ടാപ്പർമാർ കളംവിടുന്നു, തോട്ടം അടയുന്നു


50,000 ഹെക്ടർ തോട്ടം വെട്ടുന്നില്ല

പ്രതീകാത്മക ചിത്രം

റബ്ബർ മേഖല നേരിടുന്ന വലിയ വെല്ലുവിളി ടാപ്പർമാരുടെ എണ്ണത്തിലുള്ള കുറവും ടാപ്പു ചെയ്യാത്ത തോട്ടങ്ങളുമാണ്. പരിശീലനം നേടിയ ടാപ്പർമാരുടെ കുറവാണ് മറ്റൊരു വെല്ലുവിളി. ടാപ്പിങ്ങിലെ ഈ അസ്ഥിരത ഉത്‌പാദനത്തെയും ബാധിക്കുന്നു. കേരളത്തിൽ ടാപ്പർമാരുടെ എണ്ണത്തിൽ ഏകദേശം 20 ശതമാനം കുറവുണ്ടെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ടാപ്പർമാരുടെ കുറവുമൂലം വെട്ടാതെ കിടക്കുന്നത് 30,000 -ത്തിലധികം ഹെക്ടറാണ്. ഇത് ആകെ തോട്ടങ്ങളുടെ ഏകദേശം എട്ടുശതമാനം വരും. ഉടമ നാട്ടിലില്ലാത്തത്‌, ഉടമസ്ഥാവകാശത്തർക്കം തുടങ്ങിയ ഒട്ടേറെ കാരണങ്ങളാൽ കേരളത്തിൽ ഏകദേശം 20,000-ത്തിലധികം ഹെക്ടറും ടാപ്പുചെയ്യാതെ കിടക്കുന്നു. മൊത്തം അരലക്ഷം ഹെക്ടർ തോട്ടങ്ങളാണ് പ്രയോജനപ്പെടാതെ പോകുന്നത്.

മഴമറ കൈവിടുന്നു

മുമ്പ് മഴമറ ചെയ്തിരുന്ന പല കർഷകരും ഇപ്പോൾ ഇതൊക്കെ ഉപേക്ഷിച്ച മട്ടാണ്. ചെലവിനനുസരിച്ചുള്ള ഉത്പാദനം കിട്ടുന്നില്ലെന്നാണ്‌ കർഷകരുടെ മറുപടി. 40-100 ശതമാനംവരെ പ്ലാസ്റ്റിക്, പശ, ചില്ല്, പ്ലാസ്റ്റിക് ചിരട്ട എന്നിവയ്ക്ക്‌ വില കൂടി. മഴമറ ഇടുന്ന ചെലവും ഇരട്ടിയായി.

അറിയാത്ത പണി

പല ടാപ്പർമാർക്കും ശാസ്ത്രീയ പരിശീലനമില്ലാത്തതാണ് മറ്റൊരു പ്രശ്നം. കൃത്യമല്ലാത്ത ടാപ്പിങ്, പട്ടയ്ക്ക്‌ ‌കേടുവരുത്തും. റബ്ബർമരത്തിന്റെ ആയുസ്സിനെയും ബാധിക്കും. കോവിഡ് കാലത്തിനുശേഷം പല ചെറുകിട തോട്ടമുടമകളും സ്വയം ടാപ്പിങ്ങിന് സജ്ജരായിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ഗൾഫിൽ നിന്നെത്തിയ പലരും ‘സെൽഫ് ടാപ്പിങ് ഓണർ’മാരായി മാറിയിട്ടുണ്ടെന്ന് റബ്ബർബോർഡ് ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ഇതൊന്നും പരിശീലനം നേടിയ മികച്ച ടാപ്പർമാരുടെ കുറവ് നികത്താൻ പര്യാപ്തമല്ല.

ടാപ്പർമാരെ പിടിക്കാൻ

ടാപ്പർമാരുടെ കുറവ് പരിഹരിക്കാൻ റബർബോർഡ് തീവ്രശ്രമം നടത്തുകയാണ്. ആർ.പി.എസുകളുടെ സഹായത്തോടെ റബ്ബർ ടാപ്പേഴ്‌സ് ഗ്രൂപ്പുകൾക്ക് ബോർഡ്‌ രൂപം നൽകി. 2014 മുതൽ ഇത്തരത്തിൽ നൂറുകണക്കിന് ഗ്രൂപ്പുകൾക്ക്‌ രൂപംനൽകി. ടാപ്പിങ്‌ രംഗത്തേക്ക് വനിതകളെ ആകർഷിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ആർ.പി.എസ്. വഴിയാണ് ടാപ്പർമാരുടെ കണക്ക് ശേഖരിക്കുന്നത്. മൊബൈൽ ആപ്പ് വഴി ടാപ്പർമാരുടെ കണക്കെടുക്കാനും നീക്കമുണ്ട്. ടാപ്പർമാർക്ക് ശാസ്ത്രീയമായ പരിശീലനം നൽകാൻ ഒട്ടേറെ പദ്ധതികളുണ്ട്. ആനുകൂല്യങ്ങളും നൽകുന്നു. വീട് വെക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും സഹായധനം നൽകുന്നു. ഇൻഷുറൻസ്, വൈദ്യസഹായം, എന്നിവയുമുണ്ട്. വരും വർഷങ്ങളിൽ ടാപ്പർമാരുടെ എണ്ണം കൂടുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ.

ദത്തെടുക്കും

വർഷങ്ങളായി വെറുതേ യിട്ടിരിക്കുന്ന തോട്ടങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ‘അഡോപ്ഷൻ’ അഥവാ ‘ദത്തെടുക്കൽ’ എന്ന പ്രക്രിയക്കും റബ്ബർബോർഡ് തുടക്കംകുറിച്ചിട്ടുണ്ട്. തോട്ടത്തിൽ എന്താണോ വേണ്ടത് അത് ചെയ്തുകൊടുക്കും. ടാപ്പിങ്, വളമിടീൽ, കളപറിക്കൽ, റെയിൻഗാർഡിങ് എന്നിവയെല്ലാം ചെയ്യും. 2021-’22 വർഷം ഇത്തരത്തിൽ 30,000 ഹെക്ടറാണ് റബ്ബർബോർഡ്‌ ഏറ്റെടുത്തത്. ഇത് ഇനിയും തുടരുമെന്ന് റബ്ബർബോർഡ് പറയുന്നു.

പുതിയവർ വരുന്നില്ല

ടാപ്പിങ് തൊഴിൽ സ്വീകരിച്ച് പുതിയ ആളുകൾ വരുന്നില്ല. ഇതുകൊണ്ടുമാത്രം ജീവിക്കാൻ കഴിയില്ല. മാസങ്ങളോളം നിലനിൽക്കുന്ന മഴകാരണം നല്ല നിലയിൽ ജോലിചെയ്യാൻ കഴിയില്ല. വർഷം 90 ടാപ്പിങ് പോലും കിട്ടില്ല. ടാപ്പിങ് കഴിഞ്ഞ് മറ്റ് പണിക്ക് പോകാനും കഴിയില്ല. പല ടാപ്പർമാരും കൂലി കുറച്ചുപോലും തൊഴിൽ നിലനിർത്തുന്നുണ്ട്. ഉടമയ്ക്കുകൂടി പ്രയോജനം കിട്ടണം എന്ന ചിന്തയാണ് അതിനുപിന്നിൽ. അതിരാവിലെ തോട്ടങ്ങളിൽ പന്നിശല്യവും ഇഴജന്തുക്കളുടെ ഉപദ്രവവും കൂടുതലാണ്. ടാപ്പർമാർക്ക് ഇൻഷുറൻസ് അടക്കമുള്ള പല പദ്ധതികളും ഉണ്ടെങ്കിലും പ്രയോജനപ്പെടുത്താൻ സങ്കീർണമായ നടപടികളിലൂടെ പോകണം.
എൻ.എം. ജയലാൽ, ടാപ്പിങ് തൊഴിലാളിയും കങ്ങഴ പഞ്ചായത്തംഗവും

ടാപ്പർ കുറവിങ്ങനെ

ഒരു ടാപ്പർ വെട്ടുന്നത് ഏകദേശം 1.3 ഹെക്ടർ
വേണ്ടത് 2,97,000
ടാപ്പർമാർ രജിസ്റ്റർ ചെയ്തത് 2,45,000
രംഗത്തുള്ളത് 2,39,000
റബ്ബർ ബോർഡ് കണക്കാണിത്. പക്ഷേ, രംഗത്തുള്ള പലരും മറ്റ് പണികൾക്കുപോയി. 2018 മുതലുള്ള കാലം തെറ്റിയുള്ളതും നീണ്ടുനിൽക്കുന്നതുമായ മഴക്കാലം മിക്കവർക്കും തൊഴിലില്ലായ്മ സമ്മാനിച്ചു.
ഒരുവർഷം ചെയ്യാവുന്ന ടാപ്പിങ് ദിനം 100-120
കിട്ടുന്നത് 60-80 ദിവസങ്ങൾ മാത്രം

ടാപ്പിങ് വിസ്തൃതി കേരളം പിന്നോട്ട്
(വർഷം, വിസ്തൃതി എന്ന ക്രമത്തിൽ)

കേരളം
2013-'14 3,82420 ഹെക്ടർ
2020-’21 3,38700 ഹെക്ടർ

ത്രിപുര
2013-’14 31,780 ഹെക്ടർ
2020-’21 57.770 ഹെക്ടർ

അസം
2013-’14 11,120 ഹെക്ടർ
2020-’21 29,600 ഹെക്ടർ

കർണാടക
2013-’14 22,850 ഹെക്ടർ
2020-’21 34,400 ഹെക്ടർ

കൃഷി വിസ്തൃതി കണക്ക് ഇങ്ങനെ

കേരളത്തിൽമാത്രം
5.5 ലക്ഷം ഹെക്ടറിൽ

രാജ്യത്തുവേണ്ടത് വർഷം
12 ലക്ഷം മെട്രിക് ടൺ

ഉത്‌പാദനം
7.8 ലക്ഷം മെട്രിക് ടൺ
കുറവ്‌ 4.2 ലക്ഷം

വാർഷിക ഇറക്കുമതി(ശരാശരി)

5.45 ലക്ഷം മെട്രിക് ടൺ

ഇറക്കുമതിചെയ്ത് മിച്ചമുള്ളത്‌

1.25 ലക്ഷം മെട്രിക് ടൺ


(തുടരും)

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..