അടിതെറ്റിയ ആശാൻ


എസ്‌.എൻ. ജയപ്രകാശ്‌

2 min read
Read later
Print
Share

സഭാതലം

കമ്യൂണിസം കമ്യൂണിസ്റ്റുകാരിൽനിന്ന്‌ ചില നേരങ്ങളിൽ അവധിയെടുത്തു മുങ്ങുന്നത്‌ കേരളത്തിൽ ഈയിടെയായി പരക്കെ കാണപ്പെടുന്നുണ്ട്‌. അതാണ് മണിയാശാനും സംഭവിച്ചതെന്നാണ് അദ്ദേഹത്തിന്റെ കുമ്പസാരത്തിൽനിന്ന് മനസ്സിലാവുന്നത്. കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ വിധവയായത് വിധിയെന്ന് കമ്യൂണിസ്റ്റായ താൻ പറയരുതായിരുന്നെന്ന് വൈകിയെങ്കിലും അദ്ദേഹത്തിന് തോന്നി.
പറഞ്ഞതിൽ തെറ്റെന്ത്, ഇനിയും പറയും എന്നൊക്കെ വീമ്പിളക്കി നടക്കുകയായിരുന്നു ആശാൻ. അപ്പറഞ്ഞത് തെറ്റായ ആശയവും പുരോഗമനമൂല്യബോധത്തിന് നിരക്കാത്തതുമാണെന്ന് സ്പീക്കർ എം.ബി. രാജേഷ് നിരീക്ഷിച്ചതോടെയാണ് ആശാന് അടിതെറ്റിയത്. ആശാൻ അന്നങ്ങനെ പറഞ്ഞപ്പോൾ പുരോഗമന, നവോത്ഥാന മൂല്യങ്ങൾക്ക് ഇടിവുണ്ടാകുമെന്ന് മുഖ്യമന്ത്രിക്കോ, മറ്റുമന്ത്രിമാർക്കോ തോന്നിയിരുന്നില്ലെന്നതും ശ്രദ്ധേയം.

നാട്ടുഭാഷാ വാഴ്ത്തുകളുമായി പാറിനടന്ന ന്യായീകരണത്തൊഴിലാളികൾ ഇങ്ങനെയൊരു ചതി ആശാനിൽനിന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. മാറിയ കാലത്തിന്റെ മൂല്യബോധത്തിന് അനുസരിച്ച് വാക്കുകൾ പ്രയോഗിക്കണമെന്ന വിവേകം ചില ജനപ്രതിനിധികൾക്ക് ഇല്ലാതെപോയെന്ന് തുറന്നുപറഞ്ഞ സ്പീക്കർ എം.ബി. രാജേഷിന്‌ ഒരു സല്യൂട്ട്‌. മണിയുടെ കാര്യത്തിൽ നടപടിയെടുക്കാമെന്നു പറഞ്ഞിട്ടും പുറത്തിറങ്ങി തന്നെ വിമർശിച്ച ഒരു മുതിർന്ന അംഗത്തിനെ പേരെടുത്തുപറയാതെ വിമർശിക്കുന്നുണ്ട് സ്പീക്കർ. അദ്ദേഹം സൗമ്യനും മിതഭാഷിയുമാണെന്ന് കരുതപ്പെടുന്ന ആളാണത്രേ. ആരാണിദ്ദേഹമെന്ന് പലരും അന്വേഷിക്കുന്നുണ്ടായിരുന്നു. എം.കെ. മുനീറിനെയാണ് ഉദ്ദേശിച്ചതെന്നാണ് സഭയുടെ അകത്തളങ്ങളിൽ കേട്ടത്.

ധനാഭ്യർഥന ചർച്ചയിൽ മന്ത്രി ആന്റണി രാജുവിന്റെ തൊണ്ടിമുതൽ കേസുമുതൽ വിമാനയാത്രയിലെ പ്രതിഷേധംവരെ സതീശൻ നിരത്തി. വിമാനത്തിൽ മുദ്രാവാക്യംവിളിച്ച യൂത്ത് കോൺഗ്രസ് കുട്ടിക്കെതിരേ 19 കേസുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതിലും പതിരുണ്ടെന്നായി അദ്ദേഹം. 12 കേസ് പകർച്ചവ്യാധി നിയമം ലംഘിച്ച് പ്രകടനം നടത്തിയതിനാണ്. അതെല്ലാം പിഴയടച്ച് തീർത്തു. മുഖ്യമന്ത്രിയാകട്ടെ, പ്രതിപക്ഷനേതാവിനെ ഖണ്ഡിക്കാൻ 19 കേസിന്റെയും നമ്പർ വായിച്ചു. കേസിന്റെ സ്വഭാവം പറഞ്ഞതുമില്ല. അതിൽ 12 കേസും കഴിഞ്ഞെന്ന് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയെ ഒരിക്കൽക്കൂ ടി ഓർമിപ്പിച്ചു. ഈ കുഞ്ഞിനെ ഒക്കത്ത് എടുക്കുകയാണോ പ്രതിപക്ഷനേതാവെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി ചോദിച്ചിരുന്നു. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുടെ പേരിൽ മൂന്ന് വധശ്രമം ഉൾപ്പെടെ 40 കേസുണ്ട്. ആ കുട്ടിയെ മുഖ്യമന്ത്രി തലയിലെടുക്കുകയാണോ എന്നായി സതീശൻ.

വിമാനസംഭവത്തിൽ കെ.എസ്. ശബരീനാഥന്റെ ചാറ്റ് ചോർത്തിയത് യൂത്ത്‌ കോൺഗ്രസുകാർ തന്നെയെന്ന് സ്ഥിരീകരിച്ച മന്ത്രി കെ.എൻ. ബാലഗോപാലിന് ഇക്കാര്യത്തിൽ മറ്റൊരു വീക്ഷണമുണ്ട്. ഉത്തരേന്ത്യയിലെ കൗൺസിലർമാർക്കുവരെ തോക്കേന്തിയ ഏഴും എട്ടും അനുചരന്മാരുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി വിമാനത്തിൽ ഗൺമാനെ കൊണ്ടുപോകാറുണ്ടെങ്കിലും തോക്കുണ്ടാവില്ല. മന്ത്രിമാരാകട്ടെ, ഒറ്റമുണ്ടുംചുറ്റി ഒരു ചെറിയ ബാഗുമായി വിമാനത്തിൽ കയറുന്നത് പലപ്പോഴും ഒറ്റയ്ക്ക്. അവിടെ 85 കിലോ ഭാരമുള്ള കുട്ടികളെ കയറ്റിവിട്ട് കുഴപ്പമുണ്ടാക്കരുത്. ചെയ്തത് ശരിയായില്ലെന്ന് രഹസ്യമായെങ്കിലും ആ കുട്ടികളോട് പറയാൻ പ്രതിപക്ഷനേതാവ് തയ്യാറാകണം. അതിനുള്ള രാഷ്ട്രീയ സാഹചര്യമില്ലെന്നു പറഞ്ഞ സതീശൻ പണ്ട് എം.വി. രാഘവനെ തീവണ്ടിയിൽ ആക്രമിച്ചത് ഭരണപക്ഷത്തെ ഓർമിപ്പിച്ചു.

കേരളം ശ്രീലങ്കയുടെ പാതയിലാണെന്ന്‌ മുൻ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയ്ക്ക്‌ സംശയമേയില്ല. കെ.കെ. രമ നിങ്ങളുടെ മാത്രമല്ല, ഞങ്ങളുടെയും സ്വത്താണെന്ന് ഭരണപക്ഷത്തെ തോമസ് കെ. തോമസ് പറഞ്ഞു. സഭയുടെ മൊത്തം സ്വത്ത്. സമുദായത്തിന് ഒരു പ്രശ്നമുണ്ടായാൽ മുസ്‌ലിംലീഗ് ചാടിയിറങ്ങുമെന്ന് പി.കെ. ബഷീർ പറഞ്ഞു. സമുദായത്തിനുവേണ്ടി ചാടിയിറങ്ങലാണോ എം.എൽ.എ.യുടെ പണിയെന്ന് എ.സി. മൊയ്തീൻ. ഉദ്യോഗസ്ഥർ ഉപദേശിച്ച് ഉപദേശിച്ചാണ് മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ഇ.ഡി.യുടെ മുന്നിൽ എത്തിച്ചതെന്നാണ് മഞ്ഞളാംകുഴി അലിയുടെ നിരീക്ഷണം. സംഭവബഹുലമായ സമ്മേളനം വ്യാഴാഴ്ച അവസാനിക്കുകയാണ്.

Content Highlights: edit page

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..