ശരപഞ്ജരത്തിലെ നടൻ


ഹരിഹരൻ

അകാലത്തിൽ പൊലിഞ്ഞ ജയന്റെ 83-ാം ജന്മദിനമാണ്‌ നാളെ... പുതുമുഖമായ പ്രതിനായകൻ നായകനായി പരിണമിച്ച ചിത്രം. ശരപഞ്ജരം. മലയാളികളുടെ ഹൃദയതാരമായിരുന്ന ജയനെ വെള്ളിത്തിരയിൽ അവതരിപ്പിച്ച സൂപ്പർ സംവിധായകൻ ആ വേള ഓർത്തെടുക്കുകയാണ്‌.

‘ശരപഞ്ജരം’ എന്ന ചിത്രം പുറത്തിറങ്ങിയിട്ട് നാലുപതിറ്റാണ്ടിലേറെയായി. ഇന്നും ചലച്ചിത്രപ്രേമികളുടെ മനസ്സിൽ ജയനും ശരപഞ്ജരവും ഒളിമങ്ങാത്ത നിൽക്കുന്നു. ഈ സന്ദർഭത്തിൽ തിരക്കഥയോടൊപ്പം അതിന്റെ കഥയുടെ കഥയും ജയനോടൊപ്പമുള്ള രസകരമായ ചില അനുഭവങ്ങളും പങ്കുവെക്കുകയാണിവിടെ.

അയലത്തെ സുന്ദരി, ലൗ മാര്യേജ്, ബാബുമോൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ ജി.പി. ബാലൻ ഒരു ദിവസം മലയാറ്റൂർ രാമകൃഷ്ണന്റെ ഒരു തിരക്കഥയുമായി എന്നെ സമീപിച്ചു. കഥയുടെ പേര് ‘ചെമ്പുള്ളി കരിമ്പുള്ളി.’ വായിച്ചുനോക്കിയപ്പോൾ ആ കഥയിൽ അത്ര താത്‌പര്യം തോന്നിയില്ല. ഇതിനകം, സുപ്രിയ ഫിലിംസ് നിർമിച്ച്‌, ഞാൻ സംവിധാനംചെയ്ത ‘പഞ്ചമി’ എന്ന ചിത്രത്തിന്റെ കഥ മലയാറ്റൂരിന്റേതായിരുന്നു. ഏതായാലും, മലയാറ്റൂരിനെത്തന്നെ കണ്ട് മറ്റൊരു കഥ എഴുതിക്കാമെന്ന് ഞാൻ ജി.പി. ബാലനോട് അഭിപ്രായപ്പെട്ടു. ആ സമയത്ത് കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഞങ്ങൾ പോയിക്കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. തത്‌സമയം കഥയെഴുതാൻ ആരോഗ്യസ്ഥിതി അനുകൂലമല്ലാത്തതിനാൽ, ഒന്നുരണ്ട്‌ കഥാതന്തുക്കൾ പറയാമെന്നും ഇഷ്ടപ്പെടുന്നത്, മറ്റാരെക്കൊണ്ടെങ്കിലും എഴുതിക്കാമെന്നും അദ്ദേഹം നിർദേശിച്ചു. ഞങ്ങൾക്കിഷ്ടപ്പെട്ട ആശയം ഇപ്രകാരമായിരുന്നു.

കഥയിങ്ങനെ

ധനികനായ ഒരു എസ്റ്റേറ്റ് ഉടമ, മധുസൂദനൻ തമ്പി; അദ്ദേഹം ഹൃദ്രോഗിയാണ്. ഭാര്യ സൗദാമിനി തമ്പുരാട്ടി. മകൾ ഗായത്രി- ബേബി എന്നുവിളിക്കും. ബംഗ്ലാവിലെ കാര്യസ്ഥൻ സിദ്ധയ്യൻ. തമ്പിയ്ക്ക്‌ അസുഖമായതിനാൽ എസ്റ്റേറ്റ് കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് സൗദാമിനിയാണ്. എസ്റ്റേറ്റ് ഫാക്ടറിയിൽ പുതുതായിവന്ന എൻജിനിയർ ചന്ദ്രശേഖരനുമായി യാദൃച്ഛികമായി സൗദാമിനി ബന്ധപ്പെടുന്നു. വിവരമറിഞ്ഞ തമ്പി ആ ഷോക്കിൽ മരണപ്പെടുന്നു. അപമാനത്തിൽനിന്ന്‌ രക്ഷനേടാൻ സൗദാമിനി ചന്ദ്രശേഖരനെത്തന്നെ വിവാഹംകഴിക്കുന്നു. വിവാഹാനന്തരമാണ് സൗദാമിനി ചന്ദ്രശേഖരന്റെ തത്‌സ്വരൂപം മനസ്സിലാക്കുന്നത്. അയാൾ മദ്യപനും സ്ത്രീലമ്പടനും ധൂർത്തനുമായിക്കഴിഞ്ഞിരുന്നു. മാത്രമല്ല, സൗദാമിനിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുകൊണ്ടേയിരുന്നു. സഹികെട്ട ഒരു സാഹചര്യത്തിൽ സിദ്ധയ്യന് അയാളെ വധിക്കേണ്ടതായി വരുന്നു. ആ കുറ്റം സൗദാമിനി ഏറ്റെടുക്കുന്നു. ഈ മൂലകഥയെ ആധാരമാക്കി, കഥയിലും കഥാപാത്രങ്ങളുടെ സ്വഭാവത്തിലും സംഭവങ്ങളിലുമെല്ലാം ആവശ്യമായ മാറ്റങ്ങൾവരുത്തി, കൊടൈക്കനാലിന്റെ പശ്ചാത്തലത്തിൽ ഞാനൊരു തിരക്കഥയെഴുതി. പിന്നീട് കെ.ടി. മുഹമ്മദുമായി ചർച്ചചെയ്ത്, അദ്ദേഹത്തെക്കൊണ്ട് സംഭാഷണമെഴുതിച്ചു. അങ്ങനെ, സ്ത്രീപീഡനത്തിനെതിരേ അതിശക്തമായി പ്രതികരിച്ച സൗദാമിനിയുടെ കഥയായി തിരക്കഥ രൂപപ്പെടുത്തി. എന്നാൽ, ജയന്റെ ശരീരഭാഷയും മികച്ച പ്രകടനവുംമൂലം പ്രതിനായകന്റെ കഥയായി ചിത്രം പരിണമിക്കുകയാണുണ്ടായത്.

ആദ്യം മധുവിനെയായിരുന്നു നായകനും വില്ലനുമായ ആ കഥാപാത്രത്തിനായി ആലോചിച്ചിരുന്നത്. അദ്ദേഹം വ്യത്യസ്തമായ പല കഥാപാത്രങ്ങളെയും അവതരിപ്പിച്ച് ശോഭിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്. എന്നാൽ, തിരക്കുകാരണം അദ്ദേഹത്തിന്റെ സമയം ലഭിക്കാൻ കാലതാമസം നേരിടുമെന്നുകണ്ടപ്പോൾ നിർമാതാവ് മറ്റുപല നടന്മാരെയും നിർദേശിച്ചു. തമിഴ് നടൻ പ്രഭു, കന്നടനടൻ വിഷ്ണുവർധൻ എന്നിവരെല്ലാം അതിൽപ്പെടും.

‘ഇവനൊരു സംഭവമായിരിക്കും...’

ജയൻ സിനിമാനടനായി അറിയപ്പെട്ടത് സുപ്രിയയുടെ ‘പഞ്ചമി’ എന്ന ചിത്രത്തിലൂടെയാണ്. ‘പഞ്ചമി’യിൽ റെയ്ഞ്ചറുടെ വേഷം അഭിനയിക്കാമെന്നേറ്റിരുന്ന കെ.പി. ഉമ്മറിന് പറഞ്ഞദിവസം ഷൂട്ടിങ്ങിന് എത്താൻ കഴിഞ്ഞില്ല. മദിരാശിയിലെ സത്യ സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിങ്‌. ഷൂട്ടിങ്‌ നിർത്തി, പോകാനൊരുങ്ങുമ്പോൾ, ചിത്രത്തിലെ നായികയായ ജയഭാരതി, കൂടെവന്ന മുറച്ചെറുക്കനായ കൃഷ്ണൻനായരെ (ജയൻ) എനിക്ക് പരിചയപ്പെടുത്തി. ആ വേഷത്തിന് ചേരുമെന്ന്‌ അഭിപ്രായപ്പെട്ടു. ജയനെ കണ്ടപ്പോൾത്തന്നെ ഒരു നിയോഗംപോലെയാണ് എനിക്കുതോന്നിയത്. മേക്കപ്പ്ചെയ്ത് റെയ്ഞ്ചറുടെ വേഷത്തിൽ ജയൻ സെറ്റിൽ വന്നപ്പോൾ പ്രേംനസീറിനും ക്യാമറാമാൻ മെല്ലി ഇറാനിക്കും നിർമാതാവ് ഹരി പോത്തനുമൊക്കെ ആ ഗെറ്റപ്പ് വളരെ ഇഷ്ടപ്പെട്ടു. ജയഭാരതിക്കും ബഹദൂറിനുമൊപ്പമുള്ള ഒരു ചെറിയ രംഗമാണ് ഞാനാദ്യമായി ചിത്രീകരിച്ചത്; ഒരു ടെസ്റ്റ്പോലെ. മൂന്നുനാല് ഷോട്ടുകളിലെ അനായാസമായ നോട്ടങ്ങളും ഭാവങ്ങളും സംഭാഷണസ്ഫുടതയും കണ്ടപ്പോൾത്തന്നെ, പ്രേംനസീർ പ്രവചിച്ചു: ‘‘ഇവനൊരു സംഭവമായിരിക്കും കേട്ടോ, ഹരൻ...’’

പിന്നീട് എന്റെതന്നെ അടിമക്കച്ചവടം, ഇവനെന്റെ പ്രിയപുത്രൻ എന്നീ ചിത്രങ്ങളിലും പ്രാധാന്യമുള്ള കഥാപാത്രങ്ങളിൽ ജയൻ തന്റെ സാന്നിധ്യം പ്രകടമാക്കി. അഭിനയത്തോടുള്ള ജയന്റെ അതിയായ അഭിനിവേശവും തൊഴിലിനോടുള്ള ആത്മാർഥതയും അപ്പോഴൊക്കെ ഞാൻ മനസ്സിലാക്കി.

ജയനെ ‘ശരപഞ്ജര’ത്തിലെ പ്രധാന കഥാപാത്രത്തിന് തീരുമാനിച്ചപ്പോൾ പലർക്കും അത് ഇഷ്ടപ്പെട്ടിരുന്നില്ല. പ്രത്യേകിച്ച് ചിത്രത്തിന്റെ വിതരണക്കാരായ ഹസീന ഫിലിംസ് ഉടമസ്ഥർക്ക്. അവർ ചിത്രത്തിന്റെ വിതരണം വേണ്ടെന്നുതന്നെ തീരുമാനിച്ചു (പിന്നീട് എയ്ഞ്ചൽ ഫിലിംസാണ് ചിത്രം തിയേറ്ററിലെത്തിച്ചത്). നിർമാതാവ് ജി.പി. ബാലൻ, എല്ലാം സംവിധായകന്റെ ഇഷ്ടത്തിന് വിടുകയായിരുന്നു. ജയനെ തീരുമാനിച്ചശേഷം കഥയിലും നായകന്റെ പാത്രസൃഷ്ടിയിലും സംഭവങ്ങളിലുമൊക്കെത്തന്നെ വീണ്ടും പലമാറ്റങ്ങളും ഞാൻ വരുത്തി. കുതിരയും കുതിരക്കാരനുമൊക്കെ വന്നത് അതിനുശേഷമാണ്.

പ്രശസ്തമാണ്‌ ആ മസാജ്‌

ഭൂരിഭാഗവും ചിത്രീകരണം കൊടൈക്കനാലിൽവെച്ചായിരുന്നു. അപ്രതീക്ഷിതമായി പല മിനുക്കുപണികളും കഥയിൽ വരുത്താൻ അവിടെവെച്ച് സന്ദർഭമുണ്ടായി. ഒരു ദിവസം പ്രഭാതത്തിൽ ഷൂട്ടിങ്ങിന് ഒരുങ്ങി ഞാനും ക്യാമറാമാൻ മെല്ലി ഇറാനിയും ബംഗ്ലാവിന്റെ മുറ്റത്തേക്കുവന്നപ്പോൾ കുതിരപ്പന്തിയിൽ, കുതിരയുടെ ഉടമസ്ഥൻ കുതിരയെ മസാജ്ചെയ്യുന്നത് കണ്ടു. അപ്പോഴാണ് കഥയിലെ കുതിരക്കാരനെക്കൊണ്ട് (ജയൻ) അങ്ങനെ ഒരു രംഗത്തിൽ ചെയ്യിപ്പിച്ചാൽ നന്നായിരിക്കുമെന്ന് തോന്നിയത്. ഉടനെത്തന്നെ സഹസംവിധായകനോട് ജയനെ തയ്യാറാക്കിക്കൊണ്ടുവരാൻ പറഞ്ഞു, കൂടെ ഷീലയെയും! അങ്ങനെയാണ് സൗദാമിനിയുടെ കാഴ്ചപ്പാടിൽ ചന്ദ്രശേഖരൻ കുതിരയെ മസാജ്ചെയ്യുന്ന രംഗം സൃഷ്ടിച്ചത്. അതുപോലെ മറ്റൊരു പ്രധാന സംഭവമുണ്ടായി. ചിത്രത്തിലെ ക്ലൈമാക്സിലെ ജയനും സത്താറുമായുള്ള സംഘട്ടനരംഗം! അത് ചിത്രീകരിച്ചത് തമിഴ്-ആന്ധ്ര അതിരിലുള്ള ഒരു വനപ്രദേശത്താ യിരുന്നു. രണ്ടുമൂന്ന് മണിക്കൂർ കാറിൽ സഞ്ചരിച്ചുവേണം അവിടെയെത്താൻ. ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുമ്പോഴേക്കും സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജനെയുംതേടി ‘കാളി’ എന്ന തമിഴ്‌ചിത്രത്തിന്റെ നിർമാതാവും സംഘവും അവിടെയെത്തിയിരിക്കുന്നു. രജനീകാന്താണ് നായകൻ. അദ്ദേഹം സ്റ്റുഡിയോയിൽ കാത്തിരിക്കുന്നു. മറ്റൊന്നും ചിന്തിക്കാതെ ത്യാഗരാജൻ മാസ്റ്റർ, ഇത് മറ്റൊരുദിവസം എടുക്കാമെന്നുംപറഞ്ഞ് അവരുടെകൂടെ പോയി!

എന്തുചെയ്യണമെന്നറിയാതെ ഞാൻ ചിന്തിച്ചുനിൽക്കുമ്പോൾ ജയൻ പതുക്കെ എന്റെ അടുത്തുവന്ന് പറഞ്ഞു: ‘‘സാർ ഒന്നും ചിന്തിച്ച് വിഷമി​േക്കണ്ട, ഫൈറ്റ് സത്താറിനെവെച്ച് ഞാൻ സെറ്റപ്പ് ചെയ്യാം, സാർ ഷോട്ടുകളെടുത്താൽ മതി.’’ അങ്ങനെ ജയൻ കമ്പോസ്‌ചെയ്ത ക്ലൈമാക്സിലെ ആ സംഘട്ടനരംഗം ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റായി പരിണമിച്ചു. മാത്രമല്ല, ഈ വിധത്തിലുള്ള റിയലിസ്റ്റിക് സംഘട്ടനരംഗങ്ങൾ മറ്റുപല സംവിധായകരും ത്യാഗരാജൻ മാസ്റ്ററോട് ആവശ്യപ്പെടുകയും ചെയ്തു. ശരപഞ്ജരം റിലീസ്ചെയ്യുമ്പോൾ ഞാൻ തിരുവനന്തപുരത്ത് താര ഹോട്ടലിൽ ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’ എന്ന ചിത്രത്തിന്റെ െസറ്റിലായിരുന്നു. എന്നെ ആദ്യം വിളിച്ച് അഭിനന്ദിച്ചത് പ്രശസ്ത നിർമാണ-വിതരണ കമ്പനി ഉടമസ്ഥനായ ജി.ഇ.ഒ. കുട്ടപ്പൻ സാറാണ്.

അത്‌ ഇപ്രകാരമായിരുന്നു: ‘‘മിസ്റ്റർ ഹരൻ, നിങ്ങൾ മലയാളസിനിമയ്ക്ക് സംഭാവനചെയ്തത് ഒരു മഹാനടനെയാണ്. നോക്കിക്കോളൂ ഇനി മലയാളസിനിമയിൽ ജയന്റെ സമയമായിരിക്കും...’’

‘സാർ എനിക്കു തന്നത്‌ പുതിയ ജന്മം’

പലരുടെയും ഫോൺവിളികൾ വന്നുകൊണ്ടേയിരുന്നു. എല്ലാവരുടെയും വിഷയം ജയൻ എന്ന നടനെക്കുറിച്ചുതന്നെയായിരുന്നു. ജയൻ എന്നെ വിളിച്ചത് രാത്രിയിലായിരുന്നു. സന്തോഷംകൊണ്ട് എന്റെ അഭിനന്ദനങ്ങൾക്ക് മറുപടിപറയാൻ വാക്കുകൾകിട്ടാതെ വിഷമിക്കുന്നതുപോലെ തോന്നി. ‘‘ഷൂട്ടിങ്‌ താര ഹോട്ടലിലല്ലേ, ഞാനവിടെ വന്ന് സാറിനെ നേരിൽ കാണാം...’’ എന്നുമാത്രം ഒരുവിധം പറഞ്ഞ് ഫോൺവെച്ചു.

അടുത്തദിവസംതന്നെ ജയൻ തിരുവനന്തപുരത്ത് ഇടവഴിയിലെ പൂച്ചയുടെ സെറ്റിൽവന്നു. അവിടെ മധു, ശ്രീവിദ്യ, സോമൻ, ശങ്കരാടി എന്നിവരെല്ലാമുണ്ടായിരുന്നു. ജയൻ ഓടിവന്ന് എന്റെ പാദം തൊട്ടുവന്ദിച്ചു. എന്നിട്ട് വികാരാധീനനായി പറഞ്ഞു: ‘‘എനിക്കൊരു പുതിയ ജന്മമാണ് സാർ തന്നത് സിനിമയിൽ...’’
‘‘അതിനായി ഞാൻ ഒന്നുംചെയ്തിട്ടില്ല. മിസ്റ്റർ ജയൻ, എല്ലാം ഒരു നിയോഗമാണെന്ന് കരുതിയാൽ മതി...’’ -ഞാൻ പറഞ്ഞു.
‘‘പല നിർമാതാക്കളും സംവിധായകരും എന്നെ സമീപിക്കുന്നുണ്ട്. സാറിന് ആവശ്യമുള്ള തീയതികൾ മാറ്റിവെച്ചിട്ടേ അവർക്കൊക്കെ ഡേറ്റ് കൊടുക്കുന്നുള്ളൂ.’’ വിനയവും നന്ദിയും കലർന്ന ജയന്റെ വാക്കുകൾകേട്ട് ഞാൻ ഉപദേശിച്ചു: ‘‘ആരുടേതായാലും നല്ല കഥയും കഥാപാത്രങ്ങളെയും നോക്കി ഇപ്പോൾ മുന്നോട്ടുപൊയ്‌ക്കോളൂ... അവസരം വരുമ്പോൾ വീണ്ടും നമുക്ക് ഒരുമിക്കാം.’’
‘ശരപഞ്ജര’ത്തിന്റെ വമ്പിച്ച വിജയത്തിനുശേഷം, പ്രേംനസീർ പ്രവചിച്ചപോലെ ജയൻ ഒരു സംഭവമായി മാറുകയായിരുന്നു. ജയന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. അക്കാലത്ത് ജയൻ മദിരാശിയിൽ നുങ്കംപാക്കത്തെ ‘പാംഗ്രോവ്’ ഹോട്ടലിലായിരുന്നു താമസിച്ചി രുന്നത്. മലയാളത്തിലെ ഒട്ടുമിക്ക നിർമാതാക്കളും പ്രശസ്തരും അപ്രശസ്തരുമായ സംവിധായകരും ജയനെത്തേടി അവിടെയെത്തിയതിന്‌ ഞാൻ സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഒരധ്യാപകനും ശിഷ്യനും തമ്മിലുള്ള ബന്ധത്തിനപ്പുറം ഒരു സൗഹൃദം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. പലർക്കുംവേണ്ടി എനിക്ക് ജയനോട് ശുപാർശചെയ്യേണ്ടതായും വന്നിട്ടുണ്ട്.
അജ്ഞാതമായ എന്തോ ഒരാകർഷണശക്തി ജയന്റെ സൗന്ദര്യത്തിലും സിദ്ധിയിലും ഉണ്ടായിരുന്നു എന്നുവേണം അനുമാനിക്കാൻ. അന്തരിച്ച്‌ നാലുപതിറ്റാണ്ട്‌ കഴിഞ്ഞിട്ടും ആരാധകരുടെ ഹൃദയങ്ങളിൽ ഒരു ധ്രുവനക്ഷത്രംപോലെ ആ പ്രതിഭ ഇന്നും ജ്വലിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണവും അതുതന്നെയാണ്.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..