ഷീറ്റിനുപുറമേ ലാറ്റക്സും കോമ്പൗണ്ട് റബ്ബറും ഇറക്കുമതി കൊഴുക്കുമ്പോൾ ഇന്നാട്ടുകാർ എന്തുചെയ്യും


കെ.ആർ. പ്രഹ്ലാദൻ | ഹരി പിഷാരടി

കേരളത്തിലെ റബ്ബറുത്പാദനം 2012-’13 കാലയളവിൽ 9,13,700 ടൺ ആയിരുന്നത് 2021-2022-ൽ 7,75,000 ടൺ ആയി കുറഞ്ഞു

പ്രതീകാത്മക ചിത്രം

റബ്ബർ കർഷകർക്ക് എക്കാലത്തും വെല്ലുവിളിയാണ് വൻകിട ടയർ കമ്പനികളുടെ ഇറക്കുമതി. സ്വാഭാവിക റബ്ബറിനുപുറമേ പല ശ്രേണികളിലുള്ള കോമ്പൗണ്ട് ‌റബ്ബറിന്റെ ഇറക്കുമതിയും ഇപ്പോൾ വർധിച്ചിട്ടുണ്ട്. സ്വാഭാവിക റബ്ബർ ഇറക്കുമതി ചെയ്യുന്നതിന് 25 ശതമാനം നികുതിയടയ്ക്കണം. എന്നാൽ, കോമ്പൗണ്ട് റബ്ബറിന് പത്തു ശതമാനം മാത്രമാണ് ഇറക്കുമതിച്ചുങ്കം. കാർബണും മറ്റ് രാസവസ്തുക്കളും ചേർന്നതാണ് കോമ്പൗണ്ട് റബ്ബർ. ഇത് വിവിധ ഗ്രേഡുകളിൽ ലഭ്യമാണ്. ഓരോ ടയർ കമ്പനികളും അവർക്ക് യോജിച്ച കോമ്പൗണ്ട് റബ്ബർ വാങ്ങുന്നു. മലേഷ്യ, തായ്‌ലാൻഡ് എന്നിവിടങ്ങളിൽനിന്നാണ് ഇറക്കുമതി. ടയർ വ്യവസായത്തിനു പുറമേ മറ്റ് ഉത്പന്നങ്ങളുടെ നിർമാതാക്കളും കോമ്പൗണ്ട് റബ്ബറിനെ ആശ്രയിക്കുന്നുണ്ട്. കഴിഞ്ഞ എട്ടു വർഷത്തിനിടെ വിവിധ ശ്രേണികളിലുള്ള കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതി നാലുമടങ്ങിലധികം വർധിച്ചുവെന്നാണ് കണക്കുകൾ. അനിയന്ത്രിതമായ ഇറക്കുമതിക്കെതിരേ റബ്ബർ ഡീലേഴ്‌സ് ഫെഡറേഷൻ കേന്ദ്രവാണിജ്യ മന്ത്രി പീയൂഷ്‌ഗോയലിന് നിവേദനം നൽകിയിരുന്നു.

ലാറ്റക്സിലും സമ്മർദം

ലാറ്റക്സ് ഇറക്കുമതിയിലെ നിയന്ത്രണം എടുത്തുകളയാനുള്ള ശ്രമമാണ് മറ്റൊരു ഭീഷണി. ടയർ കമ്പനികൾ ഇതിനായി വാണിജ്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. 70 ശതമാനമാണ് ലാറ്റക്സിന്റെ ഇറക്കുമതിച്ചുങ്കം. നിയന്ത്രണമില്ലാതെ ലാറ്റക്സ് ഇന്ത്യയിലേക്കുവന്നാൽ ആഭ്യന്തര വിപണിയിൽ വിലയിടിയും. കോവിഡ് കാലത്ത് ലാറ്റക്സിന് മാന്യമായ വില കിട്ടിയിരുന്നു. കൈയുറയും മറ്റ് മെഡിക്കൽ ഉപകരണങ്ങളും നിർമിക്കാൻ ലാറ്റക്സ് ആവശ്യമാണ്. കാഞ്ഞിരപ്പള്ളി ആസ്ഥാനമായ കൈയുറ നിർമാണ സ്ഥാപനം കോടി രൂപയുടെ വിദേശ ഓർഡർ നേടിയത് ശ്രദ്ധനേടിയിരുന്നു. ഷീറ്റാക്കാനുള്ള ചെലവ് ഒഴിവാക്കാമെന്നതുകൊണ്ട് കർഷകർക്കും ലാറ്റക്സ് വിൽക്കാൻ താത്പര്യമാണ്. 2019 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ലാറ്റക്സ് ഉത്‌പാദനം കൂടുകയും ഷീറ്റ് കുറയുകയും ചെയ്തുവെന്ന് കാണാം.

ഷീറ്റ്, ലാറ്റക്സ് ഉത്‌പാദനം

വർഷം ഷീറ്റ് ലാറ്റക്സ്
2019 212400 ടൺ 32555 ടൺ
2021 207165 ടൺ 41140 ടൺ

റബ്ബർ ഇറക്കുമതി

സ്വാഭാവിക റബ്ബർ

2013-’14 360263 ടൺ
2021-’22 546369 ടൺ

കോമ്പൗണ്ട് റബ്ബർ

2013-’14 26,655 ടൺ
2020-’21 1,14636 ടൺ

ഉത്‌പാദനം ഇടിയുന്നു

കാലാവസ്ഥാമാറ്റവും പരിപാലനച്ചെലവും തിരിച്ചടിയായതോടെ കേരളത്തിലെ റബ്ബറുത്പാദനം കുറഞ്ഞു. 2012-’13 കലയളവിൽ 9,13,700 ടൺ ആയിരുന്നത് 2021-2022 ൽ 7,75,000 ടൺ ആയി കുറഞ്ഞുവെന്നാണ് റബ്ബർബോർഡിന്റെ കണക്ക.് കോവിഡ്കാലം സൃഷ്ടിച്ച പ്രതിസന്ധിയും ഉത്പാദനത്തെ പിന്നോട്ടടിച്ചു.
‘‘ഒരു ബ്ലോക്കിൽനിന്ന് (300 മരങ്ങൾ) മുമ്പ് 29 ഷീറ്റ് കിട്ടിയിരുന്നു. ഇപ്പോഴത് 12-13 ഷീറ്റായി കുറഞ്ഞു” - ഒരു തോട്ടമുടമ പറയുന്നു. ഇതിന് പ്രധാനകാരണം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിലുണ്ടായ കാലാവസ്ഥാമാറ്റമാണ്. ചൂട് കൂടി. തണുപ്പ് കുറഞ്ഞു. മുമ്പ് കേരളത്തിൽ ജൂൺ മുതൽ സെപ്റ്റംബർവരെ കാലവർഷം കൃത്യമായിരുന്നു. ഇപ്പോൾ ഏതുമാസവും മഴ പെയ്യാമെന്ന അവസ്ഥയാണ്. കൂടുതൽ ഉത്പാദനമുള്ള സെപ്റ്റംബർമുതൽ ജനുവരിവരെ കനത്ത മഴയായിരിക്കും.

2020-ൽ ഒരു കിലോ ആർ.എസ്.എസ്. നാല് റബ്ബറിന് 120 രൂപയായി വില കൂപ്പുകുത്തിയിരുന്നു. പലയിടത്തും ടാപ്പിങ് മുടങ്ങി. വളപ്രയോഗമുൾപ്പെടെയുള്ള പരിപാലനവും ഇല്ലാതായി. ഇപ്പോൾ പരിപാലനച്ചെലവിന് ആനുപാതികമായി ലാഭമില്ലെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ആവർത്തനകൃഷിക്കും പുതുകൃഷിക്കുമുള്ള സഹായധനവും റബ്ബർബോർഡ് നൽകുന്നില്ല. അരയേക്കർവരെ കൃഷിയുള്ള പല കർഷകരും റബ്ബർ വെട്ടി, റമ്പൂട്ടാനും ജാതിയും പ്ലാവും നടുന്ന പ്രവണതയും ഇപ്പോഴുണ്ട്.
(അവസാനിച്ചു)

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..