കോടതിസമക്ഷം അതിജീവിത ബോധ്യപ്പെടുത്തുന്നത്...


രമ്യ ഹരികുമാർ

നീതിദേവതേ കൺതുറക്കൂ - 5

മാന്യമായും ന്യായമായുമുള്ള ­പെരുമാറ്റത്തിന് അർഹതയുള്ളവരാണ് ലൈംഗികാതിക്രമം അതിജീവിച്ചവർ. ­പിന്തുണ നൽകുന്ന തരത്തിലുള്ള സേവനങ്ങളും ­പുനരധിവാസവും നഷ്ടപരിഹാരവും അവരുടെ അവകാശങ്ങളാണ്. അതിജീവനത്തിന്റെ കനൽപ്പാതയിലൂടെ നഗ്നപാദരായി നടന്നെത്തുന്ന ഇവർക്ക്‌ നീതി ­നിഷേധിക്കപ്പെട്ടുകൂടാ. നീതിന്യായ ­വ്യവസ്ഥ പരിവർത്തനത്തിനും ­പുനർനിർമാണത്തിനും
തയ്യാറാകണം

‘‘എന്റെ ജീവിതത്തിൽനടന്ന സംഭവങ്ങളെല്ലാം സത്യസന്ധമാണ്. പക്ഷേ, എനിക്ക് ഇവരെയാരെയും ഓർമിച്ചെടുക്കാനാവുന്നില്ല.’’ -കൂട്ടബലാത്സംഗക്കേസിലെ അതിജീവിത ജഡ്ജിക്കുനേരെ കൈകൂപ്പി കരഞ്ഞുകൊണ്ടുപറഞ്ഞ വാചകം. വിചാരണക്കാലയളവ് വർഷങ്ങൾ നീണ്ടുപോയതും മാനസികാഘാതത്തെത്തുടർന്ന് പഴയകാര്യങ്ങൾ കൃത്യമായി ഓർമിച്ചെടുക്കാൻ കഴിയാതെവന്നതും കേസിൽ തിരിച്ചടിയായി.

വേഗത്തിലുള്ള വിചാരണ നടക്കാതെവരുമ്പോൾ പരിക്കുപറ്റുന്നത് തെളിവുകൾക്കാണ്. വർഷങ്ങൾ കഴിയുമ്പോൾ സംഭവം അതേപടി ഓർത്തുവെക്കാൻ അതിജീവിതയ്ക്കോ സാക്ഷികൾക്കോ സാധിക്കണമെന്നില്ല. കോടതിയെ സംബന്ധിച്ചിടത്തോളം വർഷങ്ങൾക്കുശേഷമാണ് വിചാരണ ആരംഭിക്കുന്നതെങ്കിൽക്കൂടി അതൊരു പുതിയ കേസാണ്. മാസം ഇത്രകേസുകൾ തീർപ്പാക്കണം എന്ന് ലക്ഷ്യംവെച്ചിട്ടുണ്ടെങ്കിലും ജനസംഖ്യ കൂടുതലും കോടതികൾ കുറവുമുള്ള ഇന്ത്യപോലുള്ള രാജ്യത്ത് അത് പ്രായോഗികമല്ല. തെളിവുകൾക്ക് ഊന്നൽനൽകുന്ന നീതിനിർവഹണ സംവിധാനമായതിനാൽ ബലാത്സംഗക്കേസുകൾ തെളിയിക്കുക സ്വാഭാവികമായും ദുഷ്‌കരമാകും. കേസിൽ വിദഗ്ധാഭിപ്രായംതേടുന്ന സ്ഥാപനങ്ങൾ രാജ്യത്ത് വളരെ കുറവാണ്. അതിനാൽ ഫൊറൻസിക് റിപ്പോർട്ട്, കെമിക്കൽ റിപ്പോർട്ട്, സൈബർ ഫൊറൻസിക് റിപ്പോർട്ട് തുടങ്ങിയവ വൈകുന്നതും കേസ് നീളുന്നതിന് കാരണമാകും. കോടതി വിളിക്കുന്ന സമയത്ത് ഹാജരാകാതെ കേസ് നീട്ടിക്കൊണ്ടുപോകാൻ പ്രതികൾ പരമാവധി ശ്രമിക്കുകയും ചെയ്യും.

പ്രോസിക്യൂഷൻ ശക്തമാകണം

സാക്ഷിമൊഴികൾ ഉൾപ്പെടെ വാദം ശക്തമാക്കുന്ന ഘടകങ്ങൾ കണ്ടെത്തി നന്നായി തയ്യാറെടുത്തുവേണം പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ എത്തേണ്ടത്. പലപ്പോഴും കേസ് വിളിച്ച തീയതിക്ക് ദിവസങ്ങൾമുമ്പ് മാത്രമായിരിക്കും ജില്ലാ ഗവൺമെന്റ് പ്ലീഡർ പ്രോസിക്യൂട്ടർക്ക് ഫയൽ അനുവദിക്കുക. സ്വാഭാവികമായും തയ്യാറെടുപ്പിന് മതിയായ സമയം ലഭിക്കില്ല. സാക്ഷികളാകട്ടെ കേസ് വിളിക്കുന്ന ദിവസം കോടതിയിൽ ഹാജരാകുന്നതിന് തൊട്ടുമുമ്പായിരിക്കും പ്രോസിക്യൂട്ടറെ കാണുന്നതുതന്നെ. വർഷങ്ങൾക്കുമുമ്പ് നൽകിയ മൊഴിയിലെ തീയതികൾ അടങ്ങുന്ന നിർണായക വിവരങ്ങൾ ഓർമിപ്പിക്കാനുള്ള സമയംപോലും പ്രോസിക്യൂട്ടർക്ക് ലഭിക്കാതെവരും. മൊഴി അതേപോലെ ആവർത്തിക്കാൻ സാക്ഷി കോടതിയിൽ പരാജയപ്പെടുന്നത് കേസുകളെ ദുർബലപ്പെടുത്തും.

അതിജീവിതമാർ കേരളത്തിൽ

പ്രായം എണ്ണം

18 - 30 359
30 - 45 247
45 - 60 31
60 > 10
ആകെ 647

അവലംബം: നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോർട്ട് 2020

രാഷ്ട്രീയം കോടതിയിലെത്തുമ്പോൾ

പ്രോസിക്യൂട്ടറുടേത് രാഷ്ട്രീയനിയമനമാകുന്നതും വീഴ്ചയാണ്. പ്രോസിക്യൂട്ടർക്കുവേണ്ട യോഗ്യതയെക്കാൾ രാഷ്ട്രീയ യോഗ്യതകൾ മാനദണ്ഡമാകുമ്പോൾ പ്രോസിക്യൂഷൻ ദുർബലപ്പെടും. ‘‘സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് ഏഴുവർഷത്തെ അനുഭവപരിചയം വേണം. ജില്ലാ ജഡ്ജിയുടെ പാനലിന്റെ അനുവാദം ചോദിക്കണം എന്നുമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രോസിക്യൂട്ടറെ നിയമിക്കുന്നതും സിവിൽ കേസുകളിലെ പ്രോസിക്യൂട്ടറെ നിയമിക്കുന്നതും പൊതുവായ മാനദണ്ഡങ്ങൾ നോക്കിയാകരുത്. പക്ഷേ, ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയനിയമനമാണ്. ജില്ലാ ജഡ്ജി ശുപാർശചെയ്തവരുടെ പട്ടിക ആവശ്യപ്പെട്ട് നൽകിയ വിവരാവകാശത്തിൽ അവരുടെ അഭിപ്രായം ചോദിച്ചില്ലെന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്.’’ -അഭിഭാഷകയായ ജെ. സന്ധ്യ പറയുന്നു.

മാറേണ്ട മുൻവിധികൾ

അതിജീവിതസൗഹാർദത്തിന് തടസ്സം കോടതിമുറികളിലെ സ്ത്രീകളുടെ അഭാവമാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. പോക്‌സോ കേസിലെ അതിജീവിതയോട് നീയൊക്കെ കിടന്നുകൊടുക്കാൻ പോയിട്ടല്ലേ എന്നുചോദിച്ച വനിതാ ജഡ്ജുള്ള സംസ്ഥാനമാണ് കേരളം. ‘‘സ്ത്രീ അഭിഭാഷകരുടെ കുറവ് ഉണ്ടെന്ന്‌ വിശ്വസിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, നടി ആക്രമിക്കപ്പെട്ട കേസ് വന്നതോടെ എന്നെ അത് വളരെയധികം ചിന്തിപ്പിക്കുന്ന വിഷയമായിട്ടുണ്ട്.’’ - സാമൂഹിക പ്രവർത്തക പി. ഗീത പറയുന്നു. പുരുഷാധിപത്യത്തിന്റെ അടിമകളായ ഇവരെയാണ് പുരുഷന്മാരേക്കാൾ ഭയക്കേണ്ടതെന്ന് അതിജീവിതമാർ സാക്ഷ്യപ്പെടുത്തുന്നു.

പുനരധിവാസം എങ്ങനെ

‘‘എനിക്ക് മൂന്നുപെൺമക്കളാണ്. അവരുടെ ദേഹത്ത് ഒരു സൂചിമുനപോലും കൊള്ളല്ലേ എന്നാണ് ഞാനാഗ്രഹിക്കുന്നത്. നീറിനീറിയാണ് ഞാനിങ്ങനെ രോഗിയായിമാറിയത്. പണ്ടെന്റെ മൂത്തമകൾ സ്കൂളിൽനിന്നു വരുമ്പോൾ ഭ്രാന്തുപിടിച്ചതുപോലെ ഞാനെന്റെ കൊച്ചിന്റെ ശരീരം അടിമുടി പരിശോധിക്കും. എനിക്കാരെയും വിശ്വാസമില്ലായിരുന്നു. ഇപ്പോഴും സ്കൂൾവിട്ട് മക്കൾ വീട്ടിൽവരുന്നവരെ എനിക്ക് പേടിയാണ്.’’ -കൗമാരത്തിൽ ബലാത്സംഗത്തിനിരയായ ഈ അതിജീവിതയ്ക്ക് ഇപ്പോൾ പ്രായം 40.

സംഭവശേഷമുള്ള അതിജീവിതയുടെ പെരുമാറ്റവും നിരീക്ഷിക്കപ്പെടുന്നു. സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസിൽ അതിജീവിത ചിരിച്ചത് ചൂണ്ടിക്കാട്ടി സദാചാരവാദികൾ വിമർശനവുമായെത്തി. ഒറ്റപ്പെടുത്തലുകളും പരിഹാസങ്ങളും താങ്ങാനാകാതെ നാടും വീടും ഉപേക്ഷിക്കുന്നവരുണ്ട്. അതിജീവിതയ്ക്കും ഒപ്പമുള്ളവർക്കും മാനസിക, സാമൂഹിക പിന്തുണനൽകി അവരെ പഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിക്കുന്നിടത്തേ പുനരധിവാസം പൂർണമാകൂ. അത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നു പറഞ്ഞ് ഭരണകൂടം കൈയൊഴിയരുത്.

സ്ത്രീകളോടുള്ള അതിക്രമക്കേസുകൾ കോടതിയിൽ

വിചാരണ പൂർത്തിയാക്കിയത് 7142
വിധി വന്നത് 7863
വിചാരണ കാത്തുകിടക്കുന്നത് 67,542
ശിക്ഷ തോത് 19.1%
കെട്ടിക്കിടക്കൽ തോത് 89.6%

മാറണം നീതിനിർവഹണ സമ്പ്രദായം

നമ്മുടെ ക്രിമിനൽ ജസ്റ്റിസ് ഡിസ്‌പെൻസിങ് സംവിധാനത്തിന് ഒരുപാട് തകരാറുണ്ട്. കാലഹരണപ്പെട്ട ആംഗ്ലോ സാക്‌സൺ ജ്യൂറിസ്‌പ്രോഡൻസ്, അതായത് ഇംഗ്ലീഷുകാരുടെ നിയമമാണ് നാം പിന്തുടരുന്നത്. അത് അക്വിസിറ്റോറിയൽ സിസ്റ്റം ബേസ്ഡ് ഓൺ അഡ്‌വേഴ്‌സറിയൽ മെത്തേഡ് എന്നുപറയും. അതായത് ഇവിടെ ഒരു പ്രതിയുടെമേൽ കുറ്റമാരോപിക്കപ്പെട്ടാൽ അത് തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്. അതായത് സത്യത്തിന് പിറകേയല്ല മറിച്ച് തെളിവുഭാരത്തിനു പിറകേയാണ് നാം പോകുന്നത്. എല്ലാ ഭാരവും പ്രോസിക്യൂഷന്റെ ചുമലിൽ. ഇക്വിസിറ്റോറിയൽ സിസ്റ്റം നേരെ എതിരാണ്. അവിടെ പ്രതിക്ക് മിണ്ടാതിരിക്കാനാവില്ല. താൻ എന്തുചെയ്തില്ല എന്നു തെളിയിക്കേണ്ടത് പ്രതിയാണ്. തെളിവുഭാരം കുറവായതിനാൽ അവിടെ ഒരുപാട് കേസുകൾ ശിക്ഷിക്കപ്പെടും. ഇന്ത്യയിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ 20 ശതമാനം കേസുകൾ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. അതിന്റെ അർഥം ഒന്നുകിൽ നാം 80 ശതമാനം നിരപരാധികളെ പ്രതികളാക്കുന്നു, അല്ലെങ്കിൽ നമ്മുടെ സംവിധാനത്തിന് എന്തോ തകരാറുണ്ട് എന്നാണ്. നീതിനിർവഹണ സമ്പ്രദായം മാറ്റിയേപറ്റൂ.

  • ക്രിമിനൽ ജസ്റ്റിസ് ഡിസ്‌പെൻസ് സിസ്റ്റം പരിഷ്‌കരിക്കണം
  • അതിജീവിത, മൊഴി ഒന്നിലധികം തവണ ആവർത്തിക്കുന്നത് ഒഴിവാക്കണം
  • മജിസ്‌ട്രേറ്റിന്റെമുന്നിൽ പറഞ്ഞാൽ ചീഫ് എക്‌സാമിനേഷന്റെ ആവശ്യം വരരുത്
  • എതിർവിസ്താരത്തിൽ അനാവശ്യമായ ­ചോദ്യങ്ങൾ തടയണം
  • പ്രാക്ടീസ് ചെയ്ത് അനുഭവപരിചയമുള്ളവരായിരിക്കണം ജഡ്‌ജിയായി വരേണ്ടത്

കെമാൽ പാഷ, റിട്ട. ഹൈക്കോടതി ജഡ്ജി

നീതിന്യായവ്യവസ്ഥ നിരീക്ഷിക്കപ്പെടണം

  • മികച്ച പരിശീലനം ലഭിച്ച ജഡ്ജിമാരെ ചുരുങ്ങിയത് അതിവേഗ കോടതികളിലെങ്കിലും നമുക്ക് ആവശ്യമുണ്ട്
  • കോടതിമുറികളിൽ സ്ഥാപിക്കുന്ന സി.സി.ടി.വി. ക്യാമറകളിലൂടെ ജഡ്ജി, പ്രോസിക്യൂട്ടർ, വിചാരണ ഇതെല്ലാം വിലയിരുത്തപ്പെടണം. ­പ്രൊമോഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ­ഇതിന്റെ അടിസ്ഥാനത്തിലാകണം
  • ശക്തമായ മാർഗനിർദേശങ്ങൾ ഉണ്ടാകുകയും പാലിക്കപ്പെടുകയും വേണം
  • പൂർണമായ പരിവർത്തനവും പുനർനിർമാണവുമാണ് വേണ്ടത്. ­അത് കടലാസിൽ മാത്രമാകരുത്

ദീപിക സിങ് രജാവത്, സുപ്രീംകോടതി അഭിഭാഷക

(അവസാനിച്ചു)

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..