കേട്ടതും കേൾക്കേണ്ടതും


ആർ.എസ്.എസിനെ ഒരു വർഗീയശക്തി എന്ന നിലയ്ക്കുമാത്രം വിശകലനം ചെയ്താൽ ഇനി പിഴവുകൾ സംഭവിക്കും. ഗ്ലോബൽ കോർപ്പറേറ്റ് കാപ്പിറ്റലിസത്തിന്റെ ഒരു രാഷ്ട്രീയരൂപമെന്ന നിലയ്ക്ക് തിരിച്ചറിയാതെ, പഴയ തരത്തിലുള്ള സവർണ ഫാസിസമാണിത് എന്ന് ലഘൂകരിക്കാൻ കഴിയില്ല. അങ്ങനെ, പഴയത് എന്തെങ്കിലും തിരിച്ചുകൊണ്ടുവരാനുള്ള ആഗ്രഹമൊന്നുമല്ല ഇതിനുപിന്നിൽ. അത് വർത്തമാനലോകത്തെ കീഴടക്കാനുള്ള ഉപകരണമായിട്ടാണ് പ്രവർത്തിക്കുന്നത്.
ബി. രാജീവൻ

ബി.ജെ.പി.ക്കുവേണ്ടി കൊടിപിടിച്ചു പ്രകടനത്തിനുപോകുന്ന ആളായി സുരേഷ് ഗോപിയെ കണ്ടിട്ടില്ല. നാമനിർദേശം ചെയ്യപ്പെട്ട രാജ്യസഭാംഗങ്ങൾക്കു രണ്ടാമതും അവസരം നൽകുന്ന രീതി ഇതുവരെ ഇല്ല. അതുകൊണ്ടാണ് സുരേഷ് ഗോപിക്ക് അവസരം കിട്ടാതിരുന്നത്. അതിന്റെ പേരിൽ അദ്ദേഹം ബി.ജെ.പി. യുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നു കരുതുന്നില്ല.
കെ. സുരേന്ദ്രൻ

ഇടതുപക്ഷം മാത്രമല്ല, എല്ലാ മതനിരപേക്ഷ പാർട്ടികളും അടിമുടി ജനാധിപത്യമാകേണ്ടതുണ്ട്. അതിന് പഴയശൈലി സാധ്യമാവില്ല. ഓരോ നേതാവും ഓരോ പ്രവർത്തകനും ചിന്തകളെ നവീകരിക്കേണ്ടതുണ്ട്. അതിനുള്ള മാർഗം കൂടുതൽ സ്ത്രീകളെ അധികാരത്തിലേക്കു കൊണ്ടുവരുകയെന്നതാണ്.
സി.എസ്. ചന്ദ്രിക

കേരളത്തിൽനിന്നും കോൺഗ്രസുകാർ കൂട്ടത്തോടെ ബി.ജെ.പി.യിലേക്ക് ചേക്കേറാതിരിക്കാൻ കാരണം ഇടതുപക്ഷമാണ്. വി.ഡി. സതീശൻ, വിളിക്കുന്ന വേദിയിലെല്ലാം ആലോചനയില്ലാതെ പോകുന്നത് ബി.ജെ.
പി.ക്ക് സ്വീകാര്യത നൽകും. വി.ഡി. സതീശന്റെ പുറത്തുവന്ന ചിത്രം വളരെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ആർ.എസ്.എസിന്റെ വേദിയിൽ പോകരുത് എന്ന്‌ സി.പി.എം. ഉത്തരവൊന്നും നൽകിയിട്ടില്ല. എന്നാൽ, പ്രത്യയശാസ്ത്രപരമായ ബോധത്തിന്റെ അടിസ്ഥാനത്തിൽ സ്വയം വിട്ടുനിൽക്കുന്നു.
എം.എ. ബേബി

പ്രിന്റ് മീഡിയ മരിച്ചു എന്ന് മരിച്ചവരേ പറയത്തുള്ളൂ. ബുദ്ധിയുള്ള ആർക്കെങ്കിലും പറയാനൊക്കുമോ? വേറെ മീഡിയ വളർന്നു എന്നുപറയാം. അല്ലാതെ പ്രിന്റ് മീഡിയ ഒരിക്കലും മരിക്കാൻ പോകുന്നില്ല. മരിക്കില്ല എന്നു മാത്രമല്ല, അതിന്റെ ശക്തി കുറയാനും പോകുന്നില്ല.
ടി.ജെ.എസ്. ജോർജ്

അശോകസ്തംഭത്തിലെ സിംഹങ്ങളുടെ ഭാവമാറ്റമാണ് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. സിംഹമായാൽ ഇടയ്ക്കു പല്ലു കാണിച്ചെന്നു വരും. എല്ലാറ്റിനുമുപരി ഇത് സ്വതന്ത്രഭാരതത്തിന്റെ സിംഹമാണ്.
അനുപം ഖേർ

സോവിയറ്റ് പാർട്ടിക്കെതിരേ ചൈന ഉയർത്തിയ പ്രധാന ആക്ഷേപം അവർ തിരുത്തൽവാദികൾ ആണെന്നായിരുന്നു. തിരിച്ചുള്ള ആരോപണം അവർ വലതന്മാർ ആണെന്നായിരുന്നു. ഇന്ന് ആ അധിക്ഷേപ വാക്കുകൾ കേൾക്കാറില്ല. സോവിയറ്റ് പാർട്ടിയെക്കാൾ കൂടുതൽ തിരുത്തലുകൾ ചൈന പാർട്ടി ഇതിനകം നടത്തിയിരിക്കുന്നു. സി.പി.ഐ.യെക്കാൾ എത്രയോ ദൂരം വലത്തോട്ട് സി.പി.എം. സഞ്ചരിച്ചിരിക്കുന്നു.
ബി.ആർ.പി. ഭാസ്കർ

സാഹിത്യത്തിന്റെ കാര്യത്തിൽ ഉള്ള പ്രശസ്തി പോലും തെറ്റിദ്ധാരണാജനകമാണ്. ഗുരുവായും മഹാത്മാവായും ഉദ്ഘാടകനായും പുരസ്കാരങ്ങൾ നിർണയിക്കുന്നവനായും സ്വയം പുരസ്കൃതനായും സകല പ്രശ്നങ്ങളിലും ഒപ്പു ചാർത്തുന്നവനായും ഒക്കെ അനേകം അവതാരങ്ങളെടുത്തു വാർത്തയിൽ നിറഞ്ഞുനിൽക്കുന്നതിന്റെ വ്യാജ പ്രശസ്തിയല്ല, എഴുത്തിലും വായനയിലും നാം അനുഭവിക്കുന്ന പിടച്ചിലുകളാണ് സാഹിത്യജീവിതം.
ഇ. സന്തോഷ് കുമാർ

സി.പി.എമ്മിന്റെ ശക്തി ഉൾപ്പാർട്ടി ജനാധിപത്യമായിരുന്നു. അതില്ലാതായതാണ് ലോകം മുഴുവൻ കമ്യൂണിസ്റ്റു പാർട്ടികളുടെ വിനാശത്തിനു വഴിവെച്ചത്. ഏതൊരു സംഘടനയ്ക്കും പ്രാണവായുവാണത്. പാർട്ടിയും സർക്കാരും ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും കാരണം അതാണ്. ആദ്യമായാണ് ഇത്രയും അധികാര കേന്ദ്രീകരണം. അപകടകരമാണ് കാര്യങ്ങൾ.
എം.ജി. രാധാകൃഷ്ണൻ

കേരളത്തിൽ ഒരുപാട് കാലമായി ഹിന്ദുത്വയ്ക്ക് ഒരു ‘ഡ്രോയിങ് റൂം ആക്സപ്റ്റൻസ്’ ഉണ്ടല്ലോ. സ്വീകരണമുറി ചർച്ചകളിൽ പ്രത്യേകിച്ചും മധ്യവർഗത്തിനിടയിൽ സ്വീകാര്യതയുണ്ടല്ലോ. പക്ഷേ, പാർലമെന്ററി പൊളിറ്റിക്സിലേക്ക് അത് വന്നിട്ടില്ല. അതിന്റെ പല കാരണങ്ങളിലൊന്ന് ബി.ജെ.പി.യുടെ പ്രാദേശിക നേതൃത്വത്തിന്റെ കഴിവില്ലായ്മയും അതിനകത്തെ അഴിമതിയുമൊക്കെയാണ്. അതൊന്നും പെട്ടെന്ന് മാറുന്ന ലക്ഷണം കാണുന്നില്ല.
വെങ്കിടേഷ് രാമകൃഷ്ണൻ

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..