പട്ടത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു


ആ നാളിൽ... 28 ജൂലായ്‌ 1970

കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ എന്ന് ­അറിയപ്പെട്ടിരുന്ന പട്ടം താണുപിള്ള 1960 മുതൽ 1962 വരെ കേരള മുഖ്യമന്ത്രിയായിരുന്നു. ജൂലായ് 26-ന് അന്തരിച്ച അദ്ദേഹത്തിന്റെ ശവസംസ്കാരം ­നടന്നതിന്റെ റിപ്പോർട്ട്.

സ്വന്തം ലേഖകൻ
തിരുവനന്തപുരം,
കേരളത്തിൽ മറ്റൊരു ജനനേതാവിന്നും അടുത്തകാലത്തൊന്നും ലഭിച്ചിട്ടില്ലാത്തത്ര വ്യാപകവും ഹൃദയസ്പർശകവുമായ തോതിൽ ജനസഹസ്രങ്ങളുടെ ആദരാഞ്ജലികൾ തുടർന്നുകൊണ്ടിരിക്കെ, മഹാനായ ദേശസ്‌നേഹി ശ്രീ പട്ടം താണുപിള്ളയുടെ ഭൗതികശരീരം ഇന്ന് സന്ധ്യക്ക് തിരുവനന്തപുരം നഗരത്തിൽ ശ്രീവരാഹം വാർഡിൽ ഉള്ള പനയറ പുരയിടത്തിൽ ഔദ്യോഗിക ബഹുമതികളോടെ യഥാവിധി സംസ്‌കരിച്ചിരിക്കുന്നു.
വൈകുന്നേരം തിരുവനന്തപുരത്ത് മെയിൻ റോഡിലൂടെ നടത്തിയ 'അന്ത്യയാത്ര' ഒരു വലിയ വേർപാടിന്റെ നികത്താനാവാത്ത വേദനകൾ തുടിക്കുന്ന ഒന്നായിരുന്നു. താണുപിള്ളയുടെ മൂത്ത പുത്രൻ ശ്രീ കേശവൻനായരാണ് ചിതക്ക് തീ കൊളുത്തിയത് - ആളിക്കത്തിയ തീ ആദർശസമ്പന്നനായ കേരള പുത്രന്റെ ഭൌതികശരീരം ഭസ്മമാക്കി മാറ്റിയപ്പോഴും ചിതാഗ്നിയുടെ പ്രകാശധോരണി ചുറ്റുപാടും പ്രസരിച്ചു നിന്നു. രാത്രി വളരെ വൈകിയിട്ടാണ്, അന്ത്യകർമ്മങ്ങൾക്ക് സാക്ഷ്യം വഹിച്ച ജനസഹസ്രങ്ങൾ പിരിഞ്ഞു പോയത്. അര നൂറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയജീവിതത്തിലെ മഹാകായന്മാരുടെ തലമുറയുടെ ആചാര്യനായി വർത്തിച്ച ശ്രീപട്ടം താണുപിള്ളയുടെ ജീവിതത്തിന്റെ യവനിക താഴുന്നതിന്നു തിരുവനന്തപുരം പൌരാവലി അശ്രുവർഷങ്ങളോടെ നിന്നു സാക്ഷ്യം വഹിച്ചു. സർവ്വ ചലനങ്ങളും നിലച്ചുപോയ തിരുവനന്തപുരം നഗരം ഇന്ന് യഥാർത്ഥത്തിൽ ഒരു മൃതാവസ്ഥയിലായിരുന്നു.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..