ഭരണഘടനാ അവിദഗ്‌ധർ


ഇ.പി. ഉണ്ണി

രേഖകൾക്കിടെ

.

ഇന്ന് ഇടയ്ക്കിടെ തലവാചകം സൃഷ്ടിക്കുന്ന ഭരണഘടന ഒരുകാലത്ത് കാർട്ടൂണുകളിൽ നിറഞ്ഞുനിന്നിരുന്നു, രാഷ്ട്രീയം ചൂടുപിടിച്ച 1960-കളിലും ’70-കളിലും. അക്കാലത്ത് ഒന്നല്ല, നാല് വിശിഷ്ടവ്യക്തികൾ ഒരുമിച്ച് റിപ്പബ്ലിക്കിന്റെ മൂലഗ്രന്ഥത്തെ വിമർശിക്കുന്ന ചിത്രം രജീന്ദർപുരി വരച്ചിട്ടുണ്ട്. പ്ലക്കാർഡുമായി നടന്നുനീങ്ങുന്ന മൂന്നംഗ രാഷ്ട്രീയജാഥ. അതിലേക്ക് കയറിച്ചെല്ലാൻ അനുവാദംചോദിക്കുന്ന മുൻ കരസേനാധിപൻ കെ.എം. കരിയപ്പ. നവഭാരതശില്പികൾ വിശദമായി ചർച്ചചെയ്ത്, 1950-ൽ പൂർത്തിയാക്കിയ ഭരണഘടന പത്തിരുപതുകൊല്ലംകൊണ്ടുതന്നെ ഈ നാൽവർക്കു മടുത്തുതുടങ്ങിയോ?

എവിടെയെങ്കിലും പ്രസംഗിക്കുമ്പോൾ ഓളത്തിൽ എന്തെങ്കിലും പറയുന്നവരല്ല ഇവരാരും. ജാഥയുടെ മുന്നിലുള്ളത് നാഥ് പൈ -മൂന്നുവട്ടം ലോക്‌സഭാംഗമായിരുന്ന, അറിയപ്പെടുന്ന സോഷ്യലിസ്റ്റ്. പറയേണ്ടത് നന്നായി പഠിച്ച് മറാത്തിയിലും ഇംഗ്ലീഷിലും സംസ്കൃതത്തിലും വേണമെങ്കിൽ അല്പം ഫ്രഞ്ചും ചേർത്ത് പ്രസംഗിക്കുന്ന ബാരിസ്റ്റർ. തൊട്ടുപിറകെയുള്ള ബാരിസ്റ്റർ അത്ര വാഗ്‌മിയൊന്നുമല്ല; ദീർഘകാലം ബംഗാളിൽ ഭരണംനടത്തിയ ജ്യോതി ബസു. പിന്നെ, ഭരണഘടനാവിരുദ്ധനായി ജാഥയിലുള്ളത് മലയാളികളുടെ സുപരിചിത താർക്കികൻ ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്. ഈ രാഷ്ട്രീയക്കൂട്ടത്തിലേക്കാണ് സ്വധർമംമാത്രം നിർവഹിച്ച സമാദരണീയനായ യോദ്ധാവ് കടന്നുവരുന്നത്.

രാഷ്ട്രീയക്കാർക്ക് കാർട്ടൂണിൽ സ്ഥിരതാമസമാവാം. അന്ന് ജനറലും പിന്നീട് ഫീൽഡ്മാർഷലുമായ കരിയപ്പയുടെ കാര്യം അങ്ങനെയല്ല. അദ്ദേഹം പ്രത്യക്ഷപ്പെട്ട ഒരു അപൂർവ കാർട്ടൂണാവണം ഇത്. 1971-ൽ മുംബൈയിലെ ഒരു ലോക്‌സഭാമണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ചപ്പോൾ പരാജയപ്പെടുത്തി എന്നതൊഴിച്ചാൽ, ജനം അദ്ദേഹത്തെ എന്നും ഒരു മഹാസൈനികൻ അർഹിക്കുന്ന മതിപ്പോടെയെ കണ്ടിട്ടുള്ളൂ. മനസ്സിരുത്താതെ പൊതുപ്രസ്താവന നടത്തുന്ന ആളല്ല ഫീൽഡ് മാർഷൽ. അദ്ദേഹത്തെ കാർട്ടൂണിൽകൊണ്ടെത്തിച്ചത് ദേശസ്നേഹമാണ്. അച്ചടക്കമുള്ള ഒരു സൈനികൻ ചുറ്റുംനോക്കുമ്പോൾ അന്ന് കണ്ടിരിക്കുക, അരാജകത്വം മാത്രമായിരിക്കും.

സ്വാതന്ത്ര്യാനന്തരം സ്ഥിരതയുടെ പര്യായമായി, ആത്മവിശ്വാസത്തോടെ ഭരിച്ചുകൊണ്ടിരുന്ന കോൺഗ്രസ് പാർട്ടി 1969-ൽ പിളർന്നു. ഇന്ദിരാഗാന്ധി എന്ന പുതുമോടി മാറാത്ത പ്രധാനമന്ത്രിയും കൃതഹസ്തരായ ഒരുപറ്റം പ്രമാണികളും തമ്മിലുള്ള വടംവലിയായി അന്നത്തെ കോൺഗ്രസ് നേതൃത്വം മാറിയിരുന്നു. രാജ്യത്തെ നയിക്കാൻ ബദലുണ്ടാക്കേണ്ട പ്രതിപക്ഷനേതാക്കളെ ഒന്നിച്ചുകണ്ടതാകട്ടെ, കാർട്ടൂണുകളിൽ മാത്രം. സ്വയം തിരുത്തുന്നതിലും എളുപ്പം വ്യവസ്ഥിതിയെ പഴിക്കയാണല്ലോ, അതിന്റെഭാഗമായി കുറെ കുറ്റം ഏറ്റുവാങ്ങിയത് ഭരണഘടനയാണ്.

ഒട്ടുംമടിക്കാതെ പഴിക്കാനിറങ്ങിയത് ഇടതുപക്ഷംതന്നെ. മാറ്റത്തിന്റെ വക്താക്കൾ എന്നനിലയ്ക്ക് അതിൽ അല്പം യുക്തിയുണ്ടായിരുന്നുതാനും. ബൂർഷ്വാകോടതിക്കെതിരേ സ്ഥിരമായി പ്രസ്താവനയിറക്കുന്ന സോഷ്യലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും പലപ്പോഴും കോടതികയറി സമർഥമായി കേസ് വാദിച്ചുജയിക്കുന്ന തമാശ അക്കാലത്തെ കാർട്ടൂണുകൾക്ക് സ്ഥിരം വിഷയമായിരുന്നു. അതിലും ബുദ്ധിമാന്മാരായ തീവ്ര ഇടതർ ഭരണഘടനയെ കൈകാര്യംചെയ്തത് കായികമായാണ്. ചാർമിനാർ സിഗരറ്റും തീപ്പെട്ടിയും ആയുധമാക്കിയ അവർ പുസ്തകം കത്തിച്ചു.

മിക്കവാറും ഇടത്തോട്ടുചാഞ്ഞവരായിരുന്നു അക്കാലത്തെ കാർട്ടൂണിസ്റ്റുകൾ. പക്ഷേ, അവർ ഭരണഘടനയ്ക്കെതിരേ നിലകൊണ്ടില്ല. ആർക്കുമില്ലാത്ത വൈദഗ്‌ധ്യമോ വിവേകമോ ഉണ്ടായതുകൊണ്ടൊന്നുമല്ല; അധികാരം കൈയാളുന്നവരെ അവിശ്വസിച്ച്‌ ശീലിച്ചതുകൊണ്ടാണത്. ഭരണഘടനാവിരുദ്ധ അന്തരീക്ഷത്തിന്റെ ശരിയായ മുതലെടുപ്പ് നടക്കുന്നത് ഭരണകക്ഷിയിലാണെന്നവർ മനസ്സിലാക്കി. എഴുപതുകളുടെ മധ്യത്തിലെത്തുമ്പോഴേക്കും നിരന്തരം ഭേദഗതിചെയ്യപ്പെട്ട ഭരണഘടനയെ ഒരു കാർട്ടൂണിൽ കണ്ടത്, വരിക്കാരെ കാത്തിരിക്കുന്ന ആനുകാലികങ്ങളുടെ കൂട്ടത്തിലാണ്.

ഇന്ത്യൻ എക്സ്‌പ്രസിൽ അക്കാലത്ത് അടിച്ചുവന്ന അബു അബ്രഹാമിന്റെ ഒരു കാർട്ടൂൺ പറഞ്ഞത് ഇന്നും പ്രസക്തം: ‘എന്ത് ഭേദഗതിവേണമെങ്കിൽ ആവട്ടെ, മൗലികാവകാശങ്ങൾ പഴുതുകൾവഴി സംരക്ഷിക്കപ്പെടുമെങ്കിൽ’.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..