കടം കൊണ്ടുമാത്രമല്ല കേരളം മുന്നോട്ടുപോവുന്നത്


തുറന്നുപറച്ചിൽ കിഫ്ബി, കടമെടുക്കൽ, ജി.എസ്.ടി. തുടങ്ങിയ പ്രശ്നങ്ങളിൽ ­കേന്ദ്രവുമായി ഏറ്റുമുട്ടലിലാണ് കേരളം. ­സംസ്ഥാനത്തെ ­സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ മനസ്സുതുറക്കുന്നു. മാതൃഭൂമി പ്രതിനിധി പി.കെ. മണികണ്ഠനു നൽകിയ അഭിമുഖത്തിന്റെ അവസാനഭാഗം

കെ.എൻ. ബാലഗോപാൽ| Photo: Mathrubhumi

? കിഫ്ബിയുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പെടുകയല്ലേ
= കിഫ്ബിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നതു ശരിയല്ല. എല്ലാ എം.എൽ.എ.മാരും മണ്ഡലത്തിൽ കിഫ്ബിയുടെ വികസനപ്രവർത്തനങ്ങൾ ആവശ്യപ്പെടുന്നു.
കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നിലവിൽ പരാതികളില്ല. കിഫ്ബിയുടേത് ബജറ്റിനുപുറത്തുള്ള കടമാണെന്ന് കേന്ദ്രം പറയുന്നു. അതു കമ്പനിയെന്നനിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നതാണ്. മുൻകൂറായി പണംനൽകി നിശ്ചിതകാലയളവിൽ ചെറിയപലിശയോടെ തിരിച്ചുകൊടുക്കുന്നതാണ് കിഫ്ബിയുടെ സാമ്പത്തികഘടന. ലോകോത്തരമായ പല സംഘടനകളും കിഫ്ബിയെ ഉപദേശിക്കുന്നുണ്ട്. കടമെടുക്കാൻ സർക്കാർ ഗാരന്റിയേ നിൽക്കുന്നുള്ളൂ. കിഫ്ബിയാണ് തിരിച്ചടയ്ക്കേണ്ടത്. അതിനെ തകർക്കുന്ന രീതി ശരിയല്ല. ഇത്തരത്തിലുള്ള പൊതുമേഖലാ നിക്ഷേപത്തിൽനിന്നു പിന്തിരിയണമെന്നാണ് കേന്ദ്രനയം.
പെൻഷൻ കമ്പനി എടുക്കുന്ന വലിയ തുക ലിക്വിഡിറ്റിക്കുവേണ്ടി എടുക്കുന്നതാണ്‌. എല്ലാമാസവും പെൻഷൻ കൊടുക്കണം. എന്നാൽ, അതു ചെയ്യാനേ പാടില്ലെന്നു കേന്ദ്രം പറയുന്നു. ഇതിനിടെ വിവിധ പദ്ധതികൾക്കുള്ള ബാങ്ക് വായ്പകൾക്കു നിയന്ത്രണമേർപ്പെടുത്തി ആർ.ബി.ഐ. ഒരു സർക്കുലർ ഇറക്കി. സൗജന്യങ്ങൾ നിർത്തണമെന്നാണ് നിർദേശം. ഏറ്റവും പാവപ്പെട്ടവർക്കു സൗജന്യം കൊടുക്കാൻപാടില്ല. അതേസമയം, സ്വകാര്യമേഖലയ്ക്കു നിയന്ത്രണമില്ല. വൻകിടക്കാരുടെ കടം എഴുതിത്തള്ളുന്നു.
കേന്ദ്രനിലപാടുകണ്ടാൽ കടമെടുത്ത സംസ്ഥാനങ്ങൾ ഒളിച്ചോടിയതായി തോന്നും. എന്നാൽ, ഏതെങ്കിലും സംസ്ഥാനം എടുത്ത കടം തിരിച്ചടയ്ക്കാത്ത സ്ഥിതിയുണ്ടോ ? ഏതെങ്കിലും സർക്കാർ കടംകയറി അടച്ചുപൂട്ടിയിട്ടുണ്ടോ ? സർക്കാരിന്റെ ഭാഗമായുള്ള പൊതുമേഖലകൾ പാടില്ലെന്നു കേന്ദ്രം പറയുന്നു. ലോകത്തെ 60 ഭരണകൂടങ്ങൾ സാമ്പത്തികപ്രതിസന്ധികാരണം കൊഴിഞ്ഞുപോവുമെന്നാണ് റിപ്പോർട്ടുകൾ, ഭാഗ്യത്തിന് ഇന്ത്യ അതിലില്ല. ശ്രീലങ്കയുടെ പാഠം നമുക്കുമുന്നിലുണ്ട്. പ്രതിസന്ധിയിലാണ് പാകിസ്താനും. കേന്ദ്രവും സാമ്പത്തികപ്രതിസന്ധിയിലാണെന്നതാണ് വാസ്തവം. അതു മാധ്യമങ്ങൾ ചർച്ച ചെയ്യണം. പട്ടാളത്തിൽപ്പോലും കരാറിൽ ആളെ നിയമിക്കുന്നു. കേന്ദ്രം സാമ്പത്തികമായി പാപ്പരായി എന്നതാണ് അഗ്നിവീർ, അഗ്നിപഥ് പദ്ധതികളുടെ അർഥം. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വലിയ ലാഭമുണ്ടാക്കി. അപ്പോഴും പട്ടിണിയും തൊഴിലില്ലായ്മയും വർധിക്കുന്നു. ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലേക്കു രാജ്യത്തെ തള്ളിവിടുകയാണ് കേന്ദ്രസർക്കാർ.

? ഇങ്ങനെ കടമെടുത്തു മുന്നോട്ടു പോവാനാവുമോ
= കേരളം കടം കൊണ്ടുമാത്രമല്ല മുന്നോട്ടുപോവുന്നത്. ഓരോ വർഷവും നല്ല വളർച്ചയുണ്ടായിട്ടുണ്ട്. കോവിഡ് കാലമായിട്ടുപോലും പത്തുലക്ഷത്തോളം കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷത്തെ ജി.എസ്.ഡി.പി. ഒമാനിലേതിനെക്കാൾ മെഴ്‌സിഡസ് കാറുകൾ കേരളത്തിൽ വിറ്റഴിഞ്ഞെന്നാണ് കണക്കുകൾ. ഒട്ടേറെ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. പ്രവാസികളുടെ പണവും വരുന്നുണ്ട്. പക്ഷേ, തോട്ടംമേഖലയും കാർഷികരംഗവും തകർന്നു. താങ്ങുവിലനൽകി സർക്കാർ പിടിച്ചുനിർത്തി. തൊഴിൽമേഖലയിൽ വലിയ പ്രശ്നമില്ല.
കിഫ്ബിയും മറ്റും വഴി പശ്ചാത്തലസൗകര്യ വികസനം നന്നായി നടക്കുന്നു. കടം മേടിക്കുന്നുണ്ടെന്നതു വാസ്തവമാണ്. എന്നാൽ, കേന്ദ്രത്തിന്റെ ആനുപാതിക കടത്തെക്കാൾ കുറവാണ് നമ്മുടെ കടം. ജി.ഡി.പി.യുടെ 69 ശതമാനത്തിനു മുകളിലാണ് അവരുടെ കടം. കേരളത്തിന്റേത്‌ 36 ശതമാനം മാത്രം. കോവിഡില്ലെങ്കിൽ അത്‌ 30 ശതമാനമായി കുറയുമായിരുന്നു. മൂന്നരശതമാനം കടമെടുക്കാൻ അവകാശമുണ്ടായിട്ടും കേരളം 3.4 ശതമാനമേ എടുത്തിട്ടുള്ളൂ. കേന്ദ്രം 6.9 ശതമാനമെടുത്തു. കടത്തിൽ നാം നിയന്ത്രണത്തിൽ നിൽക്കുന്നു. അതിനെ തകർക്കാനാണ് കിഫ്ബി പോലുള്ളവയ്ക്കുള്ള നിയന്ത്രണം. ഇന്ത്യയിൽ പൊതുമേഖല പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. അങ്ങനെയൊരു നിക്ഷേപം വേണ്ടെന്നാണ് കേന്ദ്രത്തിന്റെ ലൈൻ.

എന്തുകൊണ്ട് കേരളം സ്വന്തംകാലിൽ നിൽക്കണം?

ഉത്‌പാദനമേഖലയിലെ വളർച്ച മറ്റു പല സംസ്ഥാനങ്ങളെയുംപോലെ വരുന്നില്ല എന്നതാണ് നമ്മുടെ പോരായ്മ. അതിനു പല ഘടകങ്ങളുണ്ട്. ലോകം മുഴുവനുള്ള സേവനമേഖലയിലേക്കുവേണ്ട മനുഷ്യവിഭവം നമുക്കുണ്ട്.
സബ്‌സിഡികൊടുത്തു കൃഷി നിലനിർത്താനാവില്ല. അതിനെന്നെ വിർശിച്ചാലും തെറ്റില്ല. നല്ല വിത്തുകൾ, ഉത്‌പാദനക്ഷമത, യന്ത്രങ്ങൾ ഇതൊക്കെ വേണം. ഉത്‌പാദിപ്പിച്ചവ സൂക്ഷിച്ചുവെക്കാനുള്ള അത്യാധുനിക ഗോഡൗണുകൾ വേണം. വിൽക്കാനുള്ള ശൃംഖലകൾ വേണം. കൃഷിക്കാർക്കു വരുമാനംകിട്ടിയാലേ അതു നിലനിൽക്കൂ. അതിനായി ഒട്ടേറെ കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ട്. ഉത്‌പന്നങ്ങൾ, അതിൽനിന്നു സ്റ്റാർട്ടപ്പ്, അതിൽനിന്നു വ്യവസായം എന്ന ഇക്കോസിസ്റ്റം വികസിപ്പിക്കുന്നുണ്ട്.
ഭാവിയിലേക്കുനോക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു മേഖല ഭക്ഷ്യരംഗത്തെ സ്വയംപര്യാപ്തതയാണ്. അരിക്കും ഗോതമ്പിനും നാം മറ്റുസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. ഇന്ത്യയിലെ ഭക്ഷ്യധാന്യക്കൃഷി, പ്രത്യേകിച്ചും നെൽക്കൃഷി കുറയുന്നതാണ് സ്ഥിതി. ഗോതമ്പിനുപകരം റാഗി മതി എന്ന ആവശ്യമുയരുന്നു. അന്താരാഷ്ട്രതലത്തിൽ ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം വരുന്നു. പത്തോ പതിനഞ്ചോ വർഷം കഴിയുമ്പോൾ നമ്മുടെ കൈയിൽ പണമുണ്ടെങ്കിലും ആവശ്യത്തിനു നെല്ലും അരിയും കിട്ടാത്ത അവസ്ഥ വന്നേക്കാമെന്ന ആശങ്ക വേണം. അതിനു മുൻകരുതലെടുക്കണം. ഇപ്പോഴുള്ളതിനെക്കാൾ പതിന്മടങ്ങായിരിക്കും പ്രതിസന്ധി എന്നു നാം കാണണം. കേരളത്തിനു വേണ്ടതെല്ലാം പൂർണമായി ഉത്‌പാദിപ്പിക്കുക എളുപ്പമല്ല. സർക്കാർപ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ല. ഇതിനായുള്ള മുൻകൈയെടുക്കൽ പ്രത്യേകം വേണം. അതിനുള്ള ചർച്ചകൾ പൊതുസമൂഹത്തിൽ ഉയർന്നുവരണം.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..