ഹരമായിമാറിയ ഹർത്താൽ !


അനു എബ്രഹാം

ബന്ദ്‌ നിരോധനത്തിന്‌ 25 വർഷം

പ്രാർഥിക്കാൻ ഓരോ കാരണങ്ങളുണ്ടെന്നു പറയുംപോലെയാണ് കേരളത്തിൽ ഹർത്താലിന്റെ കാര്യവും. അന്താരാഷ്ട്ര പ്രശ്നങ്ങൾമുതൽ പ്രാദേശിക സംഘർഷങ്ങൾവരെ കേരളത്തിൽ ഹർത്താലിന് വിഷയമാണ്. ബന്ദ് നിരോധനമെന്ന ചരിത്രപ്രധാനമായ വിധി ഹൈക്കോടതിയിൽനിന്നുവന്നിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും ബന്ദ് പലരൂപത്തിൽ ഇന്നും ജീവിക്കുന്നു. ഹൈക്കോടതി ‘വധശിക്ഷ’വിധിച്ച ബന്ദിനെ ആൾമാറാട്ടം നടത്തി രാഷ്ട്രീയകക്ഷികൾ രക്ഷിച്ചെടുത്തു. ‘ഹർത്താൽ’ എന്ന പേരു ചാർത്തിനൽകി. 24 മണിക്കൂർ ബന്ദിന്റെ സ്ഥാനത്ത് ഇന്ന് 12 മണിക്കൂർ ഹർത്താലാചാരം. അതേയുള്ളൂ വ്യത്യാസം.
തട്ടേക്കാട് ദുരന്തം, മുല്ലപ്പെരിയാർ പ്രശ്നം, റോഡുകളുടെ തകർച്ച, പകർച്ചപ്പനി തുടങ്ങി അമർനാഥ് ക്ഷേത്രത്തിന് നൽകിയ ഭൂമി തിരിച്ചെടുത്ത ജമ്മുകശ്മീർ സർക്കാരിന്റെ നടപടിയിൽവരെ കേരളം ഹർത്താലിലൂടെ പ്രതിഷേധിച്ചു.

ബന്ദ് നിരോധനശേഷം പിറന്ന ഹർത്താലിന്റെ ഗ്രാഫ് എക്കാലവും മുന്നോട്ടുതന്നെയായിരുന്നു. 2019 മുതലാണ് അല്പം ക്ഷീണം സംഭവിക്കുന്നത്. ഹർത്താലിലുണ്ടാകുന്ന നാശനഷ്ടം ആഹ്വാനംചെയ്തവരിൽനിന്ന് ഈടാക്കണമെന്ന ഹൈക്കോടതി ഉത്തരവിലായിരുന്നു തുടക്കം. വികസനത്തെ തടസ്സപ്പെടുത്തുമെന്ന വാദവും ഉയർന്നതോടെ രാഷ്ട്രീയപ്പാർട്ടികളും സമീപനം മാറ്റി. എങ്കിലും ഹർത്താൽ ആഘോഷമാക്കുന്ന മനോഭാവത്തിൽ മാറ്റംവന്നിട്ടില്ല.

സത്യത്തിൽ എന്തിനായിരുന്നു?

ഒരിക്കലും പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പല ഹർത്താലും. ജനജീവിതം സ്തംഭിക്കുന്നതല്ലാതെ ഒരു മാറ്റവും ഉണ്ടാകുന്നില്ലെന്നതാണ് യാഥാർഥ്യം. എന്തിനാണ് ഹർത്താൽ എന്ന്‌ ജനങ്ങൾക്കോ സമരം നടത്തിയവർക്കോപോലും അറിയാത്ത സ്ഥിതി. പിന്നല്ലേ പരിഹാരം. പ്രതിഷേധം അറിയിച്ചെന്ന് രാഷ്ട്രീയകക്ഷികൾക്ക് ഊറ്റംകൊള്ളാമെന്നു മാത്രം.

റാബ്രിയെ പിരിച്ചുവിട്ടതിന് കേരളം സ്തംഭിച്ചു

ബന്ദ് നിരോധിച്ചശേഷം കേരളത്തിലുണ്ടായ ആദ്യ ഹർത്താലിനു കാരണമായത് അങ്ങ് ബിഹാറിലും ഡൽഹിയിലുമായിനടന്ന ചില സംഭവങ്ങളാണ്. 1998 സെപ്റ്റംബർ 25-നായിരുന്നു ആ ഹർത്താൽ. ബിഹാറിൽ റാബ്രി ദേവിയുടെ നേതൃത്വത്തിലെ ആർ.ജെ.ഡി. സർക്കാരിനെ പിരിച്ചുവിടാൻ വാജ്പേയി സർക്കാർ ശുപാർശചെയ്തതാണ് ഇടതുമുന്നണിയുടെ ഹർത്താലിലേക്ക് നയിച്ചത്.

സദ്ദാമിനെ തൂക്കിലേറ്റിയതിന്, ക്ളിന്റൺ വന്നതിന്

സദ്ദാം ഹുസൈന്റെ വധശിക്ഷയും ബിൽ ക്ളിന്റന്റെ ഇന്ത്യാ സന്ദർശനവും നമ്മുടെ ഹർത്താൽ വിഷയമായിട്ടുണ്ട്. 2006 ഡിസംബർ 30-നായിരുന്നു സദ്ദാമിനെ തൂക്കിലേറ്റിയത്. അന്ന് വൈകീട്ട് മൂന്നുമണിമുതൽ സി.പി.എം, കോൺഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഹർത്താൽ ആചരിച്ചു.
2000 മാർച്ച് 20-നുനടന്ന ഹർത്താലിന്റെ കാരണവും ‘അന്താരാഷ്ട്ര’മായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഇന്ത്യ സന്ദർശിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സി.പി.ഐ.(എം.എൽ.) ആഹ്വനംചെയ്ത ഹർത്താൽ.

പെേട്രാളിന് 45 രൂപ: ബി.ജെ.പി.യുടെ ഹർത്താൽ

ഇന്ധനവിലവർധന മൂന്നുമുന്നണികൾക്കും പ്രിയപ്പെട്ട ഹർത്താൽവിഷയമാണ്. പെേട്രാൾ വില വെറും 45 രൂപയായിരുന്നപ്പോൾ തുടങ്ങിയ ഹർത്താലാണ്. ഇപ്പോൾ 110 രൂപകഴിഞ്ഞു. ആദ്യം ബി.ജെ.പി. ആയിരുന്നു ഈ വിഷയത്തിൽ സ്കോർ ചെയ്തിരുന്നത്. 2005 ജൂൺ 22-നായിരുന്നു അവരുടെ ആദ്യ ഹർത്താൽ. 2006 ജൂൺ ഒമ്പതിന് വീണ്ടും ഹർത്താൽ. 2014-ൽ എൻ.ഡി.എ. സർക്കാർ അധികാരത്തിലെത്തുംവരെ അവർ പ്രതിഷേധം തുടർന്നു. പിന്നീട് നിലച്ചു.
ഈ വിഷയത്തിൽ 2004 ജനുവരി ആറിന് നടന്ന സംയുക്ത വാഹനപണിമുടക്കും ബന്ദായിമാറി. അന്ന് ഗതാഗതമന്ത്രിയായിരുന്ന ആർ. ബാലകൃഷ്ണപിള്ള ഇതേക്കുറിച്ച് നടത്തിയ പ്രതികരണം ഇങ്ങനെ: ‘‘ഇത് അഖിലേന്ത്യാതലത്തിലുള്ള പ്രശ്നമാണ്. കേരളത്തിൽ സമരം നടത്തിയതുകൊണ്ട് അത് ഡൽഹിയിൽ അറിയണമെന്നില്ല’’.

എന്നിട്ട് വിലക്കയറ്റം കുറഞ്ഞോ?

കേന്ദ്രത്തിൽ ഭരണത്തിലിരിക്കുമ്പോൾ സംസ്ഥാനഭരണത്തിനെതിരേയും ഇവിടെമാത്രം ഭരണമുള്ളപ്പോൾ കേന്ദ്രസർക്കാരിനെതിരേയും ഹർത്താൽ ആഹ്വാനം ചെയ്യുന്നതാണ് രീതി. വിലക്കയറ്റത്തിന്റെ കാര്യത്തിലാണ് ഇത്തരം പ്രതിഷേധം കൂടുതലും. 1999 ഫെബ്രുവരി ഒന്പതിന് ഈ വിഷയത്തിൽ കേന്ദ്രത്തിനെതിരേ ഇടതുമുന്നണി പൊതുപണിമുടക്കു നടത്തിയിരുന്നു. ഇടതുമുന്നണിതന്നെയാണ് അക്കാലത്ത് കേരളം ഭരിച്ചിരുന്നതും. 2008-ൽ വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത് വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെതിരേ യു.ഡി.എഫ്. ഹർത്താൽ നടത്തി. ഫെബ്രുവരി 19-നായിരുന്നു ആ ഹർത്താൽ. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരായതിനാൽ കേന്ദ്രസർക്കാരിനെ അവർ പ്രതിക്കൂട്ടിലാക്കിയില്ല. രണ്ടുവർഷം പിന്നിട്ടപ്പോൾ വീണ്ടും കേന്ദ്രസർക്കാരിനെതിരേ ഹർത്താൽ നടത്തി ഇടതുമുന്നണി തിരിച്ചടിച്ചു. ഇത്രയധികം ഹർത്താലുകൾ നടന്നിട്ടും നിത്യോപയോഗ സാധനങ്ങൾക്ക് ഇപ്പോഴും തീവിലതന്നെ.

ലാവലിന്റെ പേരിൽ

ലാവലിൻ വിഷയത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ േപ്രാസിക്യൂട്ട് ചെയ്യുന്നതിനെച്ചൊല്ലി ഒരു മാസത്തിനിടെ സംസ്ഥാനത്ത്‌ ജനജീവിതം സ്തംഭിപ്പിച്ചത് രണ്ടുവട്ടമാണ്. ഇടതുമുന്നണി സർക്കാരായിരുന്നു അധികാരത്തിൽ. പിണറായി വിജയനെ േപ്രാസിക്യൂട്ട് ചെയ്യാൻ അനുമതിനൽകേ​െണ്ടന്നായിരുന്നു അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശം. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷമായിരുന്ന യു.ഡി.എഫ്. 2009 മേയ് ഏഴിന് ഹർത്താൽ ആഹ്വാനംചെയ്തു. എന്നാൽ, പിണറായിയെ േപ്രാസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതിനൽകി. ഇതോടെ സി.പി.എം. പ്രതിഷേധവുമായി ഇറങ്ങി. ഗവർണറുടെ നടപടിക്കെതിരേ ജൂൺ എട്ടിന് ഹർത്താൽ പ്രഖ്യാപിച്ചു.

ഷോക്ക് ജനങ്ങൾക്ക്

വൈദ്യുതിനിരക്ക് വർധിപ്പിച്ചാൽ ആഘാതമേൽക്കുക ജനങ്ങൾക്കാണ്. വിലവർധനയ്ക്കൊപ്പം പലപ്പോഴും ഹർത്താലും പേറണം. 1999 ജൂണിൽ എൽ.ഡി.എഫ്. സർക്കാർ വൈദ്യുതിനിരക്ക് വർധിപ്പിച്ചു. ജൂൺ 10-ന് ഹർത്താൽനടത്തി യു.ഡി.എഫ്. ജനജീവിതം സ്തംഭിപ്പിച്ചു. മൂന്നുവർഷത്തിനകം യു.ഡി.എഫ്. അധികാരത്തിലെത്തി. തൊട്ടുമുമ്പ് വൈദ്യുതിനിരക്ക് വർധനയ്ക്കെതിരേ സമരം നടത്തിയവർ അധികാരത്തിലെത്തിയപ്പോൾ നിരക്ക് കുത്തനെ കൂട്ടി. സെപ്റ്റംബർ 17, 18 തീയതികളിൽ 48 മണിക്കൂർ ഹർത്താലിന് ആഹ്വാനംചെയ്താണ് ഇടതുമുന്നണി മറുപടിനൽകിയത്.

എന്നിട്ടും മതിയാകാതെ വാട്‌സാപ്പ് ഹർത്താലും

2018 ഏപ്രിൽ 16-നായിരുന്നു ഉറവിടമറിയാത്ത, നേതാക്കളില്ലാത്ത ഹർത്താലാഹ്വാനം. ജമ്മുകശ്മീരിലെ കഠുവയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗംചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ഹർത്താൽ ആഹ്വാനം നടന്നു. നിയന്ത്രിക്കാൻ നേതാക്കളില്ലാതെനടന്ന ഹർത്താൽ പലയിടത്തും അക്രമാസക്തമായി. 30 പോലീസുകാർ ഉൾപ്പെടെ 250-ലേറെപ്പേർക്ക് പരിക്കേറ്റു.

ഒരു ഹർത്താലിൽ നഷ്ടം 1000 കോടി

ഒരു ഹർത്താലിലൂടെ വാണിജ്യ-വ്യവസായ-സേവന മേഖലകളിൽ മാത്രം 1000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. വിനോദസഞ്ചാര മേഖലയിലുണ്ടാകുന്ന നഷ്ടം വേറെ.

പ്രതിഷേധിക്കാം, സ്വതന്ത്രമായി

കടയടയ്ക്കാതെയും വാഹനമോടിച്ചും പ്രതിഷേധം പ്രകടിപ്പിക്കാമെന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്. ഏറ്റവും കൂടുതൽ ഹർത്താൽ നടക്കുന്ന നാടെന്ന ദുഷ്‌പേരുള്ള കണ്ണൂരിൽനിന്നുതന്നെയാണ് ഈ മാതൃകയും. കക്കാട് പുഴയിലെ മാലിന്യപ്രശ്നം, നഗരത്തിലെ കള്ളുഷാപ്പ് മാറ്റൽ എന്നീ വിഷയങ്ങളിലാണ് സ്വതന്ത്രഹർത്താൽ നടന്നത്. ഹർത്താൽദിവസം വലിയ കരിങ്കൊടികെട്ടി കടകൾ പാതി അടച്ചിടുന്നതാണ് രീതി. സമരാവശ്യം വലിയ പേപ്പറിൽ എഴുതിവെക്കാം. കടകളുടെ ഷട്ടർ പകുതി താഴ്ത്തിയും പ്രവർത്തിപ്പിക്കാം. കരിങ്കൊടികെട്ടിയും ഹർത്താൽ ആവശ്യം പ്ലക്കാർഡിൽ എഴുതിയും വാഹനങ്ങൾ ഓടിക്കാമെന്നും ഇവർ നിർദേശിക്കുന്നു. ‘സേ നോ ടു ഹർത്താൽ’ സംഘനയുടെ നേതൃത്വത്തിലാണ് ഈ പ്രതിഷേധരീതി.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..