊലിപ്പിച്ചുചെന്ന ഒരു സ്ത്രീ തനിച്ചുപോയി മെഡിക്കൽ എടുക്കേണ്ട സാഹചര്യമാണ് അന്നവിടെ ഉണ്ടായത്‌. അർധരാത്രിയിൽ ആത്മരക്ഷാർഥം സ്റ്റേഷനിലേക്ക് ഓടിക്കയറിയ ഒരു സ്ത്രീയോട് സഹതാപംപോലും പോലീസുകാർക്ക് തോന്നിയില്ല. നടന്നതെല്ലാം ആ സ്ത്രീ വിവരിക്കുമ്പോൾ അതുമായി ബന്ധമില്ലാത്ത ചോദ്യങ്ങളാണ് അന്ന് പോലീസുകാർ അവരോട് ചോദിക്കുന്നത്. ഇതാണോ വനിതാസൗഹൃദമായ സംസ്ഥാനം? ഈ സ്ഥാപനങ്ങൾ എല്ലാംതന്നെ ആണുങ്ങളുടെ ഒരു ക്ലബ്ബാണ്. അവിടെ ഇടയ്ക്ക് അപശബ്ദവുമായി വരുന്ന പരാതികൾ അവിടെത്തന്നെ നുള്ളിക്കളയാനുള്ള പണികൾ അവർ ചെയ്യും.
ദീദി ദാമോദരൻ
തിരക്കഥാകൃത്ത്‌, ഫെമിനിസ്റ്റ്‌

പോലീസ് മാറ്റത്തിന്റെ പാതയിൽ

നമ്മുടെ നീതിനിർവഹണ സംവിധാനത്തിൽ ഇപ്പോഴും ഒരു ബലാത്സംഗം ഇങ്ങനെയായിരിക്കും, അതിജീവിത ഇങ്ങനെയായിരിക്കണം പെരുമാറേണ്ടത് തുടങ്ങിയ കാര്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ, സമൂഹം പുരോഗമിക്കുന്തോറും അതിൽ മാറ്റങ്ങൾവരും. അത് അംഗീകരിക്കണം. ‘സമ്മതം’ സംബന്ധിച്ച് ഇപ്പോഴും ഒരു പൊതുബോധ്യം ഉണ്ടായിട്ടില്ല. ഒരുമിച്ച് സൗഹൃദം പങ്കിട്ടതും വാട്‌സാപ് സന്ദേശങ്ങളയക്കുന്നതും ശാരീരികബന്ധത്തിനുള്ള സമ്മതമല്ല. അതുപോലെ ഒരു അതിജീവിത എങ്ങനെയെല്ലാം പെരുമാറണമെന്നും ആർക്കും നിഷ്കർഷിക്കാനാകില്ല. 1860-ലെ ക്രിമിനൽ പ്രൊസീജർ കോഡിന് 2013-ലാണ് ഒരു ഭേദഗതി ഉണ്ടാകുന്നത്. നിയമവശങ്ങൾ സംബന്ധിച്ച പരിശീലനങ്ങൾ പോലീസിന് നൽകുന്നുണ്ട്. ഉന്നതവിദ്യാഭ്യാസമുള്ള ഒട്ടേറെ ഉദ്യോഗസ്ഥർ സേനയിലേക്ക് എത്തുന്നുണ്ട്. ഓപ്പൺ റിക്രൂട്ട്‌മെന്റിലൂടെ വനിതകളും സേനയിലേക്ക് എത്തുന്നുണ്ട്. പോലീസ് സേന മാറ്റത്തിന്റെ പാതയിലാണ്.
എ.ഐ.ജി. ഹരിശങ്കർ

ചാരിത്ര്യം, മാറ്റംവേണം നിലപാടുകളിൽ

‘ചാരിത്ര്യമുള്ള’ ഒരു പെൺകുട്ടിയെ/സ്ത്രീയെ പ്രണയിക്കുമ്പോഴും അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോഴും ഉത്തരവാദിത്വമുണ്ട്. അതേസമയം, ‘ചാരിത്ര്യം നഷ്ടപ്പെട്ട’ ഒരുവളോട് ആർക്കുവേണമെങ്കിലും എങ്ങനെയും പെരുമാറാം എന്നതാണ്‌ ഇവിടെ കണ്ടുവരുന്നത്. നമ്മുടെ സമൂഹം ചാരിത്ര്യത്തിന് അമിതപ്രാധാന്യം കല്പിക്കുന്നു. അതുനഷ്ടപ്പെട്ടത് തന്റേതല്ലാത്ത കാരണംകൊണ്ടായാലും ഉത്തരവാദിത്വം പെൺകുട്ടിയുടെ തലയിൽ ചാർത്തുന്നു. ഇത് സംസ്ഥാനത്തിന്റെ പരാജയമാണ്. അതിജീവിതസൗഹാർദത്തിന് ആദ്യം ഈ നിലപാടുകൾ മാറണം. കുടുംബത്തിലും നീതിനിർവഹണ സംവിധാനങ്ങളിലും മാറ്റം പ്രതിഫലിക്കണം. വാളയാർ കേസിൽ പെൺകുട്ടിക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയ സോജൻ എന്ന പോലീസ് ഉദ്യോഗസ്ഥനെ ഓർമയില്ലേ?
പി.ഇ. ഉഷ, കേരള മഹിള സമഖ്യ സൊസൈറ്റി മുൻ ഡയറക്ടർ

(തുടരും)

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..