അതിജീവിതയ്ക്ക് വേണ്ടത് സമൂഹത്തിന്റെയും നിയമത്തിന്റെയും ന്യായാസനത്തിന്റെയും താങ്ങാണ്. മുറിവേറ്റ ഹൃദയങ്ങളെ ഒരിക്കൽക്കൂടി കീറിമുറിക്കുന്നതാവരുത് വിചാരണകൾ. പരിഷ്‌കൃതമായ സമൂഹത്തിൽ പാകമാവുന്ന രീതിയിൽ മാറ്റി എഴുതേണ്ടതുണ്ട്. നീതി ദേവതേ കൺതുറക്കൂ എന്ന അന്വേഷണ പരമ്പരയ്ക്കുവന്ന പ്രതികരണങ്ങൾ അത് വിളിച്ചുപറയുന്നു
അന്തസ്സ് മനസ്സിലാണ്
എനിക്ക് അഭിമാനത്തിന് ക്ഷതമേറ്റത് യഥാർഥത്തിൽ കോടതിയിൽ നിന്നാണെന്ന് ഒരു അതിജീവിത എന്നോട് പറഞ്ഞിട്ടുണ്ട്. ‘‘വക്കീലന്മാരുടെ നോട്ടവും ചോദ്യവും തകർത്തുകളഞ്ഞു, അനാവശ്യമായ ചോദ്യവും ഇടപെടലും ഒഴിവാക്കിയിരുന്നെങ്കിൽ എന്നുതോന്നിയിട്ടുണ്ട്.’’ പക്ഷേ, കോടതിയിൽനിന്നുപോലും അവകാശപ്പെട്ട മാനസംരക്ഷണം ലഭിച്ചില്ലെന്നും അവർ പറഞ്ഞിട്ടുണ്ട്.
എന്റെ അഭിപ്രായത്തിൽ മൂന്നിടങ്ങളാണ് ഇവർക്കൊപ്പം നിൽക്കേണ്ടത്. ഒന്ന് പോലീസ് സ്റ്റേഷൻ, രണ്ട് വൈദ്യപരിശോധന നടത്തുന്ന ആശുപത്രികൾ, മൂന്ന് വിചാരണചെയ്യപ്പെടുന്ന കോടതികൾ. അവിടെയെല്ലാം അതിജീവിതയുടെ ആത്മാഭിമാനത്തിന് വിലകൊടുക്കുകയാണെങ്കിൽ അവർക്ക് പിടിച്ചുനിൽക്കാൻ സാധിക്കും.
മാറ്റത്തിന്റെ ചിന്തകൾ ന്യായാധിപരുടെ ഭാഗത്തുനിന്ന് മാത്രമാകരുത്. പോലീസ്, പ്രോസിക്യൂട്ടർ, അതിജീവിതരുടെ പ്രതിനിധികൾ, ആരോഗ്യമേഖലയിലെ പ്രതിനിധികൾ, എൻ.ജി.ഒ.കൾ, മാധ്യമപ്രവർത്തകർ ഇവരെല്ലാംകൂടിയുള്ള കൂട്ടായചർച്ചകളിലൂടെ മാത്രമേ യഥാർഥപരിഹാരം ഉരുത്തിരിയുകയുള്ളൂ. ഇതാണ് ലീഗൽ സർവീസ് സൊസൈറ്റികൾ യഥാർഥത്തിൽ ചെയ്യേണ്ടത്.
ജസ്റ്റിസ് കുര്യൻ ജോസഫ്, സുപ്രീംകോടതി മുൻ ജഡ്ജി
പോലീസും കോടതിയും ഗുണപരമായി മാറണം
ലൈംഗികാക്രമണത്തിന് വിധേയരായവരിൽ പരാതിപ്പെടാൻ ആർജവം കാണുന്നവരെ നമ്മുടെ വ്യവസ്ഥയുടെ ഭീകരത എങ്ങനെയെല്ലാം പീഡിപ്പിക്കുന്നു, പിന്തിരിപ്പിക്കുന്നു, തോൽപ്പിക്കുന്നു എന്ന് കൃത്യമായി പറയുന്നു ‘നീതിദേവതേ കൺതുറക്കൂ’ എന്ന ലേഖനപരമ്പര. നടി ആക്രമിക്കപ്പെട്ട കേസിലെ ഇര താൻ അതിജീവിതയാണ് എന്ന് പ്രഖ്യാപിച്ചതോടെ മാധ്യമങ്ങളും പൊതുസമൂഹവും ലൈംഗികപീഡനത്തിന് ഇരയായവരെ മൊത്തത്തിൽ ‘അതിജീവിത’ എന്ന് പരാമർശിച്ചുതുടങ്ങി. വാക്കുകളിലെ മാറ്റം സാവകാശമായി സാംസ്കാരികമായ മാറ്റത്തിന് പ്രേരകമാകുമെന്ന് ആശിക്കാം. പക്ഷേ, അതിജീവിതമാർ സമൂഹത്തിൽനിന്ന്, പോലീസിൽനിന്ന്, വക്കീലന്മാരിൽനിന്ന്, കോടതിയിൽനിന്ന് ഒക്കെ നേരിടുന്ന മാനസികപീഡനവും അവഹേളനവും വളരെ വലുതാണ്. പരാതിക്കാരിയെ തോൽപ്പിച്ചോടിക്കാനുള്ള പരീക്ഷാകേന്ദ്രങ്ങളായി വിചാരണക്കോടതികൾ മാറുന്നതായി ഈയടുത്ത നാളുകളിൽ പലരും പരാതി പറയുന്നു.
ലേഖനത്തിൽ ഡോ. ഷെർളി വാസു വിദേശത്തെ രീതിയിലെ കരുണയും കരുതലും പറയുന്നു. ഇവിടെയും അത് ആവശ്യമുണ്ട്. നീതിന്യായവ്യവസ്ഥ സമഗ്രമായ മാറ്റത്തിന് വിധേയമാകണം. പോലീസും കോടതിയും കൂടുതൽ വിക്ടിംസൗഹൃദമാക്കാനുള്ള ചർച്ചകൾക്ക് തുടക്കംകുറിക്കാൻ ഈ ലേഖനം കാരണമാകുമെന്ന് കരുതുന്നു. തുല്യപദവിയെപ്പറ്റിയും അന്തസ്സിനെപ്പറ്റിയും ബോധ്യമുള്ള ഒരു സമൂഹസൃഷ്ടിയാണ് ഏറ്റവും പ്രധാനം. അതിനുതകുന്ന ചർച്ചകളും വിദ്യാഭ്യാസപദ്ധതികളും ആസൂത്രണം ചെയ്യാനാവണം. അതിജീവിതമാർ കടന്നുപോകുന്ന കഠിനവഴികൾ കാണിച്ചുതന്ന രമ്യാ ഹരികുമാറിനും മാതൃഭൂമിക്കും നന്ദി.
പ്രൊഫ. കുസുമം ജോസഫ്, ‘അതിജീവിതയ്ക്കൊപ്പം’ കൂട്ടായ്മയുടെ കൺവീനർ
ഇത് അഭിലഷണീയമോ
അതിജീവിതമാരുടെ കണ്ണീരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മാതൃഭൂമിയിൽ രമ്യ ഹരികുമാർ ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തിയിരിക്കുന്നു. അനുഭവിക്കേണ്ടിവന്ന പീഡനത്തിന് പത്തിരട്ടി മാനസികാഘാതം, അപമാനം എന്നിവ സഹിക്കേണ്ടിവരുന്ന അവസ്ഥ കാലങ്ങളായി തുടരുന്ന ഈ ക്രൂര വിനോദങ്ങൾക്ക് സമാനമായ വിചാരണ ഈ ആധുനിക സമൂഹത്തിൽ അഭിലഷണീയം ആണോ? മാറുന്ന ലോകത്തോട് സംവേദിക്കാൻ നീതിന്യായ വ്യവസ്ഥയ്ക്കും ചുമതലകൾ ഇല്ലേ? ഇരയാകേണ്ടി വന്ന ഒരു അതിജീവിത ഇങ്ങനെ ക്രൂരവിനോദങ്ങൾക്ക് സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വരുന്ന ഗതികേട് അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പി. ശ്രീരാമകൃഷ്ണൻ, മുൻ സ്പീക്കർ
(ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്ന്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..