ഉദ്ഘാടകരുടെ ശ്രദ്ധയ്ക്ക്....


ഇന്നസെന്റ്

.

ഇക്കഴിഞ്ഞ ദിവസം ഞാൻ രണ്ടുതീരുമാനമെടുത്തു: ഇനി ഉദ്ഘാടനങ്ങൾക്ക് പോവുമ്പോൾ കൈയിൽ കത്രിക, നാട, തീപ്പെട്ടി, ഒരു പൊന്നാട എന്നിവ കരുതും, ഉദ്ഘാടനം ചെയ്തിട്ടേ പ്രസംഗിക്കു.
ഈയിടെ ചാലക്കുടിക്കടുത്ത് ഒരു സ്കൂളിലെ ലൈബ്രറി ഉദ്ഘാടനംചെയ്യാൻ പോയി. സ്കൂളിന്റെ നവതിയോടനുബന്ധിച്ചാണ് ലൈബ്രറി ഉണ്ടാക്കിയത്. ലൈബ്രറിയുടെ ഉദ്ഘാടനത്തിന് എന്തിനാണ് എന്നെ വിളിച്ചതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഒരു പുസ്തകവും വായിക്കാതെ പുസ്തകങ്ങൾ എഴുതുന്നതുകൊണ്ടാവും എന്നോർത്ത് ആശ്വാസംകൊണ്ടു.

ഞാൻ ആ നാട്ടിൽ ലൈബ്രറി ഉദ്ഘാടനത്തിന് പോവുന്നതിൽ എന്റെ ഭാര്യ ആലീസിനും മകന്റെ ഭാര്യ രശ്മിക്കും വലിയ അഭിമാനവും സന്തോഷവും ഉണ്ടായിരുന്നു. അത്‌ അവരുടെ നാടാണ്‌. എന്റെ വരവിനെക്കുറിച്ച് അവർ നാട്ടുകാരോട് ഫോണിലൂടെ കാച്ചുന്നതെല്ലാം ഞാൻ കേട്ടു. ‘വേഗം വീട്ടിലെ പണിയെല്ലാം തീർത്ത് പ്രസംഗം കേൾക്കാൻ പൊയ്‌ക്കോ, സിനിമ കാണണേക്കാൾ രസാണ്’ എന്നൊക്കെയായിരുന്നു ആലീസ് തട്ടിവിടുന്നത്. പ്രസംഗം മോശമായാൽ ഭാര്യക്കാണ് മോശം എന്നതുകൊണ്ട് ഞാൻ മറ്റുസ്ഥലങ്ങളിൽ പറഞ്ഞ കാര്യങ്ങളൊന്നും പറയാതിരിക്കാൻ പുതിയവ ആലോചിച്ചുകൊണ്ടിരുന്നു. നാട്ടുകാർക്ക് വാക്കുകൊടുക്കേണ്ട പണിയേ ആലീസിനുള്ളൂ; അധ്വാനം മുഴുവൻ എനിക്കാണ്.

കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമടക്കം വലിയ ജനക്കൂട്ടമായിരുന്നു സ്കൂളിൽ. വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തിട്ട്‌ പ്രസംഗിക്കാമെന്ന്‌ ഞാൻ പറഞ്ഞു. അതുവേണ്ട, പ്രസംഗം കഴിഞ്ഞിട്ടുമതി ഉദ്‌ഘാടനമെന്ന്‌ പറഞ്ഞത്‌ പി.ടി.എ. പ്രസിഡന്റാണ്‌. ശരിയെന്നുപറഞ്ഞ് ഞാൻ കാച്ചുതുടങ്ങി. ഭാര്യക്കും മരുമകൾക്കും മോശം വരാതിരിക്കാൻ ഓരോ വാക്കിലും ശ്രദ്ധിച്ചു. നാട്ടുകാരുടെ ഓരോ ചിരിയും അവർക്കുള്ള സമ്മാനമായി എനിക്ക് തോന്നി. ഭർത്താവ് എന്നനിലയിലും അമ്മായിയപ്പൻ എന്ന നിലയിലും എനിക്ക്‌ എന്നോടുതന്നെ ബഹുമാനംതോന്നി.

കുറച്ചുകഴിഞ്ഞപ്പോൾ ചിരിച്ചുമറിയുന്ന ആൾക്കടലിന് മുകളിലൂടെ ഞാനൊരു കാഴ്ചകണ്ടു. സ്കൂൾഗ്രൗണ്ടിനപ്പുറം ഒരു കാർ വന്നുനിൽക്കുന്നു. കാറിനുപിന്നിൽ പോലീസ് വാഹനങ്ങൾ. പൊടിപറക്കൽ, വിസിലടി, ബഹളം. മന്ത്രിയുടെ വരവാണെന്ന് ലക്ഷണങ്ങൾ കണ്ടപ്പോൾ മനസ്സിലായി. ആളുകൾ തിരിയാനും മറിയാനും തുടങ്ങി. സംഘാടകർ പരക്കംപാഞ്ഞു. ഞാൻ തട്ടിയും തടഞ്ഞും എന്റെ പ്രസംഗം തുടർന്നു. എവിടെ ശ്രദ്ധിക്കണമെന്നറിയാതെ സദസ്സ് കഷ്ടത്തിലായി. അപ്പോൾ പി.ടി.എ. പ്രസിഡന്റ്‌ എന്റെ ചെവിയിൽ പറഞ്ഞു: ‘‘മന്ത്രി വന്നസ്ഥിതിക്ക്‌ അദ്ദേഹം ഉദ്ഘാടനംചെയ്യുന്നതല്ലേ ഉചിതം? സാറൊന്ന് മാറിത്തന്നാൽ...’’

ഞാൻ എന്റെ ‘അഭിമാനപ്രസംഗം’ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇനിയും ഒരുപാട് നേരമ്പോക്കുകൾ അവിടേക്കായി പ്രത്യേകം ഉണ്ടാക്കിക്കൊണ്ടുവന്നിരുന്നു. അതൊക്കെ ഇനി എന്തുചെയ്യുമെന്നറിയില്ല. കട തുറക്കുംമുമ്പേ കച്ചോടം പൂട്ടേണ്ടിവന്ന ഒരാളെപ്പോലായി ഞാൻ. മാത്രമല്ല, ഉദ്ഘാടനം മന്ത്രി ചെയ്താൽപ്പിന്നെ ഞാൻ എന്തുകുന്തമാണ് ചെയ്യുക എന്ന കാര്യത്തിൽ എനിക്കുമാത്രമല്ല സംഘാടകർക്കും ഒരു ബോധ്യവുമില്ലായിരുന്നു.

അപ്പോഴേക്കും മന്ത്രിയും പരിവാരങ്ങളും വേദിയിലെത്തി. ബഹളമയം. അതിനിടയിൽ അദ്ദേഹം വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. ലൈബ്രറിമുറിക്കുമുന്നിൽച്ചെന്ന് നാടമുറിച്ചു. എല്ലാം ഞാൻ ചെയ്യേണ്ടതായിരുന്നു. അവിടെക്കൂടിയ എല്ലാ കണ്ണുകളും ആലീസിന്റെയും രശ്മിയുടെയും സുഹൃത്തുക്കളുടേതാണ് എന്നെനിക്ക് തോന്നി. എല്ലാവരും എന്റെ പ്രസംഗം കേൾക്കാനും പ്രകടനം കാണാനും ‘വീട്ടുപണിയൊക്കെ നേരത്തേ തീർത്ത്’ പോന്നവരാണ്. ഞാൻ നിന്നനിൽപ്പിൽ കപ്പേളയിലെ മെഴുകുതിരിപോലെ ഉരുകി. പരിപാടിയും പ്രസംഗവും കഴിഞ്ഞു. മന്ത്രിയും സംഘവും മലവെള്ളംപോലെ ഒലിച്ചുപോയി. പിന്നെ എന്തൊക്കെയോ പറഞ്ഞ് ഞാൻ എന്റെ പ്രസംഗം അവസാനിപ്പിച്ചു.

വീട്ടിലേക്ക്‌ തിരിച്ചുപോരുമ്പോൾ, വർഷങ്ങൾക്കുമുമ്പ് തൃശ്ശൂർ ടൗൺഹാളിൽനടന്ന ഒരു സംഭവം ഓർമ വന്നു. ഏതോ സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. ഞാനും ശങ്കരാടിച്ചേട്ടനും നെടുമുടി വേണുവും സുകുമാരിച്ചേച്ചിയുമെല്ലാമുണ്ട്.
എന്റെ സുഹൃത്ത് പൊന്മാണി ഫ്രാൻസിസിന്റെ തലയിൽ ഉദിച്ച ബുദ്ധിയായിരുന്നു ശങ്കരാടിച്ചേട്ടനെ ഒന്ന് ആദരിക്കുക എന്നത്. വിഷയം ചേട്ടന്റെയടുത്ത് അവതരിപ്പിക്കാൻ എന്നെയാണ് ചട്ടംകെട്ടിയത്. ഞാൻ അവർ പറഞ്ഞ കാര്യം ചേട്ടനോട് പറഞ്ഞു. അപ്പോൾ ചേട്ടന്റെ മറുപടി ഇങ്ങനെയായിരുന്നു:

‘ഇന്നസെന്റേ, നിങ്ങൾ തൃശ്ശൂരുകാർക്ക് ഔചിത്യം ഇത്തിരി കുറയും. ഏതുമഹാനെയും നിങ്ങൾ ഡാന്നാണ് വിളിക്കുക. കടയിൽ സാധനം വാങ്ങാൻ പറഞ്ഞയക്കുന്ന കുട്ടികളോട് അച്ഛൻ പറയുക, ‘ഡാ ബാക്കി പൈസണ്ടെങ്കി കൊറച്ച് പടക്കം വാങ്ങിക്കോ’ന്നാണ്. നിങ്ങക്ക് എന്തും ആഘോഷാണ്. ഞാനില്ല, എനിക്കൊരാദരവും വേണ്ട.’
ഞാൻ ഒരുപാട് നിർബന്ധിച്ചു. വേണു വേണുവിന്റെ രീതിയിൽ പറഞ്ഞുനോക്കി. ഒടുവിൽ ഒരുവിധം ശങ്കരാടിച്ചേട്ടൻ സമ്മതിച്ചു. ഒറ്റനിബന്ധനമാത്രം: ‘പൊന്മാണിയായാലും സ്വർണമാണിയായാലും ശരി, പെട്ടെന്ന് പരിപാടി കഴിക്കണം. വിസ്തരിച്ച് വഷളാക്കരുത്.’ സമ്മതിച്ചു. തീയതി കുറിച്ചു, ടൗൺഹാൾ ഒരുങ്ങി. പറഞ്ഞ ദിവസം പറഞ്ഞ സമയത്ത് എല്ലാവരും എത്തി. പരിപാടി തുടങ്ങി. ശങ്കരാടിച്ചേട്ടനെ പൊന്നാടയണിയിക്കണം. എല്ലാവരും നിരന്നു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്, പൊന്നാട കാണാനില്ല. എല്ലാവരും പരസ്പരം ചോദിച്ചു. സദസ്സ് മുറുമുറുത്തു. അതിനിടയിൽ ആരോ എന്റെ ചെവിയിൽപ്പറഞ്ഞു: ‘ചതിച്ചു, പൊന്നാടയുമായി ആ സതീശൻ വെള്ളമടിക്കാൻപോയി. അവന്റെ മടിക്കുത്തിലാണ് പൊന്നാട.’

ഞാൻ ഇടിവെട്ടിയപോലെയായി. ശങ്കരാടിച്ചേട്ടൻ അസ്വസ്ഥമായ മുഖത്തോടെ അങ്ങനെ നിൽക്കുകയാണ്. നെടുമുടി വേണുവിനോട് ഞാൻ കരയുന്ന ശബ്ദത്തിൽ കാര്യം പറഞ്ഞു. എന്തിനും ഒരു ഉപായമുള്ളയാളായിരുന്നു വേണു. ഒരു കാര്യത്തിലും ടെൻഷനുണ്ടാവില്ല.
‘വഴിയുണ്ടാക്കാം’ എന്നുപറഞ്ഞ് വേണു പോയി. ശങ്കരാടിച്ചേട്ടൻ കസേരയിൽ ഇരുന്നു. ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കാതിരിക്കാൻ പരിശ്രമിച്ചു. മിനിറ്റുകൾ ശരിക്കും മണിക്കൂറുകളാണെന്ന് എനിക്ക് അപ്പോൾ തോന്നി.

വേണു കിതച്ചുകൊണ്ട് ഓടി വന്നു. കൈയിൽ കസവുകരയുള്ള ഒരു മുണ്ടുണ്ടായിരുന്നു. പെട്ടെന്ന് ചടങ്ങുകഴിഞ്ഞു. ആരൊക്കെയോ ചെറിയ ചെറിയ പ്രസംഗങ്ങൾ നടത്തി. ശങ്കരാടിച്ചേട്ടന്റെ മുഖം അപ്പോഴും തെളിഞ്ഞിരുന്നില്ല. ഞാൻ വേണുവിനോട് ചോദിച്ചു: ‘‘താനിത് എവിടെനിന്ന് സംഘടിപ്പിച്ചു?’’
‘‘തന്നെ രക്ഷിക്കാൻ മറ്റൊരു വഴിയും ഞാൻ കണ്ടില്ല. ഞാൻ സുകുമാരിച്ചേച്ചിയെ സ്റ്റേജിന്റെ പിറകിലേക്കി വിളിച്ച് അവരുടെ കസവുവേഷ്ടി വാങ്ങി.’’
‘എന്റെ ദൈവമേ’ എന്നേ എനിക്ക്‌ ആദ്യം പറയാൻ സാധിച്ചുള്ളൂ.
‘‘എന്നിട്ട് ചേച്ചിയെവിടെ?’’ -ഞാൻ തുടർന്ന് ചോദിച്ചു.
‘‘പിറകിലുണ്ട്, ഈ പൊന്നാട തിരിച്ചുകൊടുത്താലേ ചേച്ചിക്ക്‌ പുറത്തിറങ്ങാൻ പറ്റൂ’’
എനിക്ക്‌ തലകറങ്ങുന്നതുപോലെ തോന്നി. പരിപാടി കഴിഞ്ഞപ്പോഴേക്കും ഞാൻ വിയർത്തുകുളിച്ചു. വേദിക്കുപിറകിൽ മേൽമുണ്ടില്ലാതെ സുകുമാരിച്ചേച്ചി നിൽക്കുന്ന രംഗമോർത്ത് ഞെട്ടി.
പരിപാടി കഴിഞ്ഞപ്പോൾ ഭാഗ്യത്തിന് ശങ്കരാടിച്ചേട്ടൻ പൊന്നാട എന്റെ കൈയിൽത്തന്നെ തന്നു. അദ്ദേഹത്തിന് അതിൽ തീരേ കമ്പമില്ലായിരുന്നു. എല്ലാമൊന്ന് കഴിഞ്ഞുകിട്ടിയല്ലോ എന്ന ഭാവമായിരുന്നു ആ മുഖത്ത്. ഞാൻ പൊന്നാട വേഗം വേണുവിന്റെ കൈയിൽക്കൊടുത്തു. വേണു അതുംകൊണ്ട് വേദിയുടെ പിറകിലേക്ക് പാഞ്ഞു. ഞാൻ ഹാളിൽ പരുങ്ങിപ്പരുങ്ങിനിന്നു. കുറച്ചുകഴിഞ്ഞപ്പോൾ സുകുമാരിച്ചേച്ചി ഹാളിലേക്കുവന്നു. ഞാൻ അടുത്തേക്കുപോയില്ല.

ഒടുവിൽ എല്ലാവരും പിരിഞ്ഞു. സുകുമാരിച്ചേച്ചിയും വേണുവും കാറിൽക്കയറുമ്പോൾ ഞാൻ ടൗൺഹാളിന്റെ തൂണിൽ പാതി മറഞ്ഞുനിന്നു. കാർ സ്റ്റാർട്ട്‌ചെയ്തതും ചേച്ചി എന്നെയൊരു നോട്ടം നോക്കി. ആ നോട്ടം ഇപ്പോഴും എന്റെ മനസ്സിൽ ഒരു തീക്കനൽപോലെയുണ്ട്. ഇതിന്റെയൊക്കെ സൂത്രധാരൻ ഞാനാണ് എന്ന ഭാവം ആ മുഖത്തുണ്ടായിരുന്നു.
അടുത്ത ഒരാഴ്ച ചേച്ചി എന്നോട് മിണ്ടിയില്ല.

ഓർമകളിൽനിന്ന്‌ ഉണർന്നപ്പോഴേക്കും ഞാൻ വീടെത്തി. ആലീസിന്റെയും രശ്മിയുടെയും മുഖത്ത് തീരെ ചിരിയില്ല. അന്ന് സുകുമാരിച്ചേച്ചിയുടെ മുഖത്ത് കണ്ടതിന്റെ വേറൊരു ഭാവം. കാര്യങ്ങളെല്ലാം കരക്കമ്പിവഴി അവർ അറിഞ്ഞിരിക്കുന്നു. ഞാൻ ഒന്നും മിണ്ടാതെ അകത്തേക്കുപോയി. മകന്റെ മകൻ ജൂനിയർ ഇന്നസെന്റിനെ വിളിച്ചിട്ട് അവന്റെ കൈയിൽ കുറച്ച് കാശുകൊടുത്തിട്ട് പറഞ്ഞു:
‘‘കടയിൽപ്പോയി കുറച്ച് കത്രിക, റിബൺ, തീപ്പെട്ടി, പൊന്നാട എന്നിവ വാങ്ങിക്കൊണ്ടുവാ. എന്നിട്ട് അപ്പാപ്പൻ എവിടെയെങ്കിലും ഉദ്ഘാടനത്തിനുപോവുമ്പോൾ ജുബ്ബയുടെ കീശയിലിട്ടുതരണം, മറക്കരുത്. അഭിമാനത്തിന്റെ പ്രശ്നമാണ്’’ അവൻ ഒന്നും മനസ്സിലാവാതെ കടയിലേക്കോടി. ഞാൻ കസേരയിലേക്ക് ചാഞ്ഞു.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..