രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന്റെ വിജയം അപ്രതീക്ഷിതമായിരുന്നില്ല. പ്രതിപക്ഷത്തുണ്ടായ ഭിന്നിപ്പും കൂറുമാറിയുള്ള വോട്ടും എതിർസ്ഥാനാർഥി യശ്വന്ത് സിൻഹയുടെ വോട്ടുമൂല്യത്തിൽ കനത്ത ഇടിവുണ്ടാക്കി. ഭൂരിപക്ഷമുറപ്പിക്കാൻ തുടക്കത്തിൽ ഒമ്പതിനായിരത്തിലേറെ വോട്ടുമൂല്യം കുറവുണ്ടായിരുന്ന എൻ.ഡി.എ. ഇതോടെ അനായാസജയം ഉറപ്പിച്ചു. പ്രതിപക്ഷനിരയിൽനിന്ന് 12 സംസ്ഥാനങ്ങളിൽനിന്നായി 17 എം.പി.മാരും 126 നിയമസഭാംഗങ്ങളും കൂറുമാറി വോട്ടുചെയ്തതായാണ് സൂചന.
പാർലമെന്റ് മന്ദിരത്തിൽ രാവിലെ 11-ന് മുഖ്യവരണാധികാരി പി.സി. മോദിയുടെ മേൽനോട്ടത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. പാർലമെന്റ് അംഗങ്ങളുടെ വോട്ടാണ് ആദ്യമെണ്ണിയത്. ഉച്ചയ്ക്ക് രണ്ടരയോടെ ആദ്യഫലം വന്നു. 771 എം.പി.മാർ വോട്ടുചെയ്തതിൽ 748 എണ്ണം സാധുവായി. വോട്ടുമൂല്യം 5,23,600. ഇതിൽ ദ്രൗപദി മുർമു 540 വോട്ടും (വോട്ടുമൂല്യം 3,78,000) യശ്വന്ത് സിൻഹ 208 വോട്ടും (വോട്ടുമൂല്യം 1,45,600) നേടി. തുടർന്ന് അക്ഷരമാലാക്രമത്തിൽ സംസ്ഥാനങ്ങളിൽനിന്നുള്ള ബാലറ്റ് പേപ്പറുകൾ എണ്ണി.
ആന്ധ്രപ്രദേശ് മുതൽ ജാർഖണ്ഡ് വരെയുള്ള 10 സംസ്ഥാനങ്ങളുടെ വോട്ടുകൾ എണ്ണിയശേഷം അഞ്ചരയോടെ രണ്ടാംഘട്ടം ഫലം പ്രഖ്യാപിച്ചു. ദ്രൗപദി മുർമുവിന് 1349 വോട്ടും (വോട്ടുമൂല്യം 4,83,499 )യശ്വന്ത് സിൻഹയ്ക്ക് 537 വോട്ടും (വോട്ടുമൂല്യം 1,89,876 )ലഭിച്ചു. 20 സംസ്ഥാനങ്ങളിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ദ്രൗപദി ഭൂരിപക്ഷം ഉറപ്പിച്ചു. 50 ശതമാനത്തിലേറെ വോട്ടുനേടി. ദ്രൗപദിയുടെ വോട്ടുനില 2161 വോട്ടായും (മൂല്യം 5,77,777) യശ്വന്ത് സിൻഹയുടേത് 1058 വോട്ടായും (മൂല്യം 2,61,062) ഉയർന്നു. രാത്രി ഒമ്പതോടെ എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ദ്രൗപദിയുടെ വോട്ട് 2824 ആയി (മൂല്യം 6,76,803). യശ്വന്ത് സിൻഹയ്ക്ക് 1877 വോട്ടാണ് (മൂല്യം 3,80,177) ലഭിച്ചത്.
ദ്രൗപദിക്കൊപ്പം നിന്നവർ: ബി.ജെ.പി., ജെ.ഡി.യു., എ.ഐ.എ.ഡി.എം.കെ., അപ്‌നാ ദൾ, ആർ.എൽ.ജെ.പി., അസം ഗണപരിഷത്, പാട്ടാളി മക്കൾ കക്ഷി, നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി, ജനനായക് ജനതാ പാർട്ടി, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി (ലിബറൽ), മിസോ നാഷണൽ ഫ്രണ്ട്, നിർബൽ ഇന്ത്യൻ ശോഷിത് ഹമാര ആം ദൾ, നാഷണലിസ്റ്റ് പ്രോഗ്രസീവ് ഡെമോക്രാറ്റിക് പാർട്ടി, ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയൻ, ലോക് ജനശക്തി പാർട്ടി (രാംവിലാസ് വിഭാഗം), മഹാരാഷ്ട്ര നവനിർമാൺ സേന, ജനതാ കോൺഗ്രസ് ഛത്തീസ്ഗഢ്, സിക്കിം ക്രാന്തികാരി മോർച്ച, ഹിന്ദുസ്ഥാനി ആവാം മോർച്ച, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട്, രാഷ്ട്രീയ സമാജ് പക്ഷ, ജനസേനാ പാർട്ടി, ഓൾ ഇന്ത്യ നമതു രാജ്യം കോൺഗ്രസ്, ഹരിയാണ ലോക്ഹിത് പാർട്ടി, യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, കുക്കി പീപ്പിൾസ് അലയൻസ്, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, തമിഴ് മാനില കോൺഗ്രസ്, ഇൻഡിജിനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര, പുരത്ചി ഭാരതം കച്ചി, തെലുഗുദേശം പാർട്ടി, ജനസത്തദൾ ലോക് താന്ത്രിക്.
പ്രതിപക്ഷ പാർട്ടികൾ : ബി.എസ്.പി., വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി, ശിരോമണി അകാലിദൾ, ശിവസേന, ത്ധാർഖണ്ഡ് മുക്തി മോർച്ച, ജനതാദൾ (എസ്), സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി.
പിന്തുണച്ച് 44 പാർട്ടികൾ
: എൻ.ഡി.എ.യുടെ രാഷ്ട്രപതിസ്ഥാനാർഥി ദ്രൗപദി മുർമുവിനെ ദേശീയ-പ്രാദേശിക തലങ്ങളിൽനിന്നായി 44 പാർട്ടികളാണ് പിന്തുണച്ചത്. പ്രതിപക്ഷനിരയിലെ എട്ടു പാർട്ടികളും അതിൽപ്പെടുന്നു. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്കൊപ്പം 34 പാർട്ടികൾ നിന്നു.
കേരളത്തിൽനിന്നൊരു വോട്ട് ചെയ്തതാര്?
ന്യൂഡൽഹി: 140വോട്ടും യശ്വന്ത് സിൻഹയ്ക്ക് ലഭിക്കുമെന്ന് കരുതിയ കേരളത്തിൽനിന്ന് ഒരു വോട്ട് ദ്രൗപദി മുർമുവിന്. വോട്ടെണ്ണൽ പൂർത്തിയാക്കിയശേഷം പുറത്തിറക്കിയ പട്ടികയിൽ സംസ്ഥാനത്തുനിന്ന് ഒരു വോട്ട് എൻ.ഡി.എ. സ്ഥാനാർഥിയായ ദ്രൗപദി മുർമുവിനും 139 വോട്ടുകൾ പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്കും ലഭിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എൻ.ഡി.എ.ക്ക് നിയമസഭാംഗമോ പാർലമെന്റ് അംഗമോ ഇല്ലാത്ത കേരളത്തിൽനിന്ന് മുർമുവിന് വോട്ട് ലഭിച്ചെന്ന വിവരം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആശയക്കുഴപ്പമുയർത്തി. കേരളത്തിൽ മൊത്തം 140 നിയമസഭാംഗങ്ങളും 140 വോട്ടുകളുമാണുള്ളത്. എന്നാൽ, ഇക്കുറി പാലക്കാട്ട് ചികിത്സയിൽ കഴിയുന്ന ഉത്തർപ്രദേശിലെ അപ്‌നാദളിന്റെ ഒരു എം.എൽ.എ.യും തിരുനെൽവേലിയിൽനിന്നുള്ള ഒരു എം.പി.യും കേരളത്തിലാണ് വോട്ട് ചെയ്തത്. ഈ രണ്ട് വോട്ടുകളും അതത് സംസ്ഥാനങ്ങളുടെ വോട്ടുകൾക്കൊപ്പം ഉൾപ്പെടുത്തിയാണ് എണ്ണിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..