കേരളം കടക്കെണിയിലല്ല


ഡോ. ടി.എം. തോമസ് ഐസക്

ധനവിചാരം

തോമസ് ഐസക്ക് | Photo: Mathrubhumi

കേരളത്തിൽ കടപ്പേടി കലശലായിക്കൊണ്ടിരിക്കുകയാണ്. ശ്രീലങ്കൻ ധനപ്രതിസന്ധി കണ്ട് അന്തംവിട്ടിരിക്കുമ്പോഴാണ് റിസർവ് ബാങ്ക് മാസികയിലെ സംസ്ഥാനങ്ങളുടെ കടത്തെ സംബന്ധിച്ച ലേഖനം വരുന്നത്. അതോടെ നമ്മൾ കടക്കെണിയിലേക്കാണെന്ന് പലരും ഉറപ്പിച്ചു. പത്രങ്ങൾ പലതും മുഖപ്രസംഗങ്ങൾതന്നെ എഴുതി. ഇത്തരമൊരു ചർച്ച വളർത്തിയെടുക്കുന്നത് അത്ര നിഷ്കളങ്കമായ ഒരു അഭ്യാസമല്ല. അത് അവസാനം പറയാം.

കോവിഡുകാലത്തെ കടം

റിസർവ് ബാങ്ക് മാസികയിലെ ലേഖനം പറയുന്നത് കേരളത്തിന്റെ കടം-ജി.ഡി.പി. തോത് 37 ശതമാനമായി ഉയർന്നു; പഞ്ചാബും രാജസ്ഥാനും മാത്രമേയുള്ളൂ കേരളത്തിന്റെ മുന്നിൽ. പക്ഷേ, ഏതുകാലത്ത്? കോവിഡുകാലത്ത്. അതിൽ അദ്‌ഭുതപ്പെടാനും ഭയപ്പെടാനും ഒന്നുമില്ല.
ജനങ്ങളുടെ വാങ്ങൽ കഴിവ് തകർന്നു. ഇക്കാലത്ത് സർക്കാരും ചെലവുചുരുക്കിയാൽ സാമ്പത്തികത്തകർച്ച അതിരൂക്ഷമാകും. അതുകൊണ്ടാണ് കേന്ദ്രസർക്കാർ സംസ്ഥാന വായ്പപ്പരിധി മൂന്നുശതമാനത്തിൽനിന്ന് അഞ്ചുശതമാനമായി ഉയർത്തിയത്. 2021-’22ലും വായ്പപ്പരിധി ഉയർത്തി അനുവദിച്ചു. ഈ അനുവദനീയ വായ്പയാണ് കേരളസർക്കാർ എടുത്തു ചെലവഴിച്ചത്.
അങ്ങനെ സംസ്ഥാനസർക്കാർ എടുക്കുന്ന വായ്പത്തുക ഉയർന്നു. അതേസമയം, ദേശീയ വരുമാനം കേവലമായിട്ടുതന്നെ ഇടിഞ്ഞു. കേരളത്തിൽ ഒമ്പതു ശതമാനമാണ് വരുമാനം ഇടിഞ്ഞത്. സ്വാഭാവികമായും കടവും ജി.ഡി.പി.യുമായിട്ടുള്ള തോത് ഉയരും.

ആഗോള കടം കോവിഡ് കാലത്ത്

ഇതുതന്നെയാണ്‌ ലോകത്തെമ്പാടും നടക്കുന്നത്. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്.) കണക്കുപ്രകാരം ആഗോള കടം 226 ലക്ഷം കോടി ഡോളറായിട്ടുണ്ട്. ഇത് ആഗോള ജി.ഡി.പി.യുടെ 256 ശതമാനമാണ്. കോവിഡുകാലത്ത് 28 ശതമാനം പോയന്റാണ് ഉയർന്നത്. ഈ കണക്കിൽ സർക്കാരുകളുടെ മാത്രമല്ല, സ്വകാര്യവ്യക്തികളുടെയും സംസ്ഥാനങ്ങളുടെയും കടവും ഉൾപ്പെടും.
സർക്കാരുകളുടെ കടം മാത്രമെടുത്താൽ ആഗോള വരുമാനത്തിന്റെ 99 ശതമാനംവരും. വികസിത രാജ്യങ്ങളിൽ ഇത് 124 ശതമാനം വരും. 2008-ലെ കുഴപ്പത്തിനുമുമ്പ് ഇത് 70 ശതമാനം മാത്രമായിരുന്നു. ഇന്ത്യയടക്കമുള്ള എമർജിങ്‌ രാജ്യങ്ങളുടെ കടം അവരുടെ ദേശീയവരുമാനത്തിന്റെ 65 ശതമാനം വരും. ഇതാണ് അവസ്ഥ. അപ്പോഴാണ് കേരളത്തിന്റെ കടഭാരം സംസ്ഥാന ജി.ഡി.പി.യുടെ 37 ശതമാനം വന്നെന്നുപറഞ്ഞ് പരിഭ്രമിപ്പിക്കുന്നത്.

കേരളവും മറ്റു സംസ്ഥാനങ്ങളും

കേരളവും മറ്റു പല സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം ഇതാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ വായ്പാ അവകാശം ഉപയോഗിച്ചില്ല. എടുത്ത വായ്പയിൽ ഏതാണ്ട് 1.5 ലക്ഷം കോടി രൂപ ചെലവാക്കാതെ ഇന്ത്യാ സർക്കാരിനുതന്നെ മടക്കിക്കൊടുത്തു (കേന്ദ്രസർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിച്ചു). കേരളമാവട്ടെ, അനുവദിച്ച വായ്പ പൂർണമായി എടുക്കുകയും ജനങ്ങൾക്കു സഹായം നൽകുകയും ചെയ്തു. കേരള സർക്കാരിന്റെ വിമർശകർ നൽകുന്ന ഉപദേശം എന്താണ്? കോവിഡുകാലത്ത് വായ്പയെടുത്ത് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കിയത് തെറ്റായിപ്പോയി എന്നാണോ? അതോ മറ്റു സംസ്ഥാനങ്ങളെപ്പോലെ വായ്പയെടുത്താലും റവന്യൂക്കമ്മി കൂടുമെന്നുപേടിച്ച് ചെലവാക്കാതെ കേന്ദ്രസർക്കാരിന്റെ കടപ്പത്രങ്ങളിൽ ചുരുങ്ങിയ പലിശയ്ക്കു നിക്ഷേപിക്കണമായിരുന്നോ?

ഡോമർ സൂത്രവാക്യം

കാതലായ പ്രശ്നം നമ്മുടെ കടം സുസ്ഥിരമാണോ എന്നതാണ്. റിസർവ് ബാങ്ക് മാസികയിലെ ലേഖനം നിഷേധാത്മകമായ ഉത്തരമാണു നൽകുന്നത്. എന്നാൽ, അത്തരമൊരു നിഗമനത്തിൽ എത്തിച്ചേരാനുള്ള വസ്തുതകൾ ആ ലേഖനത്തിലില്ല.
കടം സുസ്ഥിരമാണോ എന്നതിന് സാമ്പത്തികശാസ്ത്രത്തിൽ ഉത്തരം ഡോമർ എന്ന പണ്ഡിതന്റെ സൂത്രവാക്യമാണ്. കടത്തിന്റെ പലിശനിരക്ക് ജി.ഡി.പി. വളർച്ചനിരക്കിനെക്കാൾ താഴ്ന്നതാണെങ്കിൽ കടം സുസ്ഥിരമാണ്. റിസർവ് ബാങ്ക് ഇതു പരിശോധിക്കുന്നുണ്ട്. അവരുടെ പ്രസ്താവന ഉദ്ധരിക്കട്ടെ: ‘ഈ അഞ്ച് സംസ്ഥാനങ്ങളുടെ കടസുസ്ഥിരതയെക്കുറിച്ചുള്ള വിശകലനം ഡോമർ സുസ്ഥിര നിബന്ധന (അതായത്, കടത്തിന്റെ യഥാർഥ പലിശനിരക്ക് യഥാർഥ ജി.ഡി.പി.യുടെ വളർച്ചനിരക്കിനെക്കാൾ താഴെയായിരിക്കണം) ഈ സംസ്ഥാനങ്ങളിൽ 2020-’21 ഒഴികെ എല്ലാവർഷവും പാലിക്കുന്നുണ്ട്.’

പുതിയ ഐ.എം.എഫ്. സൂത്രവാക്യം

ഇത്തരമൊരു വങ്കൻ നിഗമനത്തിൽ എത്താൻ ആധാരമാക്കുന്നത് മറ്റൊരു മാനദണ്ഡംവെച്ചാണ്. ഇപ്പോൾ ഐ.എം.എഫ്. പറയുന്നത് സർക്കാരിന്റെ പ്രൈമറി ബാലൻസ് കടബാധ്യതയുടെ വർധനയെക്കാൾ വേഗത്തിൽ മെച്ചപ്പെടുന്നില്ലെങ്കിൽ കടക്കെണിയിൽ ആകുമെന്നാണ്. പ്രൈമറി ബാലൻസ് എന്നുപറഞ്ഞാൽ ധനക്കമ്മിയിൽനിന്ന് പലിശച്ചെലവ് കിഴിക്കുമ്പോൾ ലഭിക്കുന്നതാണ്. അഥവാ, മൊത്തം ചെലവിൽനിന്ന് പലിശ ഒഴികെയുള്ള ചെലവുകൾ കുറയ്ക്കുമ്പോൾ കിട്ടുന്ന തുക.
2020 മുതലുള്ള സംസ്ഥാനങ്ങളുടെ കണക്കുകൾ ഇക്കണോമെട്രിക് വിശകലനത്തിനു വിധേയമാക്കുന്നു. കേരളത്തിന്റെ കാര്യത്തിൽ കടഭാരം ഉയരുന്നു. എന്നാൽ, പ്രൈമറി ബാലൻസ് താഴുന്നു. ഇത്തരത്തിലുള്ള വിപരീതപ്രവണത അപകടകരമാണ്. പക്ഷേ, റിപ്പോർട്ടുതന്നെ ഈ പ്രവണതയ്ക്കു ഗണിതശാസ്ത്രപരമായി സാധുതയില്ലാത്തതാണെന്നു സമ്മതിക്കുന്നുണ്ട്. എന്നാലും കേരളം കടക്കെണിയിലേക്കാണെന്നാണ് അവസാനം എത്തിച്ചേരുന്ന നിഗമനം.

രഹസ്യ അജൻഡ

ധനകാര്യക്കമ്മിഷൻ നിർദേശിച്ച 30 ശതമാനം കടം-ജി.ഡി.പി. താത്‌കാലികമായി അധികമായത് വലിയ പാതകമൊന്നുമല്ല. ലോകത്തെമ്പാടും ഇതുതന്നെയാണ് അരങ്ങേറിയത്. ഇന്നത്തെ ബഹളത്തിന്റെ ദുരുദ്ദേശ്യം എന്താണെന്നുചോദിച്ചാൽ ഫിനാൻസ് കമ്മിഷന്റെ കടം-ജി.ഡി.പി. തോത് സംബന്ധിച്ച മാർഗനിർദേശങ്ങൾ നിർബന്ധമായി പാലിക്കേണ്ടവയല്ല. അവ നിർബന്ധിതമാക്കാനുള്ള കുത്സിതനീക്കം കേന്ദ്രസർക്കാർ തുടങ്ങിക്കഴിഞ്ഞു.
അതുപ്രകാരം കേരളംപോലുള്ള സംസ്ഥാനങ്ങളുടെ വായ്പയെടുക്കാനുള്ള അവകാശങ്ങൾ കർശനമായി പരിമിതപ്പെടുത്തി കടത്തോത് 30 ശതമാനത്തിലേക്കു അടിയന്തരമായി താഴ്ത്തണം. ധനകാര്യക്കമ്മിഷൻ ചെയർമാൻ എൻ.കെ. സിങ്‌ അധ്യക്ഷനായുള്ള ധന ഉത്തരവാദിത്വ റിവ്യൂ കമ്മിറ്റി കടം-ജി.ഡി.പി. തോത് 25 ശതമാനം ആക്കണമെന്നാണു നിർദേശിച്ചിരുന്നത്.

സി.എ.ജി.യും ഒരു കരു

ഈ നീക്കങ്ങൾക്കു സമാന്തരമായി സി.എ.ജി.യെ ഉപയോഗിച്ച് സംസ്ഥാനം ബജറ്റിനുപുറത്ത് പെൻഷൻ കമ്പനി വഴി എടുക്കുന്ന താത്‌കാലിക വെയ്സ് ആൻഡ് മീൻസ് വായ്പകളും കിഫ്ബി പോലുള്ള സ്ഥാപനങ്ങൾ പശ്ചാത്തലസൗകര്യ നിർമാണത്തിനായി എടുക്കുന്ന വായ്പകളും നിയമവിരുദ്ധമാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഈ വായ്പകളെല്ലാം സംസ്ഥാനസർക്കാരിന്റെ ഔദ്യോഗിക വായ്പകളാണെന്നു കണക്കാക്കി കേരളസർക്കാരിനു സാധാരണഗതിയിൽ അനുവദനീയമായ വായ്പ നിഷേധിക്കുമെന്നാണ്. ഇതൊരു ഇരട്ടത്താപ്പാണ്. കാരണം, കേന്ദ്രസർക്കാരിനോ മറ്റു സംസ്ഥാന സർക്കാരുകൾക്കോ കേരളത്തിനുതന്നെയോ നാളിതുവരെ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.
കടക്കെണിയെക്കുറിച്ച്‌ ഭീതിസൃഷ്ടിച്ച് ഇത്തരം നിബന്ധനകൾ സംസ്ഥാനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്. ഇതു തിരിച്ചറിയാതെ കടക്കെണിയിൽ പരിഭ്രമിച്ച് സംസ്ഥാന അവകാശങ്ങളെ കവരുന്നതിന് കൂട്ടുനിൽക്കുകയാണ് ചില പണ്ഡിതന്മാർപോലും.

ഭാവികടബാധ്യത കുറയും

2026-’27 ആകുമ്പോൾ കേരളത്തിന്റെ കടം ജി.ഡി.പി.യുടെ എത്രശതമാനം വരും? ഇപ്പോൾ അവതരിപ്പിക്കുന്ന കേരള ബജറ്റുപ്രകാരം 2022-’23ലായിരിക്കും ഇത് ഏറ്റവും ഉയർന്നതോതിൽ വരുക- 37.18. അതുകഴിഞ്ഞാൽ കടത്തോത് കുറഞ്ഞുവരും. 2024-’25ൽ അത് 35.7 ശതമാനമേ വരൂ.
എന്നാൽ, 2024-’25 ആകുമ്പോഴേക്കും അത് 32-33 ശതമാനമായി താഴുമെന്നാണ് എന്റെ കണക്കുകൂട്ടൽ. കാരണം, ബജറ്റ് രേഖയിലെ അനുമാനം ധനക്കമ്മി 3.5 ശതമാനംവെച്ച് തുടരുമെന്നുള്ളതാണ്. ഇതിനുള്ള ഒരു അവകാശവും സംസ്ഥാനസർക്കാരിന് ഉണ്ടാവില്ല. മൂന്നുശതമാനത്തിനപ്പുറം വായ്പയെടുക്കാൻ കഴിയില്ല.
കേരളസർക്കാർ സ്വീകരിക്കുന്ന സാമ്പത്തിക ഉത്തേജക നടപടികളും കിഫ്ബിയുടെ ഭീമമായ നിക്ഷേപവുംകാരണം കേരളത്തിന്റെ സാമ്പത്തികവളർച്ചയുടെ വേഗം വർധിക്കും. അതേസമയം, ഒരുകാരണവശാലും കേരളത്തിന് ഇനി മൂന്നുശതമാനത്തിനപ്പുറം വായ്പയെടുക്കാൻ ആവില്ല. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ (ഗിഫ്റ്റ്) പഠനപ്രകാരം 2026-’27 ആകുമ്പോൾ കേരളത്തിന്റെ കടം ജി.ഡി.പി.യുടെ 30 ശതമാനമായി കുറയും. ഇതാണ് യാഥാർഥ്യം. കേരളം മാത്രമല്ല ഇന്ത്യയിലെ ഒരു സംസ്ഥാനവും കടക്കെണിയിൽ ചെന്നുവീഴില്ല.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..