കോഴിക്കോട് പ്രഖ്യാപനത്തിന്റെ അന്തഃസത്ത


നവസങ്കൽപ് ചിന്തൻ ശിബിരം - കോഴിക്കോട്‌

നയരൂപവത്‌കരണ സമ്മേളനങ്ങൾക്ക് മുമ്പും കോഴിക്കോട് സാക്ഷ്യംവഹിച്ചിട്ടുണ്ടെങ്കിലും കെ.പി.സി.സി. നവസങ്കല്പ് ചിന്തൻ ശിബിരം പ്രസരിപ്പിച്ച ദിശയും ദർശനവും കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രയാണവീഥിയിലും നാഴികക്കല്ലാവുക, വലിയൊരു പൊളിച്ചെഴുത്തിന് പച്ചക്കൊടി കാട്ടിയെന്നനിലയിലാണ്.

ഗാന്ധിയൻ ആശയസംഹിത അടിസ്ഥാനപ്രമാണമായി കൊണ്ടുനടക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനം, നെഹ്രൂവിയൻ സോഷ്യലിസ്റ്റ് ദർശനങ്ങളെ കൂടുതലായി പ്രായോഗികതലത്തിൽ എത്തിക്കേണ്ടതുണ്ടെന്ന് കാലം ഓർമിപ്പിക്കുന്നു. ഇന്ത്യയിൽ യഥാർഥ പുരോഗമന-സോഷ്യലിസ്റ്റ് വീക്ഷണം ഉയർത്തിപ്പിടിച്ച്, ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതര സംസ്കൃതിയുടെയും കാവലാളായിനിന്ന നെഹ്രൂവിയൻ ആശയങ്ങൾ നമുക്കുനൽകുന്ന ദൃഢത പ്രതിനിധികൾ ആവേശത്തോടുകൂടി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയവും കേരളത്തിലെ ഭരണസംവിധാനം നിയന്ത്രിക്കുന്ന പാർട്ടിയുടെ വലതുപക്ഷ വ്യതിയാനവും പൊതുസമൂഹത്തിൽ സൃഷ്ടിക്കുന്ന അരക്ഷിതബോധം ഇല്ലായ്മചെയ്യാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. ഗാന്ധിയൻ-നെഹ്രൂവിയൻ ആശയങ്ങളുടെ സങ്കലനം സാധ്യമാക്കി കോൺഗ്രസ് മുന്നോട്ടുപോകും.

സംഘടനാ മാർഗരേഖാ കമ്മിറ്റിയുടെ ചെയർമാനായിരുന്നു ഞാൻ; ബി.എ. അബ്ദുൾ മുത്തലിബ് കൺവീനറും. തിരുവഞ്ചൂർ രാധാകൃഷ്ണൻ ചെയർമാനും എം.ജെ. ജോബ് കൺവീനറുമായ മിഷൻ 24, വി.കെ. ശ്രീകണ്ഠൻ എം.പി. ചെയർമാനും എ.എ. ഷുക്കൂർ കൺവീനറുമായ പൊളിറ്റിക്കൽ കമ്മിറ്റി, ബെന്നി ബഹന്നാൻ എം.പി. ചെയർമാനും വി. പ്രതാപചന്ദ്രൻ കൺവീനറുമായ സാമ്പത്തിക കമ്മിറ്റി, കൊടിക്കുന്നിൽ സുരേഷ് എം.പി. ചെയർമാനും ആര്യാടൻ ഷൗക്കത്ത് കൺവീനറുമായ ഔട്ട് റീച്ച് കമ്മിറ്റി എന്നിവയാണ് വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകളുടെ ക്രോഡീകരണം അവതരിപ്പിച്ച മറ്റ് നാലു ഗ്രൂപ്പുകൾ.

ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആശയങ്ങൾക്കനുസൃതമായി നയരേഖകൾ രൂപപ്പെടുത്തുകയായിരുന്നില്ല; പരിചയസമ്പന്നരായ മുതിർന്ന നേതാക്കളും പുതുതലമുറയിലെ തിരുത്തൽശക്തികളായ യുവാക്കളും വനിതാ പ്രതിനിധികളും ചർച്ചചെയ്ത്, പാകപ്പെടുത്തിയതാണ് അഞ്ചു മേഖലകളിലെ സമീപനരേഖയുടെ കാതൽ. ഇത് പുതിയകാലത്ത്, കോൺഗ്രസിൽ അപൂർവമായ രീതിയാണ്. സംഘടന എന്നരീതിയിൽ കോൺഗ്രസിൽ അടിമുടി മാറ്റമാണ് മണിക്കൂറുകൾനീണ്ട ചർച്ചകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ നിർദേശിച്ചത്. അടിസ്ഥാനതലത്തിലെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ മുതലുള്ള പരിഷ്‌കരണമാണ് മുഖ്യം. ജനകീയ അടിത്തറ ശക്തമാക്കി മുന്നണിസംവിധാനം വിപുലീകരിക്കാനുള്ള രാഷ്ട്രീയസാധ്യതകളെല്ലാം ശിബിരം ആഴത്തിൽ ചർച്ചചെയ്തു. സമൂഹത്തിൽ ഛിദ്രശക്തികൾ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുമ്പോൾ വിട്ടുവീഴ്ചയില്ലാത്ത മതേതരനിലപാടുകളുമായി പോരാട്ടം തുടരും. എ.ഐ.സി.സി. നിഷ്‌കർഷിക്കുന്ന സമയക്രമം പാലിച്ച് ബൂത്ത് തലംമുതൽ കെ.പി.സി.സി. വരെ പുനഃസംഘടന പൂർത്തിയാക്കും; പാർട്ടി ഭാരവാഹികളുടെ എണ്ണം പുനഃക്രമീകരിക്കും; സി.യു.സി. വരെയുള്ള സംഘടനാ സംവിധാനം ആറുമാസത്തിനകം ശക്തമാക്കും; പാർട്ടി പ്രവർത്തനത്തിന് കലണ്ടർ തയ്യാറാക്കും; കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ പൂർണമായും രാഷ്ട്രീയവത്കരിക്കും തുടങ്ങിയവയാണ്‌ പൊതുസമൂഹത്തിനുമുന്നിൽ വെളിപ്പെടുത്താവുന്ന സംഘടനാപരമായ മാറ്റങ്ങൾ.

പാർട്ടി പ്രക്ഷോഭങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കാനുള്ള നിർദേശത്തിനും ശിബിരം പച്ചക്കൊടികാട്ടിയിട്ടുണ്ട്. പഠനം, പരിശീലനം, പ്രായോഗികവത്കരണം എന്നിവയ്ക്ക് ഊന്നൽനൽകുന്ന സമീപനത്തിലേക്കാണ് ചിന്തൻ ശിബിരം എത്തിയത്. ആൾക്കൂട്ടമായി കെട്ടിക്കിടക്കാതെ, കൈവഴികളായി ഒഴുകി മഹാസാഗരം തീർക്കാനുള്ള സംഘടനാപരമായ മാർഗരേഖകൾ കേരളത്തിലെ കോൺഗ്രസിനും അതുവഴി പൊതുസമൂഹത്തിനും നൽകുന്ന ഉണർവും ഉന്മേഷവും ഞങ്ങൾ മനസ്സിലാക്കുന്നു.

കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയാണ് ലേഖകൻ

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..